ബിഗബോസ് രണ്ടാം സീസണ്‍ രസകരമായ ടാസ്‌കുകളും മറ്റുമായി മുന്നോട്ടു പോവുകയാണ്. ഇപ്പോള്‍ ഹാസില്‍ മത്സരരാര്‍ത്ഥികള്‍ ഒരു മാസം പിന്നിട്ടിരിക്കയാണ്. ഒരു മാസം ഹൗസില്‍ കഴിഞ്ഞ മത്സരാര്‍ത്ഥിളിലും പലരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്ത് വന്നു തുടങ്ങിയെന്നാണ് വിശ്വാസം. മത്സരാര്‍ത്ഥികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസവും വഴക്കുമൊക്കെ ഉണ്ടായി തുടങ്ങിയിരിക്കയാണ്. ടാസ്‌കുകളും എവിക്ഷനുമൊക്കെയാണ് ബിഗ്‌ബോസിലെ ശ്രദ്ധേയ ഘടകങ്ങള്‍. ഇന്നലെയായിരുന്നു ഈ വാരത്തിലെ ലക്ഷ്യറി ബജറ്റ് ടാസ്‌ക്.
പതിനാറ് പേരെ എട്ട് പേര്‍ വീതമുള്ള രണ്ട് ടീമായി തിരിച്ചുള്ള 'കോള്‍ സെന്റര്‍' ഗെയിം ഇന്നലെയും ഇന്നുമായിട്ടാണ്. രജിത്, പാഷാണം ഷാജി, പ്രദീപ്, ആര്യ, ആര്‍ജെ സൂരജ്, പവന്‍, ഫുക്രു, ദയ എന്നിവരായിരുന്നു എ ടീമില്‍. ബാക്കിയുള്ളവര്‍ ബി ടീമിലും. കളിയുടെ നിയമപ്രകാരം ഇന്ന് എ ടീമിലുള്ളവര്‍ ഉപഭോക്താക്കളും ബി ടീമിലുള്ളവര്‍ കോള്‍ സെന്റര്‍ എക്സിക്യൂട്ടീവുകളുമായിരുന്നു. എ ടീം തെരഞ്ഞെടുത്തയയ്ക്കുന്ന തങ്ങളുടെ മത്സരാര്‍ഥികള്‍ക്ക് അവരുടെ നിശ്ചയപ്രകാരം എതിര്‍ടീമിലുള്ള ഓരോരുത്തരെ വിളിച്ച് സംസാരിക്കാനുള്ള അവസരമാണ് ബിഗ് ബോസ് നല്‍കിയത്. കോള്‍ സെന്റര്‍ എക്സിക്യൂട്ടീവുകളെക്കൊണ്ട് കോള്‍ മുഴുമിപ്പിക്കും മുന്‍പ് ഫോണ്‍ കട്ട് ചെയ്യിച്ചാല്‍ ഒരു പോയിന്റ് ലഭിക്കും. മറിച്ചായാല്‍ അവര്‍ക്കും ലഭിക്കും ഒരു പോയിന്റ്. എ ടീമില്‍ നിന്ന് രജിത് രേഷ്മയെയാണ് ആദ്യം വിളിച്ചത്. രേഷ്മ ഫോണ്‍ കട്ട് ചെയ്തില്ലെങ്കിലും ഒരു കോള്‍ സെന്റര്‍ എക്സിക്യൂട്ടീവിന്റെ പരിധി വിട്ടുവെന്ന് ചൂണ്ടിക്കാട്ടി ബിഗ് ബോസ് ടീം എയ്ക്ക് ഒരു പോയിന്റ് നല്‍കി. പിന്നീട് വീളിച്ചത് എ ടീമില്‍ നിന്ന് ഫുക്രു വീണ നായരെയാണ്.
ബിഗ് ബോസ് ഹൗസിനുള്ളില്‍ എത്തിയതിന് ശേഷമുള്ള കാര്യങ്ങള്‍ മാത്രമേ സംസാരിക്കാവൂ എന്നും ബിഗ് ബോസിന്റെ നിയമാവലിയില്‍ ഉണ്ടായിരുന്നു. ഇതുപ്രകാരം വീണ ഹൗസിനുള്ളില്‍ അഭിനയിക്കുകയാണെന്നാണ് ഫുക്രു വീണയോട് ഫോണില്‍ പറഞ്ഞത്. നേരിട്ട് ചോദിക്കാന്‍ മടിയുള്ള കാര്യങ്ങളാണ് ഈ ഗെയിമിലൂടെ ചോദിക്കുന്നതെന്നും തന്നോടുതന്ന കാണിച്ചിട്ടുള്ള സ്നേഹം ഗെയിമിനുവേണ്ടിയാണെന്ന് തോന്നിയിട്ടുണ്ടെന്നുമൊക്ക ഫുക്രു പറഞ്ഞു. എന്നാല്‍ ഫുക്രുവിനെ കാണുന്നത് അനിയന്റെ സ്ഥാനത്താണെന്നും തന്റെ സ്നേഹം യഥാര്‍ഥമാണെന്നുമൊക്കെ വീണയും പറഞ്ഞു. എന്നാല്‍ ആ ഉത്തരത്തില്‍ തന്റെ ആരോപണങ്ങള്‍ നിര്‍ത്താനുള്ള ഭാവത്തിലല്ലായിരുന്നു ഫുക്രു.
തെസ്നി ഖാന്‍ എലിമിനേറ്റ് ചെയ്യപ്പെട്ടപ്പോഴുള്ള വീണയുടെ പ്രതികരണമുള്‍പ്പെടെ പലതും അഭിനയമായാണ് തോന്നിയതെന്നും അമ്പുച്ചന്‍, കണ്ണേട്ടന്‍ എന്നൊക്കെ ഹൗസില്‍ ഇടയ്ക്കിടെ മകനെയും ഭര്‍ത്താവിന്റെയും കാര്യം പറയുന്നതും ഗെയിമിന്റെ ഭാഗമാണെന്ന് കരുതുന്നുവെന്നും ഫുക്രു പറഞ്ഞു. മകനെ ഇത്രയധികം മിസ് ചെയ്യുന്നുവെങ്കില്‍ പിന്നെ എന്തിനാണ് ബിഗ് ബോസിലേക്ക് വന്നതെന്നും ഫുക്രു ചോദിച്ചു. ഇക്കാര്യങ്ങളൊക്കെ പറയാന്‍ വേണ്ടിയാണ് ഗെയിമിലൂടെ വിളിച്ചതെന്നും മത്സരം നേര്‍ക്കുനേരെ കളിക്കണമെന്നുമൊക്കെ ഫുക്രു പറഞ്ഞു. ബിഗ് ബോസില്‍ എത്തിയ സാഹചര്യത്തെക്കുറിച്ച് 'എന്നെ അറിയാം' എന്ന ടാസ്‌കില്‍ പറഞ്ഞിട്ടുള്ളതാണെന്നും ഫുക്രുവിന്റേത് കുട്ടികളുടേത് പോലെയുള്ള സ്വഭാവമാണെന്നും ഗെയിമില്‍ വീണ പ്രതികരിച്ചു. ബസര്‍ ശബ്ദം വരുന്നതുവരെ വീണ ഫോണ്‍ കട്ട് ചെയ്തോ കരഞ്ഞോ ഇല്ല. എന്നാല്‍ ഫോണ്‍കട്ട് ചെയ്തിന് പിന്നാല ഗൈയിം അവസാനിച്ചതോടെ വീണ കരയുകയും ഫുക്രുവുമായി വഴക്കിടുകയുമായിരുന്നു.
വീട്ടുകാരെ പറയരുതെന്നും അത് ചീപ്പ് ആണെന്നും വീണ പറഞ്ഞു. ഇതൊക്കെ ഗെയിമിനിടെ പറയാതിരുന്നത് എന്താണെന്ന് തിരിച്ചുചോദിച്ച് ഫുക്രുവും തര്‍ക്കിച്ചു. എന്നാല്‍ രണ്ടുപേരില്‍ നിന്ന് രണ്ട് ടീമിലേക്ക് ആ തര്‍ക്കം നീളുന്ന കാഴചയാണ് കണ്ടത്. വീണയും ഫുക്രുവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഹൗസിലെ മറ്റുളളവരും തര്‍ക്കത്തിലാവുകയായിരുന്നു.