മൊബൈല്‍ സേവനദാതാക്കള്‍ക്ക് വെല്ലുവിളിയാകുമെന്ന് കരുതുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ-ഫോണ്‍ അടുത്തവര്‍ഷം നിലവില്‍വരും. കെ.എസ്.ഇ.ബി.യുടെ വൈദ്യുതത്തൂണുകളിലൂടെ ലൈന്‍ വലിച്ചും ഭൂഗര്‍ഭ കേബിളുകള്‍ വഴിയും ഫൈബര്‍ ഒപ്റ്റിക്കല്‍ ലൈന്‍ വലിച്ചാണ് നടപ്പാക്കുക. അടുത്തമാസം കേബിളിട്ടുതുടങ്ങും.
ഒരേസമയം വീടുകളില്‍ ഫോണും കേബിള്‍ ടി.വി.യും കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പ്രവര്‍ത്തിക്കാന്‍ പറ്റും. 2020-ല്‍ പൂര്‍ത്തിയാവുന്ന പദ്ധതിക്കായുള്ള ഫൈബര്‍ ഒപ്റ്റിക്ക് കേബിളുകള്‍ ദക്ഷിണകൊറിയയിലാണ് നിര്‍മിക്കുന്നത്.
20 ലക്ഷം വീടുകളിലും മൂപ്പതിനായിരത്തിലധികം സര്‍ക്കാര്‍ ഓഫീസുകളിലും ചുരുങ്ങിയ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. സംസ്ഥാനത്തെ 10 ലക്ഷത്തോളം ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് കണക്ഷന്‍ സൗജന്യമായിരിക്കും.
2000-ത്തിലധികം സ്ഥലങ്ങളില്‍ വൈഫൈ സ്‌പോട്ടുകള്‍ സ്ഥാപിക്കും. കെ-ഫോണിനായുള്ള സര്‍വേ ഏകദേശം പൂര്‍ത്തിയായി. കെ.എസ്.ഇ.ബി., കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ ഇന്‍ഫ്രാസ്റ്റക്ചറല്‍ ലിമിറ്റഡ്, സര്‍ക്കാര്‍ എന്നിവചേര്‍ന്നുള്ള കൂട്ടായ്മയായ കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ ലിമിറ്റഡിനാണ് പദ്ധതിച്ചുമതല. സര്‍ക്കാരിന് രണ്ടുശതമാനം ഓഹരിയുണ്ടാവും. 1611 കോടിയുടെ അടങ്കല്‍ത്തുകയാണ് വകയിരുത്തിയത്. കിഫ്ബിയില്‍ പദ്ധതിക്കായി 823 കോടി അനുവദിച്ചിരുന്നു.
കണ്‍ട്രോള്‍ റൂം കൊച്ചിയില്‍
വീടുകളെയും ഓഫീസുകളെയും വിവിധ ശൃംഖലകളാക്കിയാകും കേബിള്‍വഴി ബന്ധിപ്പിക്കുക. കണ്‍ട്രോള്‍ റൂം കൊച്ചിയില്‍ സ്ഥാപിക്കും. രണ്ടുമാസത്തിനകം പ്രവര്‍ത്തനസജ്ജമാകും. കേബിള്‍ ശൃംഖല പൂര്‍ത്തിയാകുന്നമുറയ്ക്ക് നെറ്റ്വര്‍ക്ക് ഓപ്പറേറ്റിങ് സെന്ററുമായി ബന്ധപ്പെടുത്തി ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനാണ് ആലോചന.