Latest News

സീരിയലില്‍ നിന്ന് സിനിമയിലേക്ക് എത്തിയതിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ട്; ട്രാഫിക്കിലെ വില്ലന്‍ കഥാപാത്രം ഹൃദയത്തോട് എന്നും ചേര്‍ന്നിരിക്കുന്നത്; പഴയ കൃഷ്ണയ്ക്ക് വേഷങ്ങള്‍ കുറവാണ്; വിശേഷങ്ങള്‍ പങ്കുവെച്ച് സിനിമാ താരം കൃഷ്ണ...!!

പി.എസ്.സുവര്‍ണ്ണ
സീരിയലില്‍ നിന്ന് സിനിമയിലേക്ക് എത്തിയതിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ട്; ട്രാഫിക്കിലെ വില്ലന്‍ കഥാപാത്രം ഹൃദയത്തോട് എന്നും ചേര്‍ന്നിരിക്കുന്നത്; പഴയ കൃഷ്ണയ്ക്ക് വേഷങ്ങള്‍ കുറവാണ്; വിശേഷങ്ങള്‍ പങ്കുവെച്ച് സിനിമാ താരം കൃഷ്ണ...!!


ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ തന്റെതായ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞ നടനാണ് കൃഷ്ണ. നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള താരം ട്രാഫിക് എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്. സെയ്ഫാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം. ഇപ്പോഴിതാ സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എന്ന രീതിയില്‍, ഒരു സീരിയലിലൂടെ ശക്തമായ കഥാപാത്രത്തെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുകയാണ് താരം. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന കബനി എന്ന സീരിയലിലെ സൂര്യനാരയണന്‍ എന്ന അച്ഛന്‍ വേഷത്തിലാണ് താരം എത്തിയിരിക്കുന്നത്. ഇപ്പോഴിത തന്റെ സീരിയല്‍, സിനിമ വിശേഷങ്ങള്‍ സിനി ലൈഫുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം..

കൃഷ്ണ : ഞാന്‍ കൃഷ്ണ. ആദ്യം എന്നെ കാണുമ്പോള്‍ തന്നെ ഈ താടിവെച്ചുള്ള രൂപം എന്തിനാണെന്ന ചോദ്യം എല്ലാവരുടെയും മനസില്‍ വരും. ഒരുപാട് നാളത്തെ ഗ്യാപ്പിന് ശേഷമാണ് ഞാന്‍ എന്റെ ഇമേജ് ബ്രേക്ക് ചെയ്യാന്‍ താല്‍പര്യം കാണിച്ചത്. അതുകൊണ്ടാണ് ഇപ്പോള്‍ താടിവെച്ചുള്ള രൂപം. 

* സീരിയല്‍ ചെയ്യാനുള്ള തീരുമാനം?

ഒരുപാട് കാലത്തിന് ശേഷം ഞാന്‍ ഒരു സീരിയല്‍ ചെയ്യാന്‍ തീരുമാനിച്ചു. കാരണം വേറെയൊന്നുമല്ല ഏതൊരു നടനും പ്രത്യേകിച്ച് സിനിമയിലുള്ളവര്‍ക്ക് ഒരു ഇമേജ് ബ്രേക്ക് വേണം. നല്ല നല്ല സിനിമകള്‍ ചെയ്ത് പോയിക്കൊണ്ടിരിക്കുന്ന സമയത്ത് ഇങ്ങനെയൊരു നല്ല കഥാപാത്രം എന്നെ തേടി വന്നു. എന്റെ കഥാപാത്രത്തിന്റെ പേര് സൂര്യ നാരായണന്‍. കബനി സീകേരളയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു മെഗാ പരമ്പരയാണ്. സീരിയലിലെ കഥാപാത്രത്തിനോട് എനിക്കൊരു അടുപ്പം തോന്നി. അങ്ങനെ ഈ ക്യാരക്ടറിനെ ഇന്‍വോള്‍വ് ചെയ്ത് ഞാന്‍ സീരിയലില്‍ അഭിനയിച്ചതാണ്. സിനിമകള്‍ ഒരുപാട് ചെയ്താല്‍ തന്നെയും, എന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം നന്നായി ഓടിയതാണ്. സെയ്‌ഫെന്നാണ് ചിത്രത്തിന്റെ പേര്. ഒരുപാട് ചിത്രങ്ങളില്‍ അവസരം എനിക്ക് വരുന്നുണ്ട്. എന്നാല്‍ തന്നെയും എല്ലാം ഒരുമിച്ച് കൊണ്ടുപോവാനുള്ള ആഗ്രഹമാണ് എനിക്ക്. എന്റെ ഈ സീരിയലിലെ കഥാപാത്രത്തിന്റെ പേര് സൂര്യ നാരായണന്‍ എന്നാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഒരു അച്ഛനാണ്. അച്ഛന്‍ എന്നു പറയുമ്പോള്‍ ഒരു പത്തിരുപത് വയസുള്ള ഒരു കുട്ടിയുടെ അച്ഛനാണ്. ഒരു മുഴുനീള കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. നല്ല കാമ്പുള്ള ഒരു കഥാപാത്രം, നല്ല അര്‍ത്ഥവത്തായ കഥാപാത്രം. ഒരുപാട് ഭാവാഭിനയവും ഒരുപാട് രസകരമായ സീന്‍സും ഇതില്‍ ഇന്‍വോള്‍വ് ചെയ്തിട്ടുണ്ട്. 

