നടി അവതാരക എന്നീ നിലകളിൽ ഏറെ ശ്രദ്ധേയ താരമാണ് നൈല ഉഷ. പ്രേക്ഷകർ പൊറിഞ്ചു മറിയം ജോസിലും പുണ്യാളൻ അഗർബത്തീസിലുമൊക്കെ തകർത്തഭിനയിച്ച നൈല ഉഷയെ അത്രപെട്ടെന്ന് ഒന്നും തന്നെ മാരകകണ് സാധിക്കില്ല. താരം ഇപ്പോൾ ദുബായിലെ ഹിറ്റ് 96.7 റേഡിയോ നിലയത്തിലെ അവതാരക കൂടിയാണ്. ജോലിയൊടൊപ്പം ചലച്ചിത്രരംഗത്തും നൈല ഉഷ ഏറെ സജീവമാണ്. എന്നാൽ താരത്തിന് ഏറെ ഇഷ്‌ടമുള്ള ഒന്നാണ് യാത്ര. ചരിത്രവും സംസ്കാരവും അറിയാനും പുതിയ സ്ഥലത്തിന്റെ കാഴ്ചകളും തേടി യാത്രപോകുവാനും എല്ലാ ഇഷ്‌ടമാണ് എന്ന് മനോരമാ ഓൺലൈന് നൽകിയ അഭിമുഖത്തിലൂടെ നൈല പറയുന്നു.
യാത്രകള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. സ്കൂളിൽ ചരിത്രത്തിലെ ചില സ്ഥലങ്ങളെപ്പറ്റി പഠിക്കുമ്പോൾ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് അവിടെ പോകണമെന്നും കാണണമെന്നൊക്കെ. അങ്ങനെയുള്ള ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്രപോകാൻ എനിക്ക് സാധിച്ചിട്ടുണ്ട്. സത്യത്തിൽ ഓരോ യാത്രയും പലവർണങ്ങൾ നിറഞ്ഞ അനുഭവങ്ങളാണ്.
ഓരോ സ്ഥലത്തേക്കും യാത്ര ചെയ്യുമ്പോൾ ആ നാടിനെക്കുറിച്ചും അവിടുത്തെ ആളുകളെക്കുറിച്ചും പഠിക്കുവാനും മനസ്സിലാക്കാനും സാധിക്കും. യാത്രകളോടുള്ള പ്രണയം കാരണം വർഷത്തിൽ ഒരു ട്രിപ്പ് പ്ലാൻ ചെയ്യാറുണ്ട്. എന്റെ മോനോടൊപ്പവും അമ്മയോടെപ്പവും ഒറ്റയ്ക്കും സുഹൃത്തുകൾ ഒരുമിച്ചുമൊക്കെ യാത്ര പോകാറുണ്ട്. ഒാരോ യാത്രയും നൽകുന്ന അനുഭവ സമ്പത്ത് വളരെ വലുതാണ്. ഷൂട്ടിന്റെ ഭാഗമായും അല്ലാതെയും വിദേശരാജ്യങ്ങളടക്കം ഒരുപാട് ഇടത്തേക്ക് പോകുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.
എന്റെ സ്വപ്നം ഇന്ത്യ ചുറ്റികാണണം എന്നാണ്. ആ സ്വപനത്തിലേക്കുള്ള യാത്ര തുടങ്ങിയതേയുള്ളൂ ഞാൻ. ശ്രീലങ്ക, മലേഷ്യ, തായ്‍ലൻഡ്, നേപ്പാൾ, ഹോങ്കോങ്, മക്കാവു, റഷ്യ, സ്പെയിൻ, പാരിസ്, ഒാസ്ട്രിയ, ഹംഗറി, പ്രാഗ്, സ്ലോവാക്കിയ, റൊമേനിയ, സെർബിയ അങ്ങനെ നീളുന്നു കണ്ട സ്ഥലങ്ങൾ. ഒാരോ നാടിനും വ്യത്യസ്തമായ സൗന്ദര്യമാണ്.
യാത്രകളോടുള്ള പ്രണയം കൊണ്ടാവാം കണ്ട സ്ഥലങ്ങളൊക്കെയും എനിക്ക് പ്രിയപ്പെട്ടതാണ്. വീണ്ടും പോകണമെന്നു തോന്നിയത് ഋഷികേശ് ആണ്. ഇത്തവണ പുതുവർഷത്തിന് മസ്സൂറി, ഋഷികേശ് യാത്ര പോയിരുന്നുവല്ലാത്ത ഒരു അനുഭൂതി നിറഞ്ഞതായിരുന്നു ആ യാത്ര.
