മലയാള സിനിമയിലെ യുവതാരം ഷെയ്ന്‍ നിഗം നായകനായ 'ദൃഢം', 'ഭൂതകാലം' എന്നീ ചിത്രങ്ങള്‍ക്കെതിരെ കഥാ മോഷണ ആരോപണവുമായി മുന്‍ ഡിജിപി ആര്‍. ശ്രീലേഖ രംഗത്ത്. അടുത്തിടെ പുറത്തിറങ്ങിയ 'ദൃഢം' എന്ന പോലീസ് ചിത്രം തന്റെ കഥ മോഷ്ടിച്ച് നിര്‍മ്മിച്ചതാണെന്ന് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ തുറന്നടിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'കരിങ്കുടി പോലീസ് സ്റ്റേഷന്‍' എന്ന ചെറുകഥയാണ് 'ദൃഢത്തിന്റെ' മൂലകഥയെന്ന് ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. സിനിമ കണ്ടപ്പോവാണ് ചിത്രത്തിലെ കഥാതന്തുവുമായി തന്റെ ചെറുകഥയ്ക്കുള്ള സാമ്യം മനസ്സിലായതെന്നും ശ്രീലേഖ പറഞ്ഞു. ദൃഢം ചിത്രത്തിനൊപ്പം ഷെയ്ന്‍ നിഗമിന്റെ മറ്റൊരു ചിത്രത്തിനെതിയെും അവര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത 'ഭൂതകാലം' എന്ന ചിത്രവും മോഷണമാണെന്ന് ആര്‍. ശ്രീലേഖ ആരോപിക്കുന്നു.
മൂന്ന് വര്‍ഷം മുന്‍പ് തന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച 'ഭൂത ഭവനം' എന്ന അനുഭവക്കുറിപ്പാണ് 'ഭൂതകാലം' എന്ന പേരില്‍ സിനിമയാക്കിയത്. സിനിമയുടെ തലക്കെട്ടില്‍ പോലും ഈ സാമ്യം വ്യക്തമാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ ഈ രണ്ട് കഥകളുടെയും ലിങ്കുകള്‍ പങ്കുവെച്ചുകൊണ്ടാണ് സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ മുന്‍ ഡിജിപി രംഗത്തെത്തിയിരിക്കുന്നത്.
രണ്ടു ചിത്രങ്ങളിലും ഷെയ്ന്‍ നിഗം; നായകനോട് പ്രത്യേക സ്നേഹമെന്ന് ശ്രീലേഖ
കഥാ മോഷണ ആരോപണം നേരിടുന്ന 'ദൃഢം', 'ഭൂതകാലം' എന്നീ രണ്ട് ചിത്രങ്ങളിലെയും നായകന്‍ ഷെയ്ന്‍ നിഗമാണെന്നതാണ് മറ്റൊരു പ്രത്യേകത. സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുണ്ടെങ്കിലും നായകന്‍ ഷെയ്ന്‍ നിഗത്തോട് തനിക്ക് പ്രത്യേകമായൊരു സ്നേഹമുണ്ടെന്ന് ആര്‍. ശ്രീലേഖ വെളിപ്പെടുത്തി. 'പറവ' എന്ന ചിത്രം കണ്ടതുമുതല്‍ തനിക്ക് ഷെയ്നെ ഏറെ ഇഷ്ടമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാന്‍ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാന്‍. പ്രത്യേകിച്ച് ദൃഡം എന്ന സിനിമയില്‍, പോലീസ് വേഷത്തില്‍. എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ് എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷിയെന്നും അവര്‍ വ്യക്തമാക്കുന്നു.
'ദൃഡം' (Dridam) എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാന്‍ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാന്‍ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച 'കരിങ്കുടി പോലീസ് സ്റ്റേഷന്‍' എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാല്‍ ഒരു തെറ്റുമില്ല. ഈ കഥ ഞാന്‍ എന്റെ യൂട്യൂബ് ചാനലില്‍ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ട്. കഥ വായിച്ചിട്ടില്ലാത്തവര്‍ക്കായി link താഴെ കൊടുക്കുന്നു.
https://youtu.be/xjaz_VjXons?si=-XniMmBERoPN-paO
എന്റെ ചാനലില്‍ 3 വര്‍ഷം മുന്‍പ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് 'ഭൂതകാലം' എന്ന പല അവാര്‍ഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. 'ഭൂത ഭവനം' എന്നായിരുന്നു ഞാന്‍ ആ കഥക്കിട്ട പേര്. അത് കൂടി കണ്ടു നോക്കൂ. https://youtu.be/R_BL-xuqZZU?si=RKXegDSmUYMpOwom
ഈ രണ്ടു സിനിമകളും തമ്മില്‍ മറ്റൊരു കണക്ഷന്‍ ഉണ്ട്. രണ്ടിലെയും നായകന്‍ 'ഷെയിന്‍ നിഗം' ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോള്‍ മുതല്‍ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാന്‍ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാന്‍. പ്രത്യേകിച്ച് ദൃഡം എന്ന സിനിമയില്‍, പോലീസ് വേഷത്തില്‍.
എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ് എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി.