ആനക്കോട്ടൂരിലെ ഗ്രാമം ഇപ്പോഴും ഞെട്ടലിലാണ്. അര്‍ച്ചനയുടെയും ഫയര്‍മാന്‍ സോണിയുടെയും സുഹൃത്ത് ശിവകൃഷ്ണയുടെയും അപ്രതീക്ഷിതമായ മരണത്തില്‍. അഞ്ച് വര്‍ഷത്തിലേറെയായി ഇവിടെ താമസിച്ചിരുന്ന അര്‍ച്ചനയും അമ്മയും മൂന്നു മക്കളുമാണ് ഇപ്പോള്‍ എല്ലാരുടെയും സംസാരവിഷയം. ജീവിതം പല പ്രയാസങ്ങളിലൂടെയും കടന്നുപോയ അര്‍ച്ചനയ്ക്ക് ആരും പ്രതീക്ഷിക്കാത്ത വിധിയാണ് കാത്തിരുന്നതും. ഒറ്റയ്ക്ക് മൂന്ന് കുഞ്ഞുങ്ങളെ വളര്‍ത്തി നില്‍ക്കുന്ന അര്‍ച്ചനയുടെ ജീവിതം പുറമേ സാധാരണയായി തോന്നിയെങ്കിലും, അതിനുള്ളില്‍ പൊങ്ങി നിന്നത് വേറെയൊരു യാഥാര്‍ഥ്യമായിരുന്നു ബന്ധത്തിന്റെ സംഘര്‍ഷം, സാമ്പത്തിക സമ്മര്‍ദ്ദം, ഒടുവില്‍ ജീവിതം തന്നെ അവസാനിപ്പിച്ച ദുരന്തം. അര്‍ച്ചനയുടെ മരണത്തില്‍ നഷ്ടമായത് ആ മൂന്ന് കുട്ടികള്‍ക്കാണ്.
പഞ്ചായത്തില്‍നിന്ന് ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ലഭിച്ച ചെറിയ വീടിലാണ് അര്‍ച്ചനയും മക്കളും താമസിച്ചിരുന്നത്. വീടിന്റെ പണി പൂര്‍ണമായി തീര്‍ന്നിരുന്നില്ലെങ്കിലും, അതാണ് അവര്‍ക്ക് സ്വന്തമായി വിളിക്കാനായ ഏക അഭയം. അര്‍ച്ചനയുടെ അമ്മ മിനി (ശ്രീകല) ഇതേ പ്രദേശത്ത് തന്നെയാണ് ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഒരു വാടകവീട്ടില്‍. മകള്‍ ജോലിക്ക് പോകുമ്പോള്‍ മക്കളെ മിനിയുടെ അടുത്തേക്ക് കൊണ്ടുപോകും; അര്‍ച്ചന തിരികെ വീട്ടിലെത്തുമ്പോള്‍ കുട്ടികളും അവളുടെ കൂടെ മടങ്ങും. അങ്ങനെയായിരുന്നു അര്‍ച്ചനയുടെ ജീവിത രീതി. നാട്ടുകാരുമായുള്ള ഇടപെടലുകള്‍ വളരെ കുറവായിരുന്നു ഇവര്‍ക്കു. തങ്ങളുടെ ലോകം തങ്ങളുടേതായ രീതിയില്‍ ഒതുക്കി ജീവിക്കുന്നവരായിരുന്നു അര്‍ച്ചനയും അമ്മയും. അധികം ആരുമായും കലര്‍ന്നുപോകാത്ത, ശാന്തമായ ജീവിതമായിരുന്നു അത്. ഓയൂര്‍ സ്വദേശിയായ ഒരാളെ വിവാഹം ചെയ്തിരുന്ന അര്‍ച്ചന, വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹബന്ധം വേര്‍പെടുത്തി, മൂന്നു കുട്ടികളോടൊപ്പം സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു.
പുതിയൊരു തുടക്കത്തിനായി അര്‍ച്ചന ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ തന്നെയാണ് ശിവകൃഷ്ണ എന്നയാളുമായി അവളുടെ പരിചയം തുടങ്ങിയത്. തുടക്കത്തില്‍ സൗഹൃദമായിരുന്ന ബന്ധം പിന്നീട് അടുത്തതായിത്തീര്‍ന്നു. പക്ഷേ ആ ബന്ധം പ്രശ്നങ്ങളിലേക്കാണ് വഴിമാറിയത്. ജീവിതത്തില്‍ നിന്നും മുന്നോട്ട് പോകാനും കുട്ടികള്‍ക്കായി നല്ല ഭാവി ഒരുക്കാനുമുള്ള ആഗ്രഹത്തോടെ അര്‍ച്ചന രഹസ്യമായി വിദേശത്തേക്കു പോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. പാസ്പോര്‍ട്ടും എടുത്തു. എന്നാല്‍ ഇതറിഞ്ഞ ശിവകൃഷ്ണ അതിനെ എതിര്‍ത്തു. അതുമുതല്‍ ഇവര്‍ തമ്മിലുള്ള കലഹങ്ങള്‍ വര്‍ധിച്ചു തുടങ്ങി. ഓരോ ദിവസവും വാക്കേറ്റവും വേദനയും നിറഞ്ഞ ജീവിതമായിരുന്നു അര്‍ച്ചനയ്ക്കുള്ളത് ഒടുവില്‍ അതാണ് ഈ ദാരുണമായ അവസാനംവരെ നയിച്ചത്.
ആനക്കോട്ടൂരിലെ അര്‍ച്ചനയുടെ വീട്ടിലേക്ക് എത്തുന്ന ഏവര്‍ക്കും ഏറ്റവും വേദനാജനകമായ കാഴ്ചയാണ് അവളുടെ മൂന്നു കുട്ടികളെ കാണുന്നത്. കണ്ണീരൊപ്പാന്‍ പോലും കഴിയാതെ അവര്‍ നിശ്ശബ്ദമായി ഇരിക്കുന്നു. അമ്മയുടെ അപ്രതീക്ഷിതമായ വിടവാങ്ങല്‍ അവരെ ഏറെ തളര്‍ത്തിയിരുന്നു. മൂത്തമകള്‍ ഐശ്വര്യ ഒന്‍പതാം ക്ലാസ്സിലാണ് പഠിക്കുന്നത്. അവളാണ് മൂത്ത കുട്ടി. അവളാണ് ഇയകുട്ടികളുടെ കാര്യം കൂടി ശ്രദ്ധിക്കുന്നത്. രണ്ടാമത്തെ കുട്ടി ആണ്‍കുട്ടി ആദിത്യന്‍ ആറാം ക്ലാസ്സിലാണ്. അമ്മയുടെ മരണം അവനെയും തളര്‍ത്തിയിരിക്കുന്നു. ഏറ്റവും ഇളയ കുട്ടി അനുശ്രീ നാലാം ക്ലാസ്സിലാണ്. അമ്മയുടെ കൂടെ ഉറങ്ങാതെ അവള്‍ക്ക് ഇപ്പോഴൊരു രാത്രിയും കടന്നുപോകുന്നില്ല.
അര്‍ച്ചന മുന്‍പും ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ കിണറ്റില്‍ ചാടിയിട്ടുണ്ടെന്നത് നാട്ടുകാരും കുട്ടികളും ഓര്‍ക്കുന്നു. അന്ന് ഭാഗ്യവശാല്‍ അവള്‍ പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഈ ലോകത്ത് അമ്മയാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത് മുഴുവന്‍ ആശ്രയവും കരുത്തും. അര്‍ച്ചനയുടെ മരണം അവരെ തകര്‍ത്തിരിക്കുകയാണ്. ഇനി അവരെ കാത്തുനില്‍ക്കുന്നത് അമ്മാമ്മയായ മിനിയാണ്. ഹോംനഴ്സായി ജോലി ചെയ്യുന്ന മിനിക്ക് സ്വന്തം പ്രയാസങ്ങള്‍ പലതുണ്ടെങ്കിലും, ഇപ്പോള്‍ അവള്‍ക്കു മുന്നില്‍ ഒരേയൊരു ദൗത്യം ഈ മൂന്നു കൊച്ചുമക്കളെ സംരക്ഷിക്കലും അവര്‍ക്ക് അമ്മയുടെ സ്നേഹം നികത്താനുളള ശ്രമവുമാണ്.
ശിവകൃഷ്ണയുമായുള്ള ബന്ധം വേണ്ടെന്നു പലവട്ടം അര്‍ച്ചനയോടു പറഞ്ഞിരുന്നു. 'ഞാന്‍ പാസ്‌പോര്‍ട്ട് എടുത്തിട്ടുണ്ട് അമ്മേ, പുറത്തേക്കു പോകാനുള്ള ശ്രമത്തിലാണ്. അങ്ങനെയങ്ങ് ഒഴിവാക്കാം. അല്ലെങ്കില്‍ അവന്‍ എന്നെ കൊല്ലും' എന്നായിരുന്നു മറുപടി. അതൊടുവില്‍ ഇങ്ങനെയൊരു ദുരന്തത്തില്‍ കലാശിക്കുമെന്ന് അറിഞ്ഞില്ല. പറക്കമുറ്റാത്ത ഈ കുഞ്ഞുങ്ങളെയും കൊണ്ടു ഞാന്‍ ഇനി എന്തു ചെയ്യും. ലൈഫ് പദ്ധതിയില്‍ കിട്ടിയ വീടാണ്. അവളുടെ അധ്വാനവും ചേര്‍ത്താണ് ഇത്രയുമാക്കിയത്. എന്നിട്ടും പണി തീര്‍ന്നിട്ടില്ല. അര്‍ച്ചനയുടെ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു.