മിനിസ്‌ക്രീനിലൂടെയും ബിഗ്ബ്സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ബാലാജി ശര്‍മ്മ. അലകള്‍, കായംകുളം കൊച്ചുണ്ണി, മൂന്നുമണി എന്നീ ഹിറ്റ് സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം. സിനിമകളിലൂടെയും താരം ശ്രദ്ധനേടി. അച്ഛന്‍ ഹരിഹര ശര്‍മ്മയുടെയും അമ്മ പര്‍വ്വതി അമ്മാളിന്റെയും ഏക മകനാണ്. വീട്ടില്‍ നിന്നു നല്ല പ്രോത്സാഹനം ലഭിച്ചു. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ദൂരദര്‍ശനില്‍ ഒരു നാടകം അവതരിപ്പിച്ചു. ഒരു അമ്മാവന്‍ കഥാപാത്രമായിരുന്നു. 'വെള്ളിക്കപ്പ്' എന്നായിരുന്നു നാടകത്തിന്റെ പേര്
16 ാം വയസ്സില്‍ പഠനകാലത്ത് എയര്‍ഫോഴ്സിലേക്ക് പോവുകയായിരുന്നു. പരീക്ഷയില്‍ നിന്നും രക്ഷപ്പെടാനായിട്ടാണ് എയര്‍ഫോഴ്സ് ടെസ്റ്റ് എഴുതുന്നത്. ആഗ്രഹിച്ചു പോയി പരീക്ഷ എഴുതിയതല്ല. കൂട്ടുകാര്‍ക്ക് ഒപ്പം കൊച്ചിയിലേക്ക് ഒരു യാത്ര എന്നേ കരുതിയുള്ളു. പക്ഷേ ജോലി കിട്ടി.9 വര്‍ഷത്തോളം എയര്‍ഫോഴ്സില്‍ ജോലി ചെയ്ത് തിരിച്ചു വന്നു. രാജസ്ഥാനിലാണ് അവസാനം ജോലി ചെയ്തത്. അവിടെ നിന്നും ഡിഗ്രിയും എല്‍എല്‍ബിയും പൂര്‍ത്തിയാക്കി. പിന്നീട് സിനിമയിലേക്ക് ശ്രമിക്കാം എന്ന് കരുതി അഭിനയത്തിലേക്ക് എത്തുകയായിരുന്നു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ബസ്റ്റ് ആക്ടര്‍ ആയിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ ഉഴപ്പ് തുടങ്ങിയതോടെയാണ് എയര്‍ഫോഴിലേക്ക് ടെസ്റ്റ് എഴുതുന്നത്. കുട്ടിക്കാലം മുതല്‍ക്കെ കലാരംഗത്ത് താരം സജീവമായിരുന്നു. സിനിമയിലേക്ക് ശ്രമിക്കാന്‍ വേണ്ടിയാണ് എയര്‍ഫോഴ്സ് ജോലി ഉപേക്ഷിച്ചത്. എയര്‍ഫോഴ്സിലെ ജോലി കുറേ നല്ല കാര്യങ്ങള്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നും താരം പറയുന്നു. എല്‍എല്‍ബി ഉണ്ടെങ്കിലും കോടതി കാണാത്ത വക്കീലാണ് ബാലാജി. സിനിമകളിലായിരുന്നു ആദ്യം ശ്രമിച്ചത്. ചെറിയ കഥാപാത്രങ്ങളായിരുന്നു ലഭിച്ചിരുന്നത്. അതിനാല്‍ അവതരണത്തിലേക്ക് തിരിഞ്ഞു. തുടര്‍ന്ന് മിനിസ്‌ക്രീനില്‍ തമാശ ഡോട്ട് കോം എന്ന പരിപാടി ചെയ്തുകൊണ്ടിരുന്നു. പിന്നീട് സീരിയലിലേക്ക് എത്തി. പിന്നീട് മിനിസ്‌ക്രീനിന്‍ സജീവമായിരിക്കെയാണ് ഒഴിമുറി എന്ന സിനിമയില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാനായി. പിന്നീട് എണ്‍പതിലധികം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ലഭിച്ചു.
ആര്‍.എസ് നായര്‍ സംവിധാനം ചെയ്ത 'പടയൊരുക്കം' എന്ന സീരിയലിലൂടെയായിരുന്നു അഭിനയത്തില്‍ തുടക്കം. ദൂരദര്‍ശനില്‍ ആഴ്ചതോറും വരുന്ന സീരിയല്‍ ആയിരുന്നു അത്.ദുരദര്‍ശനിലെ മെഗാ പരമ്പര 'അലകള്‍' ആണ് ഒരു നടന്‍ എന്ന നിലയില്‍ ബാലാജി ശ്രദ്ധിക്കപ്പെട്ടത്. ദൃശ്യം, അമര്‍ അക്ബര്‍ അന്തോണി, മെമ്മറീസ്, ദ് ഗ്രേറ്റ് ഫാദര്‍ , ഒപ്പം, എന്നു നിന്റെ മൊയ്തീന്‍ എന്നിവയാണ് പ്രധാന സിനിമകള്‍. എം.ബി പദ്മകുമാര്‍ സംവിധാനം ചെയ്ത 'ടെലിസ്‌കോപ്പ്' എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു.ഭാര്യ സ്മിത. സെക്രട്ടേറിയേറ്റ് ജീവനക്കാരിയാണ് ഭാര്യ. മകള്‍ നവോമിക.