ഗംഗയുടെ ഓളങ്ങള്‍ക്കു കാതോര്‍ത്ത് ഹിമവാന്റെ നിഴലിനോടു ചേര്‍ന്നു കഴിയുന്ന നാട്. അല്‍പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും മനസ്സിനോടു മാത്രം സംസാരിച്ച് ഏകാന്തമായി കുറേ നേരം ഒരിടത്ത് ഇരിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കും ഒരുപോലെ ചേരുന്നിടമാണ് ഋഷികേശ്. എനിക്ക് അഡ്വഞ്ചർ ട്രിപ് ഒരുപാട് ഇഷ്ടമാണ്, കയാക്കിങ്, ബൻജി ജംപിങ്, ഡൈവിങ് തുടങ്ങി വിനോദങ്ങളും ഇഷ്ടമാണ്.
സ്ത്രീകളോടും പെണ്‍കുട്ടികളോടും അങ്ങേയറ്റം സ്‌നേഹമുള്ളവരാണ് ഋഷികേശുകാര്‍. അവിടുത്തെ ക്ഷേത്രങ്ങളും അന്തരീക്ഷവുമൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമായി. വിദേശയാത്രയിൽ എനിക്ക് ഇഷ്ടമായത് പാരിസ് ആയിരുന്നു. പാഠപുസ്തകത്തിൽ നിന്നു പഠിച്ച ചരിത്രവും കാഴ്ചകളുമൊക്കെ നിറഞ്ഞ പാരിസും ഇൗഫൽ ടവറുമൊക്കെ ഒരുപാട് ഇഷ്ടമായി. പിന്നെയുള്ളത് സ്പെയിനും ലണ്ടനും പ്രാഗുമൊക്കെ. ഒാരോ രാജ്യത്തിനും വ്യത്യസ്ത സൗന്ദര്യമാണ്. പുരാതന സംസ്കാരവും ചരിത്രവുമുള്ള അസർബെയ്ജാനിലേക്കും യാത്ര പോയിരുന്നു.
ർക്കലയിലെ ബീച്ചും ക്ലിഫുമൊക്കെ ഒരുപാട് ഇഷ്ടമാണ്. എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അവിടെ ഒരു കോഫി ഷോപ് തുടങ്ങണമെന്ന്. അടിപൊളി ഇടമാണ്. നിരവധി വിദേശീയർ എത്തുന്ന ഇടം. ഫോർട്ട്കൊച്ചി പോലെ തോന്നും. അതുപോലെ കോവളവും ഇഷ്ടമാണ്. ഇൗ കാഴ്ചകളിൽ നിന്നൊക്കെ വ്യത്യസ്തമായ സാംസ്കാരിക നഗരമായ തൃശ്ശൂരും എന്റെ പ്രിയപ്പെട്ട സ്ഥലമാണ്. എന്റെ ഫാമിലിയും സുഹൃത്തുക്കളുമൊക്കെ അവിടെയുണ്ട്.
ഞാൻ ഏറ്റവും കൂടുതൽ യാത്ര ചെയ്തിട്ടുള്ളത് സുഹൃത്തുക്കളോടൊപ്പമാണ്.ഞാൻ ജോലി ചെയ്യുന്ന ഒാഫിസിൽ നിന്നും എല്ലാവർഷവും യാത്ര പ്ലാൻ ചെയ്യാറുണ്ട്. മറക്കാനാവാത്ത യാത്രകളാണ് അവയൊക്കെയും. ഞങ്ങളുടെ മിക്ക യാത്രകളും വിന്റർ സീസണിലാണ്. നാലുദിവസത്തെ യാത്രയായിരിക്കും. അവിടെ ചുറ്റിയടിക്കും. തണുപ്പിനുള്ള ഡ്രസ് വാങ്ങിയും ഷോപ്പിങ് നടത്തിയും നേരം പുലരുവോളം കാഴ്ചകൾ ആസ്വദിച്ച് നടക്കും. ഒരുപാട് ഒാർമകൾ നിറഞ്ഞ യാത്രകളാണ് അവ
ഒാഫിസിൽ നിന്നും അവധിയെടുക്കുന്നത് ചിലപ്പോൾ ഷൂട്ടിങ്ങിനായി ആകും. പിന്നെ വിദേശരാജ്യങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ വീസനടപടിക്രമങ്ങളുമൊക്കെ റെഡിയാക്കേണ്ടതിനാൽ അതിനായി സമയം കണ്ടെത്താറുണ്ട്.
ഇൗ വർഷം ഒരുപാട് യാത്രകൾ പ്ലാൻ ചെയ്തിരുന്നു. ദുബായിലും നിരവധി പ്രോഗ്രാമുകൾ പ്ലാൻ ചെയ്തിരുന്നു. ഞാൻ ദുബായ് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറാണ്. പ്ലാൻ ചെയ്ത മിക്ക യാത്രകളും കൊറോണ കാരണം ഒഴിവാക്കേണ്ടി വന്നു.
ടൂറിസവുമായി ബന്ധപ്പെടുത്തി ടർക്കി യാത്ര പ്ലാൻ ചെയ്തിരുന്നു. കൂടാതെ എന്റെ പിറന്നാൾ ടർക്കിയിൽ ആഘോഷിക്കാം എന്നതടക്കം ഒരുപാട് ആഗ്രഹങ്ങളായിരുന്നു. ഒന്നും നടന്നില്ല.
ഞാൻ നടത്തിയ യാത്രകളൊക്കെ മറക്കാനാവാത്ത ഒാർമകളാണ്. അങ്ങനെ എടുത്തുപറയത്തക്ക അനുഭവങ്ങൾ ഉണ്ടായിട്ടില്ല. അടുത്തിടെ ഞാനും അമ്മയും മകനും എന്റെ സഹോദരിയുടെ മകളുമൊക്കെയായി ബാക്കു എന്ന സ്ഥലത്തേക്ക് പോയിരുന്നു. ഒാൺ അറൈവൽ വീസ ലഭിക്കുന്ന സ്ഥലമാണ്. അവിടെ എത്തിയപ്പോഴാണ് ഞങ്ങൾ അറിഞ്ഞത് പാസ്പോർട്ടിനും യുഎഇ വീസയ്ക്കും ഇത്രയും ദിവസത്തെ വാലിഡിറ്റിയും വേണമെന്ന്.
എന്റെ സഹോദരിയുടെ മകൾക്ക് പാസ്പോർട്ടിന്റെ കാലാവധി കഴിയാനായി ഒരു മാസമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അവർ ഞങ്ങളെ എയർപോർട്ടിൽനിന്നു പുറത്തേക്ക് വിട്ടില്ല. തിരിച്ച് ഫ്ളൈറ്റിൽ ദുബായിലേക്ക് മടങ്ങൂ എന്നും അല്ലെങ്കിൽ കുട്ടിയെ ഒഴിവാക്കി നിങ്ങൾക്ക് മാത്രം പോകാമെന്നും അവർ പറഞ്ഞു. ഞങ്ങളാകെ വിഷമിച്ചു. എങ്ങനെയെങ്കിലും ശരിയാക്കിത്തരണമെന്നു ഞങ്ങൾ അവരോട് അപേക്ഷിച്ചു നോക്കി. നാലുമണിക്കൂറോളം എയർപോർട്ടിൽ ഇരിക്കേണ്ടി വന്നു. അന്നു ഞാൻ തീരുമാനിച്ചു, ഇനി എവിടേക്കു യാത്ര പ്ലാൻ ചെയ്താലും വിശദമായി എല്ലാം ചെക്ക് ചെയ്തിട്ടേ യാത്ര പുറപ്പെടുകയുള്ളൂ എന്ന്. അവസാനം ദുബായിൽ നിന്നു വേറെ കുറേ ഡോക്യൂമെന്റസ് അയച്ചുകൊടുത്താണ് യാത്രയ്ക്കുള്ള പെർമിഷൻ കിട്ടിയത്.
ആ യാത്ര ഒരു അനുഭവമായിരുന്നു. അതേ ട്രിപ്പിൽത്തന്നെ മറ്റൊരു സങ്കടകരമായ അനുഭവവും ഉണ്ടായി. ഗബാല എന്ന സ്ഥലത്ത് മൗണ്ടന്‍ ക്ലൈംബിങ് ഉണ്ടായിരുന്നു. എന്റെ അമ്മ നല്ല ആവേശത്തോടെ തന്നെ മൗണ്ടൻ കയറി. ഇടയ്ക്ക് തെന്നി വീണു കാലിലെ കുഴ തെന്നി. പിന്നെ ആ ട്രിപ് മുഴുവനും അമ്മ കാറിൽത്തന്നെ ഇരിക്കുകയായിരുന്നു.
എനിക്ക് ഇന്ത്യമുഴുവനും ചുറ്റണം. കൂടാതെ സ്വിറ്റ്സർലൻഡിൽ പോകണമെന്നുണ്ട്. പിന്നെ ഹരിയാന, രാജസ്ഥാൻ, ലേ ലഡാക്ക് ഒക്കെ പോകണമെന്നുണ്ട്. കബോഡിയ, ജപ്പാൻ യാത്ര പോകണമെന്നുണ്ട്. ഒരിക്കൽ കൂടി സുഹൃത്തുക്കളുമായി തായ്‍ലൻഡും ബാലിയും പോകണമെന്നുണ്ട്.