ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം ഒരു 16 വയസുകാരിയാണ് നീലു എന്ന് വിളിക്കുന്ന നിലന്‍ഷി. തന്റെ മുടിയുടെ പേരിലാണ് ഇപ്പോള്‍ നിലന്‍ഷി ലോകം മുഴുവന്‍ പ്രസിദ്ധയാവുന്നത്. ഗിന്നസ് റെക്കോഡ്സില്‍ വരെയെത്തി നീലുവിന്റെ പെരുമ. ഏറ്റവും നീളം കൂടിയ കൗമാരക്കാരി എന്ന ഖ്യാതിയോടെയാണ് ഇന്ത്യ മുഴുവന്‍ അഭിമാനമായി നീലു ഗിന്നസില്‍ ഇടം പിടിച്ചത്.
കരുത്തുള്ളതും നീളമുളളതുമായ മുടിയാണ് നിലന്‍ഷി പട്ടേല്‍ എന്ന ഗുജറാത്തുകാരി പെണ്‍കുട്ടിക്ക് ഗിന്നസില്‍ ഇടം നേടികൊടുത്തത്. ചുമ്മാതങ്ങ് ഉണ്ടായതല്ലെ നീലുവിന് ഈ മുടി. പത്തുവര്‍ഷമായി നീലു മുടി വളര്‍ത്തുകയാണ്.ആറുവയസുള്ളപ്പോള്‍ മുടി മുറിച്ച് വൃത്തികേടായതില്‍ മനംനൊന്ത് നീലു തീരുമാനിച്ചതാണ് ഇനി ഒരിക്കലും മുടി മുറിക്കില്ലെന്ന്. അതുകഴിഞ്ഞ് ഇപ്പോള്‍ പത്തുവര്‍ഷമായി മുടി മുറിച്ചിട്ടില്ല. . 170.5 സെന്റിമീറ്ററാണ് നിലന്‍ഷിയുടെ മുടിയുടെ നീളം. ഇത് തന്നെയാണ് നീലുവിന്റെ മുടി സീക്രട്ട്. അര്‍ജന്റീനകാരിയായ അബ്രില്‍ ലോറന്‍സറ്റിയുടെറെക്കോര്‍ഡാണ് നിലന്‍ഷി തിരുത്തിയത്. 151 സെന്റീമീറ്ററാണ് (4 അടി 11.8 ഇഞ്ച്) അബ്രിലിന്റെ മുടിയുടെ നീളം.
മുടിയെ സംരക്ഷിക്കാനും കരുത്തോടെ വളര്‍ത്തുവാനും നീലുവിന് തന്റെതായ വഴികളുണ്ട്. എല്ലാവരെയും പോലെ എല്ലാദിവസും തല കുളിക്കാന്‍ നീലുവിന് കഴിയില്ല. അതുകൊണ്ട് തന്നെ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് നിലന്‍ഷി മുടി കഴുകുന്നത്. മുടി കഴുകാനും ചീകാനും അമ്മയാണ് നിലന്‍ഷിയെ സഹായിക്കുന്നത്.. ദിവസേന കുളിക്കുമ്പോള്‍ മുടിപൊട്ടുകളും ദുര്‍ബലമാവുകയും ചെയ്യും. അതേസമയം യാതൊരുബുദ്ധിമുട്ടും ഇന്നുവരെ മുടികൊണ്ട് തനിക്ക് ഉണ്ടായിട്ടില്ലെന്നാണ് നീലു പറയുന്നത്. പുറത്തുപോകുമ്പോഴും ടെന്നീസ് കളിക്കുമ്പോഴും ഹെയര്‍ബാന്റ് കൊണ്ട് മുടി ചുറ്റികെട്ടി വയ്ക്കും. പിന്നെ മുടി ഒരു ശല്യവും ഉണ്ടാക്കില്ല. പെണ്‍കുട്ടികളുടെ അഴകാണ് മുടിയെന്ന് താന്‍ വിശ്വസിക്കുന്നു എന്നും നിലന്‍ഷി പറയുന്നു.