കുറച്ച് അധികം നാളുകളായി എല്ലാവരും കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ ഒന്നാണ് റഷ്യന്‍-യുക്രെയിന്‍ യുദ്ധം. ആളുകള്‍ പരസ്പരം ഭയത്തോടെ ജീവിക്കുന്ന സമയം. ഈ യുദ്ധ സമയത്ത് ഒരു പ്രണയം ഉണ്ടാകുക എന്നതൊക്കെ ആര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ കഠിനമായ യുദ്ധത്തിന്റെ ഇടയിലും സ്‌നേഹം അതിന്റെ വഴി കണ്ടെത്തും എന്നത് വളരെ ശരിയാണ്. വെടി ഒച്ചകളുടെയും മിസെയലിന്റെ ഒച്ചകളിലും ഇടയിലും പൂവിട്ട്് ഒരു ബന്ധം. വളരെ അധികം പ്രതിസന്ധികളെ മറികടന്ന് ആയിരങ്ങള്‍ കിലോമീറ്ററുകള്‍ താണ്ടി ഇങ്ങ് കേരളത്തില്‍ എത്തി പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. യുക്രെന്‍ കീവ് സ്വദേശിനി യൂലിയ ക്ലിചുവും ചേര്‍ത്തല എസ്എന്‍പുരം മംഗലശേരി വീട്ടില്‍ വിനായക മൂര്‍ത്തിയുമാണ് ഒന്നായിരിക്കുന്നത്.
റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷകള്‍ ഇനിയും അകലെയായിരിക്കുമ്പോള്‍, അതേ യുദ്ധകാലത്താണ് ഒരു പ്രണയകഥ കേരളത്തിലാണ് പൂവിട്ടത്. ബോംബുകളുടെയും മിസൈലുകളുടെയും നടുവില്‍ ജീവിച്ചിരുന്ന യുക്രെയ്നിലെ കീവ് സ്വദേശിനി യൂലിയ ക്ലിചു, സോഷ്യല്‍ മീഡിയ വഴിയാണ് ചേര്‍ത്തല എസ്എന്‍പുരം മംഗലശേരി വീട്ടില്‍ നിന്നുള്ള വിനായക മൂര്‍ത്തിയെ പരിചയപ്പെട്ടത്. ആദ്യം സുഹൃത്ത് ബന്ധമായിത്തുടങ്ങിയ ഈ പരിചയം, ക്രമേണ പ്രണയത്തിലേക്ക് വളര്‍ന്നു. കാലത്തിന്റെയും സാഹചര്യത്തിന്റെയും വലിയ പരീക്ഷണങ്ങളെല്ലാം മറികടന്നാണ് ഇവര്‍ ഒരുമിച്ചെത്തിയത്. ഒടുവില്‍, കേരളത്തിലെ ക്ഷേത്രങ്ങളുടെ സാക്ഷ്യത്തില്‍ അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്തു. ഇന്നലെ ചേര്‍ത്തല കളവംകോടം ശക്തീശ്വര ക്ഷേത്രത്തില്‍ പരസ്പരം മാല ചാര്‍ത്തിക്കൊണ്ട് അവര്‍ പുതിയ ജീവിതത്തിലേക്ക് കാല്‍വച്ചു.
വിവാഹത്തിനായി രണ്ടുദിവസം മുന്‍പ് ശിവഗിരിയില്‍ നടന്ന ആചാരപരമായ ചടങ്ങുകള്‍ വലിയൊരു ആഘോഷമായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഒത്തു ചേര്‍ന്ന് പുതുവിവാഹിതരെ ആശീര്‍വദിച്ചു. യുദ്ധത്തിന്റെ ഇരുട്ടിനിടയില്‍ പൂത്തു വളര്‍ന്ന ഈ പ്രണയകഥ, സ്‌നേഹം അതിരുകളും സാഹചര്യങ്ങളും മറികടന്ന് ഒരുമിച്ചുവരാമെന്നതിന് തെളിവായി മാറി. ഇംഗ്ലീഷ് അധ്യാപകനായ വിനായക മൂര്‍ത്തി, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കുകയായിരുന്നു. 2021-ലാണ് അതുവഴി കീവിലെ യുവതി യൂലിയ ക്ലിചുവിനെ പരിചയപ്പെടുന്നത്. ആദ്യം സാധാരണ സംഭാഷണങ്ങള്‍ മാത്രമായിരുന്നെങ്കിലും, ഭാഷപഠനത്തിനിടയില്‍ ഇരുവരും തമ്മില്‍ നല്ലൊരു സൗഹൃദം വളര്‍ന്നു. ദിനംപ്രതി സംസാരിച്ചതോടെ അത് ശക്തമായ ബന്ധമായി മാറി.
മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിനായക മൂര്‍ത്തി യൂലിയയെ നേരില്‍ കാണണമെന്ന ആഗ്രഹത്തോടെ യുക്രെയ്‌നിലേക്ക് യാത്രയായി. അവിടെ ഒരു സ്‌കൂളില്‍ അധ്യാപകനായി ജോലി ലഭിച്ചതോടെ, ഇരുവരും ഒരുമിച്ച് കൂടുതല്‍ സമയം ചിലവഴിക്കാനായി. എന്നാല്‍ അതേസമയം, യുക്രെയ്നെതിരെ റഷ്യയുടെ യുദ്ധം ആരംഭിച്ചു. ബോംബാക്രമണങ്ങളും ആക്രമണ ഭീതിയും നിറഞ്ഞ അന്തരീക്ഷത്തിലൂടെ അവര്‍ കടന്നുപോയി. അനിശ്ചിതത്വവും ഭീതിയും നിറഞ്ഞ ദിവസങ്ങളിലൂടെയായിരുന്നു അവരുടെ പ്രണയം പരീക്ഷിക്കപ്പെട്ടത്. യൂലിയയുടെ അനുജത്തിയുടെ പിറന്നാള്‍ ദിനത്തില്‍ ആഘോഷം കഴിഞ്ഞ് യൂലിയയുടെ കുടുംബവും വിനായക മൂര്‍ത്തിയും രാത്രി വീട്ടിലേക്ക് മടങ്ങിവരും വഴി വീടനടുത്തുള്ള വിമാനത്താവത്തില്‍ റഷ്യ ബോംബിട്ടു. വീട് ഉപേക്ഷിച്ച് എല്ലാവരും പോയ കൂട്ടത്തില്‍ ഇവരും ദൂരെയുള്ള ഗ്രാമത്തിലെത്തി.
അവിടെ താമസിച്ച് 12-ാം ദിവസം, സമീപത്തെ ആണവ നിലയം റഷ്യ ആക്രമിച്ച് തകര്‍ക്കുമെന്ന അഭ്യൂഹം വ്യാപകമായി പരന്നു. ആ വാര്‍ത്ത കേട്ടതോടെ ജനങ്ങള്‍ ഭീതിയില്‍ മുങ്ങി. അതേസമയം, യൂലിയയുടെ പിതാവ് കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് അതീവ ആശങ്കയിലായി. വലിയ അപകടം സംഭവിക്കുമെന്ന ഭയത്താല്‍, യൂലിയയുടെ അമ്മയെയും അനുജത്തിമാരെയും കൂടി വിനായക മൂര്‍ത്തിയുടെ സഹായത്തോടെ അടിയന്തരമായി പോളണ്ടിലേക്കുള്ള ഒരു ട്രക്കില്‍ യാത്രയയച്ചു. യാത്ര വളരെ പ്രയാസകരമായിരുന്നുവെങ്കിലും, ജീവന്‍ രക്ഷിക്കാനുള്ള ഏക മാര്‍ഗ്ഗമായി അത് അവര്‍ സ്വീകരിച്ചു. എന്നാല്‍ ഇടയ്ക്കിടെ വിനായക മൂര്‍ത്തിക്കു നിയമപരമായ ചില തടസ്സങ്ങള്‍ നേരിടേണ്ടിവന്നു. വിദേശികളുമായി ബന്ധപ്പെട്ട രേഖകളില്‍ വ്യക്തത വരുത്തേണ്ടതിനാല്‍ അദ്ദേഹം റുമാനിയയിലെ ഇന്ത്യന്‍ എംബസിയെ സമീപിക്കേണ്ടി വന്നു. അതുകൊണ്ട്, അദ്ദേഹം കുടുംബത്തോടൊപ്പം പോളണ്ടിലേക്ക് നേരിട്ട് പോകാന്‍ കഴിഞ്ഞില്ല.
