പാല്‍കുളമേട്
ഇടുക്കി ജില്ലയില്‍ കഞ്ഞിക്കുഴിക്ക് സമീപമാണ് പാല്‍കുളമേട് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3200 ഓളം അടി ഉയരെ ആണ് ഈ പ്രദേശം. ഓഫ് റോഡ് റൈഡര്‍മാര്‍ക്കും ട്രെക്കിങ്ങ് ഇഷ്ട്ടപെടുന്നവര്‍ക്കും അനുയോജ്യമായ സ്ഥലമാണ് പാല്‍കുളമേട്.
രാവിലെ തന്നെ ഒരുങ്ങി ഇറങ്ങിയ എന്നോട് അമ്മാവന്‍ എങ്ങോട്ട് ആണെന്ന് ചോദിച്ചു. ഒരു കാല്‍ക്കുലേറ്റര്‍ വാങ്ങണം. കുറച്ചു നേരം നില്‍ക്കാമെങ്കില്‍ ബസ്സ്റ്റോപ്പില്‍ ആക്കി തരാമെന്ന് അമ്മാവന്‍ പറഞ്ഞു. പൊന്‍കുന്നത്ത് നിന്ന് രാവിലെയുള്ള ചെറുതോണി ബസിനായിരുന്നു പോകാന്‍ ഉദ്ദേശം.
7:45 ആയപ്പോള്‍ യാത്ര ആരംഭിച്ചു. 10 മണിക്ക് കടയൊക്കെ തുറക്കുന്ന സ്ഥലത്തു 7 മണിക്കേ പോകാന്‍ നിന്ന എന്നെ കണ്ടപ്പോഴേ മനസിലായി ഞാന്‍ വേറെ എവിടെയോ പോകുന്നുണ്ടെന്ന്. എവിടെക്ക് ആണെന്ന് ചോദിച്ചപ്പോള്‍ കണ്ടൈന്റ്‌മെന്റ് സോണ് എല്ലാം നോക്കിയിട്ട് വേണം തീരുമാനിക്കാന്‍ എന്ന് മറുപടി നല്‍കി.
8:15 ന് പരപ്പില്‍ നിന്ന് കട്ടപ്പന വണ്ടിയില്‍ കയറി. 9 മണിയോടെ കട്ടപ്പനയില്‍ എത്തി. ആദ്യമത്തെ അടിമാലി ബസില്‍ കയറി ചുരുളിയിലേക്ക് ഒരു ടിക്കറ്റ് എടുത്തു. 11 മണി ആയപ്പോള്‍ ചുരുളിയില്‍ എത്തി ഒരു ചായയും കുടിച്ച് പാല്‍കുളമേട്ടിലേക്ക് ഉള്ള വഴിയും ചോദിച്ചു നടത്തം തുടങ്ങി
കരിമ്പനില്‍ നിന്ന് വരുമ്പോള്‍ ചുരുളി ടൗണില്‍ നിന്ന് ഇടത്തേയ്ക്ക് ആണ് തിരിയേണ്ടത്. 500 ങ അത് വഴി പോകുമ്പോള്‍ ചുരുളി ഹോമിയോ ആശുപത്രിയുടെ അടുത്ത് നിന്നും ഇടത്തേയ്ക്ക് ഉള്ള കോണ്‍ക്രീറ്റ് വഴിയാണ് ഞാന്‍ പോയത്.
ലോക്ക്‌ഡൌണ്‍ ആയി വീട്ടില്‍ തന്നെ ആയിരുന്നതിനാല്‍ നടത്തമൊക്കെ വളരെ ദുഷ്‌ക്കരം ആയിരുന്നു. അങ്ങനെ 3-4 സാ നടന്നു കയറിയപ്പോള്ളാണ് പാല്‍കുളമേട് 2.5 സാ എന്ന ബോര്‍ഡ് കണ്ടത്. ഇവിടം മുതല്‍ ഉള്ള വഴി ഓഫ് റോഡ് ആണ്. നടന്നു പോകുന്നവര്‍ക്ക് എന്ത് ഓഫ് റോഡ് എന്ന് വിചാരിച്ച് ഞാന്‍ വീണ്ടും നടന്നു തുടങ്ങി. ദൂരം കുറയ്ക്കുവാന്‍ വേണ്ടി കുറുക്കുവഴികളെ ആശ്രയിച്ചതിനാല്‍ ഹെയര്‍ പിന്‍ വളവുകളുടെ എണ്ണം തെറ്റിയിരുന്നു. വീട്ടില്‍ നിന്ന് വെള്ളം എടുക്കാത്തത് വലിയ ഒരു അബദ്ധം ആയി പോയി. കുപ്പി വെള്ളം വാങ്ങുന്ന ശീലം നിര്‍ത്തിയത് കൊണ്ട് അതും ഇല്ല.
കാലുകള്‍ നന്നായി വേദനിക്കുവാന്‍ തുടങ്ങിയിരുന്നു. കൂടാതെ ശരീരത്തില്‍ ചൂടും കൂടുതലായി അനുഭവപെട്ടു. വഴിയില്‍ തന്നെ തളര്‍ന്നു വീഴുവാന്‍ ഒരു മാത്രെ ആഗ്രഹിച്ചു. പിന്നെ ഇടയ്ക്ക് ഇടയ്ക്ക് ചെറിയ അരുവികള്‍ ഉണ്ടായിരുന്നത് കൊണ്ട് മുഖവും കഴുത്തും എല്ലാം കഴുകി ശരീരം തണുപ്പിച്ചു.
നേരത്തെ കേറിയവര്‍ ഓരോന്നായി ബൈക്കില്‍ ഇറങ്ങി വരുന്നുണ്ടായിരുന്നു. പലരും എന്നോട് ഒറ്റയ്ക്ക് ആണോ വന്നത് എന്ന് ചോദിച്ചു. വളവുകള്‍ ഓരോന്ന് കയറി കഴിഞ്ഞിട്ടും മലയുടെ ഉയരം കുറയുന്നതായി തോന്നിയില്ല. വഴിയില്‍ എങ്ങും ആനപ്പിണ്ടം കിടപ്പുണ്ടായിരുന്നു. ഒരു ആന വന്നാല്‍ ഓടാനുള്ള ത്രാണി പോലും എനിക്ക് ഉണ്ടായിരുന്നില്ല.
വയ്യാതെ ആയെങ്കിലും ഒരുപാട് നേരം വിശ്രമിക്കാന്‍ മനസ് വന്നില്ല. വളരെ സാവകാശം തന്നെ മുന്നോട്ടു പോയി. അങ്ങനെ വാഹനങ്ങള്ളക്ക് വരാന് പറ്റുന്ന അവസാന സ്ഥലത്തു എത്തി. പച്ചവിരിച്ച പുല്‌മേടുകളുടെ ഇടയിലൂടെ ഉള്ള നട പാത തെളിഞ്ഞു നിന്നിരുന്നു. മലയുടെ മുകളില്‍ തട്ടി പോകുന്ന കോടയെ തഴുകുവാന്‍ മനം കൊതിച്ചു. ഇത്രയും നേരം വന്ന വഴി പോലെയല്ല ഇനിയുള്ള വഴി 80ത്ഥ ചെരിവ് ഉള്ള കുത്തു കയറ്റമാണ്. ചിലയിടങ്ങളില്‍ പാറകളില്‍ അള്ളി പിടിച്ചു വേണം കയറുവാന്‍. 2 മണിക്കൂര്‍ നീണ്ട നടത്തത്തിന് ഒടുവില്‍ ഞാന്‍ ആ ഉയരം കീഴടക്കി. ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ. ബൈക്കുകളില്‍ വന്ന ഒരു കൂട്ടം യുവാക്കള്‍ അവിടെ ഉണ്ടായിരുന്നു. മുകളില്‍ എത്തി ഒരു പാറയുടെ മുകളില്‍ ഞാന്‍ നടുവ് നിവര്‍ത്തി കിടന്നു.
അയ്യപ്പനും കോശിയിലെ കോശിയുടെ അവസ്ഥ ആയിരുന്നു. നടന്നു നടന്നു ഒരു പരുവം ആയി. മഞ്ഞ് മൂടിയ മലനിരകളില്‍ കുളിരുകൊള്ളുവാന്‍ ഒരു പ്രതേയ്ക സുഖം തന്നെയാണ്. തിരിച്ചു ഇറങ്ങുവാന്‍ തുടങ്ങിയപ്പോള്‍ ആകാശം മെല്ലെ തെളിഞ്ഞു തുടങ്ങിയിരുന്നു. അപ്പോഴാണ് ദൂരെ ചെറുതോണി അണക്കെട്ട് കാണാന്‍ പറ്റിയത്. മുന്നോട്ട് കുറച്ചും കൂടി പോയി ഒരു കുരിശുമലയില്‍ എത്തി. ചെറുതോണി നഗരത്തിന്റെ മനോഹരമായ ചിത്രം ഇവിടെ നിന്നാല്‍ കാണാം.
പയ്യെ തിരികെ ഇറങ്ങുവാന്‍ തുടങ്ങി. കയറുന്നതിലും പ്രയാസമായിരുന്നു ഇറങ്ങുവാന്‍. ഇടയ്ക്ക് വെച്ച് വഴി തെറ്റി നേരെ കാട്ടില്‍ കൂടി തന്നെ ആല്‍പ്പാറ ദേവി ക്ഷേത്രത്തിന്റെ അടുത്തെത്തി. വഴി തെറ്റിയാലും നേരത്തെ താഴെ എത്തി. ചെറുതോണിയില്‍ നിന്നോ കരിമ്പനില്‍ നിന്നോ ജീപ്പ് വിളിച്ചു പോകുന്നതാണ് ഉചിതം.
കടപ്പാട്