Latest News

ദിയ ശരിക്കും ഭാഗ്യവതിയെന്ന് സ്‌നേഹ ശ്രീകുമാര്‍; ദിയ കൃഷ്ണയും കുടുംബവും ഡോക്യുമെന്റ് ചെയ്തിരിക്കുന്ന പ്രസവം അസ്സല്‍ റിസര്‍ച്ച് മെറ്റീരിയല്‍ ആണെന്ന് ഡോ ഷിംന അസീസ്;അമ്മ ഒരുങ്ങി സുന്ദരിയായി വന്ന് പ്രസവിച്ചാല്‍ ആര്‍ക്കാണിവിടെ നഷ്ടമെന്നും കുറിപ്പ്; ദിയയുടെ പ്രസവ വീഡിയോ പങ്ക് വച്ചതിന് വിമര്‍ശനം ഉയരുമ്പോള്‍ അനൂകൂലിച്ചും കുറിപ്പുകള്‍

Malayalilife
ദിയ ശരിക്കും ഭാഗ്യവതിയെന്ന് സ്‌നേഹ ശ്രീകുമാര്‍; ദിയ കൃഷ്ണയും കുടുംബവും ഡോക്യുമെന്റ് ചെയ്തിരിക്കുന്ന പ്രസവം അസ്സല്‍ റിസര്‍ച്ച് മെറ്റീരിയല്‍ ആണെന്ന് ഡോ ഷിംന അസീസ്;അമ്മ ഒരുങ്ങി സുന്ദരിയായി വന്ന് പ്രസവിച്ചാല്‍ ആര്‍ക്കാണിവിടെ നഷ്ടമെന്നും കുറിപ്പ്; ദിയയുടെ പ്രസവ വീഡിയോ പങ്ക് വച്ചതിന് വിമര്‍ശനം ഉയരുമ്പോള്‍ അനൂകൂലിച്ചും കുറിപ്പുകള്‍

യുട്യൂബറും ബിസിനസുകാരിയുമായ ദിയ കൃഷ്ണ കഴിഞ്ഞ ദിവസമാണ് അമ്മയായത്.  ദിയ ഒരു ആണ്‍ കുഞ്ഞിനാണ് ജന്മം നല്‍കിയതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കൃഷ്ണ കുമാര്‍ പറഞ്ഞിരുന്നു. പിന്നാലെ നിരവധി പ്രമുഖര്‍ ആശംസകളുമായി എത്തിയിരുന്നു. അതിന് പിന്നാലെ ദിയ കൃഷ്ണ ഡെലിവറി വീഡിയോ പോസ്റ്റ് ചെയ്തത് ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു. 

കടുത്ത സൈബര്‍ ആക്രമണമാണ് ദിയ നേരിട്ടത്. അതുപോലെ ദിയയുടെ ചേച്ചി അഹാന കൃഷ്ണകുമാര്‍ അനുജത്തിയെ ചേര്‍ത്ത് പിടിച്ചതും എല്ലാവരും കണ്ടിരുന്നു. സന്തോഷത്തിന് എന്നില്‍ കണ്ണീര്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല, പക്ഷേ ജൂണ്‍5ന് അത് സംഭവിച്ചു എന്നുമാണ് അഹാന പറഞ്ഞത്. 

ഇപ്പോഴിതാ, വിമര്‍ശനങ്ങളില്‍ പിന്തുണയുമായി നടി സ്നേഹാ ശ്രീകുമാര്‍ രംഗത്തെത്തി.വര്‍ഷങ്ങള്‍ക്കു ശേഷം ആ കുടുംബത്തിലേക്ക് ഒരു ആണ്‍കുട്ടി വന്നതില്‍ അവരുടെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നതില്‍ എന്താണ് തെറ്റെന്ന് സ്നേഹ ചോദിചു.

സ്‌നേഹയുടെ കുറിപ്പ് ഇങ്ങനെ:
വളരെ സന്തോഷം തോന്നിയ ഫോട്ടോ.തന്റെ വേദനയില്‍ കൂട്ടായി ഒരു കുടുംബം മുഴുവന്‍ കൂടെ നില്‍ക്കുന്നു, അത് നല്‍കുന്ന മാനസിക പിന്തുണ വലുതാണ്. ദിയ ശരിക്കും ഭാഗ്യവതി ആണ്, ഒപ്പം അടുത്തുനിന്നു മാറാതെ നില്‍ക്കുന്ന അശ്വിനും.. വര്‍ഷങ്ങള്‍ക്കു ശേഷം ആ കുടുംബത്തിലേക്ക് ഒരു ആണ്‍കുട്ടി വന്നത് അവരുടെ സന്തോഷം അവരുടെ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നതില്‍ എന്ത് തെറ്റാണു ഉള്ളത്. നെഗറ്റീവ് കമന്റ് ഇടുന്നവരോട് എത്രപേരുടെ വീടുകളില്‍ സ്ത്രീകള്‍ക്ക് വേണ്ട സമയത്തു മാനസിക പിന്തുണ കൊടുക്കാന്‍ സാധിക്കാറുണ്ട്?സ്ത്രീയാകുമ്പോള്‍ അങ്ങിനെയൊക്കെയ, പണ്ട് ഇങ്ങനെ ഒന്നുമില്ലല്ലോ എന്ന് പറയുന്നവരോട് നിങ്ങള്‍ കുറച്ചു മാറ്റി ചിന്തിച്ചാല്‍ കുറച്ചു കൂടി സന്തോഷമുള്ളതാകും ജീവിതം ??. ഗര്‍ഭിണിയാകും മുതല്‍ പ്രസവസമയത്തും അതിനുശേഷം മാനസികവും ശാരീരികവുമായി 100% നോര്‍മല്‍ അവസ്ഥയിലാകും വരെ സ്ത്രീക്ക് വേണ്ട പരിഗണനയും ശ്രദ്ധയും കൊടുക്കാന്‍ വീട്ടിലുള്ളവര്‍ ശ്രദ്ധിക്കണം, അതല്ലങ്കില്‍ അവരുടെ മനസിന്റെ താളം തെറ്റും. 60%എങ്കിലും അങ്ങിനെ മാനസികമായി പല വെല്ലുവിളികളും നേരിട്ട ആളാണ് ഞാന്‍.Toxic ആയ ഒരാള്‍ മതി ഈ സമയത്തു നമ്മുടെ താളം തെറ്റിക്കാന്‍.. അത്തരം ആളുകളെ ഇനി ജീവിതത്തില്‍ അടുപ്പിക്കില്ല എന്ന ഉറച്ച തീരുമാനം എടുത്തു കഴിഞ്ഞാണ് സത്യത്തില്‍ കുറച്ചെങ്കിലും ഞാന്‍ ok ആയതു..

ദിയയുടെ പ്രസവ വ്ളോഗിനെ പിന്തുണച്ച് പോസ്റ്റുമായി എത്തിയിരിക്കുകയാണ് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മുന്‍ അസോ. പ്രഫസര്‍ ദീപ സെയ്‌റ. 

അമ്മ ഒരുങ്ങി സുന്ദരിയായി വന്ന് പ്രസവിച്ചാല്‍ ആര്‍ക്കാണിവിടെ നഷ്ടം?. ഈ വേദന എന്താണെന്ന് അനുഭവിച്ചവര്‍ക്ക് അറിയാമെന്നും എനിക്ക് എന്തായാലും അവരോട് അസൂയയാണ്. അവള്‍ക്ക് ആശ്വാസമായി കുടുംബം മുഴുവന്‍ നിന്നുവെന്നും ദീപ കുറിക്കുന്നു. 

ദീപയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം...

 ഇത് പിന്നെ എങ്ങനെ വേണെന്നാണ് കമന്റ് ബോക്‌സിലെ ചിലര്‍ പറയുന്നത്? ഇരുട്ടുള്ള ഒരു ലേബര്‍ റൂമില്‍ മണിക്കൂറുകള്‍ അവള്‍ തനിച്ചു കിടക്കണം? അപരിചിതരായ കുറെ നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും മുഖങ്ങള്‍ കണ്ട് അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കിടയില്‍ വേദന കൊണ്ട് അലറി, പ്രിയപ്പെട്ട ആരുടേയും മുഖം കാണാതെ ഞാന്‍ മരിച്ചെങ്ങാന്‍ പോകുമോ ദൈവമേ എന്ന് ആശങ്കപ്പെട്ട്... അങ്ങനെ വേണോ ഒരു കുഞ്ഞു ജീവനെ ലോകത്തേക്ക് അതിന്റെ അമ്മ കൊണ്ട് വരാന്‍? എനിക്ക് അസൂയ തോന്നി ദിയയോടും അശ്വിനോടും. ഒരു കുടുംബം മുഴുവന്‍ ചുറ്റും നില്‍ക്കുമ്പോള്‍ അവരുടെ കൈ പിടിച്ച്, അവരുടെ ആശ്വസിപ്പിക്കല്‍ അനുഭവിച്ചു, ഒടുവില്‍ അവരുടെയെല്ലാം കൈയടിയുടെ നടുവിലേക്ക് കുടുംബത്തിലെ പുതിയ അംഗം വരുന്നു, എന്തൊരു ഭംഗിയാണ്. ഈ വീഡിയോ കാണുന്ന ഓരോരുത്തരുടെയും കണ്ണ് നനഞ്ഞിട്ടുണ്ടാകും. ഹൃദയം നിറഞ്ഞിട്ടുണ്ടാകും. എന്നാല്‍ അതിനൊപ്പം തന്നെ ഈ വീഡിയോയ്ക്ക് നെഗറ്റീവും പറഞ്ഞു 'നിനക്കൊക്കെ ചുമ്മാ പോയി പ്രസവിച്ചുവന്നാല്‍ പോരെ' എന്ന് ചോദിക്കുന്ന ചില കുലസ്ത്രീ-പുരുഷന്മാരും ഉണ്ട്. നല്ല വെടിപ്പായ അസൂയയാണ്, വേറൊന്നുമല്ല ആ ജല്പനങ്ങള്‍! ആ വേദന എന്താണെന്ന് ചിലര്‍ ഒന്നറിയാനെങ്കിലും ഈ വീഡിയോ ഉപകരിക്കും! 

ഇനി അവള്‍ മേയ്ക്കപ് ചെയ്തിരുന്നു എന്നതാണ് അടുത്ത പ്രശ്‌നം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സേഫ് ആയ കോസ്‌മെറ്റിക്‌സ് ഗര്‍ഭിണിയായ അമ്മയ്ക്ക് ഉപയോഗിക്കാം എന്നിരിക്കേ, ഇത് എങ്ങനെ വേണമെന്നാണ് കമന്റ് തൊഴിലാളികള്‍ പറയുന്നത്? അഴിഞ്ഞുലഞ്ഞ മുടി, വിളറി വെളുത്ത മുഖം, കരഞ്ഞു കലങ്ങിയ കണ്ണുകള്‍, ഇതാവണോ പ്രസവമുറിയിലെ അവളുടെ സ്ഥിരം അവസ്ഥ? ഒരുങ്ങി സുന്ദരിയായി തന്നെ അമ്മ കുഞ്ഞിനെ പ്രസവിച്ചാല്‍ ആര്‍ക്കാണ് ഹേ നഷ്ടം? അടുത്ത പ്രശ്‌നം 'ബാക്കി ഉള്ളോരും പ്രസവിക്കുന്നുണ്ടല്ലോ' എന്നതാണ് അതെഴുതി വിടുന്നത് മുഴുവന്‍ ചേട്ടന്‍മാരാ. അവര്‍ വീട്ടില്‍ച്ചെന്ന് ഭാര്യയോട് ആ ലേബര്‍ റൂമിലെ ഭീകരതയെക്കുറിച്ച് വെറുതേ ഒന്ന് ചോദിക്ക്. അവര്‍ അവരുടെ ഭര്‍ത്താവും, ഉറ്റവരും അടുത്തു വേണമെന്ന് ആഗ്രഹിച്ചിരുന്നോ എന്ന് ചോദിക്ക്. അങ്ങനെ അല്ലാതെ പ്രസവിച്ചതുകൊണ്ട് തന്നെയാകും ഇപ്പോഴും പിള്ളേരെ വളര്‍ത്തുന്ന ഉത്തരവാദിത്തം പലപ്പോഴും അവളുടെ തലയില്‍ മാത്രമായി കെട്ടിവയ്ക്കപ്പെടുന്നത്. ദിയയ്ക്ക് ഉണ്ടായ ആണ്‍കുഞ്ഞ് തങ്ങളുടെ എല്ലാവരുടെയും ഉത്തരവാദിത്തത്തില്‍, സംരക്ഷണയില്‍ വളരേണ്ടതാണ് ഇന്നൊരു ഉള്‍ബോധം ആ പ്രസവമുറിയില്‍ നിന്നിരുന്ന അവളുടെ പ്രിയപ്പെട്ട മുഴുവന്‍ മനുഷ്യര്‍ക്കും തോന്നിയിരിക്കും. 

