പണം നിക്ഷേപിച്ചതിന് ശേഷം ബാങ്കുകള്‍ പൊട്ടി പണം നഷ്ടപ്പെട്ടവരുടെ അനുഭവങ്ങള്‍ നമുക്ക് പരിചിതമാണ്. സാധാരണക്കാര്‍ക്കാണ് കൂടുതലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ ഇപ്പോള്‍ പ്രമുഖ ടെലിവിഷന്‍ താരമായ നൂപുര്‍ അലങ്കാറിന്റേത് സമാനമായ ഒരു അവസ്ഥയാണ്. ഹിന്ദി സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നൂപുര്‍ അലങ്കാര്‍. ഏറെ പ്രേക്ഷക പ്രീതിയുളള സീരിയലുകളായ പ്രാണ്‍ ജായേ പര്‍ ഷാന്‍ നാ ജായേ, ഗര്‍ കി ലക്ഷ്മി എന്നിവയിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നൂപുര്‍. താരത്തിന്റെ അവസ്ഥ അറിഞ്ഞ് ആരാധകര്‍ക്ക് ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്.
പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര ബാങ്കില്‍ പണം നിക്ഷേപിച്ച് തന്റെ സമ്പാദ്യം മുഴുവന്‍ നഷ്ടമാവുകയും അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയെ പോലും ചികിത്സിക്കാന്‍ കഴിയാത്ത അവസ്ഥയാണ് എന്നും വെളിപ്പെടുത്തിയിരിക്കയാണ് താരം. പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് (പിഎംസി) പ്രതിസന്ധിയാണ് തന്റെ ജീവിതത്തിലെ മോശം അവസ്ഥയ്ക്ക് കാരണം എന്ന് താരം വാര്‍ത്താ ഏജന്‍സിയായ എ.എന്‍ഐയോട് പറഞ്ഞു.
ജീവിത്തില്‍ സമ്പാദിച്ചതെല്ലാം പിഎംസിയില്‍ വിശ്വസിച്ച് അവിടെയാണ് നൂപുര്‍ നിക്ഷേപിച്ചത്. ബാങ്കിനെക്കുറിച്ചുള്ള വിശ്വാസ്യത കൊണ്ടാണ് മറ്റ് ബാങ്കിലുള്ള നിക്ഷേപങ്ങള്‍ ഉള്‍പ്പടെ ഇങ്ങോട്ട് മാറ്റിയതെന്നും താരം പറയുന്നു. പിഎംസിയിലെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണ്. എല്ലാ വഴികളും അടഞ്ഞ് സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കേണ്ടി വന്ന ഗതിക്കേടില്‍ എത്തി നില്‍ക്കുകയാണെന്നും നടി പറഞ്ഞു. അമ്മ അത്യാസന്നനിലയില്‍ കഴിയുകയാണ്. ഭര്‍ത്താവിന്റെ പിതാവ് അടുത്തിടെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മറ്റുള്ളവരുടെ മുന്‍പില്‍ പണത്തിനായി യാചിക്കേണ്ട അവസ്ഥയിലാണെന്നും നടി പറയുന്നു. സ്വര്‍ണം വിറ്റും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലെങ്കില്‍, വീട്ടിലെ സാധനസാമഗ്രികള്‍ വില്‍ക്കാനും താനും നിര്‍ബന്ധിതയാകുമെന്നും നടി തുറന്നുപറയുന്നു. പരിചയമുള്ള ഒരു നടന്റെ കയ്യില്‍ നിന്നും 3000 രൂപ വായ്പയായി വാങ്ങേണ്ടി വന്നു. മറ്റൊരാള്‍ 500 രൂപ തന്നു സഹായിച്ചു.ഇതുവരെ 50000 രൂപ പലവഴികളില്ലായി കടമെടുത്തിട്ടുണ്ട്. പിഎംസിയില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ഇപ്പോള്‍ കഴിയുന്നതെന്നും നടി പറയുന്നു