തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് മേഘമല സ്ഥിതി ചെയ്യുന്നത്. തേയിലത്തോട്ടങ്ങളും ഏലക്കാടുകളും ഒക്കെയായി പതിനെട്ടു വളവുകളുള്ള ചുരം കയറി എത്തുന്ന മേഘമല ഭൂമിയിലെ പറുദീസ എന്നാണ് അറിയപ്പെടുന്നത്.
മൂന്നാറിനെ തോല്‍പ്പിക്കുന്ന സൗന്ദര്യമാണ് മേഘമലയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു ചെരിഞ്ഞ സ്ഥലത്ത് അടുക്കടുക്കായി വെച്ചിരിക്കുന്ന പോലെ തോന്നിക്കുന്ന തേയിലത്തോട്ടങ്ങള്‍ മാത്രം മതി മേഘമലയുടെ ഭംഗി തിരിച്ചറിയാന്‍. എപ്പോളും വീശുന്ന തണുത്ത കാറ്റും മേഘങ്ങളുടെ സാന്നിധ്യവുമാണ് ഇവിടുത്തെ ആകര്‍ഷണം.
മേഘമലയിലേക്കുള്ള റൂട്ടുകളെല്ലാം വന്നു നില്‍ക്കുന്നത് ചിന്നമണ്ണൂര്‍ എന്ന സ്ഥലത്താണ്. ഇവിടെ നിന്നുമാണ് മേഘമലയുടെ ഉയരങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. മേഘമലയുടെ അടിവാരം എന്നു വേണമെങ്കില്‍ വികസനം ഒന്നും അധികം എത്താത്ത, തമിഴ് ഗ്രാമങ്ങളുടെ നേര്‍പ്പതിപ്പായ ഈ സ്ഥലത്തെ വിശേഷിപ്പിക്കാം. ചിന്നമണ്ണൂരില്‍ നിന്നും 40 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഇവിടെ നിന്നും നാലുമണിക്കുള്ള ആദ്യ ബസ് ഒഴികെ മറ്റൊരു ബസും പ്രത്യേക സമയക്രമം പാലിക്കാത്തതിനാല്‍ സ്വന്തമായി വണ്ടിയെടുത്ത് ഇവിടെ വരുകയായിരിക്കും നല്ലത്
18 വളവുകള്‍ ചിന്നമണ്ണൂരില്‍ നിന്നും മേഘമലയിലേക്കുള്ള യാത്ര 18 വളവുകളിലൂടെയാണ് മുന്നേറുന്നത്. കുറിഞ്ഞിപ്പൂവിന്റെ പേരില്‍ തുടങ്ങി മുല്ല, തുമ്പ, വാക, പിച്ചി, കൂവളം, മല്ലിക താമര വരെയുണ്ട് ഇവിടുത്തെ കൊടും വളവുകള്‍ക്ക് പേരായി.
വെറുതേ കാണാന്‍ ഒരു മലമേട് ഒത്തിരി പ്രതീക്ഷകളുമായി ഇവിടെ എത്തിയാല്‍ നിരാശയായിരിക്കും ഫലം. തികച്ചും ശാന്തമായ, ഒരു തരത്തിലുള്ള ബഹളങ്ങളുമില്ലാത്ത കോടമഞ്ഞില്‍ പൊതിഞ്ഞ കുന്നുകളും തേയിലത്തോട്ടങ്ങളും ഇടയ്ക്കിടെ വന്നുപോകുന്ന കാറ്റും പച്ചയുടെ വകഭേദങ്ങളില്‍ കാണുന്ന തോട്ടങ്ങളും വല്ലപ്പോളും മാത്രം കേള്‍ക്കുന്ന വാഹനങ്ങളുടെ സ്വരങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്തകള്‍.
വെറുതേ നടക്കാന്‍ ഒന്നും പ്രതീക്ഷിക്കാതെ, പ്രകൃതി ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ മാത്രം ഇവിടെ കണ്ടു നടക്കാം. ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും വെള്ളം കുടിക്കുവാന്‍ വരുന്ന ആനക്കൂട്ടങ്ങളും കാട്ടുപോത്തും, പ്രഭാതത്തിലെത്തുന്ന അപൂര്‍വ്വങ്ങളായ പക്ഷികളെയും പുള്ളിമാനെയും മലയണ്ണാനെയും എല്ലാം കണ്ടു നടക്കാന്‍ പറ്റിയ ഇടമാണിത്.
തേയിലത്തോട്ടത്തിനു നടുവിലെ തടാകം മേഘമല എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മ വരിക എപ്പോഴോ കണ്ടു മറന്ന ഒരു ചിത്രമാണ്. തേയിലത്തോട്ടങ്ങള്‍ക്കു നടുവില്‍ മേഘങ്ങളാല്‍ മൂടപ്പെട്ടു കിടക്കുന്ന ഒരു ജലാശയം. മേഘമലയിലെ ഏറ്റവും വലിയ ആകര്‍ഷണവും ഇതുതന്നെയാണ്.
മഹാരാജാമേട് വ്യൂ പോയിന്റ് മേഘമലയിലെത്തിയാല്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മഹാരാജാമേട് വ്യൂ പോയിന്റ്. ഇവിടുത്തെ എസ്റ്റേറ്റ് റോഡില്‍ കൂടി ഏഴെട്ടു കിലോമീറ്റര്‍ ഉള്ളിലേക്കു സഞ്ചരിച്ചാല്‍ വ്യൂ പോയിന്റിലെത്താം. വെണ്ണിയാര്‍ ഡാമിനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. താഴ്വാരത്തിന്റെ കാഴ്ചയാണ് ഇവിടെ നിന്നും കാണാന്‍ സാധിക്കുക. ഇതിന്റെ തൊട്ടു മുകളില്‍ മഹാരാജയമ്മന്‍ കോവിലും ഇരവങ്കലാര്‍ ഡാമുമുള്ളത്.
വെള്ളിമല മേഘമലയുടെ ഹൃദയഭാഗം എന്നു പറയുന്ന സ്ഥലമാണ് വെള്ളിമല. സമുദ്ര നിരപ്പില്‍ നിന്നും 1650 മീറ്റര്‍ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കുന്നുകളുടെ മുകളില്‍ വെള്ളി മേഘങ്ങള്‍ വിശ്രമിക്കാനെത്തുന്നതിനാലാണത്രെ ഇവിടെ വെള്ളിമല എന്നറിയപ്പെടുന്നത്. ഈ മലയുടെ ഏതോ ഭാഗങ്ങളില്‍ നിന്നാണ് വൈഗാ നദി ഉത്ഭവിക്കുന്നത്.യ പെരിയാര്‍ വന്യജീവി സങ്കേതത്തിനു സമീപമാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
മേഘമലൈ വെള്ളച്ചാട്ടം സുരുളി വെള്ളച്ചാട്ടമാണ് മേഘമലൈ വെള്ളച്ചാട്ടം എന്ന പേരില്‍ അറിയപ്പെടുന്നത്. മേഘമലയിലെ കുന്നുകളില്‍ നിന്നും ഉത്ഭവിക്കുന്ന സുരുളി നദിയാണ് സുരുളി വെള്ളച്ചാട്ടത്തിന്റെ കേന്ദ്രം.
തൂവാനം ഡാം മേഘമലയിലെ മറ്റൊരു കാഴ്ചയാണ് തൂവാനം ഡാം. തേയിലത്തോട്ടങ്ങളുടെ നടുവില്‍ നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്ന ഇതിന്റെ കാഴ്ച കണ്ടില്ലെങ്കില്‍ പിന്നെ മേഘമലെ യാത്രയ്ക്ക് അര്‍ഥമില്ലാതാകും. രണ്ടു വലിയ മലകളെ മാത്രമല്ല, രണ്ടു സംസ്‌കാരത്തെയും കൂട്ടു യോജിപ്പിക്കുന്ന ഒരു ഡാമാണിത്.
താമസസൗകര്യവും ബസും പഞ്ചായത്ത് അതിഥി മന്ദിരവും സ്വകാര്യ എസ്റ്റേറ്റ് ബംഗ്ലാവുകളുമാണ് മേഘമലയിലെ താമസസൗകര്യത്തിന് ആശ്രയിക്കാവുന്നവ. മേഘമലയിലേക്കുള്ള യാത്രയില്‍ ഹൈവേ വിസ് എന്ന സ്റ്റോപ്പിലാണ് പഞ്ചായത്ത് അതിഥി മന്ദിരമുള്ളത്. കുറഞ്ഞ ബജറ്റിലെത്തുന്നവര്‍ക്ക് ഒരു രാത്രി ചിലവഴിക്കാന്‍ പറ്റിയ സ്ഥലമാണിത്. എസ്റ്റേറ്റ് ബംഗ്ലാവുകളില്‍ താമസസൗകര്യം ഉണ്ടെങ്കിലും വലിയ നിരക്കാണ് ഈടാക്കുന്നത്. ആദ്യ ബസ് രാവിലെ അഞ്ച് മണിക്ക് പോകും. പിന്നീട് എട്ടു മണി , ഉച്ചയ്ക്ക് 12 മണി. മേഘമലയില്‍ നിന്നും തിരിച്ച് രാവിലെ ആറു മണി, ഉച്ചയ്ക്ക് ഒരുമണി, മൂന്ന് മണി എന്നിങ്ങനെയാണ് സമയക്രമം.