പാര്‍വ്വതിയുടെ അവതാരമായ കന്യാ ദേവിക്ക് ശിവനുമായുള്ള വിവാഹം തടസ്സപ്പെട്ടെന്നും വിവാഹത്തിനായ് തയ്യാറാക്കിയ അരിയും മറ്റു ധാന്യങ്ങളും പാചകം ചെയ്യാനാകാതെ പോയെന്നുമാണ് ഐതിഹ്യം. ഇന്നും സന്ദര്‍ശകര്‍ക്ക് നടക്കാതെ പോയ ഈ വിവാഹത്തിന്റെ സ്മരണാര്‍ത്ഥം അരിയുടെ രൂപത്തിലുള്ള കല്ലുമണികള്‍ ഇവിടെ നിന്നും വാങ്ങാം. കന്യകയായ് തന്നെ തുടരുന്ന കന്യാ ദേവി സന്ദര്‍ശകരെ അനുഗ്രഹിന്നുണ്ടെന്നാണ് വിശ്വാസം.
ഹനുമാന്‍ അമര്‍ത്യതക്കുള്ള മൃതസഞ്ജീവനി പര്‍വ്വതം ഹിമാലയത്തില്‍ നിന്നും ലങ്കയിലേക്ക് കൊണ്ടു വരുമ്പോള്‍ അതില്‍ നിന്നും ഒരു കഷ്ണം ഇവിടെ വീണു പോയെന്നും അങ്ങനെയാണ് കന്യാകുമാരിയിലെ മരുത്വമല ഉണ്ടായതെന്നും മറ്റൊരൈതിഹ്യമുണ്ട്. കന്യാകുമാരി പ്രദേശത്ത് കാണപ്പെടുന്ന അനേകം ഔഷധ സസ്യങ്ങള്‍ ഇപ്രകാരമാണ് ഉണ്ടായത്. സിദ്ധം, ആയുര്‍വേദം, വര്‍മകല എന്നീ പാരമ്പര്യ ചികിത്സാ മുറകളും കന്യാകുമാരി ജില്ലയില്‍ പ്രബലമാണ്. ബംഗാള്‍ ഉള്‍ക്കടലിന്റെയും അറബിക്കടലിന്റെയും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും തീരത്തുള്ള കുമാരി അമ്മന്‍ ക്ഷേത്രത്തില്‍ നിന്നുമാണ് കന്യാകുമാരിക്ക് ഈ പേര് കിട്ടിയത്.