നന്ദനം സിനിമയിലെ കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍ എന്ന ഗാനം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. 2002ല്‍ കെഎസ് ചിത്ര ആലപിച്ച ആ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു. ഈ പാട്ട് പാടിയതിന് സമ്മാനമായിട്ടാണ് തനിക്ക് നന്ദനയെന്ന മകളെ കൃഷ്ണന്‍ തന്നതെന്ന് ചിത്ര പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ പാട്ട് മതിമറന്ന് പാടിയ മിന്‍ഹ ഫാത്തിമയെന്ന കൊച്ചുമിടുക്കിയെ കണ്ണുനിറഞ്ഞ് കെഎസ് ചിത്ര നെഞ്ചോടുചേര്‍ത്തത് വൈറലായി മാറുകയാണ്.
മഴവില്‍ മനോരമയുടെ 'പാടാം നമുക്കു പാടാം' എന്ന റിയാലിറ്റി ഷോയിലാണ് മത്സരാര്‍ഥിയായ മിന്‍ഹ ഫാത്തിമ്മ കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍ എന്ന ഗാനം പാടിയത്. കെഎസ് ചിത്ര, ശരത്ത്, റിമി ടോമി ഉള്‍പെടെയുള്ളവരായിരുന്നു വിധികര്‍ത്താക്കള്‍. എന്നാല്‍ മിന്‍ഹയുടെ ആലാപനം അക്ഷരാര്‍ഥത്തില്‍ സദസ്സിനെയും വിധികര്‍ത്താക്കളെയും അതിശയിപ്പിച്ചു. ഗാനത്തിന്റെ അവസാനം മിന്‍ഹ വേദിയില്‍ പൊട്ടിക്കരഞ്ഞതു കാണികളുടെയും കണ്ണു നനച്ചു. ഇതേതുടര്‍ന്ന് കണ്ണുകള്‍ നിറഞ്ഞ ചിത്ര ഓടിയെത്തി മിന്‍ഹയുടെ കണ്ണീര്‍ തുടച്ചു കൊച്ചു മിടുക്കിെയെ ഞെഞ്ചോടുചേര്‍ക്കുകയായിരുന്നു. ചിത്രയുടെയും സദസ്യരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ഈ ചെറുപ്രായത്തില്‍ ഇത്രയും മനോഹരമായി പാട്ട് ഉള്‍ക്കൊണ്ടു പാടാന്‍ സാധിച്ചതിനാലാണ് കണ്ണു നിറഞ്ഞതെന്നായിരുന്നു ചിത്രയുടെ പ്രതികരണം. രവീന്ദ്രന്‍ മാസ്റ്റര്‍ അനുഗ്രഹിച്ചു നല്‍കിയ ഗാനമാണെന്നു വിശ്വസിക്കുന്ന പാട്ടാണ് കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍ എന്നും ചിത്ര കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് അവതാരകരെത്തിയപ്പോള്‍ തന്നോട് ഒന്നും ചോദിക്കരുത് താന്‍ കരഞ്ഞുപോകുമെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.
മിന്‍ഹയുടെ ഈ കൃഷ്ണാ വിളി കേള്‍ക്കുമ്പോള്‍ ജാതിക്കും മതത്തിനും അതീതമാണ് ദൈവമെന്ന് ബോധ്യപ്പെടുമെന്നായിരുന്നു റിമി ടോമിയുടെ പ്രതികരണം. ജാതിയും മതവുമെല്ലാം മനുഷ്യ സൃഷ്ടിയാണ്, ദൈവത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്നുമായിരുന്നു സംഗീത സംവിധായകന്‍ ശരത് പറഞ്ഞത്. വിധികര്‍ത്താക്കളുടെയും സദസ്സിന്റെയും കയ്യടി ഒരുപോലെ നേടിയാണ് മിന്‍ഹ വേദിവിട്ടത്. ജാതിമത വിവേചനങ്ങളുടെ വേലികള്‍ തകര്‍ത്തെറിഞ്ഞ് മാനവീകതയുടെ മൂല്യം കൊണ്ടുവരാനുള്ള കഴിവുണ്ട് പലപ്പോഴും സംഗീതത്തിന് എന്നാണ് ഇപ്പോള്‍ ചിത്രങ്ങളും വീഡിയോയും കാണുന്നവരുടെ പ്രതികരണം.