യൂലിയ, അമ്മയും അനുജത്തിമാരും ഒടുവില്‍ സുരക്ഷിതമായി പോളണ്ടില്‍ എത്തി. അതുവരെ ഉണ്ടായ യാത്രാശ്രമവും ഭീതിയും അവരുടെ മുഖത്ത് വ്യക്തമായിരുന്നെങ്കിലും, അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന ആശ്വാസം വലിയൊരു ആശ്രയമായി. കുടുംബം സുരക്ഷിതരായി എത്തിയപ്പോള്‍, വിനായക മൂര്‍ത്തിയ്ക്ക് നേരിട്ടിരുന്ന നിയമപ്രശ്‌നങ്ങള്‍ തീര്‍ന്നുകഴിഞ്ഞാല്‍ അവരോടൊത്ത് വീണ്ടും ചേരാമെന്ന പ്രതീക്ഷ മനസ്സില്‍ നിറഞ്ഞു. പിന്നീട്, യുദ്ധത്തിന്റെ ആഘാതങ്ങളില്‍ നിന്ന് മാറി, യൂലിയ ജര്‍മ്മനിയില്‍ അധ്യാപികയായി ജോലി തുടങ്ങി. അവിടെ പുതിയൊരു ജീവിതം ആരംഭിച്ചെങ്കിലും, മനസ്സില്‍ സ്ഥിരമായി നിറഞ്ഞുനിന്നത് വിനായക മൂര്‍ത്തിയോടുള്ള ബന്ധമായിരുന്നു. അതേസമയം, വിനായക മൂര്‍ത്തി നാട്ടിലേക്ക് മടങ്ങി അധ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി.
ഇതിനിടയില്‍, ഇരുവരും തമ്മിലുള്ള ദൂരം കുറയ്ക്കാനായി യൂലിയ നേരിട്ട് കേരളത്തിലെത്തി. ഒരുമാസത്തോളം അവള്‍ ഇവിടെ താമസിക്കുകയും വിനായക മൂര്‍ത്തിയുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. കേരളത്തിലെ ആ അനുഭവങ്ങള്‍ ഇരുവരുടെയും ബന്ധത്തെ കൂടുതല്‍ ഉറപ്പാക്കി. മടങ്ങിപ്പോകുമ്പോള്‍ വീണ്ടും കാണുമെന്ന പ്രതീക്ഷയോടെയാണ് അവര്‍ വേര്‍പിരിഞ്ഞത്. ശേഷം, വിനായക മൂര്‍ത്തിക്ക് ഉസ്ബെക്കിസ്ഥാനില്‍ അധ്യാപകനായി ജോലി ലഭിച്ചു. ഇങ്ങനെ, ഇരുവരും വ്യത്യസ്ത രാജ്യങ്ങളില്‍ താമസിച്ചെങ്കിലും, അവരുടെ പ്രണയം ദൂരം പോലും തടസ്സമാക്കിയില്ല. പരസ്പരം സ്ഥിരമായ ബന്ധം തുടരുന്നതിനൊപ്പം ഭാവി ജീവിതത്തെക്കുറിച്ചുള്ള ആസൂത്രണവും നടത്തി.
2024-ല്‍ വിവാഹം നടത്താമെന്നായിരുന്നു ഇരുവരുടെയും തീരുമാനം. എന്നാല്‍, വിദേശികളുമായി ബന്ധപ്പെട്ട നിയമപരമായ ചില തടസ്സങ്ങള്‍ അവര്‍ക്കു മുന്‍പില്‍ വന്നു. വിവാഹം ഉടന്‍ നടത്താനാകാതെ പോയെങ്കിലും, തടസ്സങ്ങള്‍ നീക്കാനുള്ള ശ്രമം അവര്‍ ഒരുമിച്ചും കുടുംബാംഗങ്ങളുടെയും സഹായത്തോടെയും നടത്തി. അവസാനമായി, എല്ലാ നിയമപ്രശ്‌നങ്ങളും പരിഹരിച്ച്, നാല് ദിവസങ്ങള്‍ക്ക് മുന്‍പ് യൂലിയ തന്റെ പിതാവിനൊപ്പം ചേര്‍ത്തലയില്‍ എത്തി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍, യൂലിയയും വിനായക മൂര്‍ത്തിയും പരസ്പരം മാല ചാര്‍ത്തി, ജീവിതസഖികളായി മാറി.
വിവാഹത്തിന് ശേഷം ഇരുവരും വീണ്ടും തങ്ങളുടെ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്. യൂലിയ 23-ന് ജര്‍മ്മനിയിലേക്കുള്ള ജോലി സ്ഥലത്തേക്ക് മടങ്ങും. തുടര്‍ന്ന്, വിനായക മൂര്‍ത്തിയും ഉസ്ബെക്കിസ്ഥാനിലെ തന്റെ അധ്യാപകജീവിതത്തിലേക്ക് തിരികെ പോകും. എന്നാല്‍, ലോകത്തിന്റെ രണ്ടുഭാഗങ്ങളിലും ആയാലും, ഇവരുടെ മനസ്സില്‍ ഒരേ സ്വപ്‌നം ഭാവിയില്‍ ഒന്നിച്ച് ഒരു സ്ഥലത്ത് താമസം ആക്കണം എന്നതാണ്.