സംഗീതത്തെ വളരെയധികം സ്നേഹിച്ച വ്യക്തിയായിരുന്നു അനൂപ് വെള്ളാറ്റഞ്ഞൂര്‍. അദ്ദേഹം മരണം ഞെട്ടലോടെയാണ് അനൂപിന്റെ പ്രിയപ്പെട്ടവര്‍ കേട്ടറിഞ്ഞത്. മരിക്കുന്നതിന് മുന്‍പ് വരെ എല്ലാവരോടും കളിച്ച് ചിരിച്ച് സംസാരിച്ചിട്ട് പോയ വ്യക്തിയാണ് ചൊവ്വാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാട്ടില്‍ മാത്രമായിരുന്നില്ല അനൂപ് കഴിവ് തെളിയിച്ചത്. ഗിറ്റാര്‍, ഇടയ്ക്ക എന്നിങ്ങനെ പല വാദ്യോപകരണങ്ങളും അനൂപ് വായിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നായ ഇലഞ്ഞിത്തറ ബാന്‍ഡും എല്ലാമായി സന്തോഷത്തോടെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിത മരണവാര്‍ത്ത എത്തുന്നത്. അനൂപിന്റെ ഒപ്പം നിരവധി പാട്ടുകാര്‍ പാട്ട് പാടിയിട്ടുണ്ട്. കഫേലും അല്ലാതെ ബാന്‍ഡിനും കവര്‍ സോങ്ങും ഒക്കെയായി നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട്. അത്തരത്തില്‍ അനൂപിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സുഹൃത്താണ് അഞ്ജലി കുരിയേടം. അനൂപിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് അഞ്ജലിയും അറിഞ്ഞത്.
'അഞ്ജലി..ഈ ദിവസം ഫ്രീ ആണോ..നമുക്ക് ഇവിടെ പാടിയാലോ..ഓക്കെ അല്ലേ.. എന്നൊക്കെ അനൂപ് അഞ്ജലിയോട് നിരന്തരം ചോദിക്കുമായിരുന്നു. എന്നാല്‍ ഇനി അങ്ങനെ ചോദിക്കാന്‍ ഒരാള്‍ ഇല്ലാ എന്നതിന്റെ ഞെട്ടിലിലാണ് അഞ്ജലി. മൂന്ന് കൊല്ലമായിട്ട് അനൂപുമായി അഞ്ജലിക്ക് പരിചയം ഉണ്ട്. നിരവധി പാട്ടുകളാണ് അനൂപിനൊപ്പം ഈ മൂന്ന് വര്‍ഷത്തില്‍ അഞ്ജലി പാടിയിരിക്കുന്നത്. നിരവധി പരിപാടികളും അഞ്ജലി അനൂപിനൊപ്പം ചെയ്തിട്ടുണ്ട്. ഒരേ റിഹേഴ്സലുകള്‍, ഒരേ പാട്ടുകളിലേക്കുള്ള ആഗ്രഹം, ഒരേ സംഗീതം ഒരുമിച്ചു പങ്കുവച്ചിരുന്ന അവര്‍ക്കിടയില്‍ അതിരില്ലാത്ത ഒരു ആത്മബന്ധം ഉണ്ടായിരുന്നു. അത് ഇനി ഇല്ല എന്ന് മസ്സിലാകുമ്പോള്‍ ഒരിക്കലും പൂരിപ്പിക്കാനാകാത്ത ശൂന്യതയിലാണ് അഞ്ജലിയുടെ ജീവിതത്തില്‍. ഈ ശനിയാഴ്ച കൂടി അനൂപിനൊപ്പം അഞ്ജലി പ്രോഗ്രാം ചെയ്തിരുന്നു.
പരിപാടി എല്ലാം കഴിഞ്ഞ് മഹിയോട് അന്വേഷണം പറയണം എന്ന് പറഞ്ഞാണ് അനൂപേട്ടന്‍ വിട്ടത്. റോഡ് പണി കഴിഞ്ഞാല്‍ കഫേ അഡിക്ട് പാടാന്‍ വിളിക്കും എന്നും പറഞ്ഞിരുന്നു അനൂപ്. പക്ഷേ ഈ മരണം എന്തിനായിരുന്നു എന്ന് മനസ്സിലാകുന്നില്ല. ഇത് എന്തിനായിരുന്നു അനൂപെട്ടാ..താങ്കളെ അറിയുന്ന, ഒരാള്‍ക്ക് പോലും ഇത് ഉള്‍കൊള്ളാന്‍ പറ്റുന്നില്ല.. ഞങ്ങളെ ആരെയെങ്കിലും ഒന്ന് വിളിക്കായിരുന്നില്ലേ..?? തുമ്പി,പാച്ചു എന്ന് പറയുമ്പോള്‍ ഉള്ള ആ ചിരിച്ച മുഖം ഇനി കാണാന്‍ പറ്റില്ലല്ലോ.. പുതിയ എഎംപിയും ഇന്‍ ഇയറും ഒക്കെ നിര്‍ബന്ധിച്ച് വാങ്ങിപ്പിച്ചത് ഇതിന് ആയിരുന്നോ? നമുക്ക് ബാന്‍ഡിലെ എല്ലാരും കൂടി ഒരു യാത്ര പോണം എന്ന് പറഞ്ഞത് ഇതിന് ആയിരുന്നോ? കൂടുതല്‍ വീഡിയോസ് ചെയ്യണം നമുക്ക് എന്ന് മോഹത്തോടെ ഞങ്ങളോട് പറഞ്ഞത് ഇതിനായിരുന്നോ? സഹിക്കാന്‍ വയ്യ.. വേണ്ടായിരുന്നു.. അഞ്ജലി ഞെട്ടലോടെ വിങ്ങലോടെ പറയുന്നു.
