Latest News

ഹംപിയിലേക്കൊരു യാത്ര; രവികുമാർ അമ്പാടി എഴുതുന്നു

Malayalilife
ഹംപിയിലേക്കൊരു യാത്ര; രവികുമാർ അമ്പാടി എഴുതുന്നു

ഹാദേവനിൽ പ്രണയമുണർത്താൻ വന്ന കാമദേവൻ മൂന്നാംകണ്ണിൽ നിന്നുതിർന്ന അഗ്നിയിൽ ജ്വലിച്ച് ചാമ്പലായിമാറി. എന്നിട്ടും പിന്മാറാൻ പാർവ്വതി തയ്യാറായില്ല. ശിവ പ്രീതിക്കായി യോഗിനിയുടെ ജീവിതം സ്വീകരിച്ച ദേവി, മഹാദേവനോടൊപ്പം അലഞ്ഞു നടന്നു. അവസാനം, പർവ്വത നന്ദിനിയുടെ ദിവ്യ പ്രണയത്തിനു മുന്നിൽ മഹാദേവൻ കീഴടങ്ങി. പാർവ്വതിയുടെ മറ്റൊരു പേരായ പമ്പ എന്ന പേരിൽ അറിയപ്പെട്ടു, ശിവഭഗവാൻ പാർവ്വതീ ദേവിയുടെ പ്രണയം ഏറ്റുവാങ്ങിയ ഇടം. പമ്പ എന്നതിന്റെ തദ്ദേശീയ കന്നഡഭാഷയിലുള്ള ഉച്ചാരണമായ ഹംപ എന്നായി മാറിയ അത് പിന്നീട് ഹംപി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി

ജന്മമെടുത്ത്, അധികം പ്രായമാകാത്ത, കുണുങ്ങിയൊഴുകുന്ന തുംഗഭദ്ര നദിക്കരയിലുള്ള ഈ നഗരം മദ്ധ്യകാലഘട്ടത്തിൽ ലോകത്തിലെ എറ്റവും സമ്പന്നമായ രണ്ടാമത്തെ നഗരമായിരുന്നുവത്രേ! പേർഷ്യയിൽ നിന്നും പോർച്ചുഗീസിൽ നിന്നുമൊക്കെ രത്‌നവും സ്വർണ്ണവുമൊക്കെ തേടി വ്യാപാരികൾ എത്തിയിരുന്ന നഗരം.പമ്പാക്ഷേത്രം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവിടം അക്കാലത്തെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രം കൂടിയായിരുന്നു. ഹംപിയുടെ സമ്പത്തിലും പ്രശസ്തിയിലും കണ്ണുംനട്ട് കാത്തിരുന്ന അക്രമികൾ സംഘംചേർന്ന് എത്തിയതോടെ, തളിക്കോട്ടയിൽ, 1565-ൽ ഈ നഗരം ചരിത്രതാളുകളിലേക്ക് മാത്രമായി ഒതുങ്ങി, തുംഗഭദ്രയുടെ ദുഃഖമായി മാറി. ആ ഹംപിയിലൂടെ ഒരു യാത്ര.

വലിയ പാറക്കെട്ടുകൾക്കിടയിലൂടെ കിന്നാരം പറഞ്ഞൊഴുകുന്ന തുംഗഭദ്രയുടെ തീരത്താണ് ലിയോ വുഡ്‌സ് റിസോർട്ട്. പ്രകൃതിയെ അലസോരപ്പെടുത്താതെ, മരപ്പാളികൾ കൊണ്ട് നിർമ്മിച്ച കൊച്ചു കൊച്ചു കുടിലുകൾ. റിസോർട്ടിൽ നിന്ന് നീളുന്ന നാട്ടുപാതക്കിരുവശവും നെൽപ്പാടങ്ങളാണ്. കൊയ്ത്തുമെഷനുകളുടെ മൂരളൽ കേട്ടുകൊണ്ട്, വിജനമായ റോഡിലൂടെയുള്ള യാത്രക്കിടയിൽ ഡ്രൈവർ പാഷയിൽ നിന്നാണ് ഹംപിയെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ലഭിക്കുന്നത്.

യേ ഹെ... സാബ് പഥർ കാ പൂൽ. നദിക്കുകുറുകെ നീണ്ടുകിടക്കുന്ന, കൂറ്റൻ കരിങ്കൽ പാളികൾ കൊണ്ട് നിർമ്മിച്ച പാലം. വിജയനഗര സാമ്രാജ്യത്തിന്റെ സുവർണ്ണകാലഘട്ടത്തിൽ നിർമ്മിച്ചതാണത്. ഇന്ന് തകർന്നു കിടക്കുന്ന പാലം ഉപയോഗയോഗ്യവുമല്ല. കാർ പിന്നെയും മുന്നോട്ട് നീങ്ങി, തുംഗഭദ്രക്ക് കുറുകെ പണിത പുതിയപാലവും കടന്ന് ഹംപിയിലേക്ക്. മാല്യവന്ദ്യ രഘുനാഥ ക്ഷേതമായിരുന്നു ഞങ്ങളുടെ ആദ്യലക്ഷ്യം. ക്ഷേത്ര സമുച്ചയങ്ങൾ ആയിരക്കണക്കിന് ഭക്തരെ ആകർഷിച്ചിരുന്ന ഹംപിയിൽ ഇന്നും ആരാധന നടക്കുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണിത്.

മുന്നിൽ തലയുയർത്തി നിൽക്കുന്ന ഗോപുരത്തിലെ ശിൽപങ്ങൾ പലതും നാശത്തിന്റെ വക്കിലാണ്. പുരാതന ഇന്ത്യൻ ശിൽപ്പകലയെ ലോകത്തിനു മുന്നിൽ അഭിമാന പുരസ്സരം കാഴ്‌ച്ചവച്ചിരുന്ന, കല്ലിൽ കൊത്തിയ കവിതകൾ വേണ്ടവിധത്തിൽ സംരക്ഷിക്കപ്പെടാത്തതിന്റെ ദുഃഖം സുഹൃത്തുമായി പങ്കുവച്ച് ക്ഷേത്രാങ്കണത്തിലേക്ക് കയറി. ഭക്തർ ഏതാണ്ട് കൈയൊഴിഞ്ഞ ക്ഷേത്രാങ്കണം തീർത്തും വിജനമായിരുന്നു.
മുന്നിലെ കൽമണ്ഡപത്തിലിരുന്ന് രണ്ടു വൃദ്ധർ രാമായണപാരായണം ചെയ്യുന്നു. സീതാ-ലക്ഷമണസമേതനായ ഒരു വലിയ ശ്രീരാമ വിഗ്രഹവുമണ്ടവിടെ. അതിനു മുന്നിൽ വന്ദിച്ച് ഞങ്ങൾ ശ്രീകോവിലിനകത്ത് കയറി.

തീർത്ഥവും പ്രസാദവും സ്വീകരിച്ച ശേഷം പ്രധാന പൂജാരിയുമായി കുറച്ച്സംസാരിച്ചു. സീതാന്വേഷണവേളയിൽ ശ്രീരാമനും ലക്ഷ്മണനും ഇവിടെ വന്നിരുന്നു. കിഷ്‌ക്കിന്ദക്ക് പോകുന്നതിനു മുൻപ്. അത് ഒരു മഴക്കാലമായതിനാൽ അവർക്ക് യാത്ര തൽക്കാലത്തേക്ക് നിർത്തിവെക്കേണ്ടിവന്നു. അന്ന് അവർ ഇവിടെയാണത്രെ കുടിൽകെട്ടി താമസിച്ചിരുന്നത്; ഹിന്ദിയിലയിരുന്നു പൂജാരി കഥ പറഞ്ഞത്. ആളോഴിഞ്ഞ പ്രദക്ഷിണവഴിയിലൂടെ നടക്കുമ്പോൾ ചുറ്റും ശോകമൂകമായ അന്തരീക്ഷം. ഇടതുഭാഗത്ത്, മനോഹരങ്ങളായ ശില്പങ്ങൾ കൊത്തിയ തൂണുകൾ കൊണ്ട് നിർമ്മിച്ച കല്യാണമണ്ഡപം. ഏതോ നഷ്ടബോധത്തിൽ വിലപിക്കുന്ന പ്രകൃതിയുടെ ദുഃഖം മനസ്സിലേറ്റുവാങ്ങി, പ്രധാനക്ഷേത്രത്തിനു പുറകിലെ ശിവക്ഷേത്രത്തിലും ദർശനം നടത്തി തിരിച്ചിറങ്ങി.

യഹാം ഹനുമാൻജി കാ മന്ദിർ ഭീ ഹൈ; കൂടെ വന്ന പൂജാരിയുടെ വാക്കുകൾ. പ്രധാന കവാടത്തിനു വലതുഭാഗത്തായി തലയുയർത്തി നിൽക്കുന്ന കൂറ്റൻ പാറക്കെട്ടുകൾക്കിടയിൽ ഒരു ഗുഹാക്ഷേത്രം. തലേന്ന് പെയ്ത മഴ, പാറക്കെട്ടുകളിലൂടെ ഒലിച്ചിറങ്ങി നിലത്താകെ തളം കെട്ടി നിൽക്കുന്നു. കാലുവഴുക്കാതിരിക്കാൻ, കൈകൾ കോർത്ത് പിടിച്ച് മെല്ലെ നടന്ന് ശ്രീകോവിലിനു മുന്നിലെത്തി. ഒരു നിമിഷം കണ്ണടച്ചുനിന്ന് കൈകൂപ്പി. പിന്നെ തിരിഞ്ഞുനടന്നു. യാത്ര തുടരാനായി. ഇടുങ്ങിയ മൺപാതകളും, ടാർവിരിച്ച ഗ്രാമവീഥിയും കടന്ന് കാർ മുന്നോട്ടു നീങ്ങി.കുറേയധികം വാഹങ്ങൾ പാർക്ക് ചെയ്തിരുന്നിടത്തെത്തി. നിരവധി വഴിവാണിഭക്കാരുമുണ്ട്. ശീതളപാനീയങ്ങളും ചായയും ചെറുകടികളുമൊക്കെയായി ചില റെസ്റ്റൊറന്റുകളും.

അപ്നാ ഗാഡി യാഹാം തക് ഹീ ജാ സക്ത. പാഷയുടെ ശബ്ദമാണ് ചിന്തകളിൽ നിന്നുണർത്തിയത്. ഹംപിയിലെ ക്ഷേത്ര സമുച്ചയങ്ങളിൽ എറ്റവും വലിയത് എന്ന് പറയാവുന്ന വിജയ വിത്തല ക്ഷേത്രത്തിനടുത്താണ് ഞങ്ങൾ. പാർക്കിങ് സ്ഥലത്തുനിന്ന്, ബാറ്ററികൊണ്ട് പ്രവർത്തിക്കുന്ന, ഏകദേശം പത്ത് പേർക്ക് ഇരിക്കാവുന്ന വാഹനങ്ങളിൽ വേണം ഇനിയുള്ള യാത്ര. പോയിവരുവാൻ ഒരാൾക്ക് ഇരുപത് രൂപയാണ്ചാർജ്ജ്. സ്ത്രീകളാണ് ഇത് ഓടിക്കുന്നത്. യേ അഭി ആക്ടീവ് ടെമ്പിൾ നഹീ ഹൈ...; ബാറ്ററി ഓപ്പറേറ്റഡ് കാറിൽ
ഒന്നരകിലോമീറ്റർ താണ്ടുന്നതിനിടയിൽ, കാറിൽ ഉണ്ടായിരുന്ന ഗൈഡ് വാചാലനായി.

ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരം മുതൽ വഴിയുടെ ഇരുവശങ്ങളിലും നിരനിരയായി കരിങ്കൽ സ്തംഭങ്ങൾ. അന്ന് ഇവയെല്ലാം കടകളായിരുന്നു. സ്വർണ്ണവും രത്‌നങ്ങളും വിൽപ്പന നടത്തിയിരുന്ന കടകൾ.ഗൈഡിന്റെ വാക്കുകൾ മനസ്സിനെ പതിനഞ്ചാം
നൂറ്റാണ്ടിലേക്ക് കൊണ്ടുപോയി.ഏഷ്യയിലേയും യൂറോപ്പിലേയും ആഡംബരപ്രിയരായ ധനിക സുന്ദരിമാരുടെ ശരീരമലങ്കരിച്ചിരുന്ന വിലപിടിച്ച രത്‌നങ്ങളും ആഭരണങ്ങളുമൊക്കെ നിരത്തിനിരുഭാഗത്തും നിരന്നിരിക്കുന്നു. അവരുടെ പ്രതിനിധികൾ കടകൾ തോറും കയറിയിറങ്ങി വിലപേശുന്നു. സമൃദ്ധിനിറഞ്ഞ വാണിജ്യത്തെരുവ്. ഇന്ന്, കുണ്ടും കുഴിയും മുള്ളൻകല്ലുകളും നിറഞ്ഞ ഒരു നാട്ടുപാതയായി മാറിയിരിക്കുന്നു. തുംഗഭദ്ര എങ്ങനെ ദുഃഖിക്കാതിരിക്കും!