* സീരിയലും സിനിമയും തമ്മിലുള്ള വ്യത്യാസം..

സിനിമയും പരമ്പരയും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. അതായത് അഭിനയ രീതികളില്‍ പോലും. ഇപ്പോള്‍ എന്റെയൊരു അറിവ് അനുസരിച്ച് സിനിമയില്‍ അഭിനയിച്ചാല്‍ നമുക്ക് സീരിയല്‍ വളരെ എളുപ്പമാണ്. പക്ഷെ സീരിയലില്‍ അഭിനയിച്ച് കഴിഞ്ഞാല്‍ സിനിമയില്‍ അഭിനയിക്കാന്‍ കുറച്ച് പാടുപെടും. കാരണം സിനിമ ബാഗ്രൗണ്ടില്‍ അവിടെ റീടേക്ക് ഉണ്ടാവും അവിടെ നമുക്ക് പ്രോംറ്റിങ്ങ് ഉണ്ടാവും എല്ലാം ഉണ്ടാവും. പക്ഷെ അതിനെ പെര്‍ഫെക്ട് ആക്കിയിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. അപ്പോള്‍ ആ ഒരു പെര്‍ഫെക്ഷന്‍, നമ്മുടെ സീരിയല്‍ രംഗത്ത് നമ്മള്‍ അഭിനയിക്കുമ്പോള്‍ തന്നെ ആ ഒരു പെര്‍ഫെക്ഷനായിരിക്കും നമ്മുടെ ഫസ്റ്റ് ടേക്ക്. അത് ഒരു പരിതിവരെ എക്‌സ്പീരിയന്‍സ് കെണ്ടായിരിക്കും വരുന്നത്. കാരണം നമ്മള്‍ അഞ്ച് ടേക്കെടുത്ത് ഒരു സിനിമ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍, നമുക്ക് ഒരുപരിതിവരെ ഒരു ടേക്കിന് നമ്മുടെ സീരിയല്‍ സീന്‍ അഭിനയിച്ച് തീര്‍ക്കാം. പിന്നെ ഇവിടെ നമ്മള്‍ ഒരു കുടുംബം പോലെ തന്നെയാണ്. സീരിയലിലെ ആള്‍ക്കാരാവുമ്പോള്‍ അവര്‍ക്ക് ശരിക്കും പറഞ്ഞാല്‍ അവിടെ വേര്‍തിരിവുകളില്ല. എല്ലാവരും ഒരുമിച്ച് ഒരു കൂട്ടായിമ ഉണ്ടെങ്കിലെ അത് നന്നാവുകയുള്ളൂ. പിന്നെ മാര്‍ക്കറ്റോറിയന്റടാണ് രണ്ടും. അവിടെ ഫാന്‍സ് വിജയിപ്പിക്കുന്നു. ഇവിടെ പ്രേക്ഷകര്‍ വിജയിപ്പിക്കുന്നു. അതാണ് ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം. അപ്പോള്‍ അടുത്തൊരു ചോദ്യം വരാന്‍ പോവുന്നത് സിനിമയില്‍ അഭിനയിക്കുന്നതാണോ സീരിയലില്‍ അഭിനയിക്കുന്നതാണോ ഇഷ്ടം എന്നായിരിക്കും. തീര്‍ച്ചയായിട്ടും എന്റെ അന്നം സിനിമ തന്നെയാണ്. അതിന്റെയൊരു ഭാഗമായിട്ടാണ് ഞാന്‍ ഇപ്പോഴും സീരിയലിനെ കണ്ടിരിക്കുന്നത്. 

* സീരിയലിലേക്കുള്ള വരവ്..

എനിക്ക് ഇതിന് മുമ്പ് ഒരുപാട് വേഷങ്ങള്‍ സീരിയലില്‍ നിന്ന് വന്നിട്ടുണ്ട്. അപ്പോള്‍ എപ്പോഴും ഒരു ഭയമുണ്ടായിരുന്നു. ചേട്ടാ സിനിമയുള്ളപ്പോള്‍ എന്തിനാണ് സീരിയല്‍ ചെയ്യുന്നതെന്ന്. അപ്പോള്‍ ഞാന്‍ ആലോചിട്ടുണ്ട് ഞാന്‍ ആലോചിക്കുന്നത് വേറെയൊന്നുമല്ല എനിക്കൊരു ഇമേജ് ബ്രേക്കോവര്‍ വന്നാല്‍ നന്നായിരിക്കും. കാരണം എപ്പോഴും ഒരു പഴയ കൃഷ്ണയ്ക്ക് വേഷങ്ങള്‍ കുറവാണ്. ക്ലീന്‍ ഷേവായിട്ട് ചെറിയൊരു മീശയും വെച്ച്. അപ്പോള്‍ നമ്മള്‍ താടിയൊക്കെ വെച്ച് ഒരു മെച്ച്വര്‍ഡ് കഥാപത്രം ചെയ്യുമ്പോള്‍ തീര്‍ച്ചയായിട്ടും അത് സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്യുമെന്നത് കൊണ്ട് മാത്രമാണ് സീരിയല്‍ ചെയ്യാന്‍ തീരുമാനിച്ചത്. എന്ന് കരുതി ഞാന്‍ സീരിയല്‍ നടനല്ല. ഞാന്‍ ഈ സീരിയല്‍ മാത്രമേ ചെയ്യുന്നുള്ളു. പേരിന് വേണ്ടി ഒരു സീരിയല്‍ ഒരു നല്ല കഥാപാത്രം..


* സീരിയലില്‍ അഭിനയിച്ചാല്‍ സിനിമാ അവസരങ്ങള്‍ കുറയുമെന്ന് പേടിച്ചിരുന്നോ..?

സീരിയലില്‍ അഭിനയിക്കുമ്പോള്‍ സിനിമാ അവസരങ്ങള്‍ കുറയും. പക്ഷെ അത് എപ്പോഴാണെന്ന് പറയാം. രണ്ടുമൂന്ന് സീരിയല്‍ ഒറ്റയടിക്ക് ചെയ്യുമ്പോള്‍, ഇപ്പോള്‍ നമ്മള്‍ മൂന്ന് ചാനല്‍ നോക്കിയാല്‍ ഏത് ചാനല്‍ വെച്ചാലും ആ നടനെ കാണുമ്പോഴാണ് സിനിമയില്‍ അവസരം കുറയുന്നത്. എന്റെ അഭിപ്രായത്തില്‍ ഒരു സീരിയല്‍ മാത്രം ചെയ്തത് കൊണ്ട് ഏതൊരു സിനിമാ നടനും സിനിമയില്‍ അവസരങ്ങള്‍ കുറയില്ല. 

* കബനി ലൊക്കേഷന്‍..

കബനി എന്ന സീരിയല്‍ ലൊക്കേഷനെ കുറിച്ച് പറയുമ്പോള്‍ ഇതിന്റെ സംവിധായകന്‍ മലയാള സീരിയല്‍ രംഗത്ത് വളരെ പ്രമുഖനായ ഒരു സംവിധായകനാണ്. കാരണം അദ്ദേഹമെന്ന് പറഞ്ഞാല്‍ വെറും ടെക്‌നീഷ്യന്‍ മാത്രമല്ല എന്റെ നല്ലൊരു സുഹൃത്ത് നല്ലൊരു സംവിധായകന്‍. പിന്നെ അദ്ദേഹത്തിന്റെ മനസില്‍ കിടക്കുന്നതാണ് അദ്ദേഹം ഇവിടെ ഷൂട്ട് ചെയ്യുന്നത്. ഇത് ശരിക്കും പറഞ്ഞാല്‍ ഒരു ഫാമിലിയായിട്ടാണ് എനിക്ക് മനസിലാക്കാന്‍ പറ്റിയത്. ഒരുപാട് തരത്തിലുള്ള ആര്‍ട്ടിസ്റ്റുകളുണ്ട് , ഇപ്പോള്‍ മല്ലിക ചേച്ചിയാണെങ്കിലും നിവേദിതയാണെങ്കിലും അഞ്ജനയായാലും എല്ലാവരും, പുതുമുഖങ്ങളുമുണ്ട്. ഇതിലെ നായകനും നായികയും ന്യൂകമ്മേഴ്‌സാണ്. എന്നാല്‍ തന്നെയും ഒരു ഫാമിലി ലൊക്കേഷനാണ്. ഈ കുടുംബ സീരിയല്‍ എന്ന് പറയുന്നത് പോലെ തന്നെ. ഞങ്ങള്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഒരു യോജിപ്പും ഒരു തര്‍ക്കവും എല്ലാത്തിന്റെയും അകത്ത് രസകരമായ ഒരു കുടുംബമേളയാണ് അത്. 

