Latest News

മാമലക്കണ്ടത്തെ മാസ്മരിക നിബിഡ വനത്തിലൂടെ ഞാനും എന്റെ പാത്തുവും

Danish Riyas
മാമലക്കണ്ടത്തെ മാസ്മരിക നിബിഡ വനത്തിലൂടെ ഞാനും എന്റെ പാത്തുവും

'ഭൂമിയിലുള്ള ഓരോ പ്രദേശങ്ങളും അരിച്ചു പെറുക്കുന്ന ഗൂഗിളിന്റെ ചാരക്കണ്ണുകള്‍ക്ക് ഒപ്പിയെടുക്കാന്‍ കഴിയാത്ത ഒരു സ്ഥലം, സൂര്യന്റെ കിരണങ്ങള്‍ പോലും കടന്ന് വരാന്‍ മടിക്കുന്ന ഒരു കാട്. ഇന്നും ലോകമറിയാത്ത ഒരു '30' കിലോമീറ്റര്‍ കൊടും വനപ്രദേശം. അതിലെ തന്നെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ 50- തിലധികം കാട്ടാനകള്‍,, നിഴലിനെ പോലും വന്ന് കടിച്ച് കുടഞ്ഞെറിയാന്‍ നില്‍ക്കുന്ന ഇഴ ജന്തുക്കള്‍, രാജവെമ്പാലകള്‍... പേരറിയാത്ത മറ്റ് ജന്തു ജീവജാലങ്ങള്‍. വനം വകുപ്പിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇത്രയേറെ ആനക്കൊമ്പന്മാര്‍ അഴിഞ്ഞാടുന്ന അപകടകരമായ ഒരു പ്രദേശം വേറെയില്ല.'ഡൈഞ്ചറസ്, ദി മോസ്റ്റ് ഡൈഞ്ചറസ് ഡെസ്റ്റിനേഷന്‍'

അത്ഭുതപ്പെടേണ്ട, ഈ സഥലം ആഫ്രിക്കയിലോ ആമസോണിലോ അല്ല. ഇവിടെ നമ്മുടെ കേരളത്തില്‍, രണ്ട് ജില്ലകളിലായി,, മലകളുടെ മടിത്തട്ടിലില്‍. ഇടുക്കിയുടെയും എറണാകുളത്തിന്റെയും അതിര്‍ത്തി പങ്കിടുന്ന ഒരു പ്രദേശം. പണ്ട് പ്രാദേശിക രാജാക്കന്മാര്‍ അപ്രതീക്ഷിത യുദ്ധങ്ങളില്‍ തോല്‍വിക്ക് മുന്‍പ് ജീവന്‍ രക്ഷിക്കാന്‍ മാത്രം ഉപയോഗിച്ചിരുന്ന രാജപാത. കൊച്ചി - കോതമംഗലത്ത് നിന്നും തട്ടേക്കാട് - ഭൂതത്താന്‍ കെട്ട് വഴി മൂന്നാറിലേക്കും അതുവഴി കൊടൈക്കനാലിലേക്കും, മൈസൂരിലേക്കും മദ്രാസിലേക്കുമൊക്കെ കടന്നിരുന്ന ഈ മരണപാത' ഇന്ന് പക്ഷേ അടച്ചിട്ടിരിക്കുകയാണ്.'മറ്റൊന്നുമല്ല, ഓരോ പൗരന്റെയും ജീവന്റെ വില സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്'
ഇന്നത്തെ കാലഘട്ടത്തിനറിയാത്ത ഈ കാട്ടുപാതയിലേക്ക് എത്തുന്നതിന് മുന്‍പ്, നിങ്ങള്‍ 'മാമലക്കണ്ട'ത്തെ കുറിച്ചറിയണം. അതിനോട് ചേര്‍ന്ന് കിടക്കുന്ന 'പൂയംകുട്ടി' വനമെന്തെന്ന് കാണണം. ഇവകള്‍ക്കെല്ലാം ഇടയിലൂടെ തെന്നിയും തെറിച്ചും ഒഴുകി നീങ്ങുന്ന കുട്ടമ്പുഴ' യോരത്ത് വല്ലപ്പോഴും ഒന്നിറങ്ങി നടക്കണം.

'ശനിയാഴ്ച്ച വൈകീട്ടാണ് ബുക്ക് ചെയ്തിരുന്ന വെസ്പ സ്‌കൂട്ടര്‍ കിട്ടുന്നത്. എങ്കില്‍ പിന്നെ വീക്കെന്‍ഡ് ട്രിപ്പ് അതില്‍ തന്നെ എന്ന് തീരുമാനിച്ചു'കാടറിയാന്‍,, ആസ്വദിക്കാന്‍,, അനുഭവിക്കാന്‍ 'ബൈക്ക് യാത്ര' പോലെ മനോഹരം മറ്റെന്തുണ്ട്.പെരുമ്പാവൂര്‍ റൂട്ടിലെ ചെമ്പറക്കി പെട്രോള്‍ പമ്പില്‍ സ്‌കൂട്ടര്‍ നിര്‍ത്തി, ഫുള്‍ ടാങ്ക് അടിക്കാന്‍ പറഞ്ഞു. 430 രൂപക്ക് ടാങ്ക് നിറഞ്ഞു. 500 രൂപ കൊടുത്ത് ബാക്കി ഫാത്തിമയോട് മേടിക്കാന്‍ പറഞ്ഞു ഞാന്‍ ബൈക്ക് കുറച്ചപ്പുറത്തേക്ക് മാറ്റി നിര്‍ത്തി. ബാക്കി പൈസയുമായി വന്ന പാത്തു ചിരിച്ചു കൊണ്ട് പറഞ്ഞു : ''ആ പയ്യന്‍ ബാക്കി 70 രൂപ തരേണ്ടതിന് പകരം 170 രൂപ തന്നിരിക്കുന്നു. വാ, പോകാം.. വണ്ടി വിട്ടോ''

'അടിക്കടി പെട്രോള്‍ വില കൂടുന്നതും പമ്പിന്റെ മുതലാളിയുടെ 100 രൂപ പോണെങ്കില്‍ പോട്ടെ' എന്നതുമായിരിക്കാം അവളെ അത്തരത്തില്‍ ചിന്തിപ്പിച്ചത്. നമ്മളില്‍ പലരും അങ്ങിനെയാണ് ധരിച്ചിരിക്കുന്നതും. എന്നാല്‍ തെറ്റാണത്, ഓരോ ദിവസവും ക്‌ളോസിങ് ടൈമില്‍ കാശിന്റെ ഷോര്‍ട്ടേജുണ്ടെങ്കില്‍ അതവിടത്തെ സ്റ്റാഫിന്റെ ശമ്പളത്തില്‍ നിന്നും പിടിക്കുന്നതാണ് പമ്പിലെ ഒരു രീതി. അയ്യായിരമോ ആറായിരമോ ഒക്കെ മാസം കിട്ടുന്ന ഇതുപോലുള്ള പാവം ബംഗാളികളുടെ ശമ്പളത്തില്‍ നിന്നും പോയാല്‍ പിന്നെ എന്തുണ്ടാകും അവര്‍ക്ക്, ആരും മറന്ന് പോകരുത്. ??ബൈക്ക് സ്റ്റാന്‍ഡിലിട്ട് ഞാന്‍, പെട്രോളടിച്ച ബംഗാളി പയ്യന്റെ അടുക്കലേക്ക് പോയി ഒന്ന് കൂടി ചോദിച്ച് ഉറപ്പ് വരുത്തി. എത്ര രൂപക്കാണ് അടിച്ചതെന്ന്,,,

'430 രൂപ' - മനസ്സിലാകുന്ന മലയാളത്തില്‍ അവന്‍ പറഞ്ഞു.''എങ്കില്‍ ഇതില് 100 രൂപ കൂടുതലുണ്ട്, പിടിച്ചോ'' എന്ന് പറഞ്ഞു തിരിച്ചു കൊടുത്തു. കാഴ്ച്ചയില്‍ തന്നെ പാവത്താനായ അവന് പരിഭ്രമവും സന്തോഷവും ഒരുമിച്ച്.ആ സമയം അകത്ത് നിന്നും മാനേജര്‍ വന്നു ചോദിച്ചു,,, 'എന്താ പ്രശ്‌നം,,?അല്ല, അയാള് 100 രൂപ കൂടുതല് തന്നു, തിരിച്ചു കൊടുത്തതാ,,,കേട്ടതും അയാള്‍ ദേഷ്യത്തോടെ ആ പയ്യനെ ഒരു നോട്ടം. എന്നിട്ട് എന്തോ പറയാന്‍ വേണ്ടി വാ തുറന്നതും,,, ഞാന്‍ പറഞ്ഞു : പോട്ടെ, ചേട്ടാ,, അറിയാതെയല്ലേ,, അയാളെ വഴക്ക് പറയേണ്ട''.
അയാളുടെ ഭാവവും ശരീരഭാഷയും എനിക്കൊട്ടും പിടിച്ചില്ല. അതുകൊണ്ട് ഞാന്‍ ഇത്തിരി പരുഷമായിട്ട് തന്നെയാണ് പറഞ്ഞത്. അതുകൊണ്ടാവണം, ഓക്കേ സര്‍,, ഓക്കേ സര്‍,, പറഞ്ഞുകൊണ്ട് ഒരു ഇളിഞ്ഞ ചിരി ചിരിച്ചു മധ്യവയസ്‌കനായ ആ മാനേജര്‍.

ഞായറാഴ്ച്ച ആയതുകൊണ്ടാകണം പെരുമ്പാവൂര്‍ ടൗണില്‍ വലിയ തിരക്കില്ല. മിക്ക കടകളും അടഞ്ഞു കിടക്കുന്നു. സിഗ്‌നലില്‍ ഞങ്ങളുടെ ബൈക്കിനോട് ചേര്‍ന്ന് വന്ന് നിര്‍ത്തിയ കാറിനുള്ളിലെ പെണ്‍കുട്ടി ഇടക്കിടെ നോക്കിയിരുന്നത് എന്നെയാണോ പുതിയ ബൈക്കിനെയാണോ, അറിയില്ല. ??കോതമംഗലവും തട്ടേക്കാടും കഴിഞ്ഞ്, വൃക്ഷങ്ങള്‍ നിഴലുകളെകൊണ്ട് തണലൊരുക്കിയ റോഡിലൂടെ മുന്നോട്ട് പോകുന്ന നമ്മളെ വരവേല്‍ക്കുന്നത് നിരവധി പ്രദേശങ്ങളുടെ ജീവനാഡിയായ കുട്ടമ്പുഴയാണ്. ഏതൊക്കെയോ മലനിരകള്‍ക്കിടയിലൂടെ അനേകം വനാന്തരങ്ങള്‍ക്കിടയിലൂടെ നീര്‍ച്ചാലുകളായി... അരുവികളായി... തോടുകളായി... ഒടുവില്‍... ഒരു പുഴയായ് പിന്നെ, കുട്ടിക്കല്‍ എന്ന സ്ഥലത്തെത്തി കുട്ടമ്പുഴ പെരിയാറുമായി പ്രണയിച്ച്, ശേഷം അവര്‍ ഒന്നായി ഒഴുകുന്നു.

കുട്ടമ്പുഴയില്‍ നിന്നും നേരെ പോയാല്‍ 'പൂയം കുട്ടി വനം'. പുലിമുരുകനെന്ന ചരിത്ര സിനിമയിലൂടെ നാം കണ്ടതും അറിഞ്ഞതുമാണ് പൂയംകുട്ടി വനം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐ.വി ശശിയുടെ 'ഈറ്റ' എന്ന സിനിമയും ഈ വനത്തിലാണ് ചിത്രീകരിച്ചത്. പക്ഷേ, നമുക്ക് കാട് കണ്ട് മനം നിറഞ്ഞതും നാം അതിശയിച്ചതും പുലിമുരുകനിലൂടെയാണ്.എനിക്ക് പോകേണ്ടത് പക്ഷേ കുട്ടമ്പുഴയില്‍ നിന്നും വലത്തേക്കാണ്, ഉയരങ്ങളിലേക്ക്...11 ഇഞ്ചുള്ള വെസ്പ സ്‌കൂട്ടറിന്റെ അലോയ് വീലുകള്‍ അതിന്റെ ട്യൂബ് ലെസ്സ് ടയറുകളുമായി, ഉരുളന്‍ തണ്ണിയിലേക്കും ആ വഴി മാമലക്കണ്ടമെന്ന മലകളാല്‍ ചുറ്റപ്പെട്ട പറുദീസയിലേക്കുമുള്ള പാത കയറാന്‍ തുടങ്ങി.'9 കിലോമീറ്റര്‍ - ഉരുളന്‍ തണ്ണിയില്‍ നിന്നും പന്തപ്ര വഴി മാമലക്കണ്ടത്തേക്കുള്ള റൂട്ട്. ഒരിക്കല്‍ പോയാല്‍ പിന്നീടൊരിക്കലും മറക്കാത്ത ആ അരമണിക്കൂര്‍ യാത്ര'

തുടക്കത്തില്‍ അങ്ങിങ്ങായി ആദിവാസി ഊരുകള്‍ കാണാം. പിന്നെ വിജനമാണ്, കാടിന്റെ ഭംഗിയുടെ തുടക്കമാണ്. ഒരു നാല് വീല്‍ വാഹനത്തിന് കടന്ന് പോകാന്‍ കഴിയുന്ന വിധത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത വൃത്തിയുള്ള വഴി. ഇടക്കിടെ ആനപ്പിണ്ടങ്ങള്‍, ഉണങ്ങിയതും ഉണങ്ങാത്തതും.... അവിടെവിടെയായി ഏതൊക്കെയോ കിളികളുടെ കലപില ശബ്ദങ്ങള്‍... ഇടക്ക് ഒരിലയനങ്ങാത്ത നിശബ്ദത, നിഗൂഢത. ഒരു നിമിഷം അരുവികള്‍ പോലും ഉറങ്ങുകയാണെന്ന് തോന്നും. ആ ഭയത്തിനിടയിലും ഒരു ത്രില്ലിംഗ്, ഒരാവേശം. അതിലൂടെ കിട്ടുന്ന ഒരു സുഖം.
'വിവരിക്കാന്‍ എന്റെ വിരലുകളില്‍ പിറവിയെടുക്കുന്ന വാക്കുകള്‍ മതിയാവില്ല''അങ്ങിനെ,, അങ്ങിനെ കാട്ടിലൂടെ കുറേ കയറ്റങ്ങളും വളവുകളും ഇറക്കങ്ങളുമൊക്കെ പിന്നിട്ട്,,,,,,,,

