തമിഴ് നാട്ടില്‍ സമ്പന്ന കുടുംബത്തില്‍ ജനനം; 15-ാം വയസില്‍ വ്യവസായിയുമായി വിവാഹം; ബിസിനസ്സ് തകര്‍ന്നതോടെ നാട് വിട്ട് കേരളത്തിലേക്ക്; ഇപ്പോള്‍ ഐസ്‌ക്രീം ബ്രാന്‍ഡിന്റെ ഉടമ; ജീവിതത്തില്‍ തോറ്റിട്ടും പിന്നോട്ട് പോകാത്ത മലര്‍വഴി എന്ന പെണ്‍കരുത്തിന്റെ കഥ

Malayalilife
തമിഴ് നാട്ടില്‍ സമ്പന്ന കുടുംബത്തില്‍ ജനനം; 15-ാം വയസില്‍ വ്യവസായിയുമായി വിവാഹം; ബിസിനസ്സ് തകര്‍ന്നതോടെ നാട് വിട്ട് കേരളത്തിലേക്ക്; ഇപ്പോള്‍ ഐസ്‌ക്രീം ബ്രാന്‍ഡിന്റെ ഉടമ; ജീവിതത്തില്‍ തോറ്റിട്ടും പിന്നോട്ട് പോകാത്ത മലര്‍വഴി എന്ന പെണ്‍കരുത്തിന്റെ കഥ

പ്രതിസന്ധികള്‍ വന്നാലും പിന്നോട്ടില്ലാതെ മുന്നോട്ടു നടന്നാല്‍ ജീവിതം വിജയത്തിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യും. ജീവിതത്തില്‍ ആരും പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകുന്നില്ല. ചിലപ്പോള്‍ വഴിയില്‍ വലിയ തടസ്സങ്ങളും നഷ്ടങ്ങളും വരാം, എല്ലാം നഷ്ടപ്പെട്ടുവെന്ന് തോന്നാം. പക്ഷേ ആ സമയത്ത് ധൈര്യമായി നേരിട്ട് മുന്നോട്ടു പോകാന്‍ തയ്യാറായാല്‍ പുതിയ അവസരങ്ങള്‍ തുറക്കപ്പെടും. പരിശ്രമവും സഹിഷ്ണുതയും ഉണ്ടെങ്കില്‍ ഒരിക്കല്‍ സ്വപ്‌നം കണ്ട സ്ഥലത്ത് എത്തിച്ചേരാന്‍ കഴിയും. പ്രയാസങ്ങള്‍ നമ്മെ കൂടുതല്‍ ശക്തരാക്കുകയും വിജയത്തിന്റെ വില മനസ്സിലാക്കാന്‍ സഹായിക്കുകയും ചെയ്യും. അത്തരത്തില്‍ ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിട്ടിട്ടും പിന്നോട്ട് പോകാതെ ഒറ്റയ്ക്ക് നിന്ന് ജീവിതം കെട്ടിപൊക്കിയ ഒരു പെണ്‍കരുത്തിന്റെ കഥയാണിത്. 

പത്താം ക്ലാസ് വരെ മാത്രമേ പഠനം നടത്തിയിട്ടുള്ള ഒരു വീട്ടമ്മ. പക്ഷേ ഇന്ന് അവര്‍ സ്വന്തം പേരില്‍ പ്രവര്‍ത്തിക്കുന്ന, വര്‍ഷത്തില്‍ ഒന്നരക്കോടിയിലധികം രൂപ വിറ്റുവരവുള്ള പ്രശസ്തമായ ഒരു ഐസ്‌ക്രീം ബ്രാന്‍ഡിന്റെ ഉടമയാണ്. ജീവിതത്തില്‍ നേരിട്ട വലിയ നഷ്ടങ്ങളും തകര്‍ച്ചകളും അവരെ ഒരിക്കലും തളര്‍ത്തിയില്ല. ഒരുകാലത്ത് എല്ലാം നഷ്ടപ്പെട്ട അവര്‍, വീണ്ടും എഴുന്നേറ്റ് സ്വന്തം ജീവിതം പുതുതായി തുടങ്ങാന്‍ ധൈര്യപ്പെട്ടു. മലര്‍വിഴി എന്ന ഈ അന്‍പത്തെട്ടുകാരി നേടിയ ഈ വിജയകിരീടം എളുപ്പത്തില്‍ ലഭിച്ചതല്ല. ജീവിതത്തില്‍ അവര്‍ കടന്നുപോയത് വളരെ കഷ്ടതകള്‍ നിറഞ്ഞ കനല്‍വഴികളിലൂടെ. ഓരോ ചുവടും വെല്ലുവിളികളാല്‍ നിറഞ്ഞിരുന്നു. എന്നാല്‍ ധൈര്യവും മനസ്സുറപ്പും കൊണ്ടാണ് അവര്‍ ഇന്ന് ഈ സ്ഥിതിയിലെത്തിയത്.