വാരാന്ത്യമായതുകൊണ്ടാകും, സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. അല്പ വസ്ത്രധാരികളായ നിരവധി വിദേശ ടൂറിസ്റ്റുകളേയും കണ്ടു. അതിലൊരാളുടെ കൂടെ ഒരുവളർത്തു നായയും. പൂജയൊന്നുമില്ലാത്ത ക്ഷേത്രമല്ലെ... ഇതെല്ലാം നടക്കും.ഗൈഡിന്റെ വാക്കുകളിൽ ഒരല്പം വേദനയുണ്ടായിരുന്നു. മൂർത്തികളില്ലാത്ത ശ്രീകോവിലുകൾ. തകർച്ചയുടെ വക്കിലെത്തിയ കൊത്തുപണികൾ.വില പിടിപ്പുള്ള വിഗ്രഹങ്ങളായിരുന്നു. എല്ലാം കൊണ്ടുപോയി. ഹംപിയുടെ സമ്പത്തും സംസ്‌കാരവും നശിപ്പിച്ച അക്രമികളോടുള്ള ദേഷ്യം ആ വാക്കുകളിൽ പ്രകടമായിരുന്നു.വിഗ്രഹങ്ങളില്ലെങ്കിലും ആ അന്തരീക്ഷമാകെ ഒരു ദൈവീകത നിറഞ്ഞു നിൽക്കുന്നു എന്ന് തോന്നി. ശ്രീകോവിലിനകത്തേക്ക് നോക്കി കൈകൂപ്പി മടങ്ങാൻ നേരം സുഹൃത്തിന്റെ ചോദ്യം. തിരിച്ച് നടന്നു പോയാലോ? വ്യാപാരശാലകളുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ നടന്നു. വെയിലിന് ചൂടുണ്ടായിരുന്നെങ്കിലും, തുംഗഭദ്രയിലെ കുളിർക്കാറ്റ് ക്ഷീണമകറ്റാൻ കൂട്ടായി ഉണ്ടായിരുന്നു.പാതയുടെ ഇടതുഭാഗത്തെ വലിയ കൽക്കുളവും കടന്ന് നടന്നാൽ, ദൂരെ, പാർക്കിങ് സ്ഥലത്തിനടുത്തായി ഒരു കൂറ്റൻ നൃത്തമണ്ഡപം.

ഉത്സവകാലത്ത്, ചക്രവർത്തി, ക്ഷേത്രവിഗ്രഹവും എഴുന്നെള്ളിച്ച് ഇവിടെ വരും. പിന്നെ രാത്രി മുഴുവനും സംഗീതവും നൃത്തവുമൊക്കെയായി ഭഗവാൻ ഇവിടെ ഇരിക്കും. അതിരാവിലെ തിരികെ എഴുന്നെള്ളി ശ്രീകോവിലിൽ ഉപവിഷ്ടനാകുന്നത് വരെ. ക്ഷേത്രത്തിലേക്ക് യാത്രതിരിക്കുമ്പോൾ, ബാറ്ററി കാറിലെ ഗൈഡ് പറഞ്ഞതോർത്തു.അഷ്ടഭുജാകൃതിയിലുള്ള സ്‌നാനഘട്ടവും, മഹാറാണിയുടെ സ്‌നാനഘട്ടവും കണ്ടുകഴിഞ്ഞപ്പോഴേക്കും ഉച്ചയായി.അബ് ലഞ്ച് കെ ബാദ് ഘുമേംഗേ സാബ്.. പാഷയുടെ ഓർമ്മപ്പെടുത്തലാണ് വിശക്കുന്നു എന്ന യാഥാർത്ഥ്യം മനസ്സിലാക്കി തന്നത്.

ഉച്ചയൂണിന് ശേഷം ആദ്യമെത്തിയത് വിജയനഗര ദർബാറിലാണ്. ഇന്ന് അതിന്റെ അടിത്തറമാത്രമേ ബാക്കിയുള്ളു. വിജയനഗരത്തിന്റെ സമ്പത്തുകൊള്ളയടിച്ചവർ അതിന്റെ സംസ്‌കാരത്തിന്റെ പ്രതീകങ്ങളെ പോലും നശിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. ഓർമ്മപ്പെടുത്തലുകൾ ഒരുപക്ഷെ തുടച്ചുമാച്ചവയെ പുനർജനിപ്പിക്കുമെന്ന് അവർ ഭയപ്പെട്ടിരിക്കാം.59,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ഏകദേശം എട്ടുമീറ്റർ ഉയരത്തിൽ കെട്ടിപ്പൊക്കിയ മഹാനവമി ഡിബ്ബ എന്ന ഒരു പ്ലാറ്റ്‌ഫോമാണ് ഇപ്പോൾ ഉള്ള അവശിഷ്ടങ്ങളിൽ ഏറ്റവും ശ്രദ്ദേയമായത്. മുകളിലേക്ക് പോകും തോറും വീതി കുറഞ്ഞുവരുന്ന രീതിയിൽ ഉള്ള പിരമിഡ് ആകൃതിയിലാണ് ഇത് പണിതിരിക്കുന്നത്.

വശങ്ങളിൽ മുഴുവൻ അതിമനോഹരമായ കൊത്തുപണികൾ കാണാം. കുത്തനെയുള്ള കൽപ്പടവുകൾ കയറി ഏറ്റവും മുകളിൽ കയറിയാൽ ചുറ്റുമുള്ള അവശിഷ്ടങ്ങൾകാണാം. വിജയനഗരത്തിന്റെ രാജദർബാർ ഇരുന്നി വിശാലമായ കെട്ടിടത്തിന്റെ അടിത്തറമാത്രമെ ഇന്ന് ബാക്കിയുള്ളു. ഒരല്പം വലത്തോട്ട് മാറി വലിയൊരു കുളം.നിരവധി കല്പടവുകൾ ഇറങ്ങിവേണം കുളത്തിലെത്തുവാൻ. അങ്ങ്, മലമുകളിൽ, തുംഗഭദ്രയുടെ ഉറവിടത്തിൽ നിന്നും തെളിനീര് കുളത്തിലെത്തിക്കുവാൻ കരിങ്കല്ലിൽ പണിത വലിയൊരു ഓവിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം.

കരിങ്കൽ തൂണുകൾക്ക് മീതെയാണ് ഈ ഓവുചാൽ സ്ഥിതി ചെയ്യുന്നത്. കണ്ണുനീരു പോലെ ശുദ്ധമായ വെള്ളത്തിൽ കുളിച്ചാൽ തന്നെ എന്തായിരിക്കും. ആരോഗ്യം! ചുമ്മാതല്ല ഇവരൊക്കെ ഇങ്ങനെ കൂടെ കൂടെ യുദ്ധം ചെയ്തിരുന്നത്. പാതി കളിയായി സുഹൃത്ത് പറഞ്ഞ വാക്കുകളിൽ, പ്രകൃതിയുടെ ഇന്നത്തെ അവസ്ഥയോടുള്ള അരിശവും കാണാമായിരുന്നു.അവിടെ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരെയാണ് ഹസാർ രാമ ക്ഷേത്രം. രാജകൊട്ടാരത്തിനും, ദർബാറിനും ഇടക്കായുള്ള ഈ ക്ഷേത്രത്തിൽ വിജയനഗര ചക്രവർത്തിമാർ സ്ഥിരമായി ദർശനത്തിനെത്തുമായിരുന്നത്രെ.

ലവ കുശന്മാരുടെ കഥ ആയിരം ശില്പങ്ങളിലായി ഇവിടെ കൊത്തിവച്ചിരിക്കുന്നു. കൂടാതെ ഭാഗവതത്തിലെ ബാലകൃഷ്ണന്റെ ലീലകളും ഇവിടത്തെ കൊത്തുപണികളിൽ കാണാം. സുന്ദരിമാരായ അനേകം മഹാറാണിമാർ വാണിരുന്ന അന്തപ്പുരമായിരുന്നു അടുത്ത ലക്ഷ്യം. രണ്ടുനിലകളിലായി താമരയുടെ ആകൃതിയിൽ പണിത ലോട്ടസ് മഹൽ എന്ന് ഇന്ന് വിളിക്കുന്ന ഈ അന്തപ്പുരത്തിൽ, പൗരാണിക ദക്ഷിണേന്ത്യൻ ശില്പകലക്കൊപ്പം പേർഷ്യൻ ശില്പകലയുടെയും മനോഹാരിത ദർശിക്കാം.വിജയനഗരവുമായി പേർഷ്യക്കുണ്ടായിരുന്ന വ്യാപാരബന്ധമായിരിക്കാം ഇതിനു കാരണം. നാലു കോണുകളിലും ഉയരത്തിൽ കെട്ടിയ നിരീക്ഷണ മാളികകൾ ഉള്ള ഈ വളപ്പിൽ തന്നെയാണ് ആനപന്തിയും. രണ്ടു നിലകളുള്ള ആനപ്പന്തിയിൽ മുകളിലത്തെ നിലയിൽ ജോലിക്കാരുടെ വാസസ്ഥലമായിരുന്നു.

ഓരോ ആനക്കും പ്രത്യേകം പ്രത്യേകമായി മുറികൾ ഉണ്ട്. ഇതിലെ കിളിവാതിലിലൂടെ ഗജപാലകർക്ക് ഒരറ്റം മുതൽ മറ്റെ അറ്റം വരെ പോകുവാൻ കഴിയും.പ്രസന്ന വിരൂപാക്ഷ ക്ഷേത്രം എന്നറിയപ്പെടുന്ന ഭൂഗർഭ ക്ഷേത്രത്തിലേക്കായിരുന്നു പിന്നീട് യാത്ര. കല്പടവുകളിറങ്ങി,തളംകെട്ടിനില്ക്കുന്ന വെള്ളത്തിലൂടെ വേണം ശ്രീകോവിലിലേക്കുള്ള യാത്ര. കൂറ്റൻ ശിവലിംഗം ഇപ്പോഴും അവിടെയുണ്ടെങ്കിലും നിത്യപൂജ പതിവില്ല. ഒരു വിനോദ സഞ്ചാരകേന്ദ്രം മാത്രമായി ഈ ക്ഷേത്രവും മാറിയിരിക്കുന്നു.

1528 ൽ കൃഷ്ണദേവരായരുടെ കാലത്ത് കൃഷ്ണഭട്ട എന്ന പണ്ഡിതൻ പ്രതിഷ്ഠിച്ച, ഏഴ് മീറ്ററോളം ഉയരമുള്ള ഉഗ്രനരസിംഹ പ്രതിഷ്ഠ, ഏതാണ്ട് മൂന്ന് മീറ്റർ ഉയരമുള്ള ബാഡവി ലിംഗം, സാസിവേകലും ഗണേശ വിഗ്രഹം എന്നിവയും ഇവിടെ അടുത്താണ്. അർദ്ധപത്മാസന നിലയിൽ ഇരിക്കുന്ന ഗണേശവിഗ്രഹം ആന്ധാ പദേശിലെ ചന്ദ്രഗിരിയിൽ നിന്നുള്ള ഒരു വ്യാപാരി 1506 ൽ പ്രതിഷ്ഠിച്ചതാണ്.ഹംപിയിലെ നെൽവയലുകളെ പോക്കുവെയിൽ പൊതിയുവാൻ തുടങ്ങിയിരുന്നു. ഒരു പകൽ മുഴുവൻ നീണ്ട യാത്രയുടെ ക്ഷീണവും. എങ്കിലും മനസ്സു തളർന്നിരുന്നില്ല.

അബ് ഏക് ഔർ ഭീ ഹൈ. ഡ്രൈവർ പാഷയും ക്ഷീണിച്ചിരിക്കുന്നു എന്ന് അവന്റെ ഇടറിയ ശബ്ദം തെളിയിച്ചു. ഇന്നും സ്ഥിരമായി പൂജകൾ നടക്കുന്ന ഹംപിയിലെ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വിരൂപാക്ഷ ക്ഷേത്രമാണ് ഇനി ബാക്കിയുള്ളത്. അങ്ങോട്ട് പോകുന്ന
വഴിയിലാണ് കൃഷ്ണദേവരായർ നിർമ്മിച്ച കൃഷ്ണക്ഷേത്രവും സ്ഥിതിചെയ്യുന്നത്. ഇടിഞ്ഞുപൊളിഞ്ഞ കൂറ്റൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടക്കുന്നു. ക്ഷേത്രത്തിനു മുന്നിലൂടെ പോകുന്ന നാട്ടുപാതയുടെ മറുഭാഗത്ത് ഒരു ഇറക്കമാണ്.

അങ്ങകലെയുള്ള വയലേലകളിലേക്ക് നീണ്ടുകിടക്കുന്ന ഇറക്കത്തിന്റെ ഇരുഭാഗങ്ങളിലും കാണാം, അതി സമ്പന്നമായിരുന്ന ഒരു കമ്പോളത്തിന്റെ അവശിഷ്ടങ്ങൾ.വിലകൂടിയ രത്‌നങ്ങളും പവിഴങ്ങളും ഒക്കെയായിരുന്നു ഇവിടെ വില്പന; പാഷയുടെ വിവരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്രയെത്ര പ്രണയസമ്മാനങ്ങൾ ഇവിടെനിന്നും പോയിട്ടുണ്ടാകും? സുഹൃത്ത് ഒരു ദീർഘനിശ്വാസത്തോടെയാണ് പറഞ്ഞവസാനിപ്പിച്ചത്.ഒരുകാലത്ത് ലോകത്തിലെ അതിസമ്പന്നർ മാത്രം നടന്നിരുന്ന പണ്ഡികശാലയുടെ തെരുവുകൾ ഇന്ന് കാടുമൂടിക്കിടക്കുന്നു.നെൽവയലുകളെ തഴുകിയെത്തുന്ന കാറ്റിലും ഉണ്ട് ഒരു നഷ്ടബോധം. എന്നെങ്കിലും ദൈവം പ്രത്യക്ഷപ്പെടുകയാണെങ്കിൽ ചോദിക്കുക പഴയ ഹംപിയെ തിരിച്ചുതരണം എന്നു മാത്രമായിരിക്കും. അതുകഴിഞ്ഞിട്ട് വേണം ഇതിലൂടെയൊക്കെ ഒന്നു ചുമ്മാ നടക്കാൻ; തിരിച്ചു കാറിൽ കയറുമ്പോൾ സ്വപ്നജീവിയായ സുഹൃത്തിന്റെ ആത്മഗതം.

രഘുരാമനെ തൊഴുതുതുടങ്ങിയ യാത്ര അവസാനിപ്പിക്കുവാൻ നേരമായി. കാർ വിരൂപാക്ഷ ക്ഷേത്രത്തിനു മുന്നിലെത്തിൽ അവിടെയുമുണ്ട് പഴയകാല പണ്ഡികശാലകളുടെ അവശിഷ്ടങ്ങൾ. ക്ഷേത്രത്തിൽ നിന്നും മണിയടി ഉയർന്നു.സാമാന്യം നല്ല തിരക്കുമുണ്ട്.


ഒറ്റക്കല്ലിൽ തീർത്ത കൂറ്റൻ നന്ദിവിഗ്രഹം, ശിലാചഷകം എന്നിവകണ്ട്. ക്ഷേത്രത്തിനകത്തുകയറി. ഏതൊരു പുരാതനക്ഷേത്രത്തേയും പോലെ കരിങ്കൽതൂണുകൾ കാവൽ നിൽക്കുന്ന ഇടനാഴിയും മണ്ഡപങ്ങളും കടന്ന്. ശ്രീകോവിലിനു മുന്നിൽ. പിന്നെ, വിരൂപാക്ഷനെ തൊഴുത് മടക്കയാത്ര.കൊള്ളയടിക്കപ്പെട്ടത് സമ്പത്ത് മാത്രമല്ല സംസ്‌കാരവും കൂടിയാണ്; ലിയോവുഡിലെ മരക്കുടിലിനകത്ത് ബിയർ നുണയുമ്പോൾ സുഹൃത്ത് സംസാരം ആരംഭിച്ചു.മനസ്സ് അപ്പോഴും വിങ്ങുന്നുണ്ടായിരുന്നു, എന്തോ നഷ്ടപ്പെട്ടത് പോലെ.

a trip to hampi ravikumar ambadi writes

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES