കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പത്തനംതിട്ട ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം. ഇന്നലെ രാത്രി മാത്രം പത്ത് അടി വെള്ളമാണ് പമ്പാ നദിയില്‍ ഉയര്‍ന്നത്. മണിമലയാറ്റിലും, അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നിട്ടുണ്ട്.
ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കളിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വന്‍ നാശ നഷ്ടങ്ങളാണ് പത്തനംതിട്ടയ്ക്കുണ്ടായത്. നദികള്‍ കരകവിഞ്ഞൊഴുകി ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാകുന്ന അവസ്ഥയായിരുന്നു പത്തനംതിട്ടയില്‍. രാത്രി തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും പ്രദേശത്ത് തുടരുന്നുണ്ട്. മണിമലയാറും അച്ചന്‍കോവിലാറും കരകവിഞ്ഞൊഴുകുകയാണ്.
കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയില്‍ അതു വരെ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 6568 പേരെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. പ്രധാന ഡാമുകളിലൊന്നായ കക്കിയില്‍ ജലനിരപ്പ് സംഭരണ ശേഷിയുടെ 42 ശതമാനത്തിലെത്തി. പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാല്‍ തെക്കന്‍ ജില്ലകളില്‍ പരക്കെ ശക്തമായ മഴപെയ്യുകയാണ്. മലയോര മേഖലകളില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ നദികളില്‍ ഇനിയും ജലനിരപ്പ് ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്.