പ്രേക്ഷക ശ്രദ്ധനേടി മുന്നേറിക്കൊണ്ടിരിക്കുന്ന ബിഗ്ബോസില്‍ ഇപ്പോള്‍ കടുപ്പമേറിയ മത്സരങ്ങളാണ് നടക്കുന്നത്. എന്നാല്‍ ഇതിനിടെ മത്സരാര്‍ത്ഥികളുടെ വിചിത്രമായ പെരുമാറ്റങ്ങളും പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വ്യത്യസ്തമായ പെരുമാറ്റത്തിലൂടെ പ്രേക്ഷകരുടെ വെറുപ്പ് പിടിച്ചു വാങ്ങിയിരിക്കുകയാണ് അരിസ്റ്റോ സുരേഷ്.
ബിഗ്ബോസ് ആരംഭിച്ച നാള്‍ മുതല്‍ തന്നെ മത്സരാര്‍ത്ഥികളുടെ ഇടയില്‍ ഭക്ഷണത്തെച്ചൊല്ലി വഴക്കും പരാതികളും ഉയരുന്നുണ്ട്. അതേസമയം ഇന്നലത്തെ ദിവസം ഭക്ഷണത്തോട് അനാദരവ് കാണിച്ച് പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിച്ചിരിക്കയാണ് സുരേഷ്. ഇതൊടെ സുരേഷിന് അഹങ്കാരമെന്ന മട്ടില്‍ സോഷ്യല്‍മീഡിയ ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്.
സാബുവും അര്‍ച്ചനയും ചേര്‍ന്ന് പ്രഭാത ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഇടയ്ക്ക് കയറി ഇടപെട്ടാണ് സുരേഷ് പ്രശ്‌നമുണ്ടാക്കിയത്. സാബു കറിയില്‍ വെള്ളം ചേര്‍ത്തത് സുരേഷ് ചോദ്യം ചെയ്യ്തു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ കറിയിലേക്ക് വെള്ളമൊഴിക്കാന്‍ തുനിഞ്ഞ സുരേഷില്‍നിന്നും സാബു വെള്ളം പിടിച്ചുവാങ്ങി കറിയിലേക്ക് ഒഴിച്ചു. ഇത് കണ്ട് സുരേഷ് ദേഷ്യത്തില്‍ അടുത്തിരുന്ന ദോശമാവ് മുഴുവന്‍ അതിലേക്ക് കമഴ്ത്തുകയായിരുന്നു. കറി തെറിച്ച് വീണ് ഗ്യാസ് വരെ ഓഫായി പോയി. ഇതൊടെ സാബുവും സുരേഷും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. സുരേഷിന്റെ സ്ഥിരം സ്വഭാവമാണ് ഇതെന്ന് സാബു കുറ്റപ്പെടുത്തി.
എന്നാല്‍ സാബു എന്തൊക്കെ പറഞ്ഞിട്ടും സുരേഷ് കുറ്റം സമ്മതിക്കാതെ വഴക്കിട്ടുകൊണ്ടിരുന്നത് സുരേഷിന്റെ നാടകമാണോ എന്നാണ് പ്രേക്ഷകരുടെ സംശയം. യാതൊരു പ്രകോപനവും ഇല്ലാതെയാണ് സുരേഷ് വഴക്കുണ്ടാക്കിയതും കറി ഇല്ലാതാക്കിയതും. സന്ധി സംഭാഷണത്തിനു പോലും കൂട്ടാക്കുന്നില്ലായിരുന്നു. അതേസമയം പ്രേക്ഷകരുടെ ഇഷ്ടമത്സരാര്‍ത്ഥികളില്‍ ഒരാളായ സുരേഷിന്റെ സ്വഭാവം ഗ്രാന്റ് ഫിനാലെയിലേക്ക് സെലക്ഷന്‍ നേടിയതിന് പിന്നാലെ മാറിപ്പോയി എന്നും വിലയിരുത്തലുകള്‍ വരുന്നുണ്ട്.