മക്കള്‍ എന്നത് ഓരോ കുടുംബത്തിന്റെയും വലിയ സ്വപ്നമാണ്. സ്വന്തം കുഞ്ഞിനെ കൈകളില്‍ എടുക്കാനും, അവന്റെ ആദ്യ ചിരി കാണാനും, ആദ്യമായി ''അച്ഛാ'', ''അമ്മ'' എന്ന് വിളിക്കുന്നത് കേള്‍ക്കാനും എല്ലാവര്‍ക്കും വലിയ ആഗ്രഹമുണ്ടാകും. പലരും ഏറെ കാലം കാത്തിരുന്നാണ് മാതാപിതാക്കളാകുന്നത്. ചിലര്‍ വിവാഹജീവിതം തുടങ്ങുമ്പോള്‍ തന്നെ കുഞ്ഞിനെക്കുറിച്ച് സ്വപ്നം കാണും, ചിലര്‍ പിന്നീടാണ് അതിന് തയ്യാറാവുക. ഒരുപാട് വര്‍ഷങ്ങള്‍ കാത്തിരുന്ന് ലഭിക്കുന്ന കുഞ്ഞുങ്ങള്‍ ഒരു ഘടത്തില്‍ നഷ്ടമായാല്‍ അത് ആ മാതാപിതാക്കള്‍ക്ക് എന്നും ഒരു ദുഃഖം തന്നെ ആയിരിക്കും. അത്തരത്തിലൊരു ദുഃഖരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വര്‍ഷങ്ങള്‍ കാത്തിരുന്ന് ഉണ്ടായ മകന്‍ നഷ്ടമായ ദുഃഖത്തിലാണ് എന്‍ എം അജീബും സലീനയും.
വിവാഹം കഴിഞ്ഞിട്ട് പല വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മക്കളില്ലാത്തതിനാല്‍ വലിയ ദുഃഖത്തിലാണ് അജീബിന്റെയും സലീനയുടെയും ജീവിതം കടന്നുപോയത്. ഒരു കുഞ്ഞിനെ സ്വന്തമാക്കണമെന്ന് അവര്‍ ഒരുപാട് ആഗ്രഹിച്ചു. അതിനായി അവര്‍ നിരവധി ചികിത്സകളും ശ്രമങ്ങളും നടത്തി. പ്രാര്‍ത്ഥനകളില്‍ കരഞ്ഞും, പ്രതീക്ഷകള്‍ പിടിച്ചുനിന്നും, ഒടുവില്‍ 12 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് അവരുടെ ജീവിതത്തില്‍ സന്തോഷമായി ഒരു മകന്‍ ജനിച്ചത്. ആ കുഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍, ജീവിതം മുഴുവനും പുതിയൊരു പ്രകാശം പോലെ മാറി. എന്നാല്‍, ആ ദീര്‍ഘകാലത്തെ ആഗ്രഹത്തിന്റെയും സന്തോഷത്തിന്റെയും നിറവായിരുന്ന ആ മകന്‍, ഇനി ഇല്ല എന്ന് അവര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. തടയണയില്‍ നിന്നു കളിച്ചുകൊണ്ടിരിക്കുമ്പോള്‍, കാല്‍ വഴുതി അച്ചന്‍കോവിലാറ്റിലേക്ക് അജ്സല്‍ വീണു. വെള്ളത്തിന്റെ തിരയില്‍ മുങ്ങിക്കൊണ്ടിരുന്ന അജ്സലിനെ രക്ഷിക്കാന്‍ കൂട്ടുകാരനായ നബീല്‍ ധൈര്യമായി വെള്ളത്തിലേക്ക് ചാടിയെങ്കിലും, അവനും മുങ്ങി താഴുകയായിരുന്നു. നിസാമിന്റെയും ഷെബാനിയുടെയും മകന്‍ നബീലിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
അജ്സലും നബീലും രണ്ടുപേരും പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു. നല്ല സുഹൃത്തുക്കളായി ഒരുമിച്ച് പഠിക്കുകയും കളിക്കുകയും ചെയ്ത ഇവര്‍, കൂട്ടുകാരോടൊപ്പം സ്‌കൂളിലെ പരീക്ഷകള്‍ കഴിഞ്ഞു സന്തോഷത്തോടെ സമയം ചിലവഴിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെ, ഓണപ്പരീക്ഷയുടെ അവസാന വിഷയവും എഴുതി തീര്‍ത്ത്, എട്ട് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് കല്ലറക്കടവിലേക്ക് പോയി. അവിടെ കുടിവെള്ള പദ്ധതിക്കായി നിര്‍മ്മിച്ച തടയണയുടെ മുകളില്‍ കയറിക്കളിക്കുന്നതിനിടയിലാണ് ദുരന്തം സംഭവിച്ചത്. അജ്സല്‍ അവിടെ നിന്നുകൊണ്ടിരിക്കുമ്പോള്‍ കാല്‍ വഴുതി നിയന്ത്രണം നഷ്ടപ്പെട്ട് നേരെ അച്ചന്‍കോവിലാറ്റിലേക്ക് വീണു. ഒഴുകി പോകുന്നത് കണ്ട നബീല്‍ സുഹൃത്തിനെ രക്ഷിക്കണം എന്ന് ഉദ്ദേശത്തോടെ ആറ്റിലേക്ക് എടുത്തി ചാടി. എന്നാല്‍ രണ്ട് പേരും ഒഴുക്കില്‍ പെടുകയായിരുന്നു.
ഇത് കണ്ട് മറ്റ് കുട്ടികള്‍ പേടിച്ച് നിലവിളിക്കാന്‍ തുടങ്ങി. മറ്റ് കുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് എത്തുന്നത്. ഉടന്‍ തന്നെ പോലീസ്, അഗ്നിരക്ഷാസേന എന്നിവരെ വിവരമറിയിക്കുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. വൈകീട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും, അജ്സലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വെള്ളത്തിലേക്ക് ചാടിയ നബീലിനെയും ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല. അപകടം നടന്ന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് പത്തനംതിട്ടയിലും ചെങ്ങന്നൂരിലും നിന്നുള്ള അഗ്നിരക്ഷാസേനയുടെ സ്‌കൂബാ ടീമുകള്‍ എത്തി. മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനുശേഷമാണ് അജ്സലിനെ കണ്ടെത്താനായത്. ആറ്റിലേക്ക് വീണ സ്ഥലത്തുനിന്ന് ഏകദേശം നൂറ് മീറ്റര്‍ അകലെയായിരുന്നു മൃതദേഹം കണ്ടെടുത്തത്. ഉച്ചയ്ക്ക് 3.50 ഓടെയാണ് അജ്സലിന്റെ ശരീരം വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്.
ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനകള്‍ പൂര്‍ത്തിയായതിന് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറും. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ട ടൗണ്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ അജ്സലിന്റെ കബറടക്കം നടക്കും. അതേസമയം, കൂട്ടുകാരനെ രക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടി കാണാതായ നബീലിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.