പേര് കേള്‍ക്കുമ്പോള്‍ തോന്നും കേരളത്തിനു വെളിയിലാണ് എന്ന് എന്നാല്‍ സംഗതി അങ്ങനെ അല്ല. കോഴിക്കോട് ജില്ലയിലാണ് വെള്ളരിമല സ്ഥിതി ചെയ്യുന്നത്. ഏതാണ്ടൊരു 50 - 60 കിലോമീറ്റര്‍ കിഴക്കോട്ട് സഞ്ചരിച്ചാല്‍ ( തിരുവമ്പാടി വഴി ) മലയോട് ചേര്‍ന്ന് കിടക്കുന്ന മുത്തപ്പന്‍ പുഴ ഗ്രാമത്തില്‍ എത്തും. ജനവാസമുള്ള ഒരു സുന്ദര ഗ്രാമം. അവിടെ നിന്നും പിന്നെ കാട് തുടങ്ങുകയായി കാട് എന്നാല്‍ ചുറ്റും മരങ്ങള്‍ നിറഞ്ഞ നമ്മുക്ക് ട്രക്കിങ്ങ് അനുഭവം തരുന്ന കാട് . നേരെ മുകളില്‍ നോക്കിയാല്‍ വെള്ളരിമലയും തൊട്ടടുത്ത് വാവുല്‍ മലയും ഉണ്ട്. ഇരുവര്‍ക്കിടയില്‍ കോടമഞ്ഞിനാല്‍ മൂടുപടമണിഞ്ഞ ചെറുപര്‍വത നിരകളും വനപ്രദേശവും. ആരെയും കണ്ണം ചിപ്പിക്കുന്ന പ്രകൃതിയുടെ സൗന്ദര്യം തന്നെ
ഈ ഗ്രാമത്തിലുള്ളവര്‍ പറയുന്നത് മലയോട് ചേര്‍ന്ന കാടിനൊരു റാണിയുണ്ടെങ്കില്‍ അതാണ് വെള്ളരിമല . റാണിയുണ്ടായാല്‍ രാജാവും വേണമല്ലോ അതാണ് വാവുല്‍ മല. ഒരു പക്ഷെ ആയിരിക്കാം അത്രക്ക് ഭംഗിയുണ്ട് ഈ പ്രദേശത്തെ കാഴ്ചകള്‍ക്ക്. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 2300 മീറ്ററിലധികം ഉയരത്തില്‍ കേരളത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളില്‍ ഒന്ന് . ജനസമ്പര്‍ക്കം താരതമ്യേന കുറവായ ഒരു ട്രെക്കിംഗ് സ്‌പോട്ട് എന്ന് തന്നെ വിശേഷിപ്പിക്കാം. എന്നാല്‍ ഒരു സാധാരണ ട്രെക്കിംഗ് അനുഭവം പ്രതീക്ഷിച്ചു പോയാല്‍ ഒരു പക്ഷെ നിങ്ങളെ നിരാശപ്പെടുതിയേക്കാം കാരണം അത്തരം ഒന്നും തന്നെ അവിടെ ഇല്ല, മറിച്ചു നിങ്ങളെ വിസ്മയിപ്പിക്കുന്ന പലതും അവിടെ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് ആതാണ് വെള്ളരിമലയുടെ സൗന്ദര്യവും.
മുത്തപ്പന്‍ പുഴയില്‍ നിന്നും ആവശ്യമുള്ള ( എത്ര ദിവസം കാട്ടില്‍ തങ്ങുന്നു അതനുസരിച്ച് ) സാധനങ്ങള്‍ വാങ്ങി കരുതി വെക്കുക . ഇടക്ക് വെച്ച് ഭക്ഷണം തീര്‍ന്നു തിരിച്ചുവരേണ്ട സാഹചര്യം വരുത്തേണ്ട ആവശ്യമില്ലല്ലോ. അവിടെ നിന്നും പിന്നെ കാനന പാത തുടങ്ങുകയാണ് . കുറച്ചു കൂടെ ദൂരം മുന്നോട്ടു വാഹനം പോകും. പിന്നെ കാല്‍നട തന്നെ. അല്പം ചെരിഞ്ഞു അവിടവിടെ ഉരുളന്‍ കല്ലുകള്‍ ഉണ്ടെങ്കിലും അത്യാവശ്യം വീതി ഉള്ളതിനാല്‍ നടത്തത്തിനു അല്പം സുഖവും വേഗവും ഒക്കെ ഉണ്ടാവും. മുന്നോട്ടുള്ള ദൂരം കൂടുന്നതനുസരിച്ച് കാടിന്റെ വീതിയും കൂടും , ഒപ്പം നടത്തത്തിന്റെ വേഗം കുറയുകയും .
