ഏറെ ജനപ്രീതി നേടിയ സീരിയലായിരുന്നു സൂര്യ ടിവിയിലെ നന്ദിനി. നിരവധി മലയാളം തമിഴ് സിനിമകളിലൂടെ പ്രശസ്തയായ ഖുഷ്ബുവും ഭര്‍ത്താവ് സുന്ദറും ചേര്‍ന്ന് നിര്‍മ്മിച്ച സീരിയല്‍ അവസാനിച്ചതോടെ ആരാധകര്‍ വിഷമത്തിലാണ്.നന്ദിനി എന്ന നാഗത്തിന്റെ പ്രതികാരത്തിന്റെ കഥയാണ് സീരിയല്‍ പറഞ്ഞത്. നിത്യാറാം, മലയാളി നടി മാളവിക വെയ്ല്‍സ്, രാഹുല്‍ രവി, ഖുഷ്ബു എന്നിവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2017 ജനുവരിയില്‍ സംപ്രേക്ഷണം ആരംഭിച്ച സീരിയല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് അവസാനിച്ചത്. എന്നാല്‍ സീരിയലിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനകളാണ് ഇപ്പോള്‍ എത്തുന്നത്.
തമിഴ് കന്നഡ തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലായിട്ടാണ് നന്ദിനി സീരിയല്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. സിനിമാരംഗത്തെ പ്രമുഖര്‍ക്കൊപ്പം അമ്മുവിന്റെ അമ്മ, പൊന്നമ്പിളി തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയയായ മാളവിക വെയില്‍സാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായ ഗംഗയെ അവതരിപ്പിച്ചത്. അരുണ്‍,ഗംഗ,നന്ദിനി,ജാനകി എന്നിവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങള്‍. കോടീശ്വരനായ രാജശേഖരന്റെ മകന്‍ അരുണ്‍ ജാനകി എന്ന ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്യുന്നതും പിന്നീട് പ്രസവത്തോടെ ജാനകി മരിക്കുന്നതുമാണ് തുടക്കത്തിലെ കഥ. ജാനകി മരിച്ച ശേഷം ആത്മാവായി കൊട്ടാരത്തിലുളളവരെ സംരക്ഷിക്കുന്നു.
രാജശേഖരന്റെ കൊട്ടാരത്തിനു പുറത്ത് അവിടുത്തെ ജോലിക്കാരനും മകളും താമസിക്കുന്നുണ്ട്. അയാളുടെ മകളാണ് ഗംഗ. കൊട്ടാരത്തിനു പുറത്തുളള ഒരു പുറ്റില്‍ ഗംഗ ഒരു നാഗത്തെ പൂജിക്കുന്നുണ്ട്. സീരിയലിലെ പ്രധാന കഥാപാത്രം നന്ദിനി എന്ന ആ നാഗമാണ്. തന്റെ അമ്മയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ വന്ന നന്ദിനിയെ പുറ്റില്‍ അടക്കുന്നതും പിന്നീട് നന്ദിനി പുറ്റില്‍ നിന്നും പുറത്തു വരുന്നതും പ്രതികാരം തീര്‍ക്കുന്നതുമാണ് കഥ. തന്റെ അമ്മയായ പാര്‍വ്വതിയെ കൊന്ന് അവര്‍ ആരാധിക്കുന്ന കാട്ടമ്മ എന്ന ദേവതയുടെ ദിവ്യശക്തിയുളള കാലചക്രം കട്ടെടുത്ത കൊട്ടാരത്തിലെ രാജശേഖരന്‍ എന്നയാളെ നന്ദിനി കൊല്ലുന്നതും പിന്നീട് നഷ്ടപ്പെട്ട കാലചക്രങ്ങളെല്ലാം കാട്ടമ്മയുടെ സന്നിധിയിലേക്ക് കൊണ്ടു വരുന്നതുമാണ് കഥയുടെ പ്രമേയം. ഇതിനിടെ ഗംഗയും അരുണും തമ്മില്‍ വിവാഹിതരാകുന്നു. മന്ത്രക്കെട്ടില്‍ നിന്നും മോചിക്കപ്പെട്ട നന്ദിനി ഗംഗയുടെ രൂപം ധരിക്കുന്നു. പിന്നീട് ഓരോരുത്തരെയായി കൊല്ലുന്നതും. നന്ദിനിയും ഗംഗയും ശത്രുക്കളാകുന്നതും കഥയില്‍ പറയുന്നുണ്ട്. എന്നാല്‍ പിന്നീട് തങ്ങള്‍ സഹോദരങ്ങളാണെന്നും പാര്‍വ്വതി എന്ന തങ്ങളുടെ അമ്മയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ് നന്ദിനി എത്തിയതെന്നു ഗംഗ മനസ്സിലാക്കുകയും അവര്‍ ഒന്നിക്കുകയും ചെയ്യുന്നു.
എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ കുടുംബത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നന്ദിനിയെ ഗംഗ തടയുന്നു. എന്നാല്‍ ഗംഗയുടെ ഭര്‍ത്താവിന്റെ അച്ഛനാണ് ഇവരുടെ അമ്മയായ പാര്‍വ്വതിയെ കൊല്ലുന്നത്. അതിനാല്‍ തന്നെ അരുണിന്റെ കുടുംബത്തെ ഒന്നടങ്കം നശിപ്പിക്കാനൊരുങ്ങുന്ന നന്ദിനിയെ ഗംഗ തടയുന്നു. ഒടുവില്‍ കാലചക്രങ്ങള്‍ കാട്ടമ്മയുടെ സന്നിധിയില്‍ എത്തിക്കുന്നുണ്ടെങ്കിലും എല്ലാവരെയും ഇല്ലാതാക്കും എന്ന വാക്ക് പാലിക്കാന്‍ നന്ദിനിക്ക് സാധിക്കുന്നില്ല. അരുണിനെയും സഹോദരി മാലതിയേയും കൊല്ലാതെ വിടുന്ന നന്ദിനി കാട്ടമ്മയുടെ വിഗ്രഹത്തിനരികില്‍ നാഗത്തിന്റെ ശിലയായി മാറുന്നു. എന്നാല്‍ താന്‍ ഗംഗയെ സഹോദരിയായി വര്‍ഷത്തിലൊരിക്കല്‍ ഗംഗയെ കാണാനെത്തുമെന്നു പറയുന്ന നന്ദിനി ഗംഗയ്ക്ക് ഒരു നാഗമാണിക്യം നല്‍കുന്നു. ഗംഗ അത് പുറ്റിനുളളില്‍ നിക്ഷേപിക്കുന്നതും ജാനകിയുടെ ആത്മാവ് ഇല്ലാതാകുന്നതുമാണ് അവസാന എപ്പിസോഡില്‍ കാണിച്ചത്. പിന്നീട് ഗംഗ ഗര്‍ഭിണിയാകുന്നതും കുഞ്ഞിന് നന്ദിനി എന്നു പേരിടുന്നതും പിന്നീട് ആ നാഗമാണിക്യത്തില്‍ നിന്നും പുറത്തേക്കു വരുന്ന നന്ദിനി കൊട്ടാരത്തെ ചുറ്റി നിന്ന് അവര്‍ക്ക് സംരക്ഷണം ഒരുക്കി നില്‍ക്കുന്നത് കാണിക്കുന്നതോടെയാണ് സീരിയല്‍ അവസാനിച്ചത്. നാലു ഭാഷകളിലായി ഹിറ്റായി മുന്നേറിക്കൊണ്ടിരുന്ന സീരിയലിന് നല്ലൊരു അവസാനം തന്നെ ഉണ്ടായതിന്റെ സന്തോഷത്തിലാണ സീരിയല്‍ ആരാധകര്‍. നിരവധി ട്വിസ്റ്റുകള്‍ കൊണ്ട് മുന്നേറിക്കൊണ്ടിരുന്ന സീരിയല്‍ അവസാനിച്ചതിന്റെ വിഷമവും ആരാധകര്‍ പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം രണ്ടാം ഭാഗവും ഉണ്ടായെക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ ആരാധകര്‍ ഇതിനുള്ള കാത്തിരിപ്പും തുടങ്ങിക്കഴിഞ്ഞു. വന്‍ താരനിരയ്‌ക്കൊപ്പം ബിഗ്ബഡ്ജറ്റില്‍ തയ്യാറാക്കിയ സീരിയലില്‍ തമിഴ് സിനിമാ നടന്‍ വിജയകുമാര്‍, നടി ഖുഷ്ബു, റിയാസ് ഖാന്‍ തുടങ്ങിയവര്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.