മോഹന്‍ലാലിന്റെ അമ്മയുടെ വിയോഗത്തില്‍ വിങ്ങലടക്കാനാവാതെ അടുത്ത സുഹൃത്തും ഗായകനുമായ എം.ജി ശ്രീകുമാറും സുരേഷ് കുമാറും.മോഹന്‍ലാലിന് അമ്മ വെറുമൊരു വാക്കല്ലെന്നും അദ്ദേഹത്തിന്റെ ലോകം തന്നെയായിരുന്നു അമ്മയെന്നും ശ്രീകുമാര്‍ അനുസ്മരിച്ചു. ഇന്നലെ വിളിച്ചപ്പോഴും 'അമ്മയ്ക്ക് തീരെ സുഖമില്ല ശ്രീക്കുട്ടാ' എന്ന് മോഹന്‍ലാല്‍ സങ്കടത്തോടെ പറഞ്ഞിരുന്നതായും ഇന്ന് കാണാന്‍ ചെല്ലാനിരിക്കെയാണ് മരണവാര്‍ത്ത തേടിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയുടെ വിയോഗത്തില്‍ പ്രതികരിച്ച് നിര്‍മാതാവ് സുരേഷ് കുമാര്‍. ലാലിന്റെ മാത്രമല്ല, തങ്ങളടക്കമുള്ള സുഹൃത്തുക്കളുടെയെല്ലാം അമ്മയായിരുന്നു ആ പുണ്യമെന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്. മോഹന്‍ലാലിന്റെ അച്ഛന്റെയും ജ്യേഷ്ഠന്റെയും ചിതയ്ക്കരികില്‍ തിരുവനന്തപുരത്തെ വീട്ടുവളപ്പില്‍ തന്നെ അമ്മയ്ക്കും ചിതയൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലാലിന്റെ അമ്മയും അമ്മൂമ്മയും അമ്മാവന്മാരും ഒക്കെ ഭയങ്കര ഹാസ്യപ്രിയരാണെന്നും അതാണ് ലാലിന് കിട്ടിയിരിക്കുന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. അമ്മയുടെ മരണം വലിയൊരു വേദനയാണ്, ഒരുപാട് ഓര്‍മകളാണ് മനസ്സിലൂടെ കടന്നുപോകുന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. വിയോഗവാര്‍ത്തയറിഞ്ഞ് വിറയ്ക്കുന്ന സ്വരത്തോടെയാണ് സുരേഷ് കുമാര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചത്.
'ആ സ്‌നേഹത്തണല്‍ ഇനി ഓര്‍മകളില്‍ മാത്രം... ലാലിന്റെ അമ്മയല്ല, ഞങ്ങളുടെയെല്ലാം അമ്മയായിരുന്നു ആ പുണ്യം' സുരേഷ് കുമാര്‍ പറഞ്ഞു. മുടവന്‍മുകളിലെ പഴയ വീട്ടുമുറ്റത്ത് ഒത്തുകൂടിയ കൂട്ടുകാര്‍ക്ക് ഭക്ഷണവും വാത്സല്യവും വിളമ്പി, അവരുടെ കുസൃതികള്‍ക്ക് കൂട്ടുനിന്ന ആ വലിയ മനസ്സ് വിടവാങ്ങുമ്പോള്‍ ഒരു തലമുറയുടെ സൗഹൃദത്തിന്റെ വേരുകളാണ് അറ്റുപോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുടവന്‍മുകളിലുള്ള വീട്ടിലെ പറമ്പില്‍ മോഹന്‍ലാലിന്റെ അച്ഛനായ വിശ്വനാഥന്‍ നായരുടെയും ജ്യേഷ്ഠന്‍ പ്യാരിലാലിന്റെയും ചിതകള്‍ക്കരികില്‍ തന്നെ ശാന്തകുമാരിക്കും ചിതയൊരുക്കാനാണ് തീരുമാനം. ഉച്ചയ്ക്ക് മുന്‍പ് ആന്റണി വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് അമ്മയുടെ നില ഗുരുതരമാണെന്ന് അറിഞ്ഞിരുന്നതായും, അരമണിക്കൂറിന് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും സുരേഷ് കുമാര്‍ വെളിപ്പെടുത്തി. അഞ്ചാം ക്ലാസ്സ് മുതല്‍ മോഹന്‍ലാലിന്റെ ഒപ്പം പഠിച്ച സുരേഷ് കുമാറിന് ശാന്തകുമാരിയെക്കുറിച്ച് അനേകം ഓര്‍മകളാണുള്ളത്. 1969 മുതലുള്ള ആത്മബന്ധമാണ് തങ്ങള്‍ തമ്മിലുള്ളതെന്നും പ്രിയനും ശ്രീക്കുട്ടനുമെല്ലാം തങ്ങളേക്കാള്‍ സീനിയറാണെന്നും അദ്ദേഹം ഓര്‍ത്തു. കോളേജില്‍ പഠിക്കുമ്പോള്‍ ലാലിന്റെ വീട്ടില്‍ 'കംപെയ്ന്‍ സ്റ്റഡി'യുടെ പേരില്‍ തങ്ങളെല്ലാം ഒത്തുചേര്‍ന്നിരുന്നതും, അവിടെ പഠനമല്ല ഉഴപ്പായിരുന്നതും, ഇടയ്ക്ക് വന്ന് 'എല്ലാവരും കൂടി ഇരുന്ന് പഠിത്തം ആയിരിക്കണം നടക്കുന്നത് കേട്ടോ' എന്ന് അമ്മ പറഞ്ഞിരുന്നതുമെല്ലാം സുരേഷ് കുമാര്‍ അനുസ്മരിച്ചു. തങ്ങളെല്ലാം അമ്മയ്ക്ക് വലിയ കാര്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടിക്കാലത്തെ മധുരപലഹാരങ്ങളും ആ കൈപ്പുണ്യവും തന്റെ ഔദ്യോഗിക ജീവിതത്തിനപ്പുറം മോഹന്‍ലാലുമായുള്ള ദശകങ്ങള്‍ നീണ്ട കുടുംബബന്ധത്തെക്കുറിച്ച് എം.ജി ശ്രീകുമാര്‍ വികാരാധീനനായി. 'എനിക്ക് കുട്ടിക്കാലം മുതലേ അറിയുന്നതാണ് അമ്മയെ. ഞങ്ങളൊക്കെ ഒരുമിച്ചാണ് കളിച്ച് വളര്‍ന്നത്. ആ കൈകൊണ്ട് തന്ന ആഹാരം എത്രയോ തവണ കഴിച്ചിട്ടുണ്ട്. സ്‌കൂളില്‍ നിന്ന് കളി കഴിഞ്ഞ് വരുമ്പോള്‍ മധുരപലഹാരങ്ങളുമായി അമ്മ കാത്തുനില്‍ക്കാറുണ്ടായിരുന്നു. ലാലിനെപ്പോലെ തന്നെയാണ് അമ്മ ഞങ്ങളെയും കണ്ടത്. എന്റെ സ്വന്തം അമ്മയെപ്പോലെയായിരുന്നു എനിക്കും ശാന്തമ്മ,' ശ്രീകുമാര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു.
ലാലുവിന്റെ ലോകം അമ്മയുടെ അസുഖം കൂടിയതിനാലാണ് മോഹന്‍ലാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊച്ചിയില്‍ തന്നെ തുടര്‍ന്നത്. തിരക്കുകള്‍ക്കിടയിലും അമ്മയുടെ തണലിലേക്ക് ഓടിയെത്തുന്ന മകനായിരുന്നു ലാലു എന്ന് ശ്രീകുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഏറ്റവും ഒടുവില്‍ രണ്ട് മാസം മുമ്പാണ് അമ്മയെ കണ്ടതെന്നും ആ വേര്‍പാട് തനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.