ഇന്ത്യയുടെ നയാഗ്ര അതാണ് ഹൊഗനക്കല്‍ വെള്ളച്ചാട്ടം. ഒരു കാട്ടു ഗ്രാമത്തില്‍ ഒളിച്ചിരിക്കുന്ന കാഴ്ചവിസ്മയം. കാടുകണ്ട് നാഗരികതയുടെ തിരക്കുകളില്ലാതെ ശാന്ത മനോഹരിയായ കാട്ടുകന്യകയുടെ കൂടെ [ കാവേരി നദി ] ഒരുദിവസം. തമിഴ്നാട്ടിലെ ധര്‍മ്മപുരി ജില്ലയിലുള്ള ഹൊഗനക്കല്‍ വെള്ളച്ചാട്ടം ഒരു വ്യത്യസ്ത യാത്രാനുഭവമായിരുന്നു. കൊച്ചിയില്‍നിന്നും പാലക്കാട്, കോയമ്പത്തൂര്‍, അവിനാഷി, ഈറോഡ്, മെട്ടൂര്‍ വഴി ഹൊഗനക്കല്‍ എത്താം. ഏകദേശം 400 k, m, ആണ് ദൂരം. ധര്‍മ്മപുരിയില്‍നിന്നും 50 k, m, ആണ്. ഗൂഗിള്‍ ഉള്ളതിനാല്‍ ആരോടും വഴി ചോദിക്കാതെ ഹൊഗനക്കല്‍ എത്തി. വണ്ടി ഹൊഗനക്കല്‍ നിന്നതും ആളുകള്‍ പൊതിഞ്ഞു. റൂം വേണോ, മസാജുചെയ്യണോ, നല്ല ഹോംസ്റ്റേ ഉണ്ട്, എന്നിങ്ങനെ ഒരായിരം കാര്യങ്ങളാണ് ഒറ്റശ്യാസത്തില്‍ അവര്‍ പറയുന്നത്. ഒരുവിധത്തില്‍ അവിടുന്ന് തടിതപ്പി വണ്ടി മാറ്റിനിര്‍ത്തി. ഉച്ചകഴിഞ്ഞാണ് ഹൊഗനക്കല്‍ എത്തിയത് അതിനാല്‍ ഇന്നിവിടെ തങ്ങി പിറ്റേന്ന് രാവിലെ തിരിച്ചുപോകാനാണ് പരിപാടി. ഒരുചായകുടിക്കാം എന്നോര്‍ത്ത് ഒരു ഹോട്ടലില്‍ കയറി. ഹോട്ടല്‍ എന്നുപറയാനൊന്നുമില്ല ചായകുടിച്ച് ഇറങ്ങിയപ്പോള്‍ ഒരു കൊച്ചു കുട്ടിവന്നു തോണ്ടി, സര്‍ എന്തെങ്കിലും തരണം. അവന്റെ മുഖം കണ്ടാല്‍ വളരെ ദയനീയമാണ്. എന്തെങ്കിലും കൊടുക്കണം എന്നാപിന്നെ ഇവനോട് ഇവിടുത്തെ കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കാമെന്ന് വിചാരിച്ച് വണ്ടിക്കടുത്തേക്ക് വിളിച്ചുകൊണ്ടുപോയി. പയ്യന്‍ കൂടെവരുന്നത്കണ്ട് ബാക്കിയുള്ളവര്‍ക്ക് ഇഷ്ട്ടമായില്ല എന്ന് തോന്നുന്നു.
പയ്യന്‍ കാണിച്ചു തന്ന ഒരു മാതിരികൊള്ളാവുന്ന ഒരു ലോഡ്ജില്‍ മുറിയെടുത്തു കുളിച്ചു ഫ്രഷ്ആയി പുറത്തിറങ്ങി. വൃത്തിഹീനമായ തെരുവുകളും, കടകളും നിരാശയോ വെറുപ്പോ കലര്‍ന്ന ഒരുതരം ഭാവമാണ് എല്ലാമുഖങ്ങളിലും. മീനവര്‍, വണ്ണിയവര്‍ സമുദായക്കാരാണ് ഇവിടെയുള്ളത്. വളരെ കഷ്ട്ടത അനുഭവിക്കുന്നവരാണ് ഇവരെന്ന് മുഖങ്ങള്‍ കണ്ടാല്‍ അറിയാം. വിദ്യാഭ്യാസമില്ലായ്മയാണ് പ്രധാന പ്രശ്നം, ഇതിന്‍റെ പോരായ്മ ഹോഗനക്കലില്‍ എങ്ങുമുണ്ട്. ശരിക്കും ഒരു കാട്ടുഗ്രാമമാണിത്. ടൂറിസ്റ്റുകള്‍ വളരെയധികം വരുന്ന സ്ഥലമാണിത്, എന്നാല്‍ അതിന്‍റെ ഉയര്‍ച്ചയൊന്നും ഇവിടെങ്ങും കാണുവാനില്ല. വെള്ളച്ചാട്ടം കാണുവാനുള്ള വഴിയിലൂടെ നടന്നു. ചുറ്റുമുള്ള കടകളില്‍ പുഴമീന്‍ പിടിച്ച് വലിയ കഷണങ്ങളാക്കി മുളകും മസാലയും പുരട്ടി വച്ചിരിക്കുന്നു. നമ്മള്‍ കാണിക്കുന്ന മീന്‍കഷണമെടുത്ത് അപ്പോള്‍ത്തന്നെ എണ്ണയില്‍ വറുത്തു തരുന്നു. കച്ചവടസ്ഥാപനങ്ങള്‍ മിക്കതും വണ്ണിയവര്‍ സമുദായയവും, മീന്‍പിടുത്തവും വഞ്ചിയാത്രയും മീനവര്‍ സമുദായവുമാണ് ചെയ്യുന്നത്. ഭൂരിപക്ഷം ആളുകളും ടൂറിസ്റ്റുകളെ ആശ്രയിച്ച് കഴിയുന്നവരാണ്. വെള്ളച്ചാട്ടം കാണുവാനുള്ള ടിക്കറ്റെടുത്ത് നടന്നു. പാറകെട്ടുകളില്‍ പുളഞ്ഞ് പരന്നൊഴുകുന്ന ജലം പെട്ടന്ന് താഴേക്ക് വീണ് വെള്ളചാട്ടമാകുന്നു. ഇവിടെ കുളിക്കുവാനായി കമ്പിവേലികെട്ടി സൗകര്യമൊരിക്കിയിരിക്കുന്നു. ഇവിടെയുള്ള പാലത്തില്‍ നിന്നുള്ള കാഴ്ച മനോഹരമാണ്. കാട്ടു ഗ്രാമമാണെങ്കിലും കാടിന്റെ വന്യസൗന്ദര്യവും, പൊട്ടിച്ചിരിച്ച് കലപില കൂട്ടിയൊഴുകുന്ന കാട്ടരുവിയും നമ്മുടെ കണ്ണും മനവും കുളിര്‍പ്പിക്കുന്നു. കാവേരി നദിയുടെ ഇരുകരകളും സത്ത്യമഗലം കാടുകളാണ്. ഒരുനാള്‍ വീരപ്പന്‍ വാണരുളിയ കാടുകള്‍. നദിയുടെ ഒരുകര കര്‍ണ്ണാടകവും, മറുകര തമിഴ് നാടും പങ്കിടുന്നു.
കുറെ കറങ്ങിത്തിരിഞ്ഞ് കുറച്ചു ഫോട്ടോകള്‍ എടുത്ത് കുട്ടവഞ്ചി സവാരിയുടെ കാര്യങ്ങള്‍ തിരക്കി. കുട്ടവഞ്ചി യാത്ര രണ്ടു വിധത്തിലുണ്ട്. വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തിനടുത്തുനിന്നും വെള്ളച്ചാട്ടത്തിനടുത്തു കൂടി കറങ്ങി ഒന്ന് ചുറ്റിവരുവാന്‍ രണ്ടു പേര്‍ക്ക് 800 രൂപയും, ഹോഗനക്കലില്‍ നിന്നും കാട്ടില്‍ കൂടിയുള്ള വഴിയില്‍ 3 k, m, പോയി തിരിച്ചു നദിയില്‍ കൂടി വഞ്ചിയില്‍ വരുന്ന സവാരിക്ക് 2000 രൂപയും ഉള്ള രണ്ടുതരം യാത്രകള്‍. 2000 രൂപയുടെ യാത്രയില്‍ വഞ്ചിക്കാരനുള്‍പ്പെടെ നാലുപേര്‍ക്ക് സഞ്ചരിക്കാം. തീരുമാനമെടുക്കാതെ മുറിയിലേക്ക് നടന്നു.
പോക്കുവെയിലില്‍ തിളങ്ങുന്ന കാട്ടുമരചില്ലകളും, കടകളില്‍ തെളിയുന്ന പഴയ റാന്തല്‍ വിളക്കുകളിലെ [ ചിലകടകളില്‍ ട്യൂബ് ലൈറ്റുകളുണ്ട് ] മഞ്ഞപ്രകാശത്തില്‍ ചലിക്കുന്ന ഇരുണ്ട മനുഷ്യരൂപങ്ങളും കൂടി ഏതോ കാല്പ്പനിക ലോകത്ത് ചെന്ന പ്രതീതി. ഉള്ളതില്‍ നല്ലൊരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാനിരുന്നു. അവിടെ കുറച്ചു മുമ്പു കണ്ട പയ്യന്‍ ഇരിക്കുന്നു, എന്നെ കണ്ടവന്‍ ചിരിച്ചുകാണിച്ചു. ഞാന്‍ കൊടുത്ത നിസാര പൈസയും, ലോഡ്ജുകാര്‍ കൊടുത്ത ടിപ്പുമായിരിക്കും ആ ചിരിയുടെ കാരണം. ഞാന്‍ ഭക്ഷണം കഴിച്ച് ആ പയ്യനെ വിളിച്ച് വഞ്ചിയാത്രയുടെ കാര്യം പറഞ്ഞു. സര്‍; പറ്റുമെങ്കില്‍ കുറച്ചു ദൂരെ വണ്ടിയില്‍ പോയി തിരികെ കുട്ട വഞ്ചിയില്‍ വരുന്ന യാത്രയാണ് നല്ലതെന്നും, അത് സാറിന് മറക്കാന്‍ പറ്റാത്ത യാത്രയയിരിക്കുമെന്നും പറഞ്ഞു. അവന്‍ തന്നെ രാവിലെ വഞ്ചിക്കാരനെ പറഞ്ഞു വിട്ടേക്കാമെന്നുമേറ്റു. ഹോട്ടലില്‍ നിന്നും നേരെ മുറിയില്‍ പോയി രാവിലെ 6 മണിക്ക് അലാറം വച്ച് കിടന്നു.