Latest News

താജ്മഹൽക്കാഴ്ചകൾ

ഷിബു തോവാള
താജ്മഹൽക്കാഴ്ചകൾ

താണ്ട് 115 വർഷങ്ങൾക്കുമുൻപ്, ബ്രിട്ടീഷുകാർ ഇന്ത്യാമഹാരാജ്യം മുഴുവൻ തങ്ങളുടെ കൈക്കരുത്തു കൊണ്ട് അടക്കിഭരിച്ചിരുന്ന കാലം. പൂർണ്ണചന്ദ്രന്റെ പാൽനിലാവെളിച്ചം നിറഞ്ഞു തുളുമ്പിയിരുന്ന ഓരോ പൗർണ്ണമിരാവുകളിലും, വിരിഞ്ഞുവരുന്ന ഒരു നിശാഗന്ധിപുഷ്പം പോലെ മനോഹരിയായ താജ്മഹൽ എന്ന വെണ്ണക്കൽ കൊട്ടാരത്തിന്റെ കവാടങ്ങൾ, ബ്രിട്ടീഷ് ഇൻഡ്യയിലെ ഒരു പ്രമുഖ വനിതയുടെ കാലൊച്ചകൾക്കായി കാതോർത്തു കിടക്കാറുണ്ടായിരുന്നു

പ്രണയത്തിന്റെയും വിരഹത്തിന്റെയും നേർത്ത നാദങ്ങൾമാത്രം ഒഴുകി നീങ്ങിയിരുന്ന ഈ മഹാത്ഭുതത്തെ നറുനിലാവിന്റെ പാലാഴിയിൽ കുളിപ്പിച്ച്, യമുനയുടെ ഓളങ്ങൾക്കു മുകളിലൂടെ പൂന്തിങ്കൾ പുഞ്ചിരി തൂകിയെത്തുമ്പോൾ, പ്രകൃതിയും മനുഷ്യനും കൈകോർത്തു രചിച്ച ഒരു സുന്ദരചിത്രമായിരുന്നു ഇവിടെ, ഈ നദിക്കരയിൽ ജന്മം കൊണ്ടിരുന്നത്. കണ്ണുകൾക്കുമുൻപിൽ ഒരു അനുഭൂതിയായി മാറി, മനസ്സിന്റെ ആഴങ്ങളിൽ പതിയുന്ന ആ ദൃശ്യത്തെ, നിസ്സാരമായ ചെറിയ വാക്കുകൾകൊണ്ട് മാത്രം എങ്ങനെയാണ് ഇവിടെ വർണ്ണിക്കുവാനാകുക? അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ലഭ്യമാകുന്ന ഒരു അസുലഭകാഴ്ച എന്നോ...? നയനാഭിരാമമായ ആ ദൃശ്യത്തെക്കുറിച്ച് എത്രയൊക്കെ വർണ്ണിച്ചാലും അത് ഒട്ടും അധികമാകില്ല എന്നതാണ് യാഥാർത്ഥ്യം. അത്രയും മനോഹരമായ എല്ലാ പൗർണ്ണമി സന്ധ്യകളിലും താജ്മഹലിനെ കൺകുളിർക്കെ ആസ്വദിക്കുവാൻ അപൂർവ്വഭാഗ്യം ലഭിച്ചിരുന്ന ആ വനിത, ഇൻഡ്യയുടെ അന്നത്തെ വൈസ്രോയിയായിരുന്ന കഴ്‌സൺപ്രഭുവിന്റെ ഭാര്യ, മേരി വിക്ടോറിയ ലയ്റ്ററായിരുന്നു. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കറുത്ത നിഴലിനടിയിലെ, ഒരിക്കലും അസ്തമിക്കാത്ത പ്രണയത്തിന്റെ ഈ മഹാത്ഭുതത്തിനു സമീപത്തേയ്ക്ക് അവരെ ആകർഷിച്ചതും മനസ്സിന്റെ കോണിൽ സൂക്ഷിച്ചുവച്ചിരുന്ന പ്രണയമായിരുന്നിരിക്കണം.

കാഴ്ചകളോടുള്ള പ്രണയം പൂത്തുലഞ്ഞ മനസ്സുമായി, ഓരോ വർഷവും ആഗ്രയിലേയ്ക്ക് ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് സഞ്ചാരികളിൽ പലരും, ഇന്നും പൗർണമിരാവുകളിലെ താജ്മഹൽക്കാഴ്ചകൾക്കായി ദിവസങ്ങളെണ്ണി കാത്തിരിക്കാറുണ്ട്.

എങ്കിലും കാലങ്ങൾക്കിപ്പുറം അനേകം പൂർണ്ണചന്ദ്രന്മാർ ഉദിച്ചുയർന്നിട്ടും, ഈ പൗർണ്ണമിരാവിന്റെ കാഴ്ചകൾക്കായി കാത്തിരിക്കുന്നവരിലേറെയും മേരി ലയ്റ്റർ പ്രതിനിധാനം ചെയ്യുന്ന വിദേശിസമൂഹം മാത്രമായി മാറുന്നു എന്നതാണ് ദൗർഭാഗ്യകരം.

അപൂർവ്വമായി എത്തുന്ന പൗർണ്ണമിരാവുകൾപോലെതന്നെ മനോഹരമാണ് താജ്മഹലിലെ ഓരോ പ്രഭാതവും. വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും 6:40-ന് താജ്മഹലിന്റെ കവാടങ്ങൾ സന്ദർശകർക്കു മുൻപിൽ തുറക്കപ്പെടുന്നു. ആ സമയത്ത് ഉള്ളിൽ കടക്കുന്നവർക്കുമാത്രം കിട്ടാവുന്ന ഒരു ഭാഗ്യം തന്നെയാണ് ഇളംവെയിലിന്റെ മഞ്ഞപട്ടുപുതച്ചുനിൽക്കുന്ന താജ്മഹലിന്റെ കാഴ്ച. അതുകൊണ്ടുതന്നെ സുഹൃത്തുക്കളെല്ലാവരും കമ്പിളിപ്പുതപ്പിനടിയിലേയ്ക്ക് ചുരുണ്ടുകൂടുമ്പോഴും, തുളച്ചുകയറുന്ന തണുപ്പിനെ വകവയ്ക്കാതെ, അതിരാവിലെതന്നെ  പ്രവീണുമൊത്ത് ടിക്കറ്റ് കൗണ്ടറിലേയ്ക്ക് നടന്നു.

