ദേവീമാഹാത്മ്യത്തിലെ പഞ്ചമിയായും ഓമനത്തിങ്കള്‍ പക്ഷിയിലെ സുന്ദരിക്കുട്ടിയായും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരി; നൃത്തത്തിനൊപ്പം ഡോക്ടര്‍ പഠനവും പൂര്‍ത്തിയാക്കി ഇനി ബിഗ് സ്‌ക്രീനിലേക്ക്; സിനിമയിലേക്ക് ചുവടുവക്കുന്ന ഡോ സാന്ദ്രയുടെ വിശേഷങ്ങള്‍

Malayalilife
ദേവീമാഹാത്മ്യത്തിലെ പഞ്ചമിയായും ഓമനത്തിങ്കള്‍ പക്ഷിയിലെ സുന്ദരിക്കുട്ടിയായും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരി; നൃത്തത്തിനൊപ്പം ഡോക്ടര്‍ പഠനവും പൂര്‍ത്തിയാക്കി ഇനി ബിഗ് സ്‌ക്രീനിലേക്ക്; സിനിമയിലേക്ക് ചുവടുവക്കുന്ന ഡോ സാന്ദ്രയുടെ വിശേഷങ്ങള്‍

ഒരു കാലത്ത് മലയാള മിനിസ്‌ക്രീന്‍ ലോകത്തെ സമ്പന്നമാക്കിയത് നിരവധി മികച്ച സീരിയലുകളാണ്. ആ പരമ്പരകളുടെ പേര് ഇന്നും മലയാളി മനസുകള്‍ മറന്നിട്ടില്ല. അക്കൂട്ടത്തിലുള്ളതാണ് ദേവീമാഹാത്മ്യവും ഓമനത്തിങ്കള്‍ പക്ഷിയും വേളാങ്കണ്ണി മാതാവും അമ്മ സീരിയലുമെല്ലാം. സിനിമാ താരങ്ങളേക്കാള്‍ പ്രേക്ഷകരുടെ മനസു കീഴടക്കാന്‍ ഈ സീരിയല്‍ താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നുവെന്നതാണ് സത്യം. ഇപ്പോഴിതാ, അക്കൂട്ടത്തിലൊരു ബാലതാരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. അന്നത്തെ കുട്ടിത്താരങ്ങളില്‍ ചിലര്‍ ഇന്നും സീരിയലുകളില്‍ സജീവമാണെങ്കിലും പഠനത്തിലും ആ മേഖലകളില്‍ കരിയര്‍ ഉണ്ടാക്കുന്നതിലും ശ്രദ്ധിച്ച ചിലരുമുണ്ട്. അക്കൂട്ടത്തിലൊരാളാണ് ദേവി മാഹാത്മ്യം എന്ന സീരിയലിലെ പഞ്ചമി.

2009ലാണ് ഈ സീരിയല്‍ സംപ്രേക്ഷണം ചെയ്തത്. അന്ന് പഞ്ചമി എന്ന പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടി. സത്യസന്ധയും നിഷ്‌കളങ്കയും ദേവിയുടെ അതീവ ഭക്തയുമായ പെണ്‍കുട്ടിയായി പ്രേക്ഷക മനസുകളില്‍ ഇടം നേടിയ സുന്ദരിക്കുട്ടി. ആ പഞ്ചമി ഇന്ന് ഒരു ഡോക്ടറാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കില്ല. എന്നാല്‍ സത്യം അതാണ്. അഞ്ചു വര്‍ഷത്തെ മെഡിക്കല്‍ പഠനം കഴിഞ്ഞ് ദന്തഡോക്ടറായി മാറിയിരിക്കുന്ന പഞ്ചമിയുടെ യഥാര്‍ത്ഥ പേര് സാന്ദ്ര എന്നാണ്. മാത്രമല്ല, ഒരു സൂപ്പര്‍ നര്‍ത്തകിയും കൂടിയാണ് സാന്ദ്ര. 

ദേവി മാഹാത്മ്യം എന്ന സീരിയലിലെ പഞ്ചമി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ സ്ഥാനം നേടിയ ഈ പെണ്‍കുട്ടി മറ്റനേകം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ജോയ്സിയുടെ ഓമനത്തിങ്കള്‍ പക്ഷി എന്ന നടി ലെന നായികയായി അഭിനയിച്ച പരമ്പരയില്‍ കണ്ണു കാണാത്ത കുട്ടിയായാണ് സാന്ദ്ര എത്തിയത്. കൂടാതെ, വേളാങ്കണ്ണി മാതാവ്, സ്വാമിയേ ശരണമയ്യപ്പാ, കെ.കെ രാജീവിന്റെ മഴയറിയാതെ, അമ്മ സീരിയല്‍ തുടങ്ങി ഒട്ടേറെ പരമ്പരകളില്‍ അഭിനയിച്ച ഈ മിടുക്കി പെണ്‍കുട്ടി അന്ന് വളരെയധികം സീരിയലുകളില്‍ സജീവമായിരുന്നു..

എന്നാല്‍ അല്‍പം മുതിര്‍ന്നപ്പോഴാണ് പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം എന്ന തീരുമാനം വീട്ടുകാരില്‍ നിന്നും ഉണ്ടായത്. അങ്ങനെ പതുക്കെ പഠന ലോകത്തേക്ക് തിരിഞ്ഞ സാന്ദ്ര നൃത്ത പഠനം തുടര്‍ന്നിരുന്നു. അങ്ങനെ ഇടയ്ക്ക് മഞ്ച് ഡാന്‍സ് റിയാലിറ്റി ഷോയിലും സാന്ദ്ര പങ്കെടുത്തിരുന്നു. ഇന്ന് മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന പല താരങ്ങളും സാന്ദ്രയുടെ സുഹൃത്തുക്കളായതും ആ ഷോ വഴിയാണ്. ഇപ്പോള്‍ മറ്റൊരു വിശേഷം കൂടിയുണ്ട്. ഏഷ്യാനെറ്റിലൂടെ ബാലതാരമായി ജനഹൃദയങ്ങളിലേക്ക് എത്തിയ ഈ താരം ഇപ്പോള്‍ മലയാള സിനിമയിലൂടെ തിരിച്ചു വരികയാണ്. ഒരു നര്‍ത്തകിയും പഠിച്ചു നേടിയ ഡോക്ടര്‍ ബിരുദവും എല്ലാം കയ്യിലുണ്ടെങ്കിലും തന്റെ കഴിവ് മലയാള സിനിമയിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും തിരിച്ചുകൊണ്ടുവരാനാണ് സാന്ദ്ര ആഗ്രഹിക്കുന്നത്. കരുനാഗപ്പള്ളി നാടകശാല നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമയായ സിറ്റി ട്രാഫികിലൂടെ നായികയായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് സാന്ദ്ര.

Read more topics: # സാന്ദ്ര
Dr sandra entry in cinima

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES