പുന്നമടയുടെ കരയില്‍ ആവേശം പെരുകുകയാണ്. 71-മത് നെഹ്റു ട്രോഫി വള്ളംകളി വരാനിരിക്കെ, ആലപ്പുഴ നഗരം മുഴുവന്‍ ആഘോഷത്തിന്റെ ചൂടിലാണ്. ആഗസ്റ്റ് 30-ന് രാവിലെ 11-ന് മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 2-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി വള്ളംകളി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും ഫൈനലുകളും, ചെറുവള്ളങ്ങളുടെ മത്സരങ്ങളും അരങ്ങേറും. 21 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 71 വള്ളങ്ങള്‍ 9 വിഭാഗങ്ങളിലായി പൊരുതി പിടിക്കും.
പ്രേക്ഷകരുടെ ആവേശം കൂട്ടാന്‍ വിദേശാതിഥികളും എത്തും. സിംബാബ്വെയുടെ വ്യവസായ-വാണിജ്യ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദി, അംബാസഡര്‍ സ്റ്റെല്ല നികോമോ, ഓസ്ട്രേലിയന്‍ ഹൈക്കമ്മിഷണര്‍ എന്നിവരാണ് മുഖ്യാതിഥികള്‍. ഗാലറികളിലേക്ക് പ്രവേശനം ഹോളോഗ്രാം പതിച്ച സിഡിറ്റ് തയ്യാറാക്കിയ ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്കു മാത്രമായിരിക്കും. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളിലും നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ടിക്കറ്റ് ലഭ്യമാണ്.
വള്ളംകളി കാണാന്‍ എത്തുന്നവര്‍ക്കായി യാത്രാസൗകര്യങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. ജലഗതാഗത വകുപ്പ് അധിക ബോട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയല്‍ ജില്ലകളിലെ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍നിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകിട്ട് തിരികെയും പ്രത്യേക സര്‍വീസുകള്‍ ഓടും. കൂടാതെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ പാക്കേജ് സംവിധാനവും ഹെല്‍പ് ഡെസ്‌കും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. ആഗസ്റ്റ് 30-ന് രാവിലെ 9 മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണവും പ്രാബല്യത്തില്‍ വരും.