ഉപ്പും മുളകിലെ ബാലും നീലുവും അവരുടെ അഞ്ചു മക്കളും നമ്മുടെയെല്ലാം പ്രിയപ്പെട്ടവരായിട്ട് വര്‍ഷങ്ങളേറെ കഴിഞ്ഞു. പരമ്പരയില്‍ നിന്നും ഇടയ്ക്കിടെ ചില കൊഴിഞ്ഞു പോക്കുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മുടങ്ങാതെ എല്ലാ ദിവസവും എത്തിയ ആളാണ് അല്‍സാബിത്ത് എന്ന കേശു. ചെറിയ കുട്ടിയായിരിക്കെ പരമ്പരയിലേക്ക് എത്തിയ അല്‍സാബിത്ത് ഇന്ന് മീശ വന്ന പ്ലസ്ടുക്കാരനായി മാറിയെന്ന് അത്ഭുതത്തോടെ മാത്രമെ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയൂ. അല്‍സാബിത്ത് എന്ന യഥാര്‍ത്ഥ പേരിനേക്കാള്‍ കേശു എന്നു വിളിക്കാനാണ് ആരാധകര്‍ക്ക് ഏറെയിഷ്ടം.
കൊല്ലം പത്തനാപുരംകാരനാണ് കേശു. അച്ഛനില്ല. ഉമ്മ ബീനയാണ് കേശുവിനെ വളര്‍ത്തിയതും പഠിപ്പിച്ചതുമെല്ലാം. അച്ഛന്‍ പോയതിനു ശേഷം ഏറെ കഷ്ടപ്പെട്ടായിരുന്നു കേശുവിനെ ഉമ്മ വളര്‍ത്തിയത്. ബീനയുടെ പിതാവിന്റെ ആഗ്രഹമായിരുന്നു അല്‍സാബിത്തിനെ അഭിനയിപ്പിക്കണം എന്നത്. കുടുംബത്തില്‍ നിന്ന് ആരും അഭിനയമേഖലയില്‍ ഇല്ല. എങ്കിലും എന്തെങ്കിലും ഒരവസരം അവനു കിട്ടിയാല്‍ വിടണം എന്നു മാത്രമായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. അങ്ങനെയിരിക്കെയാണ് നിസ്സാം പത്തനാപുരം എന്നയാളു വഴി ശ്രീ ശബരീശന്‍ എന്ന ആല്‍ബം ആദ്യം ചെയ്യുന്നത്. നിസ്സാം ആണ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലേക്കും, കലാരംഗത്തെയ്ക്കും അല്‍സാബിത്തിനെ എത്തിച്ചത്.
അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് രാത്രി രണ്ടര മണിക്കൊക്കെ അഭിനയിക്കാന്‍ തയ്യാറായി ആ കുഞ്ഞു പ്രായത്തിലും അവന്‍ നിന്നിരുന്നു. ചെരുപ്പിടാതെ മണ്ണിലും കല്ലിലും മുള്ളിലും എല്ലാം നില്‍ക്കുകയും നടക്കുകയും എല്ലാം ചെയ്തിരുന്നത് ബീനയ്ക്ക് ഏറെ ഹൃദയ വേദനയുണ്ടാക്കിയിരുന്നു. എന്നാല്‍ അതൊന്നും അല്‍സാബിത്തിനെ ബാധിച്ചിരുന്നില്ല. മൂന്നു പാട്ടിലായിരുന്നു അന്ന് അഭിനയിച്ചത്. അവന്റെ ആദ്യത്തെ പ്രതിഫലം ഏറ്റുവാങ്ങിയപ്പോള്‍ സന്തോഷം എന്നതിലുപരി അഭിമാനം ആയിരുന്നു.