തമിഴ്‌നാട്ടിലെ ബോഡിനായക്കന്നൂരിലെ സമ്പന്നമായ ഒരു കുടുംബത്തിലാണ് മലര്‍വിഴി ജനിച്ചത്. കുടുംബത്തിന് ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയും വലിയ ബിസിനസും ഉണ്ടായിരുന്നു. ബാല്യകാലം മുതല്‍ അവര്‍ക്ക് ഒന്നും കുറവില്ലാത്ത ജീവിതമായിരുന്നു. വീട്ടിലെ എല്ലാവരും നല്ല വിദ്യാഭ്യാസവും സുഖസൗകര്യങ്ങളും നല്‍കി വളര്‍ത്തി. 15-ാം വയസ്സില്‍ തന്നെ മലര്‍വിഴി ചെന്നൈയിലെ മറ്റൊരു സമ്പന്നകുടുംബത്തിലേക്ക് വിവാഹം കഴിച്ച് പോയി. ചെറുപ്പത്തില്‍ തന്നെ ഒരു വലിയ കുടുംബത്തിന്റെ മരുമകളായി, പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു. പിന്നീട് അവര്‍ രണ്ടുമക്കളുടെ അമ്മയായി. കുടുംബജീവിതം സമാധാനത്തോടെ മുന്നോട്ട് പോവുകയായിരുന്നു. പക്ഷേ ഒരുനാള്‍ അപ്രതീക്ഷിതമായി ഭര്‍ത്താവിന്റെ ബിസിനസ് പൂര്‍ണ്ണമായും തകര്‍ന്നു. സാമ്പത്തിക സുരക്ഷിതത്വം നഷ്ടപ്പെട്ടു. വലിയ കുടുംബത്തിന്റെ ചുമതലകളും, മക്കളുടെ ഭാവിയും എല്ലാം മലര്‍വിഴിയുടെ മനസ്സ് അലോസരപ്പെടുത്തി. ജീവിതത്തില്‍ ഇനി എന്തു ചെയ്യും എന്ന ആശങ്ക അവരെ വല്ലാതെ വേദനിപ്പിച്ചു.

ജീവിതത്തില്‍ ഇനി എന്ത് ചെയ്യും എന്ന ചിന്ത മലര്‍വിഴിയെ ദിനവും രാത്രിയും അലട്ടിയിരുന്നു. മുന്നോട്ട് പോകാന്‍ ധൈര്യം കണ്ടെത്തേണ്ട സമയമായിരുന്നു അത്. അവസാനം, വീട്ടില്‍ ബാക്കിയുണ്ടായിരുന്ന സ്വര്‍ണം എല്ലാം വിറ്റ് കുറച്ച് പണം കൈവശമാക്കി. 37 വര്‍ഷം മുമ്പ്, വെറും കൗമാരക്കാരിയായിരുന്ന മലര്‍വിഴി വലിയൊരു തീരുമാനമെടുത്തു  സ്വന്തം നാട്ടായ ബോഡിനായക്കന്നൂരില്‍ നിന്ന് പുറപ്പെട്ടു ഉടുമ്പന്‍ചോലയ്ക്ക് ഒരു ബസ് കയറി. മനസില്‍ ഭയം ഉണ്ടായിരുന്നു, പക്ഷേ ഭാവി തീര്‍ക്കാനുള്ള കരുത്ത് അതിലും വലുതായിരുന്നു. അവിടെ എത്തിയപ്പോള്‍ അവള്‍ പത്തു ഏക്കര്‍ ഭൂമി വാങ്ങി. ഭര്‍ത്താവ് ചെന്നൈയില്‍ തന്നെ തുടരുകയും മലര്‍വിഴി ഒരാളായി പുതിയ ജീവിതം ആരംഭിക്കുകയും ചെയ്തു. അവളെ കാത്തിരുന്നത് ഒരു ഒറ്റമുറി മണ്‍വീടും ചുറ്റുമുള്ള കാടിന്റെ വന്യമായ അന്തരീക്ഷവുമായിരുന്നു. വൈദ്യുതി പോലും ഇല്ലാത്ത അവസ്ഥ. 

