സംപ്രേക്ഷണം ആരംഭിച്ചിട്ട് ആഴ്ചകളേ ആയുള്ളൂവെങ്കിലും അതിവേഗം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗം തീര്‍ക്കുവാന്‍ പവിത്രം സീരിയലിന് സാധിച്ചിട്ടുണ്ട്. വിക്രമിന്റെയും വേദയുടെയും കഥ പറയുന്ന സീരിയലില്‍ അഭിനയം കൊണ്ട് ആരാധകരുടെ മനസു കീഴടക്കിയ ഒരാള്‍ കൂടിയുണ്ട്. രാധ. റൗഡിയായ വിക്രമിനുള്ളിലെ യഥാര്‍ത്ഥ മനുഷ്യനെ തിരിച്ചറിഞ്ഞ ഓട്ടോ ഡ്രൈവര്‍ രാധ അവന്റെ സമ്മതമില്ലാതെ, അവനെ പ്രണയിച്ച് വിവാഹം കഴിക്കുവാന്‍ ആഗ്രഹിച്ചയാളാണ്. എന്നാല്‍ അപ്രതീക്ഷിതമായി വിക്രമിന്റെ വിവാഹം കഴിഞ്ഞെന്ന് അറിഞ്ഞ് സ്വപ്നങ്ങളെല്ലാം തകര്‍ന്ന വേദനയില്‍ നെഞ്ചുപൊട്ടിക്കരഞ്ഞ രാധയെ പ്രേക്ഷകര്‍ക്ക് മറക്കാന്‍ സാധിക്കില്ല. നടിയും നര്‍ത്തകിയുമായ നയന ജോസന്‍ ആണ് രാധയായി.. ആ റൗഡിയുടെ കാന്താരിപ്പെണ്ണായി എത്തുന്നത്.
ബാലതാരമായി സിനിമയിലെത്തിയ നയന ഒരു അവതാരകയും കൂടിയാണ്. റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്. നയനയുടെ മുഖം കുടുംബ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങുന്നത് അമൃത ടിവിയില്‍ ഏറ്റവും വിജയകരമായി സംപ്രേഷണം ചെയ്തിരുന്ന സൂപ്പര്‍ ഡാന്‍സര്‍ ജൂനിയറില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോള്‍ മുതലാണ്. ഇടതൂര്‍ന്ന നീളന്‍ തലമുടിയും അസാധ്യ മെയ് വഴക്കവുമായി സൂപ്പര്‍ ഡാന്‍സര്‍ ജൂനിയറില്‍ തിളങ്ങിയ നയന ജോസണ്‍ ആ റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റുമായിരുന്നു. ശേഷമാണ് നയനയ്ക്ക് സിനിമകളിലും സീരിയലുകളിലും അവസരം ലഭിച്ച് തുടങ്ങിയത്. മമ്മൂട്ടിക്കൊപ്പം പട്ടണത്തില്‍ ഭൂതമെന്ന സിനിമയില്‍ വരെ അഭിനയിച്ചിട്ടുള്ള നയന സൂപ്പര്‍ ഡാന്‍സര്‍ ജൂനിയറിനുശേഷം കേരള ഡാന്‍സ് ലീഗ്, ഡാന്‍സ് ജോഡി ഡാന്‍സ് എന്നീ റിയാലിറ്റി ഷോകളിലും പങ്കെടുത്തു.
ഇവ രണ്ടിലും ഫൈനലിസ്റ്റുമായിരുന്നു. പിന്നീട് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഡാന്‍സിങ് സ്റ്റാര്‍സില്‍ പങ്കെടുത്ത് ടൈറ്റില്‍ വിജയിയാവുകയും ചെയ്തു. ഡാന്‍സിനോട് അടങ്ങാത്ത പ്രണയമുള്ള നയന ഇതിനെല്ലാം ഇടയില്‍ അഭിനയിക്കാനും സമയം കണ്ടെത്താറുണ്ട്. അങ്ങനെയാണ് ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയല്‍ കൂടെവിടെയിലെ നീതു എന്ന ശ്രദ്ധേയം വേഷം താരം ചെയ്തത്. കൂടെവിടെയില്‍ ഭാഗമായ ശേഷമാണ് അമ്മമാരും നയനയുടെ ആരാധകരായത്. കുട്ടിക്കാലം മുതല്‍ നൃത്തത്തിന് പിന്നാലെയാണ് നയന. താരം മാത്രമല്ല സഹോദരി നന്ദനയും നല്ലൊരു നര്‍ത്തകിയാണ്.
കഴിഞ്ഞ വര്‍ഷമായിരുന്നു നയനയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഒരു പ്രണയ സാഫല്യമായിരുന്നു എട്ടു മാസം മുന്നേ നടന്ന നടിയുടെ വിവാഹനിശ്ചയം. വരനും കലാകാരന്‍ തന്നെയാണ്. ഡാന്‍സറും മോഡലുമായ ഗോകുലാണ് നയനയെ വിവാഹം ചെയ്യാന്‍ പോകുന്നത്. പ്രണയ വിവാഹമായതുകൊണ്ട് തന്നെ ജാതി അടക്കമുള്ളവയുമായി ബന്ധപ്പെട്ട് നിരവധി എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തിക്കാന്‍ എല്ലാവരുടേയും സമ്മതത്തിനായി ഒരുപാട് കരയുകയും വഴക്കടിക്കുകയും ചെയ്ത ശേഷമാണ് വീട്ടുകാരെ സമ്മതിപ്പിച്ചത്. ശരിക്കുമൊരു പോരാട്ടം തന്നെയായിരുന്നു.
നാല് വയസ് മുതല്‍ നൃത്തം പഠിക്കുന്ന നയന സ്വന്തമായി ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. പഠനത്തിന് വളരെയധികം പ്രാധാന്യം നല്‍കിയ കുടുംബമായതിനാല്‍ തന്നെ എല്ലാം പൂര്‍ത്തിയാക്കി ഏറെ വൈകിയാണ് അഭിനയരംഗത്തേക്ക് സജീവമായത്. ചെറുപ്പം മുതല്‍ ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയും പഠിച്ചു. അങ്ങനെയാണ് സൂപ്പര്‍ ഡാന്‍സര്‍ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലേക്ക് എത്തുന്നത്.