ഉപ്പും മുളകിലേക്ക് എത്തിയതോടെ ജീവിതം മാറിമറിഞ്ഞു. ഷൂട്ടിംഗ് എറണാകുളത്തും ആണ്. അല്‍സാബിത്തിനൊപ്പം പോകുവാന്‍ വീട്ടില്‍ മറ്റാരുമില്ല. പോസ്റ്റ് ഓഫീസിലായിരുന്നു ബീനയ്ക്ക് ജോലി. കുടുംബത്തെ മുന്നോട്ടു നയിച്ചിരുന്നത് ആ ജോലി കൊണ്ടായിരുന്നു. എന്നാല്‍ മകന്റെ ആഗ്രഹത്തിനു മുന്നില്‍ ബീന ലീവെടുത്ത് അവനൊപ്പം ഷൂട്ടിംഗ് സെറ്റില്‍ പോയി. പത്തനാപുരത്തെ സ്‌കൂളില്‍ ആയിരുന്നു അല്‍സാബിത്ത് പഠിച്ചിരുന്നത്. അവന്‍ അഭിനയിക്കുമ്പോള്‍ സ്‌കൂളിലെ നോട്സുകളെല്ലാം ബീന എഴുതിയെടുക്കും. ഷൂട്ടിംഗ് കഴിഞ്ഞെത്തുമ്പോള്‍ അല്‍സാബിത്തിനെ പഠിപ്പിക്കും. എന്നാല്‍ ലീവ് തീരുമ്പോള്‍ മകനൊപ്പം പോകാനും നില്‍ക്കാനും ആരുമില്ല. ഈ അവസ്ഥ തുടര്‍ന്നപ്പോഴാണ് ജോലി രാജിവെക്കുവാന്‍ ബീന തീരുമാനിച്ചത്.
ഇപ്പോള്‍ കൊച്ചിയിലാണ് താമസമെങ്കിലും സ്‌കൂള്‍ മാറ്റി ചേര്‍ത്തിട്ടില്ല. കൊച്ചിയില്‍ പഠിക്കാന്‍ അല്‍സാബിത്തിന് താല്‍പര്യമില്ലാത്തതിനാലും പത്തനാപുരത്തെ കൂട്ടുകാരെ വിടാനും ഇഷ്ടമില്ലാത്തതിനാലും പ്ത്തനാപുരത്തെ സ്‌കൂളില്‍ തന്നെയാണ് ഇപ്പോഴും പഠിക്കുന്നത്. പഠിക്കാന്‍ മിടുക്കനായതിനാല്‍ തന്നെ നോട്ടുകള്‍ തയ്യാറാക്കുന്നതും മകനെ പഠിപ്പിക്കുന്നതുമെല്ലാം ഇപ്പോഴും ബീനയാണ്. മകനാണ് ബീനയ്ക്ക് സര്‍വ്വസവും.
എന്തിനാണ് ജോലി കളഞ്ഞത് എന്ന് ബീനയോട് ആളുകള്‍ എപ്പോഴും ചോദിക്കുന്ന ചോദ്യമാണ്. പക്ഷെ ബീന ചിന്തിച്ചത് ഇതു മാത്രമാണ്. ഞാന്‍ അവനുവേണ്ടി അല്ലേ ജീവിക്കുന്നത്. സമ്പാദിച്ചാലും അവനു വേണ്ടി. ജോലി രാജിവച്ചതുകൊണ്ട് അവന് ഇന്ന് സത്പേരാണ് കിട്ടിയത്. അറിയപ്പെടുന്ന ഒരു പേര് കിട്ടി. ഇന്ന് എല്ലാവര്‍ക്കും അറിയാം അവനെ, നമ്മള്‍ എവിടെപ്പോയാലും അവനെ തിരിച്ചറിയുന്നുണ്ട്. കല്യാണം കഴിഞ്ഞു ഉമ്മയെ ഉപേക്ഷിക്കുമോ എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍, ഞാന്‍ ഒന്നും പ്രതീക്ഷിച്ചിട്ടല്ല മോനെ വളര്‍ത്തുന്നത്. ഒന്നും പ്രതീക്ഷിക്കുകയും,ആഗ്രഹിക്കുകയും ചെയ്യുന്നില്ല. ഞാന്‍ ഒരിക്കലും അവന് ബാധ്യത ആകില്ല. പടച്ചവന്‍ അനുഗ്രഹിച്ച മകനാണ്. നല്ല മര്യാദ ഉള്ള മകനാണ്. എന്നാണ് ബീനയുടെ വാക്കുകള്‍.