ആലപ്പുഴ എന്നാല്‍ കായലും തോടും വഞ്ചിവീടും പാടശേഖങ്ങളും കൊണ്ട് സമ്പന്നമായ സുന്ദര ഭൂമിയാണ്.ആലപ്പുഴക്കാരന്‍ ചങ്ക് ചങ്ങായി ഹാഷിം തിന്നിട്ട് എല്ലിന്റെ ഇടയില്‍ കയറിയപ്പോള്‍ കട്ടര്‍ കൊണ്ട് കാലു നല്ലപോലെ മുറിച്ചു. ഓനെ കാണാന്‍ ആണെലും അതും ട്രിപ്പ് ആക്കി ഞാനും ചങ്ക് കലേഷും.
കായലോളങ്ങള്‍ തിരയിളക്കുന്ന വൈക്കം കായലിന്റെ നാട്ടില്‍ നിന്നും വള്ളംകളിയുടെ നാട്ടിലേക്ക് യാത്ര തുടങ്ങി. കോട്ടയത്തേയും ആലപ്പുഴയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന മനുഷ്യന്റെ നിര്‍മ്മാണ വൈധദ്ധ്യത്തിന്റെ നേര്‍ക്കാഴ്ചയായ തണ്ണീര്‍മുക്കം ബണ്ടിലൂടെയാണ് യാത്ര. 1.5 km വരുന്ന പാലം കുട്ടനാട്ടിലേക്ക് ഓരുവെള്ളം കയറാതിരിക്കാന്‍ നിര്‍മ്മിച്ചതാണ് ബണ്ട്.ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ 300 മീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ കായലിന്റെ ഒത്ത നടുവിലെ മണ്‍ചിറയിലൂടെയാണ് ബാക്കി യാത്ര. കായലിലെ വെള്ളത്തിനേക്കാള്‍ അല്പം ഉയര്‍ന്ന് നില്ക്കുന്ന മണ്‍ചിറയിലൂടെ ഇരുവശത്തുള്ള കായല്‍ കാഴ്ചകളും പറന്നകലുന്ന നീര്‍ കാക്കകളേയും കായലിലൂടെ ഒഴുകി നടക്കുന്ന വഞ്ചിവീടും കണ്ട് കായല്‍ കാറ്റും ഏറ്റുള്ള യാത്ര ആസ്വാദ്യകരം തന്നെയാണ്. തണല്‍മരങ്ങള്‍ വിരിച്ചു നില്ക്കുന്നതിനാല്‍ ചൂടു അല്പ്പം പോലും അനുഭവപ്പെടില്ല.എന്നാല്‍ ഈ ചിറ ഭാഗികമായി പൊളിച്ചുനീക്കി പകരം പാലം നിര്‍മ്മിക്കുകയാണ്.
പാലം കടന്ന് ആലപ്പുഴയുടെ മണ്ണിലേക്ക് പ്രവേശിച്ചു.തനി നാടന്‍ പ്രദേശമാണ് ഇപ്പോഴും ഇവിടത്തെ പല സ്ഥലങ്ങളും. സൈക്കിള്‍ യാത്രയാണ് ഈ നാട്ടിലൂടെ സഞ്ചാരത്തിനിടയില്‍ കൂടുതലും കാണാന്‍ കഴിഞ്ഞത്.മുഹമ്മയും പിന്നിട്ട് ആലപ്പുഴയിലേക്ക് പ്രവേശിക്കുമ്പോഴും ആ പഴമ നിലനിന്നു പോരുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. വാഹനപ്പെരുപ്പത്തില്‍ പട്ടണം വീര്‍പ്പുമുട്ടുന്ന സാഹര്യത്തിലും കാല്‍ നടയാത്രക്കാരായി വിദേശിയര്‍ നടന്നു നീങ്ങുകയാണ്. ഒരു പക്ഷേ അവര്‍ക്കും ഈ നാടിന്റെ അവസ്ഥ മനസ്സിലായിട്ടുണ്ടാകും.
അവിടവിടെയായി സ്ഥിതി ചെയ്യുന്ന ഹൗസ് ബോട്ട് ബുക്കിംഗ് ഓഫീസ്‌കളും നല്ലൊരു നാളെയെ പ്രതീക്ഷിച്ച് പൊരിവെയിലത്തും അദ്ധ്വാനിക്കുന്ന തൊഴിലാളികളും കാര്‍ഷിക പാരമ്പര്യം പേറി നില്ക്കുന്ന പച്ചക്കറിക്കടകളും പോളകെട്ടിക്കിടക്കുന്ന തോട്ടിലൂടെ സഞ്ചരിക്കുന്ന ബോട്ടും ആലപ്പുഴ പട്ടണത്തിന്റെ നേര്‍ക്കാഴ്ചകളായി.
ചൂടു കൂടി തുടങ്ങുകയാണ് ഞങ്ങള്‍ ഹൈവേയിലൂടെ സഞ്ചരിച്ച് തോട്ടപ്പിള്ളി ചിപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന പ്രസിദ്ധമായ പാലത്തിലൂടെ സഞ്ചരിച്ച് കായലും കടലും പരസ്പരം കെട്ടിപ്പുണരുന്ന അഴിമുഖത്തേക്ക് എത്തി. കടലില്‍ നിന്നും വെള്ളം വേലിയേറ്റത്തില്‍ കയറുന്നതു കാണാന്‍ സാധിക്കും.
ചൂടും കൊണ്ടു പൊരിവെയിലേറ്റ് കടല്‍ത്തീരത്തേക്ക് നടന്നു. ഒരുപക്ഷേ വല്യ അകലത്തില്‍ അല്ലാത്ത പൊഴി ബീച്ചിനെ രണ്ടായി വിഭജിച്ചു നിര്‍ത്തുന്ന കാഴ്ചയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. പാരമ്പര്യ മത്സ്യതൊഴിലാളികളാണെന്ന് തോന്നുന്ന കുറച്ചു പേര്‍ വലവീശി മീന്‍ പിടിക്കുകയാണ്. സൂര്യപ്രഭയില്‍ മത്സ്യങ്ങള്‍ വലയില്‍ വെട്ടിത്തിളങ്ങുന്നുണ്ട്. ധാരാളം പേര്‍ മീന്‍ വാങ്ങാനും എത്തുന്നുണ്ട്.കണ്ടുനില്ക്കാന്‍ നല്ല രസമുള്ള കാഴ്ച ആണെങ്കിലും ഓനെ കാണാന്‍ ഉള്ളതിനാല്‍ ഞങ്ങള്‍ തൃക്കുന്നപ്പുഴക്ക് യാത്രയായി.
കടല്‍ കാറ്റും കൊണ്ടു തുടങ്ങിയ യാത്ര കായംകുളം കായലിന്റെ തീരത്താണ് അവസാനിച്ചത്. നീര്‍ക്കാക്കകള്‍ പറന്നകലുന്ന കായലില്‍ അവിടിവിടെയാണ് ചെറുവള്ളങ്ങളും കാണപ്പെട്ടു. കായല്‍ക്കരയിലെ ആ കൊച്ചു വീട്ടില്‍ അവന്‍ ഒറ്റക്കായിരുന്നില്ല. ആദില എന്ന കുറുമ്പിയാണ് ഞങ്ങളെ എതിരേറ്റത്. റൂമില്‍ നമ്മുടെ കഥാനായകന്‍ കാലില്‍ പ്ലാസ്റ്ററുമായി കിടക്കുകയാണ്.വീടിന്റെ ജനാലയിലൂടെ കായലിന്റെ കാഴ്ചകളും കാറ്റും ആസ്വദിച്ച് കിടക്കുന്ന ചങ്കിനെ കണ്ടപ്പോള്‍ സങ്കടം തോന്നി. എന്തായാലും ഇപ്പോള്‍ നല്ല മാറ്റം ഉണ്ട്. കുറച്ചുനാളത്തെ വിശ്രമം മാത്രം മതി പഴയതുപോലെ ആകാന്‍. ഊണും കഴിച്ച് ഉമ്മായോടെ ഇക്കായോടും യാത്ര പറഞ്ഞിറങ്ങി.
കുളിക്കടവുകള്‍ എല്ലാം വിസ്മൃതിയിലാണ്ടു പോകുകയാണ്. ഇവനെപ്പോലെയുള്ളവരുടെ കുളിക്കടവിലേക്കുള്ള എത്തിനോട്ടം ഈ മാറ്റത്തിന് വല്യപങ്കുവഹിച്ചിട്ടുണ്ടെന്ന് കാര്യം പറയാതെ വയ്യ. അടുത്തു കണ്ട തൂക്കുപാലത്തിലൂടെ ഒന്നു നടന്നകമ്പോള്‍ കണ്ട കാഴ്ചകളത്രയും മറക്കാന്‍ പറ്റാത്തതായി. താഴെ കൈത്തോട്ടലൂടെ നീര്‍ക്കാക്കകള്‍ മീനിനേയും കൊത്തി പറന്നകലുന്നതും കായലിറമ്പില്‍ കക്ക ഇറച്ചി ആക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമ്മച്ചിമാരും തോട്ടില്‍ ചാടിക്കുളിച്ചുല്ലസിക്കുന്ന കുറുമ്പമ്മാരും മത്സ്യ ബന്ധനത്തിന് പോകുന്ന ബോട്ടുകളും എല്ലാം ചേര്‍ന്നപ്പോള്‍ വല്ലാത്ത ഒരു ഫീല്‍ കിട്ടി. വെറുതെ അല്ല വിദേശിയര്‍ ആലപ്പുഴ തേടി വരുന്നത്.
ഇടത്തോടുകളിലെ മീന്‍ കെട്ടും കെട്ടിലും മട്ടിലും തനിമ നിലനിര്‍ത്തിപ്പോരുന്ന കണ്ടല്‍ക്കാടുകളും കടന്ന് വീണ്ടും ജനത്തിരക്കിലേക്ക്.ഹൈവേയില്‍ വീടുകളിലേക്ക് മടങ്ങാന്‍ ബസും കാത്തു നില്ക്കുന്നവരുടെ വലിയ കൂട്ടം തന്നെറോഡിലുണ്ട്. തോട്ടപ്പിള്ളി ചിപ്പ് പിന്നിടുന്നതോടെ തോട്ടപ്പള്ളി ബീച്ചായി.
ഹൈവേയില്‍ നിന്നും ഇടതു വശത്തെ ചെറിയ റോഡിലൂടെ സഞ്ചരിച്ചാല്‍ ബീച്ചിലേക്ക് എത്താം. ഇടതൂര്‍ന്നു നില്ക്കുന്ന പൈന്‍ മരങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ കടലോരത്തേക്ക് നടന്നു.അധികം ആളുകള്‍ എത്തിയിട്ടില്ല. അലയടിച്ചു വരുന്ന തിരമാലകള്‍ ഓരോ മണല്‍ത്തരിയേയും തഴുകിത്തലോടി തീരം വിട്ടു പോകുമ്പോള്‍ ശംഖും ചില കക്കളും സമ്മാനമായി നല്കിയിരുന്നു.
കടല്‍ത്തീരത്തുകൂടി നടന്നകലുമ്പോള്‍ ദൂരെ പൊഴിമുറിച്ച മണല്‍ മല കണക്കെ കൂട്ടിയിട്ടിരിക്കുന്നതു കാണാം. വല്ലാത്ത ദുര്‍ഗന്ധവും വന്നു തുടങ്ങിയിരുന്നു. ബീച്ചിന്റെ നല്ലൊരു ഭാഗം സ്ഥലവും മത്സ്യ സംസ്‌കരണ തൊഴിലാളികള്‍ മീന്‍ ഉണക്കാന്‍ ഉപയോഗിക്കുകയാണ്. വലിയ ചെമ്മീനിന്റെ തല ഭാഗം ഉണക്കി ജൈവവളമായും കയറ്റി വിടുന്നുണ്ട്. ഇതുതിന്നുവാന്‍ മാത്രം നൂറുകണക്കിനു കൊക്കുകളും ഇവിടെ തമ്പടിച്ചിട്ടുണ്ട്. തെല്ലും പേടി കൂടാതെ അവ നമ്മുടെ അടുത്തുകൂടെ നടന്നു നീങ്ങും.
കതിരവന്‍ വിടവാങ്ങുകയാണ്.അങ്ങു ദൂരെ ചക്രവാള സീമയില്‍ ചെഞ്ചായം തൂകി ആര്‍ത്തലയ്ക്കുന്ന കടലില്‍ മുങ്ങി മറയുവാന്‍ വെമ്പല്‍ക്കൊള്ളുകയാണ് സൂര്യഭഗവാന്‍. ഞങ്ങള്‍ക്കും മടങ്ങുവാന്‍ സമയമായി. പൈന്‍ മരങ്ങള്‍ക്കിടയില്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ നിരവധി ഇരിപ്പിടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.അപ്രതീക്ഷിതമായി കിട്ടിയ കാഴ്ചകള്‍ മറക്കാന്‍ പറ്റാത്തതായി. ഇരുളും മുന്നേ ഞങ്ങള്‍ ആലപ്പുഴ ലക്ഷ്യമാക്കി യാത്ര തിരിച്ചു