മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി യമുന. താരം അടുത്തിടെ വിവാഹിതയായത് എല്ലാം തന്നെ വാർത്തയായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ അർത്ഥവത്തായ വരികളുമായി എത്തിയിരിക്കുകയാണ് യമുന. ലോകത്തെ വീണ്ടും വൈറസ് കീഴടക്കാൻ തുടങ്ങുന്നു. ജീവിതം ശൂന്യമായി നിന്നിടത്തുനിന്നു നമ്മൾ പ്രതീക്ഷയോടെ കെട്ടിപ്പടുക്കാൻ ഒരുങ്ങുമ്പോഴേക്ക് മഹാമാരി വീണ്ടും നമ്മെ വിഴുങ്ങുവാൻ ഒരുങ്ങുന്നു. കരുതലും ജാഗ്രതയും വേണം നമ്മൾ ഓരോരുത്തർക്കും എന്ന് പറഞ്ഞു തുടങ്ങുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് താരം പങ്കുവച്ചിരിക്കുന്നത്.
ലോകത്തെ വീണ്ടും വൈറസ് കീഴടക്കാൻ തുടങ്ങുന്നു. ജീവിതം ശൂന്യമായി നിന്നിടത്തുനിന്നു നമ്മൾ പ്രതീക്ഷയോടെ കെട്ടിപ്പടുക്കാൻ ഒരുങ്ങുമ്പോഴേക്ക് മഹാമാരി വീണ്ടും നമ്മെ വിഴുങ്ങുവാൻ ഒരുങ്ങുന്നു. കരുതലും ജാഗ്രതയും വേണം നമ്മൾ ഓരോരുത്തർക്കും. നാളെ എന്നത് ഒരു പ്രതീക്ഷയാണ്, കഴിഞ്ഞത് ഒരു സ്വപ്നവും. യാഥാർഥ്യം ഈ കടന്നു പോകുന്ന നിമിഷങ്ങൾ മാത്രമാണ്. നമക്ക് കിട്ടുന്ന ഓരോദിനവും ഈശ്വരൻ തരുന്ന ബോണസാണ്.
കിട്ടുന്ന ഈ നിമിഷങ്ങൾ നല്ലതു ചിന്തിച്ചും നല്ല വാക്ക് ഉപയോഗിച്ചും നല്ല പ്രവർത്തികൾ ചെയ്തും ആരോടും വിദ്വേഷവും പകയും വയ്ക്കാതെ കടന്നു പോയാൽ ഓരോ നിമിഷവും സന്തോഷപ്രദവും സമാധാന പൂർണവുമായിരിക്കും. ഒരാളെയും വെറുക്കരുത്, ഒരാളെയും വെറുപ്പിക്കരുത്. ബൈബിൾ പറയുന്നു, മരണം നിഴൽ പോലെ കൂടെയുണ്ട്, കള്ളനെപ്പോലെ എപ്പോൾവേണമെങ്കിലും കടന്നുവരാം. ചുറ്റുമൊന്നു നോക്കൂ. വെട്ടിപ്പിടിച്ചവരെല്ലാം വെട്ടിപ്പിടച്ചത് എന്തെങ്കിലും കൂടെ കൊണ്ടുപോകുന്നുണ്ടോ.
മരണക്കിടക്കയിൽ കിടന്ന് ചെയ്ത തെറ്റുകൾ ഓർത്തു പശ്ചാത്തപിക്കുന്ന ജീവിതത്തിന് എന്താണ് അർഥം. സ്നേഹിക്കുവാനും കൊടുക്കുവാനും പ്രയത്നം ആവശ്യമെങ്കിൽ വെറുക്കാൻ ആത്മാവിനെ തന്നെ പണയം വെക്കേണ്ടി വരുന്നു. വാശിതീർക്കാൻ വെട്ടിപ്പിടിച്ചു ജീവിതം നയിക്കുന്നവർ ഹോമിക്കുന്നതു സ്വന്തം ആത്മാവിനെയാണ്.
നിങ്ങളോട് ആര് എന്ത് ചെയ്യരുത് എന്ന് ആഗ്രഹിക്കുന്നത് നിങ്ങളും മറ്റുള്ളവരോട് ചെയ്യാതിരിക്കുക. ചെയ്യുന്ന കർമത്തിന്റെ ഫലമാണ് ശിഷ്ടകാലം. അതനുഭവിക്കാൻ വേറൊരു ലോകത്തേക്കും പോകേണ്ടി വരില്ല. ഇനിയുള്ള ഓരോ നിമിഷവും നന്മകൾ മാത്രം ചിന്തിക്കുക പ്രവർത്തിക്കുക. ആത്മാവിനെ വിദ്വേഷത്തിൽ നിന്നും മോചിപ്പിക്കുക. നന്മകൾ മാത്രം നേർന്നുകൊണ്ട് നിങ്ങളുടെ, യമുനാ ദേവൻ