*കൂടുതല്‍ അടുപ്പം ആരുമായിട്ടാണ്?

ഇത് വല്ലാത്തൊരു കുരുക്കുള്ള ഒരു ചോദ്യമാണ് ഇവിടെ ആരുമായിട്ടാണ് കൂടുതല്‍ അടുപ്പം എന്നത്. എല്ലാവരും തന്നെ എന്റെ നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ തന്നെയും സീരിയലിന്റെ സംവിധായകനുമായിട്ടാണ് ഞാന്‍ കൂടുതലും അടുക്കുന്നത്. കാരണം ചിലപ്പോള്‍ വളരെ വര്‍ഷങ്ങളായുള്ള ആത്മബന്ധം ഉള്ളതുകൊണ്ടായിരിക്കാം. മല്ലിക ചേച്ചിയുമായിട്ടും നല്ല അടുപ്പമുണ്ട്. പിന്നെ ഈ സീരിയലിലുള്ള ആര്‍ട്ടിസ്റ്റുകളുമെല്ലാവരുമായിട്ടും നല്ല അടുപ്പമുണ്ട്. അങ്ങനെയാരുമായിട്ടും പേര് എടുത്ത് പറയാനുള്ള ആത്മബന്ധം ഇല്ല എന്നാലും എല്ലാവരുമായിട്ടും നല്ല ഫ്രണ്ട്ഷിപ്പാണ്. 

 

* മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു കഥാപാത്രം?

ഞാന്‍ ചെയ്ത സിനിമകളില്‍ ഇപ്പോള്‍ തങ്ങിനില്‍ക്കുന്ന ക്യാരക്ടര്‍ എന്ന് പറയുന്നത് ഞാന്‍ ഇപ്പോഴും സിനിമയില്‍ നില്‍ക്കുന്നത് ട്രാഫിക്ക് എന്ന മലയാള സിനിമകൊണ്ടാണ്. അതില്‍ ചെറിയൊരു കഥാപാത്രമായിരുെന്നങ്കിലും വളരെ ശക്തമായി ജനങ്ങളുടെ മനസില്‍ നില്‍ക്കുന്ന ഒരു കഥാപാത്രമാണ്. ഞാന്‍ ഒരുപാട് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ട്രാഫിക്ക് ചെയ്തിട്ടുണ്ട് നിര്‍ണ്ണായകം ചെയ്തിട്ടുണ്ട്, കാലിഫോര്‍ണിയ ചെയ്തിട്ടുണ്ട്. എന്നാല്‍ തന്നെയും എന്റെ ലൈഫില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്നൊരു സിനിമ ട്രാഫിക്ക് തന്നെയാണ്. 

* കുഞ്ചാക്കോ ബോബനുമായുള്ള സൗഹൃദം.. 

ചാക്കോച്ചനും ഞാനും ഒരു സമയത്ത് എന്‍ട്രി ചെയ്ത ആളുകളാണ്. അപ്പോള്‍ തീര്‍ച്ചയായിട്ടും ആ ഒരു ബന്ധം ഞങ്ങള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. സ്‌ക്രീന്‍ സ്‌പേസില്‍ വെച്ച് മാത്രമല്ല അദ്ദേഹത്തെ കാണുമ്പോഴും അദ്ദേഹവുമായിട്ട് നല്ലൊരു ബന്ധം ഞാന്‍ പുലര്‍ത്തുന്നുണ്ട്. സ്‌നേഹിതന്‍, അതിന് മുമ്പ് ഹരികൃഷണന്‍സ്, പിന്നെ ഇതെല്ലാം കഴിഞ്ഞ് ട്രാഫിക്ക്. ഇതൊക്കെയാണ് ഞങ്ങള്‍ ചെയ്ത സിനിമകള്‍. അങ്ങനെ രണ്ടുമൂന്ന് ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കൂടെ ഞാന്‍ ചെയ്തിട്ടുണ്ട്. 

