ചില രക്ഷപ്പെടല്‍ എപ്പോഴും അത്ഭുതം നിറഞ്ഞതായിരിക്കും. അതുപോലെ ഒതു രക്ഷപ്പെടലായിരുന്നു കഴിഞ്ഞ ദിവസം കാറ് കത്തുകയും കാറില്‍ നിന്ന് പുറത്ത് കടക്കാതെ കുടുങ്ങിയതും പിന്നെ എങ്ങനെയൊക്കയോ രക്ഷപ്പെട്ടതും. ഐക്കരപ്പറമ്പില്‍ സജിയും ഭാര്യയും ഇരട്ടകുട്ടികള്‍ക്കുമൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു ഈ അപ്രതീക്ഷിത അപകടം. ആ കാറില്‍ അവര്‍ കത്തിയമര്‍ന്നിരുന്നെങ്കില്‍ നഷ്ടപ്പെടുന്നത് 18 വര്‍ഷത്തെ കാത്തിരിപ്പാകുമായിരുന്നു. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അവര്‍ക്ക് ഇരട്ട കണ്‍മണികള്‍ ഉണ്ടാകുന്നത്. ജനിച്ച് ദിവസങ്ങള്‍ മാത്രം ആയ കുഞ്ഞുങ്ങളോയും കൊണ്ട് ആശുപത്രലയില്‍ നിന്ന് തിരികെ വീട്ടിലേക്ക് പോരുമ്പോഴായിരുന്നു അപകടം. കുടുംബം മൊത്തം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
കാര്‍ അഗ്‌നി വിഴുങ്ങിയതിന്റെ ആഘാതത്തിലാണ് ദമ്പതികളായ സജിയും ഭാര്യ ബേബിയും. ഇപ്പോഴും ആ ഞെട്ടല്‍ വിട്ട് മാറിയിട്ടില്ല. കാറിന്റെ ബോണറ്റില്‍ നിന്നുയര്‍ന്ന തീയും ലോക്കായിപ്പോയ ഡോറും അവരുടെ മനസ്സില്‍ പടര്‍ത്തിയത് മറ്റൊരു തീയായിരുന്നു. അമ്പത്തിമൂന്നാം വയസില്‍ പിതാവായ സജിക്ക് സര്‍വ സ്വപ്‌നങ്ങളും അവസാനിച്ചെന്ന് തോന്നി. എട്ടു ദിവസം പ്രായമായ ചോരക്കുഞ്ഞുങ്ങളുമായി പിന്‍സീറ്റില്‍ നാല്പത്തിയേഴുകാരി ഭാര്യ ബേബി, അമ്മ സുലേഖ, അയല്‍വാസിയായ ലളിത. കഴിഞ്ഞ ദിവസം രാത്രി തൃശൂരിലെ സരോജ ആശുപത്രിയില്‍ നിന്ന് മടങ്ങിപ്പോവുകയായിരുന്നു. സുഹൃത്ത് സജിമോന്‍ കൊണ്ടുവന്ന മാരുതി എസ് ക്രോസ് കാറിലായിരുന്നു യാത്ര.
പതിനഞ്ചു കിലോമീറ്റര്‍ പിന്നിട്ട് ആമ്പല്ലൂരില്‍ എത്തുമ്പാേള്‍ സമയം എട്ടര. മറ്റൊരു കാറില്‍ സഞ്ചരിച്ചിരുന്നവരാണ് പുക ഉയരുന്നത് പറഞ്ഞത്. ഉടന്‍ കാര്‍ നിറുത്തിയെങ്കിലും ഡോര്‍ തുറക്കാന്‍ കഴിയാതായി. സമീപത്തുണ്ടായിരുന്ന ലോറി ഡ്രൈവറും ഏറെ ശ്രമിച്ചു. കാറില്‍ കൂട്ടനിലവിളിയായി. സജിമോന്‍ എങ്ങനെയോ ഡ്രൈവറുടെ ഡോര്‍ തുറന്നു പുറത്തുചാടി പിന്നാലെ മറ്റു ഡോറുകളും തുറക്കാനായി. സജി കുഞ്ഞുങ്ങളെ വാരിപ്പുണര്‍ന്നെടുത്തു. കുഴഞ്ഞുവീണ ബേബിയെ കാറില്‍ നിന്ന് അകലേയ്ക്ക് മാറ്റി. അമ്മയും അയല്‍ക്കാരിയായ ലളിതയും കുഞ്ഞുങ്ങളെ ഏറ്റുവാങ്ങി ദൂരേക്ക് മാറി. നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ അഗ്‌നി ഗോളമായി.
മേലൂര്‍ സ്വദേശി പൂഞ്ഞക്കാരന്‍ ജോസഫ് തങ്കച്ചന്റെ ഉമസ്ഥതയിലുള്ളതാണ് കാര്‍. ആറു വര്‍ഷം മാത്രമാണ് പഴക്കം. പുതുക്കാട് നിന്ന് അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിന്‍സിന്റെ നേതൃത്വത്തില്‍ നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. പുതുക്കാട് പൊലീസിന്റെ സഹായത്തോടെ കാറിലുണ്ടായിരുന്ന കുട്ടികളെയും കുടുംബത്തെയും സുരക്ഷിതമായി വീട്ടിലെത്തിച്ചു. ചാലക്കുടി ഭാഗത്തേക്ക് ഗതാഗതക്കുരുക്കുണ്ടായിരുന്ന ദേശീയപാത ഈ അപകടത്തോടെ സ്തംഭിച്ച സ്ഥിതിയായി. ടോള്‍പ്ലാസയും കടന്ന് നാലു കിലോമീറ്ററോളം ഗതാഗതക്കുരുക്കുണ്ടായി. നാട്ടുകാരും പുതുക്കാട് പൊലീസും തുണയായി. മറ്റൊരു വാഹനം ഏര്‍പ്പാടാക്കിയ പൊലീസ് അവരെ അതിവേഗം വീട്ടിലെത്തിക്കാന്‍ കൊടകര വരെ എസ്‌കോര്‍ട്ട് പോയി. ഈ അത്ഭുത രക്ഷപ്പെടലിന് ദൈവത്തിന് നന്ദി പറയുകയാണ് സജിയും കുടുംബവും നാട്ടുകാരുമെല്ലാം.
ഈ മാസം 15നാണ് സിസേറിയനിലൂടെ ആണ്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. മുരിങ്ങൂര്‍ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ മാനേജരാണ് സജി. ആദ്യം വിളിച്ച കാര്‍ എത്തതിനെ തുടര്‍ന്നാണ് സജിമോനെ കാറുമായി വിളിച്ചുവരുത്തുകയായിരുന്നു.