നിര്‍മാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പ്: സാന്ദ്ര തോമസിന് തിരിച്ചടി; വരണാധികാരിയെ മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി; നോമിനേഷന്‍ തള്ളിയതിനെതിരായ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും; ആരോപണങ്ങള്‍ക്ക് പിന്നില്‍ സാന്ദ്രയുടെ അസഹിഷ്ണുതയെന്ന് ലിസ്റ്റിന്‍; ഫീലിം ചേംബര്‍ തെരഞ്ഞെടുപ്പിവല്‍ മത്സരിക്കുമെന്ന് സാന്ദ്ര

Malayalilife
 നിര്‍മാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പ്: സാന്ദ്ര തോമസിന് തിരിച്ചടി; വരണാധികാരിയെ മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി; നോമിനേഷന്‍ തള്ളിയതിനെതിരായ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും; ആരോപണങ്ങള്‍ക്ക് പിന്നില്‍ സാന്ദ്രയുടെ അസഹിഷ്ണുതയെന്ന് ലിസ്റ്റിന്‍; ഫീലിം ചേംബര്‍ തെരഞ്ഞെടുപ്പിവല്‍ മത്സരിക്കുമെന്ന് സാന്ദ്ര

മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സാന്ദ്ര തോമസ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. വരണാധികാരിയുടെ നിയമനം ചോദ്യം ചെയ്തും തെരഞ്ഞെടുപ്പില്‍ കോടതി മേല്‍നോട്ടം ആവശ്യപ്പെട്ടും തെരഞ്ഞെടുപ്പ് ഫലം പുറത്ത് വിടരുതെന്നും ആവശ്യപ്പെട്ട് സാന്ദ്ര നല്‍കിയ ഇടക്കാല ഹര്‍ജികളാണ് എറണാകുളം സബ് കോടതി തള്ളിയത്. 

മൂന്ന് ഹര്‍ജികളുമായാണ് സാന്ദ്രാ തോമസ് കോടതിയെ സമീപിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തരുത്, വരണാധികാരിയെ മാറ്റണം, അഡ്വക്കേറ്റ് കമ്മിഷനെ നിയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണം എന്നീ ആവശ്യങ്ങളായിരുന്നു സാന്ദ്ര ഉന്നയിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക തള്ളിയതിനെതിരായ കേസില്‍ കോടതി വിധി പറഞ്ഞിട്ടില്ല. നോമിനേഷന്‍ തള്ളിയതിനെതിരെ സാന്ദ്ര നല്‍കിയ ഹര്‍ജിയില്‍ കോടതി വിശദമായ വാദം കേള്‍ക്കും. എന്നാല്‍ ഇത് സമയം എടുക്കുമെന്നതിനാല്‍ നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സാന്ദ്രയ്ക്ക് മത്സരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി. തിരിച്ചടിയല്ലെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് താന്‍ മത്സരിക്കുമെന്നും സാന്ദ്ര പ്രതികരിച്ചു. 

വിധി അപ്രതീക്ഷിതവും നിരാശാജനകമാണെന്നും സാന്ദ്രാ തോമസ് ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് ഭാവി നടപടികള്‍ സ്വീകരിക്കുമെന്നും സാന്ദ്ര വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ എക്‌സിക്യൂട്ടീവ് പദവികളിലേക്ക് മത്സരിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് സാന്ദ്ര കോടതിയില്‍ വാദിച്ചിരുന്നു. തിരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിയമവിരുദ്ധമായാണ് തന്റെ പത്രിക തള്ളിയതെന്നായിരുന്നു സാന്ദ്രയുടെ ആരോപണം. വരണാധികാരി കോശി ജോര്‍ജ് സംഘടനയുടെ നിലവിലെ ഭാരവാഹികളുടെ ഉപകരണമായി പ്രവര്‍ത്തിക്കുന്നു. വരണാധികാരിയെ തിരഞ്ഞെടുപ്പ് നടപടികളില്‍നിന്ന് വിലക്കണം എന്നീ ആവശ്യങ്ങളും സാന്ദ്ര ഉന്നയിച്ചിരുന്നു. 

പ്രസിഡന്റ്, ട്രഷറര്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്ര പത്രിക നല്‍കിയിരുന്നത്. യോഗ്യത കാണിക്കാന്‍ ആവശ്യമായ സിനിമകളുടെ എണ്ണം നല്‍കിയിട്ടില്ലെന്നു ചുണ്ടിക്കാണിച്ചാണ് വരണാധികാരി പത്രിക തള്ളിയത്. ഒന്‍പത് സിനിമകള്‍ നിര്‍മിച്ചിട്ടുണ്ടെന്നാണ് സാന്ദ്രയുടെ വാദം. ഫ്രൈഡേ ഫിലിംസുമായി സഹകരിച്ച് ഏഴു സിനിമകളും സ്വന്തം ബാനറില്‍ രണ്ടും. എന്നാല്‍, നിര്‍മാതാവ് എന്നനിലയില്‍ സ്വതന്ത്രമായി മൂന്നുസിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു വരണാധികാരിയുടെ നിലപാട്. സാന്ദ്ര നല്‍കിയ മൂന്നു സര്‍ട്ടിഫിക്കറ്റുകളില്‍ അവസാനത്തേത് ഫ്രൈഡേ ഫിലിംസിന്റെ ബാനറിലുള്ളതാണെന്നും അത് പരിഗണിക്കാനാകില്ലെന്നും വരണാധികാരി പറഞ്ഞു. എതിര്‍ത്തപ്പോള്‍ സാന്ദ്രയ്ക്ക് കോടതിയെ സമീപിക്കാമെന്നും നിര്‍ദേശിച്ചു. 

ഹര്‍ജികള്‍ കോടതി തള്ളിയതിലൂടെ സാന്ദ്ര തോമസ് ഉന്നയിച്ച കാര്യങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് നിര്‍മ്മാതാവ് ബി രാകേഷ് പറഞ്ഞു. സംഘടനയുടെ നിയമാവലിയുമായാണ് തങ്ങള്‍ മുന്നോട്ട് പോയതെന്നാണ് ജി സുരേഷ് കുമാറിന്റെ പ്രതികരണം. ആരോപണങ്ങള്‍ക്ക് പിന്നില്‍ സാന്ദ്രയുടെ അസഹിഷ്ണുതയാണെന്ന് പറഞ്ഞ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഇനി കോടതി കള്ളം പറഞ്ഞതാണെന്ന് സാന്ദ്ര പറയുമോ എന്നും പരിഹസിച്ചു. സാന്ദ്ര തോമസിന്റെ ഉടമസ്ഥതയില്‍ നിലവിലുള്ള നിര്‍മ്മാണ കമ്പനിയായ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് രണ്ട് ചിത്രങ്ങള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ എന്നായിരുന്നു വരണാധികാരിയുടെ കണ്ടെത്തല്‍. ലിറ്റില്‍ ഹാര്‍ട്സ്, നല്ല നിലാവുള്ള രാത്രി എന്നിവയാണ് ആ ചിത്രങ്ങള്‍. എന്നാല്‍ മറ്റൊരു കമ്പനിയുടെ മാനേജിംഗ് പാര്‍ട്നര്‍ താനായിരുന്നുവെന്നും ആ ബാനറില്‍ എടുത്ത ചിത്രങ്ങള്‍ തന്റെ പേരിലാണ് സെന്‍സര്‍ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര വാദിച്ചിരുന്നു. വിജയ് ബാബുവുമായി ചേര്‍ന്ന് ചിത്രങ്ങള്‍ നിര്‍മ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ കാര്യമാണ് സാന്ദ്ര സൂചിപ്പിച്ചത്. 

ഒരു സ്ഥിരം അംഗത്തിന് മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെങ്കില്‍ മത്സരത്തിന് യോഗ്യതയുണ്ടെന്നാണ് സംഘടനാ നിയമാവലിയില്‍ പറയുന്നതെന്നും ഒന്‍പത് സിനിമകള്‍ തന്റെ പേരില്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെന്നും സാന്ദ്ര തോമസ് വാദിച്ചിരുന്നു. എന്നാല്‍ പത്രിക തള്ളുകയാണ് ഉണ്ടായത്. അതേസമയം സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നതിന് സാന്ദ്രയ്ക്ക് തടസമില്ല.
 

Read more topics: # സാന്ദ്ര
sandra thomas film chamber election

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES