ഒരുകാലത്ത് കിരണ്‍ ടിവിയിലൂടെ ശ്രദ്ധ നേടിയ അവതാരകര്‍ ഒന്നും രണ്ടും ആയിരുന്നില്ല. അത്തരത്തില്‍ യുവ ഹൃദയങ്ങളില്‍ തരംഗം തീര്‍ത്ത ആ താരങ്ങള്‍ പിന്നീട് സിനിമയിലും അവതാരക രംഗത്തുമെല്ലാം പുലിക്കുട്ടികളായി മാറി. ചിലര്‍ ഇന്നും എവിടെയാണെന്നു പോലും ആര്‍ക്കും അറിയുകയുമില്ല. എങ്കിലും ആ കാലത്ത് വൈകിട്ട് അഞ്ചുമണിയ്ക്ക് എത്തുന്ന തമിഴ് ഹിറ്റ്‌സ് എന്ന ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായ താരമാണ് സാന്ദ്രാ. സാന്ദ്ര എമി എന്നാണ് ഈ ഇടുക്കിക്കാരിയുടെ യഥാര്‍ത്ഥ പേര്. ഒരു നസ്രാണി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന സാന്ദ്ര അന്നത്തെ കാലത്ത് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും എല്ലാം അഭിമാനമായാണ് കിരണ്‍ ടിവിയെ അവതാരകയായി സ്ഥാനം പിടിച്ചത്.
പിന്നാലെ മലയാള സിനിമയിലേക്കും ചുവടുവച്ചു. ഇരുപതുകാരി പെണ്‍കുട്ടിയ്ക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിലും അപ്പുറത്തേക്ക് പെട്ടെന്നായിരുന്നു സാന്ദ്ര സിനിമകളില്‍ ഇടംപിടിച്ചതും തിളങ്ങിയതും.
നായികമാരുടെ കൂട്ടുകാരിയായിട്ടായിരുന്നു മിക്ക സിനിമകളിലും സാന്ദ്രയുടെ വേഷം. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടിയത് കസ്തൂരിമാനും സ്വപ്നക്കൂടും ഒക്കെയാണ്. കസ്തൂരിമാന്‍ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് പിന്നാലെ നടക്കുന്ന, മീര ജാസ്മിന്റെ സുഹൃത്തായി എത്തിയ ഷീലാ പോള്‍ എന്ന കഥാപാത്രം വളരെ ശ്രദ്ധേയമായിരുന്നു. ദേവദൂതന്‍, പ്രിയം, പ്രജ, വാര്‍ ആന്റ് ലവ്, സ്വപ്നക്കൂട് എന്നിങ്ങനെ നിരവധി മലയാള സിനിമകളിലും സാന്ദ്ര അഭിനയിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലും എല്ലാം തിളങ്ങിനില്‍ക്കവേയാണ് സാന്ദ്ര ഒരു പ്രണയ വിവാഹത്തിലേക്ക് കടക്കുന്നത്. ഹിന്ദു പയ്യനും തമിഴ് സീരിയല്‍ നടനുമായ പ്രജിനുമായുള്ള വിവാഹം വീട്ടുകാര്‍ക്ക് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. വെറും കയ്യോടെ വീട്ടില്‍ നിന്നും ഇറങ്ങിവന്നാണ് പ്രജിനുമായുള്ള ജീവിതം സാന്ദ്ര ആരംഭിക്കുന്നത്.
ആ വിവാഹം സാന്ദ്രയെ പൂര്‍ണമായും ഒരു വീട്ടമ്മയാക്കി മാറ്റി. തുടര്‍ന്ന് ഇരുവര്‍ക്കും രണ്ട് ഇരട്ടക്കുഞ്ഞുങ്ങളും ജനിച്ചു. വിവാഹത്തിന് ശേഷം, തന്റെ അഭിനയത്തെക്കാള്‍ ഭര്‍ത്താവിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനാണ് സാന്ദ്ര ശ്രദ്ധിച്ചത്. 2008ലായിരുന്നു ഇവരുടെ വിവാഹം. അഞ്ചു വര്‍ഷത്തോളം കുട്ടികളും കുടുംബവുമൊക്കെയായി ജീവിതം ഒതുക്കിയ സാന്ദ്ര പിന്നീട് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് നടത്തിയത്. കഴിക്കാന്‍ ഭക്ഷണം പോലും ഇല്ലാത്ത കാലത്തെ എല്ലാം അതിജീവിച്ചാണ് ഇരുവരും മുന്നോട്ടു വന്നത്. തുടര്‍ന്നാണ് 2012 മുതല്‍ വീണ്ടും സിനിമകളിലും സീരിയലുകളിലും സജീവമായി തുടങ്ങിയത്. ഭര്‍ത്താവ് പ്രജിനും എല്ലാത്തിനും ഒപ്പം നിന്നു. ഇപ്പോഴിതാ, തമിഴ് ബിഗ് ബോസ് സീസണ്‍ 9 ലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് സാന്ദ്ര. വിജയ് സേതുപതി അവതാരകനായി എത്തുന്ന തമിഴ് ബിഗ് ബോസ് സീസണ്‍ 9 ല്‍ ഭര്‍ത്താവ് പ്രജിനൊപ്പം ആണ് സാന്ദ്ര കടന്നു വന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി രണ്ടു പേരും ഇപ്പോള്‍ ഷോയുടെ ഭാഗമാണ്. വീണ്ടും സാന്ദ്ര പ്രജിന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുമ്പോള്‍ നടിയുടെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.