ഇന്നും 'മുനിയറ'കളെ ആരാധിക്കുന്ന ഒരു കൂട്ടം ജനങ്ങള്‍ അധിവസിക്കുന്ന മാമലക്കണ്ടം. മഴയില്ലാത്ത കാലത്ത്, ജനങ്ങള്‍ കൂട്ടമായി നിന്ന് മുനിയറകളില്‍ കാട്ടു തേനൊഴിച്ച് പായസം വെച്ചാല്‍ മഴ പെയ്യുമെന്ന് വിശ്വസിക്കുന്ന ഒരു ജനത ജീവിക്കുന്നിടം. നാല് വശവും കാട്. ഏത് പൊസിഷനില്‍ നിന്ന് നോക്കിയാലും ചുറ്റിനും മലനിരകള്‍. അതിന് മുകളില്‍ അങ്ങിങ്ങായി വെള്ളിനൂല്‍പോലെ ഒഴുകുന്ന നീര്‍ച്ചാലുകള്‍. 'അവ എവിടെ നിന്ന് ഉത്ഭവിക്കുന്നുവെന്നോ എവിടേക്ക് വീഴുന്നുവെന്നോ എന്നത് മിഴികള്‍ക്ക് ഒരത്ഭുതമായി മാറുന്നു'അങ്ങിനെ ചോയ്ച്ച് ചോയ്ച്ച് ഇടറോഡുകളില്‍ നിന്നും ഇടറോഡുകളിലൂടെ... എല്ലാ യാത്രകളിലും പലരോടും പലതും ചോദിച്ചറിയുക എന്നത് ഒരു ശീലമാണ്.

പോകുന്നവഴിക്കെല്ലാം മരങ്ങളില്‍ കൊക്കോ ഫ്രൂട്ട് വിളഞ്ഞു നില്‍ക്കുന്നു. വേണമെന്ന പാത്തുവിന്റെ ആഗ്രഹം മനസ്സിലാക്കിയിട്ടാകണം ഒരു കുടിലിലേക്ക് കയറിച്ചെന്ന ഞങ്ങള്‍ക്ക് ആദിവാസിക്കുട്ടികള്‍ സ്‌നേഹപൂര്‍വ്വം പഴം വച്ചു നീട്ടി.ാമലക്കണ്ടവും പിന്നിട്ട് ഞങ്ങള്‍ ഇളംപ്ലാശേരി എത്തി. അവിടെയാണ് ചെക്ക് പോസ്റ്റ്. മേല്‍പറഞ്ഞ ആ 30' കിലോമീറ്ററിലേക്കുള്ള കവാടം. മൂന്നാറിലേക്ക് മുങ്ങാം കുഴിയിട്ട് പോകാനുള്ള ആ പഴയ രാജപാതയുടെ തുടക്കം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആനകളും പാമ്പുകളും വസിക്കുന്നിടം. ആ വഴിയിലേക്ക് ഒരീച്ചയെപോലും കടത്തിവിടാതെ ചെക്ക് പോസ്റ്റില്‍ കര്‍മ്മ നിരതനായിരിക്കുന്ന ഓഫീസര്‍ - അലി മുഹമ്മദ്. പരിചയപെട്ടു, കാടിന്റെ വിശേഷങ്ങളെല്ലാം പറഞ്ഞും അറിഞ്ഞും തിരികെ പോരാന്‍ നേരം ഞാന്‍ ആ ഓഫീസറോട് ഒരു ഉറപ്പ് മേടിച്ചെടുത്തു.'ആദിവാസികളുടെ സഹായത്തോടെ ഇനി ഒരിക്കല്‍ സാറ് ഈ വഴിക്ക് പോകുമ്പോള്‍ കൂടെ എന്നെയും കൊണ്ടുപോണം. ഒരിക്കലെങ്കിലും ആ വഴിയിലൂടെ എനിക്കുമൊരു യാത്ര പോകണം. ഞാന്‍ ഒന്നുകൂടി വരും, അന്ന് നമുക്ക് വേണ്ടി സര്‍, ഈ ചെക്ക്‌പോസ്റ്റ് മലര്‍ക്കെ തുറക്കണം'..!

Read more topics: # love-to-traavel-forest
love-to-traavel-forest

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES