മലയാളത്തിലും തമിഴിലും തെലുങ്കിലും സീരിയല്‍ പ്രേമികള്‍ക്ക് സുപരിചിതയായ നടിയാണ് അനില ശ്രീകുമാര്‍. 33 വര്‍ഷമായി അഭിനയരംഗത്തുള്ള അനില, തന്റെ തമിഴ് സിനിമാ-സീരിയല്‍ ജീവിതത്തിലെ ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. തമിഴ് ഇന്‍ഡസ്ട്രിയില്‍ കലാകാരന്മാര്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരത്തെക്കുറിച്ചും തമിഴ്‌നാട്ടിലെ ഗ്രാമീണര്‍ നല്‍കിയ സ്‌നേഹത്തെക്കുറിച്ചുമാണ് താരം തുറന്നുപറഞ്ഞത്.
സംവിധായകന്‍ ഹരിഹരന്റെ സിനിമകളിലൂടെയായിരുന്നു അഭിനയരംഗത്തെ തുടക്കമെങ്കിലും പിന്നീട് സീരിയലുകളിലൂടെയാണ് അനില ശ്രദ്ധിക്കപ്പെട്ടത്. തമിഴ് ഇന്‍ഡസ്ട്രി വളരെ മികച്ച രീതിയിലാണ് കലാകാരന്മാരെ സ്വീകരിക്കുന്നതെന്ന് താരം പറയുന്നു. 'തമിഴ് ഇന്‍ഡസ്ട്രി ഭയങ്കര വെല്‍കമിങ്ങ് ആണ്. ചിന്നത്തമ്പി എന്ന സീരിയലിലൂടെയാണ് ഞാന്‍ അവിടേക്ക് എത്തുന്നത്. സംവിധായകന്‍ അരുള്‍ രാജ് സാറാണ് എനിക്ക് ആ അവസരം നല്‍കിയത്. അദ്ദേഹത്തോടുള്ള കടപ്പാട് എന്നും ഉണ്ടാകും,' അനില പറഞ്ഞു.
ചിന്നത്തമ്പി വലിയ വിജയമായപ്പോള്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷം വിജയ് ടിവിയുടെ പുരസ്‌കാരം തനിക്ക് ലഭിച്ചുവെന്നും അനില ഓര്‍ക്കുന്നു. അന്ന് പ്ലസ് ടുവിന് പഠിക്കുകയായിരുന്ന തന്റെ മകനെയും വേദിയില്‍ പ്രോത്സാഹിപ്പിച്ച തമിഴ് ഇന്‍ഡസ്ട്രിയുടെ രീതി വലിയൊരു അനുഭവമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ചെറിയൊരു കഴിവുണ്ടെങ്കില്‍ പോലും അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ കലാകാരന്മാര്‍ക്ക് നല്‍കുന്നുണ്ട്.
തമിഴ്‌നാട്ടിലെ ഒരു ഉള്‍ഗ്രാമത്തില്‍ ഷൂട്ടിങ്ങിനായി പോയപ്പോള്‍ ഉണ്ടായ അനുഭവം താരം വിവരിച്ചത് ഇങ്ങനെ: 'ഒരു ദിവസം ഷൂട്ടിങ്ങിനു വേണ്ടി ഉള്‍ഗ്രാമത്തിലേക്ക് പോയി. അവിടെയുണ്ടായിരുന്നവര്‍ എന്റെ കാലിനടിയില്‍ നിന്നും മണ്ണെടുത്ത് എന്നെ ഉഴിഞ്ഞു. അത്രയേറെ സ്‌നേഹമാണ് അവര്‍ക്ക്. അമ്മ എന്ന് മാത്രമാണ് അവര്‍ എന്നെ വിളിക്കാറുള്ളത്. ഒപ്പം ജോലി ചെയ്യുന്നവര്‍ പോലും അതേ സ്‌നേഹത്തോടെയാണ് പെരുമാറുന്നത്,' അനില ശ്രീകുമാര്‍ വികാരാധീനയായി പറഞ്ഞു.