രാത്രിയില്‍ കാട്ടുമൃഗങ്ങളുടെ ശബ്ദം കേട്ടു പേടിച്ച് ഉറങ്ങാതെ ഇരുന്ന രാത്രികളും ഉണ്ടായിരുന്നു. മഴ പെയ്താല്‍ മണ്‍വീടിന്റെ മേല്‍ക്കൂരയില്‍നിന്ന് വെള്ളം ഒലിച്ചിറങ്ങും, പക്ഷേ അവള്‍ ഒന്നും കൈവിടാതെ എല്ലാം സഹിച്ചു. ആ പ്രതിസന്ധികളെ മറികടക്കാന്‍ മലര്‍വിഴി കൈക്കരുത്തും മനക്കരുത്തും ഉപയോഗിച്ചു. ഓരോ ദിവസവും പുതിയ വെല്ലുവിളിയായിരുന്നു  വെള്ളം കൊണ്ടുവരല്‍, ഭക്ഷണം ഒരുക്കല്‍, ഭൂമിയെ കൃഷിയോഗ്യമാക്കല്‍. എന്നാല്‍, എല്ലാം പതിയെ ശരിയാക്കി, തന്റെ ജീവിതം വീണ്ടും പുനര്‍നിര്‍മ്മിച്ചു. ആദ്യം ഒരു പശുവിനെ വാങ്ങി. അത് ക്രമേണ 12 പശുക്കളുടെ ഫാമായി. പശുക്കള്‍ മാസം ഒരുലക്ഷം രൂപവരെ വരുമാനം ചുരത്തിയതോടെ ജീവിതത്തില്‍ വീണ്ടും പ്രതീക്ഷ നിറഞ്ഞു.

പിന്നീട് ഏലംകൃഷിലേക്ക് തിരിഞ്ഞപ്പോഴും കാലിവളര്‍ത്തല്‍ കൈവിട്ടില്ല. ഒപ്പം തേനീച്ചവളര്‍ത്തലും കുരുമുളക്, കൂണ്‍, മത്സ്യക്കൃഷികളും. അക്വാപോണിക്‌സ് അടക്കമുള്ള നൂതന കൃഷിരീതികളും പതിറ്റാണ്ടുകള്‍ക്കുമുന്‍പുതന്നെ നടപ്പാക്കി. കാര്‍ഷികവിളകള്‍ മൂല്യവര്‍ധിത ഉത്പന്നമാക്കി സംരംഭകയുമായി. ഇതിന്റെ തുടര്‍ച്ചയാണ് മൂന്നുവര്‍ഷംമുന്‍പ് തുടങ്ങിയ റാഫിയോ ഐസ്‌ക്രീം കമ്പനി. നാല്പതോളം തൊഴിലാളികള്‍ ഇവിടെ ജോലിചെയ്യുന്നു. ഫാമിലെ നാടന്‍പശുക്കളുടെ പാലും തമിഴ്നാട്ടിലെ സ്വന്തം കൃഷിയിടത്തില്‍ ഉത്പാദിപ്പിക്കുന്ന പഴങ്ങളുമാണ് ഐസ്‌ക്രീം നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. തമിഴ്നാടാണ് മുഖ്യവിപണി.

malarvizhi enterprenur life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES