മലയാളത്തിൽ വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താരമാണ് ലെന. നായികയായി തുടങ്ങിയ ലെന ഇപ്പോൾ വില്ലത്തിയായും അമ്മ വേഷത്തിലും നായികയുടെ സുഹൃത്തായുമെല്ലാം വെള്ളിത്തിരയിൽ നിറഞ്ഞ് നിലക്കുകയാണ്, സ്‌ക്രീനിനു പുറത്ത് തന്റെ സ്റ്റൈലും ശരീര സൗന്ദര്യവും കാത്തു സൂക്ഷിക്കുന്ന ലെന യാത്രകളും പുതിയ പരീക്ഷണങ്ങളും എന്നും ഇഷ്ടപ്പെടുന്ന വ്യക്തികൂടിയാണ്.
തലമുണ്ഡനം ചെയ്തുള്ള നടിയുടെ ലുക്കും നടി നടത്തുന്ന യാത്രയുടെ ഫോട്ടോകളും വിഡിയോകളും എല്ലാം നടി സോഷ്യൽമീഡിയവഴി പങ്ക് വക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ വർഷം നടി നടത്തിയ നേപ്പാൾ യാത്രകളുടെ ഏതാനും ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോളിതാ നേപ്പാളിലേക്ക് യാത്ര ചെയ്ത അനുഭവം വിവരിച്ചുകൊണ്ടുള്ള ലെനയുടെ യൂ ട്യൂബ് വീഡിയോ വൈറലാവുകയാണ്. സോളോ ട്രാവലർ എന്ന പേരിൽ താൻ നടത്തിയ യാത്രാനുഭവങ്ങളാണ് പ്രേക്ഷകരുമായി ലെന പങ്കുവയ്ക്കുന്നത്.
50 ദിവസം നീണ്ട നേപ്പാൾ യാത്രയായിരുന്നു താരം നടത്തിയത്. ഏറെ രസകരമായി നിരവധി അനുഭവങ്ങളാണ് നേപ്പാൾ യാത്രയിൽ തനിക്ക് ലഭിച്ചതെന്ന് ലെന പറയുന്നു.അതിൽ ഏറ്റവും രസകരം തേൻ സംഘത്തോടൊപ്പം കാട്ടിലേക്ക് നടത്തിയ യാത്രയായിരുന്നു. 80 വയസുള്ള ഗുരുവാണ് തേൻ വേട്ട സംഘത്തിന്റെ തലവൻ. വെളുപ്പിന് ട്രക്കിങ് ആരംഭിച്ചു. ഗുരുവിന്റെ ആരോഗ്യം തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ലെന പറയുന്നു. ഒരു ഘട്ടത്തിൽ കുത്തനെയുള്ള മലനിരകൾ കയറാൻ തനിക്ക് കഴിയുമോയെന്ന ആശങ്കയും ഉണ്ടായിരുന്നുവെന്ന് ലെന പറയുന്നു. അതിനേക്കാൾ ശങ്ക പുഴ മുറിച്ചു കടക്കുമ്പോഴായിരുന്നു. മഴക്കാലമല്ലാതിരുന്നതിനാൽ ഒഴുക്ക് കുറവായിരുന്നു. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ ആ ഒഴുക്കിൽ സ്‌ളിപ്പായി കഴിഞ്ഞാൽ തിരിച്ചു വരാൻ കഴിയില്ല. അതുകൊണ്ടുതന്നെ തിരിച്ചുവരാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ലെന്നും ലെന വെളിപ്പെടുത്തുന്നുണ്ട്.
കൂടാതെ,രാത്രിയിലെ മലയടിയിലെ താമസവും ഒരുമിച്ചുള്ള ഭക്ഷണവുമെല്ലാം മറക്കാൻ കഴിയാത്തതായിരുന്നുവെന്ന് നടി ഓർക്കുന്നു. കുത്തനെയുള്ള മലയുടെ മടക്കിലായിരുന്നു രാത്രി കഴിച്ചുകൂട്ടിയത്. അട്ടകടിയേറ്റ തന്റെ കാലിന്റെ ചിത്രവും ലെന വീഡിയോയിൽ കാണിക്കുന്നുണ്ട്;
സ്ത്രീകളെ ഏറ്റവും ബഹുമാനിക്കുന്ന രാജ്യമാണ് നേപ്പാളെന്നും. ഓരോ വീട്ടിലെയും കാര്യങ്ങൾ തീരുമാനിക്കുന്നത് അവിടുത്തെ മുതിർന്ന സ്ത്രീയാണ്. ദേവിയെ പോലെയാണ് സ്ത്രീകളെ നേപ്പാൾ ജനത കാണുന്നതെന്നും,? അതുകൊണ്ടുതന്നെ ഒരു വനിതാ സോളോ ട്രാവലർക്ക് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന രാജ്യം നേപ്പാൾ തന്നെയാണെന്ന് ലെന ഉറപ്പിക്കുന്നു.
നേപ്പാളിൽ നിന്നും തവളയിറച്ചിയും തദ്ദേശീയമായി വാറ്റിയ പാനിയവുമെല്ലാം കഴിച്ച അനുഭവവും ലെനയുടെ വ്ളോഗിലുണ്ട്. തേൻ ശേഖരിക്കാനായി പോയ സംഘമാണ് ഈ തലമുറയിലെ അവസാനത്തെ തേൻവേട്ടക്കാർ എന്നറിഞ്ഞപ്പോൾ ആ യാത്രയിൽ പങ്കാളിയാകാൻ സാധിച്ചതിൽ ഏറെ അഭിമാനിക്കുന്നു. യാത്രകളും വിശേഷങ്ങളും അവസാനിക്കുന്നില്ലെന്നും അടുത്തതായി അന്നപൂർണ മലനിരകളിലേക്ക് നടത്തിയ ട്രെക്കിങ്ങിന്റെ വിശേഷങ്ങളുമായി കാണാമെന്നും ലെന പറഞ്ഞുനിർത്തി.