ഹോട്ടലിൽനിന്നും കഷ്ടിച്ച് മൂന്നോ നാലോ മിനിറ്റ് നടന്നാൽ താജ്മഹലിന്റെ പ്രധാന ഗേറ്റിനടുത്തെത്താം. ഇരുവശങ്ങളിലും കരകൗശല‌വസ്തുക്കളുടെ വില്പനശാലകൾ തിങ്ങിനിറഞ്ഞ തെരുവുകൾ. ഇടുങ്ങിയ തെരുവീഥികൾ പിന്നിട്ട് ചെല്ലുമ്പോൾ, മുഗൾശില്പവിദ്യയുടെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഫത്തേപ്പുരി മസ്ജിദ് ആണ് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. ഷാജഹാന്റെ ഭാര്യമാരിലൊരാളായ ഫത്തേപ്പുരി ബീഗത്തിന്റെ പേരിലാണത്രെ  ഈ മസ്ജിദ് അറിയപ്പെടുന്നത്.

മസ്ജിദിന്റെ മനോഹരങ്ങളായ ചെറുതാഴികക്കുടങ്ങളും, മതിൽക്കെട്ടുകളും കുരങ്ങന്മാരുടെ കൂട്ടങ്ങൾ കൈയടക്കിയിരിക്കുകയാണ്. ഓമനത്തം തുളുമ്പുന്ന കുട്ടിക്കുരങ്ങന്മാർ തൂണുകളിലും വേലികളിലും ഊഞ്ഞാലാടി രസിക്കുന്നു. കുഞ്ഞുങ്ങൾക്ക് കാവലായി ജാഗ്രതയോടെ കാവലിരിക്കുന്ന അമ്മക്കുരങ്ങുകൾ. പല്ലിളിച്ച് ചീറിവന്ന് ഭയപ്പെടുത്തുവാൻ ശ്രമിക്കുന്ന വികൃതികളും, ചടഞ്ഞു കൂടിയിരിക്കുന്ന പടുവൃദ്ധന്മാരും ഏറെയുള്ള ഈ കൂട്ടങ്ങൾ,  ഇവിടെയെത്തുന്ന സന്ദർശകർക്ക് പലപ്പോഴും ഒരു ഭീഷണിയായി മാറുന്നുണ്ട്. 

മുഗൾവംശ ഭരണാധികാരികളുടെ കാലടികൾ പതിഞ്ഞ തെരുവീഥികളിലൂടെ ഒറ്റയ്ക്കും കൂട്ടമായും നീങ്ങുന്ന വിദേശികളായ സന്ദർശകർ. കണ്മുൻപിൽ കാഴ്ചയുടെ അപൂർവ്വ വിരുന്നൊരുക്കി പ്രഭാതസൂര്യന്റെ ചെങ്കതിരുകൾ താജ്മഹലിനെ പുണർന്നുനിൽക്കുന്ന മനോഹരമായ ദൃശ്യത്തെ മനസ്സിൽ നിറച്ച്, തിരക്കിട്ട് നീങ്ങുകയാണ് ഓരോ യാത്രികരും. പൂർണമായും പരിസ്ഥിതിക്കിണങ്ങുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഇലൿട്രിക്ക് കാറുകളും, ഒട്ടകവണ്ടികളും, കുതിരവണ്ടികളും നേരം പുലർന്നപ്പോൾ മുതൽ, വിദേശികളായ സന്ദർശകരെയും  വഹിച്ച് താജ്മഹലിലേയ്ക്കുള്ള യാത്രയ്ക്ക്  ആരംഭം കുറിച്ചിരുന്നു.

6:30-ആയപ്പോൾതന്നെ ടിക്കറ്റ്കൗണ്ടറിന് സമീപത്തെ തിരക്ക് ഏറെ വർദ്ധിച്ചു തുടങ്ങി. എല്ലാവർക്കുമുള്ള ടിക്കറ്റ് വാങ്ങി ഹോട്ടലിൽ മടങ്ങിയെത്തുമ്പോഴും സുഹൃത്തുക്കളിൽ പ്രവീണും, ദേവേന്ദറും ഒഴികെയുള്ളവർ കമ്പിളിപ്പുതപ്പിനടിയിലാണ്. യാത്രകളിൽ ഏറെസമയം  ഉറക്കത്തിനായി മാത്രം ചിലവഴിക്കുന്നവരെ കാത്തിരിക്കുന്ന സ്വഭാവം പണ്ടുമുതൽക്കെ  ഇല്ലാത്തതിനാൽ, അവർക്കുള്ള ടിക്കറ്റുകൾ മുറിയിൽ വച്ചശേഷം ഞങ്ങൾ മൂന്നുപേരും താജ്മഹലിലേയ്ക്കു യാത്രയായി.

ഇവിടെ നാഷണൽ സെക്യൂരിറ്റി ഗാർഡുകൾ കൺചിമ്മാതെ  കാവൽനിൽക്കുന്ന മതിൽക്കെട്ടുകൾ, താജ്മഹലിനെ ഒരു കനത്ത സുരക്ഷാകവചം പോലെ വലയം ചെയ്തു നിൽക്കുന്നു. ആദ്യം മെറ്റൽഡിറ്റക്ടറിനുള്ളിലൂടെയുള്ള നുഴഞ്ഞുകയറ്റം, പോലീസുകാരുടെ മസ്സാജിംഗ്, ബാഗ് പരിശോധനകൾ. മുംബൈയിൽ നടന്ന ഭീകരാക്രമണത്തിനുശേഷം, സുരക്ഷയെ മുൻനിർത്തിയുള്ള പരിശോധനകൾ ഇവിടെ പഴുതില്ലാത്തവിധം കർശനമാക്കിയിരിക്കുകയാണ്. പരിശോധനകൾക്കുശേഷം തിരക്കുപിടിച്ചുനടക്കുന്ന വിദേശികളുടെ സംഘങ്ങൾക്കൊപ്പം ഉള്ളിലേയ്ക്ക് കടക്കുമ്പോൾത്തന്നെ ഉദയസൂര്യന്റെ രശ്മികൾ താജ്മഹലിന് മുകളിൽ എത്തിക്കഴിഞ്ഞിരുന്നു. ആരുടെയും ശ്രദ്ധപിടിച്ചുപറ്റുന്ന, മനോഹരമായ പ്രധാനകവാടത്തിന്റെ (Darwaza-i-rauza) കാഴ്ചകൾപോലും മാറ്റിവച്ച് ഞങ്ങൾ ഉള്ളിലേയ്ക്ക് കടന്നു.

ഇരുട്ടുനിറഞ്ഞ കവാടത്തിനുള്ളിലൂടെ കയറിയെത്തുമ്പോൾത്തന്നെ കാത്തുകാത്തിരുന്ന ആ മനോഹരദൃശ്യം കണ്മുൻപിലേയ്ക്ക് തെളിഞ്ഞുവന്നു. തൂവെണ്മ നിറഞ്ഞ മാർബിൾശിലകളിൽ വരഞ്ഞെടുത്ത, ലോകത്തിനു മുൻപിൽ ഇൻഡ്യയുടെ അടയാളമായിത്തന്നെ നിലകൊള്ളുന്ന താജ്മഹൽ എന്ന പ്രണയസ്മാരകം. മേഘക്കീറുകൾക്കിടയിലൂടെ സാവധാനം ഒഴുകിയെത്തിയ സൂര്യരശ്മികൾ, വെൺതാഴികക്കുടങ്ങൾക്ക് മുകളിലൂടെ സ്വർണ‌വർണ്ണം പൂശിയപ്പോൾ, താജ്മഹലിന്റെ അപൂർവ്വമായൊരു സൗന്ദര്യമായിരുന്നു കാണുവാൻ കഴിഞ്ഞത്. വാക്കുകൾകൊണ്ട് വർണിക്കുവാനാകാത്ത ഒരു വിസ്മയക്കാഴ്ചയെന്നു മാത്രമേ ആ നിമിഷത്തേക്കുറിച്ച് പറയുവാനാകൂ. മനവും, മിഴിയും നിറഞ്ഞുനിൽക്കുന്ന ആ സൗന്ദര്യം കൺകുളിർക്കെ കണ്ടാസ്വദിച്ചുകൊണ്ടുതന്നെ ഞങ്ങൾ മുൻപോട്ടു നടന്നു.

പ്രധാന ഗേറ്റിൽനിന്നും താജ്മഹലിന് സമീപംവരെ നീണ്ടുകിടക്കുന്ന വെള്ളച്ചാലിന് ഇരുവശങ്ങളിലുമായി രണ്ട് നടപ്പാതകളാണുള്ളത്. പേർഷ്യൻ ഉദ്യാനശൈലിയിൽ നിർമ്മിക്കപ്പെട്ട ചാർബാഗ് ഉദ്യാനം ഈ നടപ്പാതയുടെ ഇരുവശങ്ങളിലുമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു. പൂർണ്ണമായും മുഗൾശൈലിയിൽ നിർമ്മിക്കപ്പെട്ടിരുന്ന ഈ ഉദ്യാനം, ഇന്ന് യൂറോപ്യൻ ശൈലിയിലാണ് കാണുവാൻ സാധിക്കുക. 1857-ലെ ശിപായി ലഹളയുടെ സമയത്ത് നശിപ്പിക്കപ്പെട്ട താജ്മഹലും, ഉദ്യാനവും, പത്തൊൻപതാം നൂറ്റാണ്ടിൽ വൈസ്രോയി ആയിരുന്ന കഴ്‌സൺപ്രഭുവിന്റെ നിർദ്ദേശപ്രകാരം പുനർനിർമ്മിക്കപ്പെടുകയായിരുന്നു. ആ സമയത്താണ് മുഗൾശൈലിയിൽനിന്നും തികച്ചും വ്യത്യസ്തമായ, യൂറോപ്യൻമാതൃകയിലുള്ള ഇന്നു കാണുന്ന പൂന്തോട്ടം രൂപമെടുത്തത്.

പച്ചപ്പുതപ്പ് വിരിച്ചതുപോലെയുള്ള പുൽത്തകിടികളും, പൂച്ചെടികളും, മനോഹരമായി വെട്ടിയൊരുക്കിയ ചെറുമരങ്ങളും ഒന്നുചേരുമ്പോൾ പൂന്തോട്ടത്തിന്റെ ഭംഗി ഏറെ വർദ്ധിക്കുന്നു. സ്വർഗ്ഗത്തിൽനിന്നും ഉത്ഭവിക്കുന്ന പിഷോൺ, ഗിഹോൺ, യൂഫ്രട്ടീസ്, ടൈഗ്രിസ് എന്നീ നാലു നദികളെ പ്രതിനിധാനം ചെയ്യുന്ന വെള്ളച്ചാലുകൾ, ഉദ്യാനത്തെ നാലുഭാഗങ്ങളായി വിഭജിക്കുന്ന വിധത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ വെള്ളച്ചാലുകളുടെ മധ്യഭാഗത്തായി Hawd-al-kawthar എന്ന പേരിലുള്ള മാർബിൾനിർമ്മിതമായ കുളം സ്ഥിതി ചെയ്യുന്നു. താജ്മഹലിന്റെ മനോഹരമായ ചിത്രങ്ങൾ പകർത്തുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഈ കുളത്തിനോട് ചേർന്നുള്ള പ്ലാറ്റ്ഫോം. അതുകൊണ്ടുതന്നെ സന്ദർശകരുടെ തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെട്ടിരുന്നതും ഇവിടെയാണ്.

താജ്മഹലിനുള്ളിലേയ്ക്ക് കയറുമ്പോൾതന്നെ അനവധി ഫോട്ടോഗ്രാഫർമാരാണ് സന്ദർശകരെ ചുറ്റിപ്പറ്റി എത്തിച്ചേരുന്നത്. അവരിൽ ഏറിയ പങ്കും മനോഹരമായ ചിത്രങ്ങൾ പകർത്തി നൽകുന്നതും, ഈ പ്ലാറ്റ്ഫോമിന് സമീപത്തുനിന്നാണ്. അത്തരത്തിലുള്ള ചില ചിത്രങ്ങൾ പകർത്തു‌വാനായി, യാത്രികർ നടത്തുന്ന ശ്രമങ്ങളും അതീവ രസകരമായാണ് അനുഭവപ്പെട്ടത്. ചിലർ പ്ലാറ്റ്ഫോമിനു മുകളിൽനിന്ന് ചാടുന്നു. മറ്റു ചിലർ താഴികക്കുടത്തിനു മുകളിൽ പിടിച്ചുകൊണ്ട് നിൽക്കുന്നു. വേറെ ചിലർ താജ്മഹലിനെ ആലിംഗനം ചെയ്തു നിൽക്കുന്നു. മനസ്സിൽ മുളപൊട്ടുന്ന ഓരോ ആശയങ്ങൾക്ക്, ചിത്രങ്ങളിലൂടെ ജീവൻ കൊടുക്കുകയാണവർ. വർഷങ്ങൾ പിന്നിട്ടുകഴിയുമ്പോൾ, താജ്മഹലിന്റെ മധുരസ്മരണകളിലൂടെ ഒരു യാത്രയ്ക്കായി മനസ്സുകൊണ്ട്  ആഗ്രഹിക്കുമ്പോൾ, കൈപിടിച്ചു നടത്തുവാനായി ഈ ചിത്രങ്ങളെങ്കിലും കൂട്ടിനുണ്ടാവുമല്ലോ.

അല്പനേരം ഇത്തരത്തിലുള്ള കാഴ്ചകൾ ആസ്വദിച്ചും, ചിത്രങ്ങൾ പകർത്തിയും സമയം ചിലവഴിച്ചശേഷം ഞങ്ങൾ താജ്മഹലിനടുത്തെത്തി. സ്മാരകത്തിന്റെ ഉള്ളിലേയ്ക്ക് ചെരിപ്പുകൾ ധരിച്ച് പ്രവേശിക്കുവാൻ അനുവാദമില്ല. തുച്ഛമായ നിരക്കിൽ അവ സൂക്ഷിക്കുവാനുള്ള സൗകര്യം, നടപ്പാതയോട് ചേർന്നുതന്നെ ഒരുക്കിയിട്ടുണ്ട്. പാദ‌രക്ഷകൾ ധരിക്കണമെന്ന് നിർബന്ധം പിടിക്കുന്നവർക്ക്, അതിനു മുകളിലൂടെ ധരിക്കുവാൻ പ്ലാസ്റ്റിക്ക് കവർ പോലുള്ള കാലുറകളും അവിടെ ലഭ്യമാണ്. വിദേശികളിൽ ഏറെ‌യും ഇത്തരം കാലുറകൾ ധരിച്ചാണ് താജ്മഹലിന്റെ  ഉള്ളിലേയ്ക്ക് കയറിയിരുന്നത്.

സൂക്ഷിപ്പുകാരന്റെ പക്കൽ ചെരിപ്പുകൾ ഏൽപ്പിച്ചശേഷം ഞങ്ങളും താജ്മഹലിന്റെ ഉള്ളിലേയ്ക്ക് കയറി. കൊത്തുപണികൾ നിറഞ്ഞ വാതിൽ പിന്നിട്ട്, മാർബിൾകല്ലുകൾ പാകിയ നടകളിലൂടെ വേണം പ്ലാറ്റ്ഫോമിനു മുകളിലെത്താൻ. 18 അടിയോളം ഉയരമുള്ള ഈ പ്ലാറ്റ്ഫോമിന്റെ മദ്ധ്യത്തിലാണ്, ലോകത്തിന്റെ കണ്ണുകളിൽ വിസ്മയമായി മാറിയ താജ്മഹൽ തലയുയർത്തി നിൽക്കുന്നത്. താജ്മഹലിന്റെ അനുപമ സൗന്ദര്യത്തിലേയ്ക്ക് മനസ്സ് മയങ്ങിവീഴുന്നതിനു മുൻപേ, പൂന്തോട്ടത്തിന്റെ കാഴ്ചകളിലേയ്ക്ക് ഒരു നിമിഷം തിരിഞ്ഞു നോക്കി. ഇവിടെനിന്ന് കാണുമ്പോൾ  ഉദ്യാനത്തിന്റെ നയനാഭിരാമമായ ഹരിതവർണഭേദങ്ങൾ, പുലർകാലസൂര്യന്റെ അകമ്പടിയോടുകൂടെ കണ്ണുകളിലേയ്ക്ക് തുളച്ചുകയറുന്നതു പോലെ.

ഇനിയുള്ള  സമയങ്ങൾ താജ്മഹലിന്റെ കാഴ്ചകൾക്കുവേണ്ടിയുള്ളതാണ്. സന്ദർശകരുടെ തിരക്ക്  വർദ്ധിക്കുന്നതിനുമുൻപേ തന്നെ ഉള്ളിലുള്ള കാഴ്ചകൾ കണ്ട് പുറത്തിറങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. 'ഉള്ളിൽ ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു' എന്ന ബോർഡിനോടൊപ്പം, ക്യാമറ ഓഫ് ചെയ്യുവാനുള്ള സെക്യൂരിറ്റിയുടെ നിർദ്ദേശവും കയറിയെത്തിയ ഉടൻതന്നെ ലഭിച്ചു. മുൻയാത്രകളിൽ ഒന്നുംതന്നെ ഫോട്ടോഗ്രഫി നിരോധനം എന്ന പ്രശ്നം അനുഭവപ്പെട്ടിരുന്നില്ല. ശവകുടീരം ഉൾപ്പടെ അന്നു പകർത്തിയ അനേകം ചിത്രങ്ങൾ കൈവശം ഉള്ളതിനാൽ ഇത്തവണ കാര്യമായ നിരാശ തോന്നിയതുമില്ല. ക്യാമറ ഓഫ് ചെയ്ത് ബാഗിനുള്ളിൽ വച്ചശേഷം കാഴ്ചകളിലേയ്ക്ക് കടന്നു.

