വെറും രണ്ടര മാസം മുമ്പ് സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയാണ് ആതിര. സീരിയല്‍ നടി നന്ദന ആനന്ദും നടന്‍ വിഷ്ണു മോഹനും നായികാ നായകന്മാരായി അഭിനയിക്കുന്ന സീരിയലിന്റെ ഷൂട്ടിംഗ് നടക്കുന്നത് ബാലരാമപുരത്താണ്. ഇപ്പോഴിതാ, ആ ഷൂട്ടിംഗ് സെറ്റില്‍ നടന്ന കൂട്ടയടിയുടെ ദൃശ്യങ്ങളും വിവരങ്ങളുമാണ് പുറത്തു വന്നിരിക്കുന്നത്. സംവിധായകന്‍ രാജസേനനും തുളസീദാസുമാണ് പരമ്പര സംവിധാനം ചെയ്യുന്നത്. ഇവര്‍ക്കും നടീനടന്മാര്‍ക്കുമായി ലക്ഷക്കണക്കിനു രൂപയാണ് പ്രതിഫലമായി പരമ്പരയുടെ നിര്‍മ്മാതാവ് സുധീര്‍ നല്‍കാനുള്ളത്. എന്നാല്‍ കാശ് കൊടുക്കാനുള്ളവരെയെല്ലാം ഒഴിവാക്കി ഇന്നലെ ഷൂട്ടിംഗ് ആരംഭിച്ചതോടെയാണ് ബാലരാമപുരത്തെ ഷൂട്ടിംഗ് സെറ്റായ ഇരുനില വീട്ടില്‍ വലിയ കൂട്ടയടി നടന്നത്.
സുധീര്‍ നിര്‍മ്മാതാവായ കുങ്കുമച്ചെപ്പ് എന്ന സീരിയലില്‍ അടക്കം അഭിനയിച്ചവരും പറഞ്ഞുപറ്റിച്ച് പണിയെടുപ്പിച്ചിട്ടും വര്‍ഷങ്ങളായി പ്രതിഫലം കൊടുക്കാത്തവരുമെല്ലാം കൂട്ടത്തോടെ ബാലരാമപുരത്ത് എത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഷൂട്ടിംഗ് സെറ്റായ വീടിനകത്തു വച്ചാണ് അടി നടന്നത്. ഇതോടെ നടിമാരും മറ്റും ഭയന്നു വീടിന്റെ മുകള്‍നിലയിലേക്ക് മാറുകയായിരുന്നു. അപ്പോഴേക്കും താഴെ വാഗ്വാദത്തില്‍ തുടങ്ങിയ ബഹളം കയ്യാങ്കളിയിലേക്ക് എത്തിയിരുന്നു. നൂറുകണക്കിനു പേരാണ് സംഭവ സ്ഥലത്ത് തടിച്ചു കൂടിയത്. സുധീര്‍ പണം നല്‍കാനുള്ള മറ്റു സീരിയലിലെ താരങ്ങളും എത്തിയതോടെയാണ് ഇതൊരു വലിയ പ്രശ്നമായി മാറിയത്. പണം ചോദിക്കുമ്പോള്‍ ആയിരവും രണ്ടായിരവും രൂപ നല്‍കുകയായിരുന്നു പതിവ്.
എന്നാല്‍ നല്‍കാനുള്ളത് അതിലും വലിയൊരു തുകയാണ്. പ്രശസ്ത സംവിധായകനായ തുളസീധരന് മൂന്നുലക്ഷത്തോളം രൂപയായിരുന്നു നല്‍കാനുള്ളത്. ദിവസങ്ങള്‍ക്കു മുമ്പു വരെയും ഇവരെല്ലാം ആതിരയുടെ ഷൂട്ടിംഗ് സെറ്റില്‍ സജീവമായിരുന്നു. എന്നാല്‍ രണ്ടര മാസത്തോളം വര്‍ക്ക് ചെയ്തതിന്റെ കാശ് ചോദിച്ചപ്പോഴാണ് അവരെയെല്ലാം ഒഴിവാക്കി സുധീര്‍ കഴിഞ്ഞ ദിവസം ബാലരാമപുരത്ത് ഷൂട്ടിംഗ് തുടങ്ങിയത്. ഇതോടെയാണ് എല്ലാവരും ചേര്‍ന്ന് സംഘടിപ്പിച്ച് എത്തിയത്. അടി മൂത്തതിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി പ്രശ്ന പരിഹാരമായി കാശ് നല്‍കിയ ശേഷം ഷൂട്ടിംഗ് പുനനരാരംഭിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. പലരുടേയും സീരിയല്‍ പോലും അവസാനിച്ചശേഷവും കാശ് നല്‍കിയിരുന്നില്ല.
തുടര്‍ന്ന് പലരും ഫെഫ്കയില്‍ പരാതി നല്‍കിയപ്പോള്‍ താരങ്ങള്‍ പറയുന്ന കാശിന്റെ കണക്ക് തെറ്റാണെന്നും അതു പരിശോധിക്കണം എന്നൊക്കെയുമായിരുന്നു മറുപടി നല്‍കിയിരുന്നത്. സുധീറിന്റെ ഉടമസ്ഥതയിലുള്ള ടൈഗര്‍ ടെലിവിഷന്റെ അക്കൗണ്ടില്‍ നിന്നാണ് എല്ലാവര്‍ക്കും കാശു നല്‍കിയിട്ടുള്ളത്. താരങ്ങള്‍ക്കു മാത്രമല്ല, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കും കോസ്റ്റിയും ഡിപ്പാര്‍ട്ട്മെന്റിനും ക്യാമറാ ഡിപ്പാര്ട്ട്മെന്റിനുമെല്ലാം കാശ് നല്‍കാനുണ്ട്. ഒരു ഗുണ്ടായിസം പോലുള്ള സുധീറിന്റെ നിലപാടിനെതിരെയാണ് ആളുകള്‍ പ്രതികരിച്ചതും ഇരുവിഭാഗവുമായി സംസാരിച്ച ശേഷം പണം നല്‍കും വരെ ഷൂട്ടിംഗ് നിര്‍ത്തിവെക്കാനും തീരുമാനിച്ചത്.