ഞായറാഴ്ച കലാരാത്രിയില്‍ പങ്കെടുത്ത ശേഷം തിങ്കളാഴ്ച സ്‌കൂളിലെത്തി പതിവുപോലെ ക്ലാസെടുക്കുകയും ചെയ്തു. എന്നത്തെയും പോലെയാണ് അന്നും അനൂപ് കുട്ടികള്‍ക്ക് ക്ലാസ് എടുത്തത്. കുട്ടികളോട് കളിച്ച് ചിരിച്ച്. ടീച്ചര്‍മാരോട് തമാശകളും പറഞ്ഞാണ് അനൂപിനെ അന്നും കണ്ടിരുന്നത്. എന്നാല്‍ ക്ലാസ് കഴിഞ്ഞ് തിരികെ പോകുന്നത് മരണത്തിലേക്കാണെന്ന് ആരും ചിന്തിച്ചുപോലുമില്ല. ചൊവ്വാഴ്ച രാവിലെ നഗരത്തിലെ ഫ്ലാറ്റിലെ തന്റെ ഹോം സ്റ്റുഡിയോയിലാണ് അനൂപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ സംഗീതവും പാട്ടുകളും ബാന്‍ഡിന്റെ പ്രവര്‍ത്തനങ്ങളും എല്ലാം നടന്ന സ്ഥലം. അനൂപിന്റെ പ്രീയപ്പെട്ട സ്ഥലത്ത് തന്നെയാണ് അദ്ദേഹഅെത്ത മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ കുട്ടനും നാട്ടുകാര്‍ക്ക് അനൂപ് മാഷും ആയിരുന്നു. ഇപ്പോള്‍ മാഷിന്റെ ആഗ്രഹം പോലെ അദ്ദേഹത്തിന്റെ പേരില്‍ തന്നെ അദ്ദേഹത്തിന്റെ നാടും അറിയപ്പെട്ടിരിക്കുകയാണ്. ചെണ്ടയിലെ കുലപതി മൂത്തമന കേശവന്‍ നമ്പൂതിരിയുടെ പേരക്കുട്ടിയുടെ മകനായ ഇദ്ദേഹം സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് ഹാര്‍മോണിയം കലാകാരനും നാടകഗാനഗായകനുമായ പിതൃസഹോദരന്‍ കേശവന്‍ വെള്ളാറ്റഞ്ഞൂരില്‍നിന്നാണ്. തൃശ്ശൂര്‍ വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഈ പ്രതിഭയുടെ മികച്ച ശിക്ഷണത്തില്‍ യുവജനോത്സവവേദികളില്‍ നിരവധിപേര്‍ വിജയകിരീടമണിഞ്ഞു. കുട്ടികള്‍ക്കൊപ്പം അവരുടെ കൂട്ടുകാരനായി പാട്ടുപാടി നടക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. കേരളവര്‍മ കോളേജില്‍ ഗസ്റ്റ് അധ്യാപകനായും ജോലിചെയ്തിട്ടുണ്ട്. വെള്ളാറ്റഞ്ഞൂര്‍ കല്ലാറ്റ് കുടുംബാംഗമാണ്. തയ്യൂര്‍ ഗവ.സ്‌കൂള്‍ അധ്യാപികയായിരുന്ന രാജലക്ഷ്മിയുടെയും പുറ്റേക്കര സെയ്ന്റ് ജോര്‍ജ് സ്‌കൂളിലെ റിട്ട. പ്രധാനാധ്യാപകന്‍ പരേതനായ പീതാംബരന്റെയും മകനാണ്. ഭാര്യ: ഡോ. പാര്‍വതി. മക്കള്‍: പാര്‍വണ, പാര്‍ഥിപ്.