നഗരത്തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് വളരെ അധികം ശാന്തസുന്ദരമായ ഒരു സ്ഥലത്തേക്ക് പോകാനാണ് നാം എപ്പോഴും ആഗ്രഹിക്കാറുള്ളത്. അത്തരത്തിൽ പ്രകൃതിയുടെ വശ്യത ആവോളം ആസ്വദിക്കുവാൻ കേരളത്തിൽ വിവിധ ഇടങ്ങളാണ് ഉള്ളത്. അങ്ങനെ ഒരു ഇടമാണ് ഇലവീഴാപ്പൂഞ്ചിറ. കോട്ടയം ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാര മേഖലയാണ് ഇവിടം. ഇലവീഴാപ്പൂഞ്ചിറ മാന്‍കുന്ന്, കൊടിയത്തൂര്‍ മല, തോണിപ്പാറ എന്നീ മൂന്നുമലകൾ കോട്ടവിരിക്കുന്ന മനോഹര പ്രദേശം കൂടിയാണ്. നീലാകാശത്തു തൊട്ടു നിൽക്കുന്ന മനോഹരമായ പുൽമേടാണ് പൂഞ്ചിറയിൽ എത്തിയാൽ ആദ്യം കാണുന്ന കാഴ്ച .
ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ്. സുന്ദര കാഴ്ചകൾക്ക് പുറമെ ഇവിടം ട്രെക്കിങ് പ്രേമികളുടെയും പ്രിയപ്പെട്ട ഇടം കൂടിയാണ് ഇവിടം. ആരെയും അതിശയിപ്പിക്കുന്നതാണ് സൂര്യോദയത്തിന്‍റെയും സൂര്യാസ്തമയത്തിന്‍റെ കാഴ്ച. മൂടൽ മഞ്ഞും നൂൽ പോലെ പെയ്യുന്ന മഴയും സദാ സമയവും വീശിയടിക്കുന്ന നനുത്ത കാറ്റും എല്ലാം കൂടി ഒരുമിക്കുന്ന ഈ സ്വർഗഭൂമിയിലെ കാഴ്ച്ച ആരെയും കോരിത്തരിപ്പിക്കുന്ന ഒന്നാണ്.
ഇലവീഴാപൂഞ്ചിറയിൽ നിന്നും വിനോദസഞ്ചാര ഭൂപടത്തിൽ ഇടം തേടിയ ഇല്ലിക്കല്‍ക്കല്ല് ഏറെ ദൂരെയല്ല എന്നതാണ് ഇവിടുത്തെ മറ്റൊരു സവിശേഷത. പേരിൽ കൗതുകം നിറഞ്ഞിരിക്കുന്ന ഈ സുന്ദര പ്രദേശം ഒന്നു കാണാൻ ഏവരും കൊതിക്കാറുണ്ട്. ജീപ്പും ബൈക്കും മാത്രം എത്തിച്ചേരുന്ന ഈ വഴികളിലൂടെയുള്ള ഇലവീഴാപ്പൂഞ്ചിറയിലെ യാത്ര ഏറെ വ്യത്യസ്തമാക്കുകയും ചെയ്യുന്നു.