ഏതാണ്ടൊരു രണ്ടു മണിക്കൂര്‍ വനത്തിലൂടെയുള്ള നടത്തത്തിനൊടുവില്‍ ആദ്യ വിശ്രമ സ്ഥലത്ത് എത്തിചേരും.ഒലുച്ചാല്‍ അഥവാ ഒലിച്ചുചാടം, അതാണ് സ്ഥലം. അടച്ചിട്ട ഒരു ഇരുട്ടുമുറിയിലെ ഒരേ ഒരു ജനല്‍ തുറന്നിട്ടിരിക്കുന്നു അങ്ങനെ വിവരിക്കാം ആ സ്ഥലത്തെ അത്രക്കു മനോഹരം.ചുറ്റും ചെറുതും വലുതുമായ മരങ്ങളാല്‍ മൂടിയ ഒരിടത്ത് സൂര്യനെ കാണാം. തൊട്ടപ്പുറം താഴോട്ടോഴുകുന്ന ചെറുവെള്ള ചട്ടം. അല്പം സൂക്ഷ്മത കാണിച്ചു ഇരിക്കാന്‍ പറ്റാവുന്ന പാറപ്പുറത്ത് ഇരിക്കാം. ആവശ്യതിനുപയോഗിക്കാന്‍ വെള്ളവും , തേനൊഴുകി വരുന്ന പോലെ കാട്ടിനുള്ളിലെ നീരുറവയും അടുത്ത് ഉണ്ട്. തീര്‍ത്തും ഒരു വിശ്രമസ്ഥലം. വെള്ളരിമല കാടിനകത്തു മാത്രം ട്രെക്കിംഗ് നടത്താന്‍ ഉദ്ദേശിക്കുന്നവര്ക്ക് ടെന്റ് കെട്ടാന്‍ അനുയോജ്യമായ സ്ഥലം.
സമയം കൂടുതല്‍ പാഴാക്കാത്ത രീതിയില്‍ വിശ്രമിച്ചു മുന്നോട്ടുള്ള യാത്രക്ക് തയ്യാറാകേണ്ടി വരുന്നയാണ് നല്ലത് . ഇനിയാണ് യഥാര്‍ത്ഥ ട്രെക്കിംങ്് തുടങ്ങുന്നത്. നേരത്തെ സൂചിപ്പിച്ച പോലെ ഒളിപ്പിച്ചു വെച്ച വിസ്മയങ്ങള്‍ തേടിയുള്ള യാത്ര . അതിനു പക്ഷെ നേരത്തെ വന്ന പോലുള്ള വെട്ടിത്തെളിച്ച വഴിയില്ല . വന്യമൃഗങ്ങള്‍ പോയ വഴികള്‍ മാത്രം. ചൂട് ആവി പൊങ്ങുന്ന ആനപിണ്ടവും കാട്ടുപോത്തിന്റെ കാല്‍ അടയാളങ്ങളും കാണാം വഴിയില്‍. ചെങ്കുത്തായ തീരെ വീതി കുറഞ്ഞ വഴികളിലൂടെ മുന്നോട്ട് നടക്കുക . അവിടെ നിന്നും കാണുന്നതെല്ലാം വിസ്മയങ്ങള്‍ . കുന്നും കാടും കയറി കേതന്‍ പാറ എത്തും. ഇടക്ക് ദാമോദരന്‍ കൊല്ലി നീരൊഴുക്കിനടുത്ത് ഒന്ന് ഫ്രഷ് ആവാം , പിന്നെയും കേതന്‍ പാറയില്‍ നിന്ന് മസ്തകപാറ നോക്കി ആനയാണോ അതോ പാറ തന്നെയാണോ എന്ന് സംശയിച്ചിരിക്കുന്നതും എല്ലാം മനസ്സിലേക്ക് ഒടികയറും. മുകളില്‍ നിന്നുള്ള കാഴ്ചകള്‍ എന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നതാണ്. വാക്കുകള്‍ കൊണ്ട് എഴുതി ബലിപ്പിക്കാന്‍ കഴിയാത്ത അത്രക്ക് മനോഹരം.
തിരിച്ചിറങ്ങി, കാട്ടിലൂടെ വീണ്ടുമൊരു യാത്ര. കളകളമൊഴുകി ഓടി നടക്കുന്ന കാട്ടരുവികള്‍ കുറുകെ നടന്നു റാണിയുടെ രാജാവിന്റെ അടുത്തേക്കുള്ള യാത്ര . വാവുല്‍ മലയുടെ മുകളില്‍ കയറി അങ്ങു ദൂരെയുള്ള ചെമ്പ്ര മലനിരകളിലെ കാഴ്ചയും. സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ സാധിക്കാത്ത നിമിഷങ്ങള്‍. ജീവിതത്തില്‍ കാണാന്‍ സാധിക്കുന്ന ഏറ്റവും മനോഹരമായ കാഴ്ചകള്‍. വര്‍ഷകാലത്തില്‍ നിന്നും മഞ്ഞുകാലത്തിലെക്കുള്ള മാറ്റത്തിന്നിടയിലെ സമയമാണ് അവിടെ സന്ദര്ശിതക്കാന്‍ ഏറ്റവും ഉചിതമായ സമയം . പോകുന്ന വഴിയുള്ള അരീപ്പാര വെള്ളച്ചാട്ടവും കാണേണ്ടത് തന്നെ . കണ്ട കാഴ്ചകളിയെ വിവരണം അപൂര്‍ണ്ണമാണ് കണ്ട വിസ്മയങ്ങളെക്കാള്‍ കൂടുതലായിരിക്കും ഇവിടെ ഉള്ള മറ്റു പല കാഴ്ചകളും.വര്‍ണ്ണനയില്‍ ഒതുങ്ങുന്നതല്ല പ്രകൃതിയുടെ പല കാഴ്ചകളും.