ഷാജഹാന്റെയും മുംതാസിന്റെയും ഈ അന്ത്യവിശ്രമസ്ഥാനം തൂവെള്ള മാർബിളിൽ തീർത്ത ചിത്ര-ശില്പ വിദ്യകൾകൊണ്ട് സമ്പന്നമാണ്. അതിസൂക്ഷ്മമായി തീർത്തിരിക്കുന്ന ശില്പവിദ്യകളുടെ സങ്കീർണത എന്തെന്നറിയണമെങ്കിൽ കല്ലറകളുടെ ചുറ്റുമുള്ള മാർബിൾജാലികളിലേയ്ക്ക് ഒരു നിമിഷം ഒന്നു കണ്ണോടിച്ചാൽ മതിയാകും; ഒപ്പം ശവക്കല്ലറകളിലേയ്ക്കും. ആധുനിക സാങ്കേതികവിദ്യകളുടെയൊന്നും സഹായമില്ലാതെ, കൂറ്റൻ മാർബിളുകളിൽനിന്നും കൊത്തിയെടുത്തിരിക്കുന്ന വള്ളികളും, പൂവുകളുമടങ്ങിയ ജാലികളിലെ ശില്പവിദ്യകളുടെ സൗന്ദര്യം ഒന്നുമാത്രം മതിയാകും താജ്മഹലിന്റെ കീർത്തി ലോകമെങ്ങും പരന്നതിന്റെ കാരണമെന്തെന്നും മനസ്സിലാകുവാൻ. അതുപോലെ തന്നെ, അതിസൂക്ഷമമായി വിവിധ വർണ്ണങ്ങളിലുള്ള മാർബിളുകളിൽ തീർത്തിരിക്കുന്ന ചിത്രവിദ്യകൾ, ശവക്കല്ലറകളെയും മനോഹരമാക്കുന്നു.

കാഴ്ചക്കാരുടെ കണ്ണുകൾക്കു വിരുന്നായി, ശില്പചാരുതയുടെ മായികപ്രപഞ്ചത്തിനു നടുവിൽ സ്ഥിതിചെയ്യുന്ന ഈ കല്ലറകൾ യഥാർത്ഥത്തിൽ കാഴ്ചക്കാർക്കുവേണ്ടി നിർമ്മിച്ചിരിക്കുന്ന  മാതൃകകൾ മാത്രമാണ്. ഈ മാതൃകകൾക്ക് താഴെ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഭൂഗർഭ അറകളിലെ കല്ലറകളിലാണ് മുംതാസും, ഷാജഹാനും പുണ്യസ്ഥലമായ മക്കയിലേയ്ക്ക് തിരിഞ്ഞ്, ഒരിക്കലും ഉണരാത്ത അവസാന നിദ്രയിലാഴ്ന്നുകിടക്കുന്നത്. യഥാർത്ഥ കല്ലറകളെ കാഴ്ചവസ്തുക്കളാക്കി പ്രദർശിപ്പിക്കുവാൻ പാടില്ല എന്ന വിശ്വാസം നിലനിന്നിരുന്നതിനാൽ, താജ്മഹലും, ഡൽഹിയിലെ ഹുമയൂണിന്റെ ശവകുടീരമുൾപ്പടെയുള്ള പല സ്മാരകങ്ങളിലും ഇത്തരത്തിലുള്ള മാതൃകകൾ(Cenatoph-ശൂന്യമായ കല്ലറ) മാത്രമാണ് സന്ദർശകർക്ക് കാണുവാൻ സാധിക്കുക.

ചില പ്രത്യേക ദിവസങ്ങളിൽ നടത്തപ്പെടുന്ന പ്രാർത്ഥനകൾക്കായി മാത്രമേ, യഥാർത്ഥ കല്ലറകൾ സ്ഥിതിചെയ്യുന്ന മുറികൾ തുറക്കപ്പെടാറുള്ളു എന്ന് പറയപ്പെടുന്നു.

താജ്മഹലിന്റെ മുറികളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി ഞങ്ങൾ പുറത്തേയ്ക്കിറങ്ങി. ബാക്കിയുള്ള സുഹൃത്തുക്കൾ ഇതുവരെ താജ്മഹലിന്റെ സമീപത്തേയ്ക്കുപോലും എത്തിയിട്ടില്ല. അവർ എത്തുന്നതുവരെ താജ്മഹലിന്റെ പിൻഭാഗത്ത്, യമുനയുടെ സൗന്ദര്യമാസ്വദിക്കാവുന്ന വിധം തയ്യാറാക്കിയിരിക്കുന്ന ബഞ്ചുകളിൽ അല്പനേരം ഞങ്ങൾ ഇരിപ്പുറപ്പിച്ചു.

ഖുറം രാജകുമാരൻ എന്ന ഷാജഹാൻ, അർജുമാൻസ് ബാനു എന്ന പ്രിയപ്പെട്ട മുംതാസിനുവേണ്ടി ഈ സ്മാരകം പണിതുയർത്തുമ്പോൾ എന്തൊക്കെയാവണം ആഗ്രഹിച്ചിട്ടുണ്ടാവുക ? തനിക്ക് ഏറ്റവും പ്രിയപ്പെട്ടവളോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ അടയാളമായ ഈ സ്മാരകം, ഇതേ പ്രൗഡിയോടെ,  പ്രപഞ്ചത്തിന്റെ അവസാനകാലത്തോളം, മനോഹരിയായ യമുനാ നദിക്കരയിൽ തലയുയർത്തി നിൽക്കണം എന്നു മാത്രമായിരിക്കണം ഒരു പക്ഷെ അദ്ദേഹം അന്ന് ചിന്തിച്ചിരിക്കുക. പക്ഷെ 20000-ത്തോളം വരുന്ന തൊഴിലാളികളുടെ ചുടുരക്തം,22-ഓളം വർഷങ്ങൾ വിയർപ്പുതുള്ളികളായി ഈ മണ്ണിൽ ഉരുകിത്തീർന്നപ്പോൾ - ഒരു സുൽത്താന്റെ പ്രണയസാക്ഷാത്ക്കാരത്തിനായി ഉത്തരേന്ത്യയിലെ കൊടുംചൂടിൽ അവരിൽ പലരും അടിമക്കളേപ്പോലെ മരിച്ചുവീണപ്പോൾ, ആ രക്തത്തുള്ളികളുടെയും, കണ്ണുനീരിന്റെയും ചൂട്, ഏതൊരു തീക്ഷ്ണമായ പ്രണയത്തിനും ഏറെ മുകളിലാണെന്ന് മനസ്സിലാക്കുവാൻ അന്ന് ഷാജഹാനു് കഴിഞ്ഞിട്ടുണ്ടാകില്ല.

ഇവിടെനിന്ന് ദൂരേയ്ക്ക് നോക്കിയാൽ, യമുനാ നദിയ്ക്കക്കരെ  ആഗ്രാകോട്ടയുടെ ചുവപ്പുനിറം തെളിഞ്ഞു കാണാം. ആ കോട്ടയിലായിരുന്നു ഒരു കുറ്റവാളിയെപ്പോലെ ഷാജഹാൻ തന്റെ ജീവിതത്തിന്റെ അവസാനകാലങ്ങൾ കഴിച്ചുകൂട്ടിയിരുന്നത്. കാലങ്ങൾക്കപ്പുറം ആ കോട്ടയിൽ സ്വന്തം മകൻ തീർത്ത  കാരാഗൃഹത്തിനോട് ചേർന്നുള്ള ജാസ്മിൻ മഹലിൽനിന്നുകൊണ്ട് വിദൂരതയിൽ താജ്മഹൽ നോക്കിക്കണ്ടിരുന്നപ്പോഴെങ്കിലും, താജ്മഹലിന്റെ അടിത്തറയ്ക്ക് ഉറപ്പേകിയ വിയർപ്പുതുള്ളികളുടെയും, കണ്ണൂനീരിന്റെയും ഉപ്പുരസം ഷാജഹാൻ ചക്രവർത്തി രുചിച്ചിട്ടുണ്ടാകണം.

ഇന്ന് ഏതോ ശാപം പോലെ താജ്മഹൽ, വിവാദങ്ങളുടെയും നാശത്തിന്റെയും വഴിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. 1857-ലെ ശിപായിലഹളയുടെ സമയത്ത്, താജ്മഹലിന്റെ ഭിത്തികളെ അലങ്കരിച്ചിരുന്ന വിലപിടിച്ച രത്നക്കല്ലുകൾ ഏതാണ്ട് മുഴുവനായിത്തന്നെ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർ ഇളക്കിയെടുത്തിരുന്നു. മഥുര ഓയിൽ റിഫൈനറിയിൽനിന്നും പുറന്തള്ളിയിരുന്ന വാതകങ്ങൾ സൃഷ്ടിക്കുന്ന ആസിഡ് മഴയും, അന്തരീക്ഷ മലിനീകരണവും താജ്മഹലിന്റെ ധവളശോഭക്കുമേൽ മഞ്ഞനിറം വീഴ്ത്തിക്കഴിഞ്ഞു. ആകാശനീലിമയുടേ തെളിമയോടെ ഒഴുകിയിരുന്ന യമുനാനദി, നഗരമാലിന്യങ്ങളുടെ ആധിക്യം മൂലം, ലോകത്തിലെതന്നെ ഏറ്റവും മലിനമാക്കപ്പെട്ട നദികളിലൊന്നായി മാറിക്കഴിഞ്ഞു. കാര്യമായ പരിരക്ഷ ഈ നദിക്ക് ഉടൻ ലഭിക്കുന്നില്ലെങ്കിൽ, ഇങ്ങനെ ഒരു നദി ഇവിടെ ഉണ്ടായിരുന്നുവെന്ന്,  വരുംതലമുറകൾക്ക് പുസ്തകത്താളുകളിൽനിന്നും മനസ്സിലാക്കേണ്ടതായി വരും.

 

ഇതിനൊക്കെപ്പുറമെയാണ് പുരുഷോത്തം നാഗേഷ് ഓക് (P.N.Oak) എന്ന ഗ്രന്ഥകാരൻ, താജ്മഹലിനുമേൽ ഉയർത്തിക്കൊണ്ടുവന്ന ചില ആരോപണങ്ങൾ. ജയ്പ്പൂർ മഹാരാജാവായിരുന്ന ജയ്സിംഗ്ഗിന്റെ അധീനതയിലായിരുന്ന 'തേജോ മഹാലയ' എന്ന ശിവക്ഷേത്രം  ഷാജഹാൻ പിടിച്ചെടുത്ത് താജ്മഹലാക്കി പുനർനിർമ്മിക്കുകയായിരുന്നു എന്ന അദ്ദേഹത്തിന്റെ വാദം ഏറെ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. 1965-പുറത്തിറങ്ങിയ 'Tajmahal-The True Story' എന്ന പുസ്തകത്തിലൂടെ താജ്മഹലിനെക്കുറിച്ചുള്ള  ഈ വാദഗതികളെ, അദ്ദേഹം പൊതുജനങ്ങൾക്കു മുൻപാകെ അവതരിപ്പിച്ചു. താജ്മഹലിനെ ഒരു ഹൈന്ദവസ്മാരകമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഓക്, സുപ്രീം കോടതിയെ സമീപിച്ചിരുന്നുവങ്കിലും, 2000-ൽ കേസ് പരിഗണനയ്ക്കെടുത്ത കോടതി, അദ്ദേഹത്തിന്റെ ആവശ്യം തള്ളിക്കളയുകയാണ്  ചെയ്തത്.

കറുത്തനിറം കലർന്ന്  ഒഴുകുന്ന യമുനയുടെ കാഴ്ചകളിലേയ്ക്ക് നോക്കി ഏറെനേരം ഞങ്ങൾ അവിടെ ഇരുന്നു. ഇരുകരകളിലെയും കൃഷിഭൂമികൾക്ക് വളക്കൂറ് നൽകി, ശാലീനവും ഗംഭീരവുമായി ഒഴുകിയിരുന്ന യമുന ഇന്ന് എത്ര മാത്രം ശോഷിച്ചുപോയിരിക്കുന്നു... അതിന്റെ വ്യാപ്തി മനസ്സിലാക്കണമെങ്കിൽ ഇരുവശങ്ങളിലായി തെളിഞ്ഞുകിടക്കുന്ന മണൽപ്പരപ്പിന്റെ വിസ്തൃതിയിലേയ്ക്ക് ഒന്ന് കണ്ണോടിച്ചാൽ മതിയാകും. ആഗോളതാപനവും, ജലമലിനീകരണവും ഇത്തരത്തിൽ വർദ്ധിച്ചുവന്നാൽ, കാലം അധികം മുൻപോട്ടുപോകുന്നതിനുമുൻപേ ഇത്തരത്തിലുള്ള അനവധി നദികൾ ഭൂമിയിൽനിന്നും അപ്രത്യക്ഷമാകും എന്നതിന്റെ വ്യക്തമായ തെളിവായി യമുനാനദി മാറിക്കഴിഞ്ഞിരിക്കുന്നു.

 

സമയം കടന്നുപോകും തോറും താജ്മഹലിന്റെ സമീപത്തെ തിരക്ക് ഏറി വരികയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ - വിവിധ ഭാഷ സംസാരിക്കുന്നവർ, ജാതി, മതം, നിറം, സംസ്കാരം എല്ലാറ്റിലും വ്യത്യസ്തത പുലർത്തുന്ന ഓരോ വ്യക്തിയും ഈ സ്മാരകത്തിന്റെ മനോഹാരിതയ്ക്കുമുൻപിലെത്തുമ്പോൾ, എന്തും കൗതുകത്തോടെ വീക്ഷിക്കുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ മനസ്സുള്ളവനായിത്തീരുകയാണ്. ആദ്യമായി ഇവിടെ എത്തുന്ന ഏതൊരു സന്ദർശകന്റെയും കണ്ണുകളിൽ നോക്കിയാൽ, കുഞ്ഞുനയനങ്ങളിൽ മാത്രം വിരിയുന്ന അതേ അത്ഭുതവും ആശ്ചര്യവും, നമുക്ക് തെളിഞ്ഞുകാണാം.

താജ്മഹലിന്റെ കാഴ്ചകൾ അവസാനിപ്പിച്ച് ഞങ്ങൾ മസ്ജിദിന്റെ സമീപത്തേയ്ക്കു നടന്നു. ഹോട്ടലിൽ കിടന്നുറങ്ങിയിരുന്ന സുഹൃത്തുക്കളും ഇതിനിടയിൽ എത്തിച്ചേർന്നിരുന്നു. താജ്മഹലിലെ കാഴ്ചകൾ കണ്ടശേഷം പുറത്തേയ്ക്കിറങ്ങിയ അവരോടൊപ്പം നിന്ന് വെണ്ണക്കൽസ്മാരകത്തിന്റെ പശ്ചാത്തലത്തിൽ കുറച്ച് ചിത്രങ്ങൾകൂടി പകർത്തി.

 

1643-ൽ നിർമ്മാണം പൂർത്തീകരിക്കപ്പെട്ട മസ്ജിദും, അതിനോടനുബന്ധിച്ച് നിലകൊള്ളുന്ന മറ്റു സ്മാരകങ്ങളും നിർമ്മിച്ചത് ഷാജഹാൻ ചക്രവർത്തിയാണ് . മുഗൾഭരണകാലത്ത് വടക്കേഇൻഡ്യയിൽ നിർമ്മിക്കപ്പെട്ട ഏതാണ്ട് എല്ലാ സ്മാരകങ്ങളെയുംപോലെ, ചുവന്ന മണൽക്കല്ലാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെങ്കിലും, ശില്പവിദ്യകൾ, താജ്മഹലിലെ കലാസൃഷ്ടികളോട് സാദൃശ്യമുള്ളവയാണ്. ഏതാണ് അഞ്ഞൂറിലധികം ആളുകൾക്ക് ഒരേസമയം നിസ്കരിക്കുവാനുള്ള സൗകര്യമുള്ള പ്രാർത്ഥനാമുറിയും, മാർബിളിൽതീർത്ത മൂന്ന് താഴികക്കുടങ്ങളുമാണ് ഈ മസ്ജിദിന്റെ പ്രധാന പ്രത്യേകത.

അല്പസമയം മസ്ജിദിന്റെ കാഴ്ചകൾ ആസ്വദിച്ചുനടന്നശേഷം യമുനയുടെ തീരത്തോട് ചേർന്ന് ഞങ്ങൾ നടന്നു. താജ്മഹലിന്റെ മറുവശത്ത്, മസ്ജിദിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഗസ്റ്റ്‌ഹൗസ് ആയിരുന്നു ഇനി കാണുവാനുണ്ടായിരുന്നത്. പല രേഖകളിലും ഗസ്റ്റ്‌ഹൗസ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നതെങ്കിലും, ചരിത്രകാരന്മാർ പല രീതിയിലാണ് ഈ സ്മാരകത്തെ നിർവ്വചിച്ചിരിക്കുന്നത്. എങ്കിലും താജ്മഹൽ ഉൾപ്പടെയുള്ള സ്മാരകങ്ങളുടെ കാഴ്ചാസുഖത്തിന്റെ താളം ക്രമീകരിക്കുന്നതിനുവേണ്ടി നിർമ്മിച്ചതാണെന്ന വാദമാണ് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

മസ്ജിദിനും ഗസ്റ്റ്‌ഹൗസിനും പുറമെ ഷാജഹാന്റെ മറ്റു ഭാര്യമാരുടെയും, മുംതാസിന്റെ പ്രിയപ്പെട്ടവളായിരുന്ന ദാസിയുടെയും ശവകുടീരങ്ങൾ, താജ്മഹലിനു സമീപത്തായി സ്ഥിതി ചെയ്യുന്നുണ്ട്. സമയക്കുറവുമൂലം അവയോടൊപ്പം സമീപത്ത് സ്ഥിതിചെയ്തിരുന്ന മ്യൂസിയത്തിന്റെ കാഴ്ചകൾ, ഇത്തവണയും ഒഴിവാക്കേണ്ടതായി വന്നത് മാത്രം, അല്പം നിരാശയ്ക്ക് ഇടയാക്കി.

സമയം പന്ത്രണ്ടോടടുത്തിരുന്നു. പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം ഹോട്ടലുകളിൽനിന്നും 12- മണിയോടെ ചെക്ക് ഔട്ട് ചെയ്യണമെന്നത് നിർബന്ധമാണ്. സീസൺ അല്ലാത്തതിനാലാകാം ഞങ്ങൾക്ക് 1:30 വരെ സമയം ലഭിച്ചിരുന്നു. എങ്കിലും ഹോട്ടലിലെത്തി സാധനസമഗ്രികൾ പായ്ക്ക് ചെയ്യുവാനുള്ള സമയമേ ഇനി അവശേഷിക്കുന്നുള്ളു. കൂടാതെ മടക്കയാത്രയിൽ സിക്കന്ദ്രയിലെ അക്ബറിന്റെ ശവകുടീരം കൂടി സന്ദർശിച്ചശേഷം രാത്രിയാവുന്നതിനു മുൻപായി ഡൽഹിയിൽ തിരിച്ചേത്തേണ്ടതുമുണ്ട്. സമീപത്തെ കാഴ്ചകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി, എല്ലാവരും ഒത്തൊരുമിച്ച് കുറച്ച് ചിത്രങ്ങൾക്കൂടി പകർത്തിയശേഷം ഞങ്ങൾ തിരികെ നടന്നുതുടങ്ങി.

പൂന്തോട്ടത്തിന്റെ സമീപത്തുള്ള നടപ്പാതയുടെ മുകളിലൂടെ തണൽമരങ്ങളുടെ ചില്ലകൾ ചാഞ്ഞുകിടക്കുന്നു. അവയുടെ ഇലച്ചാർത്തുകൾക്കിടയിലൂടെ ഇനിയും മറയുവാൻ കൂട്ടാക്കാതെ  പാറി നടക്കുന്ന മൂടൽമഞ്ഞിനെ വകഞ്ഞുമാറ്റി എത്തുന്ന ഉച്ചവെയിലും കൂടിയായപ്പോൾ മനസ്സിനെ കുളിർപ്പിക്കുന്ന നാട്ടുവഴികളുടെ പുലർകാലദൃശ്യങ്ങൾ മനസ്സിലേയ്ക്ക് ഓടിയെത്തുന്നതുപോലെ. വഴിയോരങ്ങളിൽ മുളപൊട്ടി ഉയർന്നുവരുന്ന ചെറിയ പൂച്ചെടികൾ. ഡിസംബർ- ജനുവരി മാസങ്ങളിലെ അതിശൈത്യം അവസാനിക്കുമ്പോഴേയ്ക്കും ഈ ചെടികളെല്ലാം വളർന്ന് പൂവിട്ട്, താജ്മഹലിന്റെ പരിസരങ്ങളെ ഒരു മലർമെത്ത ആക്കിയിട്ടുണ്ടാകും. വർഷങ്ങൾക്കു മുൻപുള്ള ഒരു യാത്രയിൽ പതിഞ്ഞ, പൂക്കളുടെ പശ്ചാത്തലത്തിലുള്ള താജ്മഹലിന്റെ  ചില ചിത്രങ്ങൾ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.     

താജ്മഹലിനോട് വിടപറയുന്നതിനുമുൻപേ മദ്ധ്യഭാഗത്തെ കുളത്തിനരികിൽ എത്തി കുറച്ചു ചിത്രങ്ങൾക്കൂടി പകർത്തി. അല്പനേരംകൂടി അവിടെനിന്നു ആ ഭംഗി കൺകുളിർക്കെ കണ്ടാസ്വദിച്ചു. ആദ്യമായി ഇവിടെ എത്തുന്നവരെ പിടിച്ചുനിറുത്തുന്ന ഒരു ആകർഷണീയത. അത് സുഹൃത്തുക്കളിൽ ചിലരെ അല്പസമയം കൂടി അവിടെ ചിലവഴിക്കുവാൻ വീണ്ടും പ്രേരിപ്പിക്കുന്നു. എന്നെ സംബന്ധിച്ചാണെങ്കിൽ താജ്മഹൽ എന്നത് ഒരു വിസ്മയക്കാഴ്ചയേ അല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണമെന്ന് തീവ്രമായി ആഗ്രഹിച്ചിരുന്ന താജ്മഹലിനരികിലേയ്ക്ക്, നാട്ടിൽനിന്നും എത്തുന്ന ബന്ധുജനങ്ങളുടെയും, സുഹൃത്തുക്കളുടെയും ഒപ്പം ഒരു ഗൈഡിന്റെ വേഷം കെട്ടിയാടി നടത്തിയ ആറാമത്തെ  സന്ദർശനമാണ് ഇന്ന് പൂർത്തിയായിരിക്കുന്നത്. ഇനിയും പലപ്രാവശ്യം ഇതുപോലെ ഇവിടേയ്ക്ക് എത്തിച്ചേരേണ്ടി വരുമെന്ന് അറിയാവുന്നതിനാൽ മനസ്സുകൊണ്ട് ഒരു യാത്ര പറച്ചിൽ ഒഴിവാക്കിത്തന്നെ പുറത്തേയ്ക്കിറങ്ങി.

എങ്കിലും ഈ യാത്രയുടെ ഓർമ്മച്ചെപ്പിൽ സൂക്ഷിച്ചുവയ്ക്കുവാൻ താജ്മഹലിന്റെ മുൻപിൽനിന്നും ഒരു ചിത്രം ഞാനും പകർത്തി.

മടക്കയാത്രയിൽ വഴിയോരത്തെ ഒരു ധാബയിൽനിന്ന് ഭക്ഷണം കഴിച്ചശേഷം എല്ലാവരും അത്യാവശ്യം വേണ്ടുന്ന ഷോപ്പിങ്ങും നടത്തി. മാർബിളിൽതീർത്ത താജ്മഹലിന്റെ ചെറുമാതൃകകളായിരുന്നു ഈ യാത്രയുടെ ഓർമ്മയ്ക്കായി എല്ലാവരും തന്നെ വാങ്ങിയത്. ഹോട്ടലിൽ മടങ്ങിയെത്തി അല്പനേരത്തെ വിശ്രമത്തിനുശേഷം, ബൈക്കുകൾ എല്ലാം പരിശോധിച്ച് ഞങ്ങൾ യാത്രയ്ക്കൊരുങ്ങി.

 

കൃത്യം 1:30-ന് ഞങ്ങൾ സിക്കന്ദ്രയിലേയ്ക്കുള്ള യാത്ര ആരംഭിച്ചു.

 

Read more topics: # travel,# delhi,# taj mahal
travel,delhi, taj mahal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES