ഇടുക്കി ജില്ല എന്ന് കേള്‍ക്കുമ്പോള്‍ പല വിനോദസഞ്ചാരികളുടെയും മനസ്സില്‍ തെളിയുന്ന ചിത്രം മൂന്നാര്‍ ആണ്. എന്നാല്‍ മൂന്നാര്‍ പോലെ എന്നാല്‍ അതില്‍ നിന്നും വിത്യസ്തമായി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടുക്കി ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കല്‍മേട്. ഇടുക്കി ജില്ലയില്‍ ഏറ്റവും അധികം കാറ്റ് വീശുന്ന നയനമനോഹരമായ പ്രദേശമാണ് രാമക്കല്‍മേട്. നിലയ്ക്കാത്ത കാറ്റിനാല്‍ സമ്പന്നമാണ് ഇവിടം. അത് തന്നെയാണ് രാമക്കല്‍മേട് ആസ്വാദ്യകരമാക്കുന്നത്. തമിഴ് നാടിനോട് വളരെ അടുത്തുകിടക്കുന്ന ഈ സ്ഥലം ഇന്ന് വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്.
രാമക്കല്‍മേടില്‍ നിന്ന് താഴേയ്ക്ക് നോക്കിയാല്‍ തമിഴ് നാടിന്റെ ഒരു വശം പൂര്‍ണമായും കാണാമെന്നതും എടുത്തു പറയേണ്ടതാണ്. തമിഴ്‌നാടിന്റെ ദൂരകാഴ്ചകളും, കൃഷിയിടങ്ങളും ഒക്കെ കണ്ട് ആസ്വദിക്കാവുന്ന ഒരു മനോഹര പ്രദേശം കൂടിയാണ് ഇത്. ത്രേതായുഗകാലത്ത് സീതയെ അന്വേഷിച്ച് ശ്രീലങ്കയ്ക്കുള്ള ശ്രീരാമന്‍ യാത്രാമധ്യേ ഈ മേടില്‍ ഇറങ്ങിയെന്നാണ് ഐതിഹ്യം. സേതുബന്ധനത്തിനായ് രാമേശ്വരം തിരഞ്ഞെടുത്തത് ഇവിടെ വെച്ചായിരുന്നുവത്രേ.
ശ്രീരാമന്റെ പാദങ്ങള്‍ പതിഞ്ഞതിനാലാണ് ഈ സ്ഥലത്തതിന് രാമക്കല്‍മേട് എന്ന പേര് വന്നതെന്നാണ് വിശ്വാസം. മറ്റൊരു ഐതിഹ്യം മേടിന് മുകളിലെ 'കല്ലുമ്മേല്‍ കല്ലു'മായി ബന്ധപ്പെട്ടതാണ്. വനവാസകാലത്ത് പാണ്ഡവന്മാര്‍ ഇവിടെ വന്നപ്പോള്‍, ദ്രൗപതിക്ക് മുറുക്കാന്‍ ഇടിച്ചു കൊടുക്കാന്‍ ഭീമസേനന്‍ ഉപയോഗിച്ചതാണ് ആ കല്ല് എന്നുമാണത്. അങ്ങനെയൊക്കെയാണ് ഈ പ്രദേശത്തിന് രാമക്കല്‍മേട് എന്ന വിളിപ്പേര് ഉണ്ടായതെന്നാണ് പറയുന്നത്.
യാത്രാമാര്‍ഗം
എറണാകുളത്തു നിന്നും 150 കിലോമീറ്റര്‍ ദൂരത്തായാണ് ഈ സ്ഥലം. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയില്‍ നിന്നും നിന്നും 37 കിലോമീറ്റര്‍ ദൂരത്താണ് രാമക്കല്‍മേട്. കൂടാതെ കട്ടപ്പനയില്‍ നിന്നും 20 കിലോമീറ്ററും, മൂന്നാര്‍ നിന്നും 70 കിലോമീറ്ററും റോഡു മാര്‍ഗം സഞ്ചരിച്ച് ഇവിടെ എത്താം. തേക്കടി-മൂന്നാര്‍ റൂട്ടില്‍ നെടുംകണ്ടത്തിനു 15 കിലോമീറ്റര്‍ അകലെയാണ് രാമക്കല്‍മേട്. സമുദനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമെന്ന വിശേഷണവും രാമക്കല്‍മേടിന് ഉണ്ട്. ഇതിന്റെ താഴെയാണ് തമിഴ് നാടിന്റെ പ്രദേശങ്ങള്‍.
ഏറ്റവും അധികം കാറ്റ് വീശുന്ന സ്ഥലങ്ങളിലൊന്നായ രാമക്കല്‍മേട്ടില്‍ മണിക്കൂറില്‍ ശരാശരി 32.5 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാറുണ്ട്. ചിലയവസരങ്ങളില്‍ അത് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെയാകും. കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിന്‍ഡ് എനര്‍ജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്. രാമക്കല്‍മേട്ടില്‍ എത്തിച്ചേരുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന മറ്റൊന്നാണ് സദാ കറങ്ങിക്കൊണ്ടിരിക്കുന്ന കൂറ്റന്‍ കാറ്റാടികള്‍ ആണ്. കാറ്റ് ഏത് സമയത്തും ആഞ്ഞുവീശുന്നതിനാല്‍ തന്നെ ഈ കാറ്റാടികള്‍ സദാ കറങ്ങിക്കൊണ്ടിരിക്കും.
ഒപ്പം തന്നെ മലമുകളിലെ പാറക്കൂട്ടങ്ങള്‍, ആമപ്പാറയിലേക്കു ഉള്ള ഓഫ്റോഡ് ജീപ്പ് സഫാരി തുടങ്ങിയവയും ആരെയും ആകര്‍ഷിക്കുന്നതാണ്. പാറക്കൂട്ടങ്ങളുടെ സൗന്ദര്യം കാണുന്നതില്‍ ഉപരി പാറക്കെട്ടുകളില്‍ വലിഞ്ഞ് കയറി ആവേശംകൊള്ളാന്‍ ഇഷ്ടപ്പെടുന്നവരാണ് സഞ്ചാരികളില്‍ പലരും. എപ്പോഴും വീശിയടിക്കുന്ന കാറ്റ് ഈ സാഹസികതയ്ക്ക് കൂടുതല്‍ ആവേശം പകരുന്നതാണ്. ഇതിനോടൊപ്പം തന്നെ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു നിര്‍മ്മിച്ച കുറവന്‍, കുറവത്തി പ്രതിമയും, മലമുഴക്കി വേഴാമ്പലും ഇവിടുത്തെ കാഴ്ച മനോഹരമാക്കുന്നു.
എപ്പോഴും വീശി അടിക്കുന്ന കുളിര്‍ കാറ്റില്‍ കോടമഞ്ഞു പുതച്ചു ഉറങ്ങുന്ന രാമക്കല്‍മേട് എന്ന സ്ഥലം നിശ്ചയമായും യാത്ര ഇഷ്ടപ്പെടുന്നവര്‍ കാണേണ്ടതാണ്. മൂന്നാര്‍, തേക്കടി, വാഗമണ്‍ ഒക്കെ കാണാന്‍ എത്തുന്ന വിനോദസഞ്ചാരികള്‍ ആ ലിസ്റ്റില്‍ ഈ പ്രദേശം കൂടി ചേര്‍ത്താല്‍ അതൊരു നഷ്ടമാകുകയില്ല. തീര്‍ച്ചയായും രാമക്കല്‍മേട് നല്ലൊരു കുളിര്‍മ മനസ്സിന് സമ്മാനിക്കും എന്നത് തീര്‍ച്ച