പ്രകൃതിയുടെ വശ്യഭംഗി ഛായഗ്രഹിച്ചെടുത്ത മനോഹരമായ ഒരു കാന്‍വാസാണ് ചിതറാള്‍. വശ്യഭംഗിയുടെയും ഭക്തിയുടെയും സംക്രമണ ഭൂമി . തിരുവനന്തപുരം - കന്യാകുമാരി ദേശീയപാതയില്‍ മാര്‍ത്താണ്ഡത്തിനടുത്താണ് ചിതറാള്‍. തിരുച്ചരണാത്തുപള്ളി എന്നാണ് ഈ പ്രദേശത്തിന്റെ ചരിത്രനാമം. ഒമ്പതാം നൂറ്റാണ്ടിലേതെന്നു കരുതുന്ന ജൈന ക്ഷേത്രമാണിവിടുത്തെ പ്രധാന ആകര്‍ഷണം. അക്കാലത്തെ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ജൈന ക്ഷേത്രം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ക്ഷേത്രം. പാറയില്‍ക്കൊത്തിയ ധ്യാന നിരതനായ തീര്‍ഥങ്കരന്റെ വിവിധ രൂപങ്ങളും സന്യാസി - സന്യാസിനീ ശില്‍പ്പങ്ങളും ക്ഷേത്രത്തിലുണ്ട്.
ഗുഹാ ശില്‍പ്പങ്ങളിലെ ധര്‍മ്മ ദേവതയുടെ ശില്പം പ്രസിദ്ധമാണ്.മഹാദേവവര്‍മ്മന്‍ ഒന്നാമന്റെ (610640) കാലത്താണ് ഇവിടെ ജൈന മതം പ്രബലമായിരുന്നത്. മലൈകോവില്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ജൈനക്ഷേത്രം വിക്രമാദിത്യ വരഗുണനെന്ന രാജാവിന്റെ കാലത്ത് പണികഴിപ്പിക്കപെട്ടുവെന്ന് ചരിത്രകാരന്മാര്‍ കരുതുന്നു.
ചിതറാല്‍ ഗ്രാമത്തിലെത്തിയാല്‍ ജൈനക്ഷേത്രത്തിലേക്ക് യാത്രികരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനകവാടം കാണാം. അവിടെനിന്നും അല്പദൂരം സഞ്ചരിച്ചാല്‍ ചിതറാല്‍ ജൈനക്ഷേത്രത്തിലേക്കുള്ള നടവഴിയായി. രാവിലെ 8:30 മുതല്‍ വൈകിട്ട് 5 മണിവരെയാണ് പ്രവേശനം അനുവദിക്കുന്നത്. ക്ഷേത്രനട 4:30 ന് അടക്കും. പ്രവേശനകവാടത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ കരിങ്കല്‍ പാകിയ നടവഴിയിലൂടെ മുകളിലേക്ക് കയറിച്ചെന്നാല്‍ ക്ഷേത്രത്തിനു സമീപത്തെത്താം. നടവഴി മുഴുവനായും ചെത്തിയെടുത്ത കരിങ്കല്‍ പാകി ഇരുവശങ്ങളിലും ചെടികളും, വൃക്ഷത്തൈകളും വച്ചുപിടിപ്പിച്ച്, കരിയിലകളെല്ലാം നീക്കം ചെയ്ത് വൃത്തിയായി സംരക്ഷിച്ചു വരുന്നു. ഇടക്കിടെ പ്രകൃതിക്കിണങ്ങും വിധത്തില്‍ കരിങ്കല്ലില്‍ നിര്‍മ്മിച്ച ഇരിപ്പിടങ്ങളുമുണ്ട്.ക്ഷേത്രത്തിനു പുറകിലൂടെ വന്ന് ഒരു ചെറിയ കവാടത്തിലൂടെ കടന്ന് ഗുഹാമുഖത്തിലൂടെ താഴോട്ടിറങ്ങി വേണം ക്ഷേത്രമുറ്റത്തെത്താന്‍. പാറയില്‍ക്കൊത്തിയ ധ്യാന നിരതനായ തീര്‍ഥങ്കരന്റെ വിവിധ രൂപങ്ങളും ശില്‍പ്പങ്ങളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന്റെ ചുവരുകളില്‍ മഹാവീരന്റെ വിഗ്രഹരൂപങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. ഇടത് വശത്ത് ഒരു നാഗപ്രതിഷ്ഠയുണ്ട്.
മലയുടെ ഒരുവശത്തായുള്ള പാറ തുരന്ന് കൊത്തിയെടുത്ത തൂണുകളോടെ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ മൂന്ന് ഗര്‍ഭഗൃഹങ്ങളുണ്ട്. അവയില്‍ അവസാനത്തെ തീര്‍ഥങ്കരനായ വര്‍ദ്ധമാന മഹാവീരന്റെയും, പാര്‍ശ്വനാഥന്റെയും, പത്മാവതിയുടെയും പ്രതിഷ്ഠകള്‍ കാണാം. പത്മാവതി പ്രതിഷ്ഠയുള്ളതിനാലാണ് ഭഗവതികോവിലായി അറിയപ്പെടുന്നതെന്നും, അതല്ല തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ പത്മാവതി പ്രതിഷ്ഠമാറ്റി പകരം ഭഗവതി പ്രതിഷ്ഠ നടത്തി എന്നും രണ്ടഭിപ്രായമുണ്ട്.
ഭാരതചരിത്രത്തിന്റെ ഏടുകളില്‍ ബുദ്ധമതത്തോളം തന്നെ പ്രാധാന്യത്തോടെ ഇടം നേടിയിട്ടുള്ള ജൈനമതം.സഹസ്രാബ്ദങ്ങള്‍ക്കുമുന്‍പുതന്നെ കേരളത്തിലും, തമിഴ് നാട്ടിലും വ്യാപകമായി പ്രചരിച്ചിരുന്നു എന്നും, വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം നടത്താന്‍ സഹായിച്ചു എന്നും, അക്കാലത്തെ വാസ്തുവിദ്യ ലോകോത്തരമായിരുന്നു എന്നും ചിതറാല്‍ ആധുനിക ലോകത്തെ സാക്ഷ്യപ്പെടുത്തുന്നു.