പിന്നെ ഭര്‍ത്താവിനെ മാത്രമല്ല, പെണ്‍കുട്ടി ആവശ്യപ്പെടുന്ന അവളുടെ പ്രിയപ്പെട്ടവരെയെല്ലാം ഇതുപോലെ, ഈ നേരത്ത് അവള്‍ക്കൊപ്പമുണ്ടാകാന്‍ അനുവദിക്കണം. കാരണം ഈ വേദനയൊക്കെ കണ്ട് ആ പെണ്‍കുട്ടിയേക്കാള്‍ ബേജാറിലായിരിക്കും പാവം പിടിച്ച ഭര്‍ത്താവ്! അവര്‍ക്ക് രണ്ടുപേര്‍ക്കും ഒരുമിച്ചാണ് താങ്ങ് വേണ്ടത്. ഒരു അച്ഛന്‍ മകളുടെ കൈ പിടിച്ച് 'ധൈര്യമായിരിക്ക്' എന്ന് പ്രസവസമയത്ത് പറയാനുണ്ടാവുക എന്നതൊക്കെ വല്ലാത്ത ഭാഗ്യമാണ്. അല്ലെങ്കിലും കൃഷ്ണകുമാര്‍ എന്ന അച്ഛന്‍ തന്റെ പെണ്‍മക്കളുടെ കാര്യത്തില്‍ എന്നും വ്യത്യസ്തനായിരുന്നല്ലോ. ആകെ തിരുത്തണം എന്ന് തോന്നിയ ഒരു കാര്യമേയുള്ളു, പ്രസവമുറിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും ഒരു തിയേറ്റര്‍ ഗൗണും ഗ്ലൗസും നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്ക് ശ്രമിക്കാം എന്നതാണ്. ന്യൂബോണിന് അല്പം കൂടി ഇന്‍ഫെക്ഷന്‍ ഫ്രീ എന്‍വയണ്‍മെന്റ് നല്‍കാന്‍ അത് സഹായിക്കും. ഇങ്ങനെയാവട്ടെ ഓരോ ജീവനും ഈ ലോകത്തിന്റെ മനോഹരിതയിലേക്ക് വരുന്നത്.'