* മറക്കാന്‍ കഴിയാത്ത അനുഭവം..

മലയാള സിനിമയില്‍ എല്ലാവരുടെയും കൂടെ തന്നെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍സ്റ്റാര്‍സായ മോഹന്‍ലാല്‍, മമ്മൂക്ക, സുരേഷേട്ടന്‍. ഇതില്‍ ഏറ്റവും മറക്കാന്‍ പറ്റാത്ത അനുഭവം ലാല്‍ സാറിന്റെ കൂടെ അഭിനയിച്ചതാണ്. ലാല്‍ സാറിന്റെ കൂടെ അവസാനം ചെയ്ത ചിത്രത്തിന്റെ പേര് ലോഹം എന്നാണ്. ലാല്‍ സാര്‍ ഒരു പുലിയാണ്. അദ്ദേഹത്തിന് ഒരു രൂപമേയുള്ളൂ ശരിക്കും പറഞ്ഞാല്‍. കാരണം അദ്ദേഹം വളരെ ഫ്രാങ്കാണ്, സ്‌ട്രെയിറ്റ് ഫോര്‍വേഡാണ്, ഡിപ്ലോമാറ്റിക്കാണ്. എന്നാല്‍ എല്ലാവരെയും ഒരുപോലെ കാണുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ് എന്താണെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ എല്ലാവരെയും ഒരേ കണ്ണില്‍ കൂടെ കാണുന്നയാളാണ് എന്നതാണ്.

* സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുന്നത്?

സിനിമകള്‍ തിരഞ്ഞുപിടിക്കാന്‍ ഞാനായിട്ടില്ല. ഞാന്‍ ഇപ്പോഴും സിനിമകള്‍ നോക്കി സെലക്ട് ചെയ്യുന്ന സമയം ആയിട്ടില്ല. വരുന്ന സിനിമകള്‍ ഞാന്‍ ചെയ്യുന്നു. അത്രേയുള്ളൂ. 

* കുടുംബം..

ഞാന്‍ കല്ല്യാണം കഴിച്ചിരിക്കുന്നത് എറണാകുളത്ത് നിന്നാണ്. എന്റെ വൈഫ് സുപ്രീംകോര്‍ട്ടിലെ വക്കീലാണ്. എനിക്ക് രണ്ട് കുട്ടികളുണ്ട്. മൂത്ത മകന്റെ പേര് ശിവന്‍ എന്നാണ്. മകളുടെ പേര് ഗൗരി എന്നും. ഭാര്യ ശിഖ. അങ്ങനെ ചെറിയൊരു കുടുംബമാണ് എന്റേത്. 

* സീരിയലിനെക്കുറിച്ച് പ്രേക്ഷകരോട് പറയുവാനുള്ളത്...

കബനി സീരിയല്‍ 300 എപ്പിസോഡ് ആവാറായി. സീ ടിവിയില്‍ 7.30 നാണ് സീരിയല്‍ ടെലിക്കാസ്റ്റ് ചെയ്യുന്നത്. നല്ലൊരു ഫാമിലി എന്റെര്‍ടെയിനറായിട്ടുള്ള സീരിയലാണ്. അതില്‍ കൂടുതലും ഈ സീരിയലില്‍ ഇംപോര്‍ട്ടന്റ് കൊടുത്തിരിക്കുന്നത് ഡ്രാമയ്ക്കാണ്. ഇതില്‍ മെയിന്‍ ക്യാരക്ടര്‍ ആരാണെന്ന് ചോദിച്ചാല്‍ എല്ലാവരും തന്നെ നല്ല വേഷങ്ങളുള്ള കഥാപാത്രങ്ങളാണ് ചെയ്യുന്നത്. തീര്‍ച്ചയായിട്ടും പ്രേക്ഷകര്‍ ഈ മുന്നൂറ് എന്നുള്ളത് അറുന്നൂറ് ആക്കണം. അറുന്നൂറ് തൊള്ളായിരമാക്കണം. അത്രയും മതി. ഈ കഥാപാത്രങ്ങളെ എല്ലാവരും മനസില്‍ ചേര്‍ത്ത് അനുഗ്രഹിക്കണം.....

Read more topics: # actor krishna interview,# kabani
actor krishna interview exclusive

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES