ഏഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. സീരിയലില്‍ തുടക്കത്തില്‍ വേദികയായി എത്തിയിരുന്നത് തമിഴ് താരം ശ്വേത വെങ്കട്ട് ആയിരുന്നു. 1 മുതല്‍ 56 വരെയുള്ള എപ്പിസോഡിലായിരുന്നു ഇവര്‍ അഭിനയിച്ചിരുന്നത്. പക്ഷേ പിന്നീട് ഇവര്‍ പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു.മലയാളിയാണെന്നാണ് പലരും കരുതിയതെങ്കിലും ശ്വേത ഒരു മലയാളിയല്ല. ചെന്നൈ സ്വദേശിനിയായ താരം തമിഴ് സിനിമാ സീരിയല്‍ മേഖലയില്‍ സജീവമായ താരമാണ്.
കുടുംബവിളക്കില്‍ നിന്നും പിന്മാറിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശ്വേത. തന്റെ വിശേഷങ്ങളെല്ലാം പങ്കുവച്ച് എത്താറുണ്ട്. അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന സന്തോഷം പങ്കുവച്ച് എത്തിയത് ശ്വേതയാണ്. പിന്നാലെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആറാം മാസത്തിലെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോള്‍ തന്റെ വോട്ട് ജയിച്ചുവെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. തന്റെ വോട്ടു ജയിച്ചുവെന്നും ആണ്‍കുഞ്ഞ് ജനിച്ചുവെന്നുമാണ് ശ്വേത കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് എത്തുന്നത്.
തായുമാനവന്‍ എന്ന സീരിയലിലൂടെയാണ് ശ്വേത അഭിനയരംഗത്തെത്തിയത്. പിന്നെ സിനിമകളിലും വേഷമിട്ടു. തമിഴില്‍ ശ്വേത അഭിനയിച്ച പൊന്‍മകള്‍ വന്താല്‍, ചിന്നതമ്പി തുടങ്ങിയ സീരിയലുകള്‍ വമ്പന്‍ ഹിറ്റായിരുന്നു.സുഹൃത്തായ ശ്രീകാന്ത് ശ്രീനിവാസനെയാണ് ശ്വേത വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ലോക്ഡൗണിന് ശേഷമാണ് ശ്വേത സീരിയലില്‍ നിന്നും പിന്മാറിയത്. ചെന്നൈയില്‍ ആയത് തന്നെയാണ് ശ്വേത സീരിയലില്‍ നിന്നും മാറുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചത്. തമിഴിലും സീരിയലുകളില്‍ വേഷമിടുന്നതിനാല്‍ അങ്ങോട്ടും ഇങ്ങോട്ടുമുള്ള വരവും പോക്കും പ്രതിസന്ധിയിലായതോടെയാണ് ശ്വേത സീരിയലില്‍ നിന്നും പിന്‍മാറിയത്. പിന്നീട് അമേയ എന്ന താരം വേദികയായി എത്തിയിരുന്നു. എന്നാലിപ്പോള്‍ ശരണ്യ ആനന്ദാണ് വേദികയായി എത്തുന്നത്.