ഡോ ഷിംന അസീസ് കുറിച്ചത് ഇങ്ങനെയാണ്


ദിയ കൃഷ്ണയും കുടുംബവും ഡോക്യുമെന്റ് ചെയ്തിരിക്കുന്ന പ്രസവം നല്ല അസ്സല്‍ റിസര്‍ച്ച് മെറ്റീരിയല്‍ ആണ്. ഡോക്ടര്‍മാര്‍ക്കിടയില്‍ 'ഗൈനക്കോളജി ഒരു ചോരക്കളിയാണ്' എന്നര്‍ത്ഥം വരുന്നൊരു ചൊല്ല് തന്നെയുണ്ട്. ചോരയും സ്രവങ്ങളുമൊന്നും ക്യാമറക്ക് മുന്നിലേക്ക് കൊണ്ട് വരാതെ, സുന്ദരിയായി ഒരുങ്ങി പുതപ്പുകള്‍ക്കുള്ളില്‍ അശ്വിന്റെ കൈ പിടിച്ച് കിടന്ന്, പങ്കാളിയുടെ തലോടലേറ്റ് അമ്മയോട് 'എനിക്ക് പേടിയാകുന്നമ്മാ' എന്ന് പറഞ്ഞു കരഞ്ഞുകൊണ്ട്, സഹോദരിമാര്‍ക്കിടയിലെ സുരക്ഷ അനുഭവിച്ച് നിലവാരമുള്ള മെഡിക്കല്‍ സൂപ്പര്‍വിഷനില്‍ നൊന്ത് പ്രസവിച്ചൊരു ഭാഗ്യം ചെയ്ത പെണ്ണ്. 
അത് കാണുന്ന വലിയൊരു വിഭാഗം പുച്ഛിസ്റ്റ് പുരുഷന്മാര്‍ പുറമേ അംഗീകരിച്ചില്ലെങ്കിലും തലക്കക്കകത്ത് പുനര്‍വിചിന്തനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പെണ്ണ് കടന്നു പോകുന്ന അതിതീവ്രവേദനയും അവള്‍ അര്‍ഹിക്കുന്ന കരുതലുമെല്ലാം നാല് പുസ്തകം വായിച്ചാല്‍ കിട്ടാത്തത്രയും ആഴത്തില്‍ ആ മിനിട്ടുകള്‍ നീളമുള്ള വിഡിയോയിലുണ്ട്. കുറ്റം പറയാന്‍ വേണ്ടിയെങ്കിലും എല്ലാവരും ആ വിഡിയോ ഒന്ന് കണ്ടേക്കണേ...ചില കാര്യങ്ങളെ കുറിച്ച് ചിലര്‍ക്ക് വെളിവ് വരാന്‍ ചാന്‍സുണ്ട്. 
വല്ലാത്തൊരു കൂട്ടായ്മ തന്നെയാണ് ആ കുടുംബം. കാണിക്കാന്‍ പാടില്ലാത്തതൊന്നും ആ വിഡിയോയില്‍ ഇല്ല. ചൊറിയുന്നവര്‍ ചൊറിഞ്ഞോണ്ടിരിക്കട്ടെ. പറയേണ്ടവര്‍ പറയട്ടെ. ഇരുട്ടറയില്‍ പേടിച്ചരണ്ട് ജീവന്‍ പോകുന്ന വേദനയും സഹിച്ച് പലപ്പോഴും തനിക്കെന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാവാതെ ഒറ്റപ്പെട്ട് വിയര്‍ത്തു നൊന്തു കിടക്കുന്നതിലും എത്രയോ നല്ലതാണ് ഈ സ്‌നേഹത്തിന്റെ ചൂടുള്ള അനുഭവം.
ഫൈനല്‍ എംബിബിഎസിന്റെ ഗൈനക്കോളജി പോസ്റ്റിംഗിനിടക്ക് തന്നെ കൂട്ടുകാരോടൊപ്പം ഓപ്പറേഷന്‍ തിയേറ്ററില്‍ കയറി ചിരിച്ചു കളിച്ചു ടേബിളില്‍ കിടന്ന് ഡിപ്പാര്‍ട്‌മെന്റ് ഹെഡ് സിസേറിയന്‍ ചെയ്ത ഒരു മനസ്സിന് കുളിരുള്ള അനുഭവം ഇവിടെയുമുണ്ട്. ഒരു തരി ആധിയോ ആശങ്കയോ പേരിന് പോലും ഉണ്ടായിരുന്നില്ല.
മറുവശത്ത്, മെഡിസിന് ചേരും മുന്നേയുള്ള ആദ്യപ്രസവത്തില്‍, ഇരുപത്തിരണ്ടാം വയസ്സില്‍, പതിനൊന്ന് മണിക്കൂര്‍ ലേബര്‍ റൂമില്‍ വേദന സഹിച്ച് കിടക്കേണ്ടി വന്നു. പ്രസവം പുരോഗമിക്കാനുള്ള രീതിയിലല്ല കുഞ്ഞിന്റെ തലയും എന്റെ ഇടുപ്പും തമ്മിലുള്ള അനുപാതമെന്ന കാരണത്താല്‍ സിസേറിയന്‍ വേണ്ടി വന്നേക്കാമെന്ന സൂചന ഡോക്ടര്‍ മുന്‍കൂട്ടി പറഞ്ഞിരുന്നു. വളരെ ദയയുള്ള ഒരു സ്ത്രീയായിരുന്നു അവര്‍. അന്ന് പോകെപ്പോകെ കുഞ്ഞിന്റെ അനക്കം കുറയുന്നത് പോലെ തോന്നി എമര്‍ജന്‍സി സിസേറിയനില്‍ കാര്യങ്ങള്‍ എത്തിച്ചേരുകയായിരുന്നു.
ലേബര്‍ റൂമില്‍ കിടക്കുമ്പോള്‍ ഡോക്ടര്‍ ഓപി തിരക്കുകളിലായിരുന്ന നേരത്ത് മനുഷ്യപറ്റില്ലാത്ത  സിസ്റ്റര്‍മാരുടെ ചീത്തവിളി കേട്ട് മനസ്സ് തളര്‍ന്നു പോയിട്ടുണ്ടന്ന്. അതൊന്നും ഓര്‍ക്കാന്‍ പോലും  താല്‍പര്യമില്ല. ആ സ്റ്റാഫിനെതിരെ അന്ന് പരാതി എഴുതി അയച്ചിരുന്നു. ഹോസ്പിറ്റല്‍ അന്ന് ആ സ്റ്റാഫിനെതിരെ നടപടി എടുത്തിരുന്നതായും അറിയാം. രണ്ട് രീതിയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചുള്ള നേരനുഭവമുണ്ട്.
ദിയ ഒരുപാട് ഭാഗ്യം ചെയ്തവളാണ്. ഇനിയിമൊരുപാട് പെണ്‍കുട്ടികള്‍ക്ക് ആശ്വാസത്തോടെ ആ വേദനയറിയാന്‍ അവര്‍ കാരണമാകട്ടെ. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആ കുടുംബത്തിലേക്ക് പിറന്നു വീണ ആണൊരുത്തന്‍ നിയോമിന് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ...
ദിയക്കും കുടുംബത്തിനും നന്മകള്‍ വര്‍ഷിക്കട്ടെ. ജീവിതത്തിലെ നിറങ്ങള്‍  ലോകം അറിയുക തന്നെ ചെയ്യട്ടെ.
സ്‌നേഹം,
ഡോ. ഷിംന അസീസ്


 

Read more topics: # ദിയ കൃഷ്ണ
DIYA krishna vlog sapport

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES