Latest News

'പ്ഫാ.. പരനാറി.. മനുഷ്യനെ കൊന്നിട്ടാണോടോ തന്റെ കോപ്പിലെ അഭിനയം; റിയാലിറ്റി ഷോയ്ക്കിടെ ഉണ്ടായ രസകരമായ സംഭവം പറഞ്ഞ് ജിഷിന്‍

Malayalilife
 'പ്ഫാ.. പരനാറി.. മനുഷ്യനെ കൊന്നിട്ടാണോടോ തന്റെ കോപ്പിലെ അഭിനയം; റിയാലിറ്റി ഷോയ്ക്കിടെ ഉണ്ടായ രസകരമായ  സംഭവം പറഞ്ഞ് ജിഷിന്‍

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ജിഷിന്‍. ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ജിഷിനും ഭാര്യ വരദയും. രസകരമായ സംഭവങ്ങും ചിത്രങ്ങളുമൊക്കെ പങ്കുവച്ച് ജിഷിന്‍ എത്താറുണ്ട്. താരത്തിന്റെ പുതിയ ഒരു പോസ്റ്റാണ് വൈറല്‍ ആകുന്നത്.'ആര്‍പ്പോ ഇര്‍റോ' എന്ന കൈരളി ടിവിയുടെ റിയാലിറ്റി ഷോയ്ക്കിടെ സംഭവിച്ച രസകരമായ കാര്യത്തെകുറിച്ചാണ് ജിഷിന്‍ വിശദീകരിക്കുന്നത്. 


ഇത് കാണുമ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് 'അക്കരെ അക്കരെ അക്കരെ' സിനിമയില്‍, 'എന്റെ മേക്കപ്പ് എങ്ങനെ ഉണ്ട്' എന്ന വിജയന്റെ ചോദ്യത്തിന്,'ഓ.. നീ സാധാരണ കാണുന്ന പോലെ തന്നെ, വലിയ മാറ്റം ഒന്നും ഇല്ല' എന്ന ദാസന്റെ മറുപടിയാണ്. ആ ഉണ്ടക്കണ്ണു മാത്രം കുറച്ചു കൂടി തള്ളി നില്‍പ്പുണ്ട്. വാട്‌സാപ്പിലെ ഈ സ്‌മൈലി പോലെ. എന്തൊക്കെ ആയാലും ഈ കറുപ്പിന് ഏഴഴകാണ് അല്ലേ?ബാക്കി തൊണ്ണൂറ്റി മൂന്നും വെളുപ്പിനും.
എന്തായാലും സെല്‍ഫ് ട്രോള്‍ അവിടെ നിക്കട്ടെ. കാര്യത്തിലേക്ക് വരാം. ഇത് ഞാനും വരദയും കൂടി 'ആര്‍പ്പോ ഇര്‍റോ' എന്ന കൈരളി ടിവിയുടെ റിയാലിറ്റി ഷോയില്‍ ചെയ്ത 'ഒഥല്ലോ' നാടകത്തിലെ വേഷം ആണ്. ഒഥല്ലോ ആയി ഞാനും, ഡെസ്ഡിമോണ ആയി അവളും. ഒരു തൂവാല കാരണം ഭാര്യയില്‍ അവിശ്വാസം ജനിച്ച ഒഥല്ലോ കോപാകുലനായി ഡെസ്ഡിമോണയെ ഞെക്കിക്കൊല്ലുന്നത് വരെ ഉള്ള ഭാഗം ആണ് ഞങ്ങള്‍ അവതരിപ്പിച്ചത്. ഷോബി തിലകന്റെ ഘനഗംഭീരമായ ശബ്ദത്തില്‍ കൂടി കടന്നു പോകുന്ന രംഗങ്ങള്‍. അവസാന രംഗത്തില്‍ കഥാപാത്രം മുഴുവന്‍ ഉള്ളിലേക്ക് ആവാഹിച്ച് തലയിണ വച്ചു അവളുടെ മുഖത്തു അമര്‍ത്തിപ്പിടിച്ചു. അവള്‍ കിടന്ന് പിടയ്ക്കുന്നു..
ഞാനും വിചാരിച്ചു, ഇവള് ഒടുക്കത്തെ അഭിനയമാണല്ലോ എന്ന്. പിടഞ്ഞു പിടഞ്ഞ് നിശ്ചലമായ ഡെസ്ഡിമോണയുടെ മുഖത്തു നിന്നും തലയിണ എടുത്ത് അത് കെട്ടിപ്പിടിച്ചു അലറിക്കരയുന്ന ഒഥല്ലോയില്‍ ആ രംഗം അവസാനിച്ചു. സ്വന്തം പെര്‍ഫോമന്‍സില്‍ അഭിമാനം പൂണ്ടിരിക്കുമ്പോള്‍ കാണികളുടെ നിര്‍ത്താതെയുള്ള കരഘോഷങ്ങള്‍ക്കിടയില്‍ക്കൂടി ആരോ ചുമയ്ക്കുന്ന ശബ്ദം ഞാന്‍ കേട്ടു. ഇതാരാടാ കയ്യടിക്കുന്നവര്‍ക്കിടയില്‍ ഈ ക്ഷയരോഗം പിടിച്ചവന്‍ എന്ന് വിചാരിച്ചു തിരിഞ്ഞു നോക്കിയപ്പോള്‍ കാണാം, വരദ കണ്ണും തള്ളി ചുമച്ചു ഊര്‍ദ്ധശ്വാസം വലിച്ചു കട്ടിലില്‍ ഇരിക്കുന്നു. 'അയ്യോ.. എന്ത് പറ്റി മോളെ..' എന്ന് വിളിച്ചു അടുത്ത് ചെന്ന എന്റെ കൈ തട്ടി മാറ്റി അവള്‍ ഒരൊറ്റ അട്ട് ആയിരുന്നു. 'പ്ഫാ.. പരനാറി.. മനുഷ്യനെ കൊന്നിട്ടാണോടോ തന്റെ കോപ്പിലെ അഭിനയം' എന്ന്.
അതും, കറക്ട് കരഘോഷം നിലച്ച സമയത്ത്. ഒരു നിമിഷത്തെ സ്ഥബ്ധതയ്ക്കു ശേഷം കരഘോഷം വീണ്ടും ഉയര്‍ന്നു. ഞങ്ങളുടെ നാടകത്തിലെ പെര്‍ഫോമന്‍സിനു കിട്ടിയ കയ്യടി ആയിരുന്നോ, അതോ അവളുടെ ആ അവസാനത്തെ ഡയലോഗിന് കിട്ടിയ കയ്യടി ആയിരുന്നോ അത് എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇന്നും എന്റെ മനസ്സില്‍ കിടക്കുന്നു.വാല്‍ക്കഷ്ണം: അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ മരിച്ചു വീഴണം എന്നത് ഒരുവിധപ്പെട്ട എല്ലാ കലാകാരന്മാരുടെയും ആഗ്രഹം ആണല്ലോ. അതിനുള്ള ഒരവസരം ആണ് അവള്‍ നഷ്ടപ്പെടുത്തിയത്. സാരമില്ല മോളെ.. ഇനിയും സ്റ്റേജുകളും പെര്‍ഫോമന്‍സും വരുമല്ലോ.. നമുക്ക് അന്ന് നോക്കാം. കേട്ടോ

actor jishin explains a funny experience

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES