കണ്ണിനു കുളിരു പകരുന്ന ഗ്രാമ സൗന്ദര്യം, പുരാതനശേഷിപ്പുകളായ ''മുനിയറകള്‍'' എന്ന ശവക്കല്ലറകള്‍, മധുരം കിനിയുന്ന കരിമ്പ് പാടങ്ങള്‍, കരിമ്പ് നീരില്‍ നിന്നും ശര്‍ക്കര കുറുക്കിയെടുന്ന അസംഖ്യം കുടിലുകള്‍, സര്‍ക്കാര്‍ വേലികെട്ടി സംരക്ഷിക്കുന്ന ചന്ദനക്കാടുകള്‍,..അങ്ങിനെ പലതുമാണ് മറയൂര്‍ !
ഇടുക്കി ജില്ലയില്‍ മൂന്നാറില്‍ നിന്നും നാല്പത് കിലോമീറ്റര്‍ അകലെയാണ് മറയൂര്‍. മൂന്നാര്‍ വഴിയും പൊള്ളാച്ചിയില്‍ നിന്നും ഉദുമല്‍പേട്ട ചിന്നാര്‍ വഴിയും അവിടെ എത്താം. മറയൂര്‍ എന്നാല്‍ മറഞ്ഞിരിക്കുന്ന ഊര് എന്നര്‍ത്ഥം, ചുറ്റും കോട്ട പോലെ ഉയര്‍ന്നു നില്‍ക്കുന്ന മലകളാല്‍ മറക്കപ്പെടുന്ന ഇടം.ചേര, ചോള, പാണ്ഡ്യ രാജാക്കന്മാരുടെ സേനകളിലെ മറവര്‍ എന്ന ഗോത്രവര്‍ഗ്ഗക്കാര്‍ കാടുകളില്‍ മറഞ്ഞിരുന്നു വഴിയാത്രക്കാരെ കൊള്ളയടിക്കുമായിരുന്നു എന്നും മറവരുടെ ഊര് ആണ് മറയൂര്‍ ആയതെന്നും മറ്റൊരു ചരിത്രമുണ്ട്. വനവാസക്കാലത്ത് പാണ്ഡവര്‍ മറഞ്ഞിരുന്ന സ്ഥലമാണ് മറയൂര്‍ എന്നത് മറ്റൊരു കഥ .
മഹാശിലായുഗ സംസ്‌ക്കാരത്തിന്റെ ബാക്കിപത്രമായി അറിയപ്പെടുന്ന മുനിയറകളാണ് മറയൂരിന്റെ മറ്റൊരു പ്രത്യേകത. എ.ഡി.200-നും ബി.സി. ആയിരത്തിനും മധ്യേ മറയൂരിലെ താഴ്വരയില്‍ നിലനിന്ന മനുഷ്യസംസ്‌ക്കാരത്തിന്റെ അവശേഷിപ്പാണ് മുനിയറകളും ഗുഹാചിത്രങ്ങളുംഇത് അക്കാലത്തുള്ളവരെ മറവുചെയ്ത ശവക്കല്ലറകളാണെന്നും മുനിമാര്‍ തപസ്സുചെയ്തിരുന്ന ഇടങ്ങളാണെന്നും പറയപ്പെടുന്നു. മുനിയറകള്‍ നാലുവശത്തും കല്‍പ്പാളികള്‍ വെച്ച് മറച്ചിരിക്കുന്നു. മുകളില്‍ വലിയൊരു മൂടിക്കല്ല്. ഏക്കറുകളോളം നിറഞ്ഞു കിടക്കുന്ന പാറക്കെട്ടുകളില്‍ അവിടെയവിടെയായി നില്‍ക്കുന്ന മുനിയറകള്‍, അവിടെ എത്തുന്നവരെ കുറച്ചു നേരത്തേക്കെങ്കിലും ഏതോ ഭൂതകാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകും!
ഇവിടുത്തെ പൂര്‍വ്വികര്‍ പാണ്ടിനാട്ടില്‍ നിന്നും രാജകോപം ഭയന്ന് കൊടൈക്കാടുകള്‍ കയറി മറഞ്ഞിരിക്കാനൊരിടം തേടി അലഞ്ഞു. പല ജാതികളില്‍പ്പെട്ട അവര്‍ അഞ്ചുനാട്ടുപാറയില്‍ ഒത്തുചേര്‍ന്ന് പാലില്‍തൊട്ട് സത്യം ചെയ്ത് ഒറ്റ ജാതിയായി. അവര്‍ അഞ്ച് ഊരുകളുണ്ടാക്കി അഞ്ചുനാട്ടുകാരായി ജീവിച്ചു പോന്നു. മറയൂര്‍, കാരയൂര്‍, കീഴാന്തൂര്‍, കാന്തല്ലൂര്‍, കൊട്ടക്കുടി എന്നിവയാണ് ഈ അഞ്ചുനാടുകള്‍. അതുകൊണ്ടുതന്നെ അഞ്ചുനാട് എന്നും മറയൂരിനു പേരുണ്ട്, പക്ഷേ ഇപ്പോള്‍ വയലുള്ള ഊരുകാര്‍ കുറവാണ്. ഉള്ള വയലുകളെല്ലാം കുടിയേറിവന്ന മലയാളികള്‍ സ്വന്തമാക്കി. ബിരുദമെടുത്തവര്‍പോലും കരിമ്പുകാട്ടില്‍ പണിക്കുപോയി ജീവിക്കുന്നു !
മറയൂരില്‍ നിന്നും ഏകദേശം മുപ്പത്തിരണ്ട് കിലോമീറ്റര്‍ അകലെയാണ് കാന്തല്ലൂര്‍ . ഓറഞ്ച്, മുസമ്പി, ആപ്പിള്‍, പ്ലം, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്‌ലവര്‍, കാരറ്റ്, ബീന്‍സ്, ഉരുളക്കിഴങ്ങ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി തുടങ്ങിയ പഴം, പച്ചക്കറി വര്‍ഗ്ഗങ്ങള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്,മൂന്നാറില്‍ നിന്നും മറയൂരിലേക്കുള്ള യാത്രയിലുടനീളം നയനമനോഹരമായ കാഴ്ചകളാണ്, ചെറുതും വലുതുമായ ഒട്ടേറെ വെള്ളച്ചാട്ടങ്ങള്‍, പച്ചപ്പ് നിറഞ്ഞു പൂത്തുലഞ്ഞു സര്‍വാലങ്കാരങ്ങളും അണിഞ്ഞു സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന പ്രകൃതി ! അതാണ് മറയൂര്‍