പശ്ചിമഘട്ടം അതിരിടുന്ന ശ്യാമഹരിത വനത്തിന്റെ പശ്ചാത്തലത്തില്‍ ഏഴു നിലകളായി, വമ്പനൊരു കോട്ട. എട്ടുകിലോമീറ്ററോളം ചുറ്റളവില്‍, നിബിഡ വനത്തിന്റെ സ്വാഭാവിക പ്രകൃതിയോടിഴുകിച്ചേര്‍ന്ന് മറഞ്ഞിരിക്കുന്ന വനദുര്‍ഗ്ഗം. കാനനപാത നടന്നുതാണ്ടി മുകളിലേക്കെത്തുമ്പോള്‍ രാജപ്രതാപത്തിന്റെ തിരുശേഷിപ്പെന്നോണം, കാലത്തിന്റെ രഥചക്രങ്ങള്‍ക്കു കീഴെ എന്നോ തകര്‍ന്നടിഞ്ഞ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും. ചരിത്രപ്പെരുമ കൊണ്ടും വാസ്തുശില്‍പ്പ ചാരുതകൊണ്ടും കവലെദുര്‍ഗ്ഗ ഏതൊരു യാത്രികനെയും വിസ്മയിപ്പിക്കാതിരിക്കില്ല.
ദക്ഷിണ കര്‍ണ്ണാടകത്തില്‍ ഷിമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളിക്കടുത്താണ് കവലെദുര്‍ഗ്ഗ. തീര്‍ഥഹള്ളിയില്‍ നിന്ന് 18 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടേക്കെത്താം. കന്നടയിലെ കാവലു ദുര്‍ഗ്ഗ അഥവ കാവല്‍ കോട്ട ലോപിച്ചാണത്രേ കവലെദുര്‍ഗ്ഗയായത്.
ചരിത്രം മിഴിതുറക്കുമ്പോള്‍ ഭുവനഗിരിദുര്‍ഗ്ഗ എന്നായിരുന്നു ഈ കോട്ടയുടെ പേര്. ഒമ്പതാം നൂറ്റാണ്ടോളം നീളുന്നതാണ് ആ ചരിത്രം. മല്ലവ രാജാക്കന്മാരാണ് നിബിഡ വനത്തിനു നടുവിലായി മലമുകളില്‍ കോട്ടപണിയുന്നത്. തുടര്‍ന്നിങ്ങോട്ട്, ഒരായിരം കൊല്ലത്തിനിടയില്‍, എണ്ണമറ്റ രാജവാഴ്ചകളും വീഴ്ചകളും യുദ്ധ കാഹളങ്ങളും ആര്‍ത്തനാദങ്ങളും കൊണ്ട് മുഖരിതമായി, ഈ കരിങ്കല്‍ക്കോട്ടയുടെ ചുവരുകള്‍.
ബിജാപ്പൂര്‍ സുല്‍ത്താനായിരുന്ന ആദില്‍ ഷായുടെ സൈന്യം പതിനാലാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ഭുവനഗിരിക്കോട്ട ആക്രമിച്ചു. കോട്ട കീഴടക്കിയ സൈന്യം ഉള്ളിലെ നിര്‍മ്മിതികള്‍ മിക്കതും തച്ചുതകര്‍ത്തു. ഏറെക്കുറെ നാമാവശേഷമായ കോട്ട പില്‍ക്കാലത്ത് ചെലുവ രംഗപ്പ എന്ന ഭരണാധികാരി പുതുക്കിപ്പണിയുകയായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ വിജയ നഗര സാമ്രാജ്യത്തിന്റെ സാമന്ത നാട്ടുരാജ്യമായിരുന്ന കേളടിയിലെ നായക വംശത്തിന്റെ ആസ്ഥാനമായിമാറി, ഭുവനഗിരി. വിജയ നഗര സാമ്രാജ്യം തകര്‍ന്നതോടെ സ്വതന്ത്ര രാജവംശമായി മാറി, ഇവര്‍. പതിനാറാം നൂറ്റാണ്ടിനൊടുവില്‍ നായക വംശത്തിലെ കരുത്തനായ രാജാവ്, വെങ്കിടപ്പ നായകയാണ് കോട്ടയ്ക്കുള്ളില്‍ കൊട്ടാരം പണിയുന്നത്. മഹത്തിന മാതയുടെയും ശൃംഗേരി മാതയുടെയും ക്ഷേത്രങ്ങള്‍, ധാന്യപ്പുര, ഖജനാവ്, ആനകൊട്ടില്‍, കുതിരപ്പന്തി, തടാകങ്ങള്‍ എന്നിങ്ങനെ ഗംഭീരമായൊരു രാജധാനിയാണ് മലമുകളിലെ കോട്ടയ്ക്കുള്ളില്‍ വെങ്കിടപ്പ പണിതത്. കോട്ടയുടെ പേരും മാറ്റി.
അജയ്യരായ മുഗളന്മാരെപ്പോലും ഒളിയുദ്ധമുറകള്‍ കൊണ്ട് വിറപ്പിച്ച റാണി ചേന്നമ്മാജി, റാണി വീരമ്മാജി തുടങ്ങിയ കരുത്തരായ നിരവധി ഭരണാധികാരികള്‍ പില്‍ക്കാലത്ത് കവലെ ദുര്‍ഗ്ഗ വാണരുളി. റായ്ഗഡ് കോട്ടയില്‍ ഔറംഗസേബിന്റെ തടവറയില്‍ നിന്ന് രക്ഷപ്പെട്ടോടിവന്ന, ശിവജിയുടെ മകനായ രാജാറാമിന് അഭയമേകിയതും ഈ കോട്ടയുടെ കല്‍മതിലുകളായിരുന്നു. ഒടുവില്‍ 18 ആം നൂറ്റാണ്ടില്‍ റാണി വീരമ്മാജി യുദ്ധത്തില്‍ പരാജിതയായതിനെത്തുടര്‍ന്ന് കവലെദുര്‍ഗ ഹൈദരാലിയുടെയും പിന്നീട് ടിപ്പു സുല്‍ത്താന്റെയും അധീനതയിലായി.
തീര്‍ത്ഥഹള്ളിയില്‍ നിന്ന് ടാക്‌സിയിലാണ് കവലെദുര്‍ഗ്ഗയിലേക്കെത്തിയത്. കോട്ട സ്ഥിതിചെയ്യുന്ന മലഞ്ചെരിവിനു താഴെയാണ് പാര്‍ക്കിംഗ്. മുകളിലേക്കുള്ള പാതയില്‍ അല്പം നടക്കുമ്പോള്‍ വലത്തേക്ക് ഒരു ചൂണ്ടുപലക. അതൊരു നടപ്പാതയാണ്. മുന്നോട്ട് നടന്നാല്‍ താഴേക്കിറങ്ങുന്നത് ഒരു വയല്‍ വരമ്പിലേക്ക്. വിതകഴിഞ്ഞ് നാളുകളേ ആയിട്ടുണ്ടാവൂ. മുളവേലിയില്‍ കുറുകെ രണ്ട് തടിക്കഷണങ്ങള്‍ വച്ച തനിനാടന്‍ ഗേറ്റു കടന്ന് ഇളം പച്ചപ്പട്ട് വിതാനിച്ച പാടത്തിന്റെ വരമ്പിലൂടെ നടന്നു.
വരമ്പിനിപ്പുറവുമുണ്ട്, വേലിയും മരക്കമ്പ് കുറുകേ സ്ഥാപിച്ച കവാടവും. ഇനിയൊരു കാനന പാതയാണ്. മുകളിലേക്ക് ഏതാണ്ട് അരക്കിലോമീറ്റര്‍ നടന്നുകാണും, അല്‍പ്പമകലെ മുകളിലായി കോട്ടമതില്‍ കാണാനായി.
പശ്ചിമഘട്ടത്തിന്റെ സ്വാഭാവിക പ്രകൃതിയോട് ഇഴചേര്‍ന്ന് താഴ്വ്വരയുടെ സാന്ദ്ര ഹരിതാഭയില്‍ മുങ്ങിനില്‍ക്കുകയാണ് കോട്ട. കോട്ടകൊത്തളങ്ങളെയാകെ വള്ളിച്ചെടികളും കുറ്റിച്ചെടികളും കൊണ്ട് കാട് ആലിംഗനം ചെയ്തിരിക്കുന്നു. കുന്നിന്മുകളിലേക്ക് ഏഴു തട്ടുകളായാണ് കോട്ടയുടെ കിടപ്പ്. ചതുരാകൃതിയില്‍ വെട്ടിയൊരുക്കിയ കൂറ്റന്‍ കരിങ്കല്‍പ്പാളികള്‍ കൊണ്ടാണ് കോട്ടമതിലുകളുടെ നിര്‍മ്മിതി. നൂറ്റാണ്ടുകള്‍ക്കിപ്പുറവും ചാരുത ചോരാതെ മതിലുകളിലെ ശിലാശില്‍പ്പങ്ങള്‍. കോട്ടയ്ക്ക് മൂന്നു നിര സുരക്ഷാ സംവിധാനമാണുള്ളത്. ഓരോ നിര കോട്ടയ്ക്കും വിശാലമായ വാതായനങ്ങളുണ്ട്. ഇരുവശവും കാവല്‍പ്പുരകള്‍. വാതായനങ്ങള്‍ക്കു സമീപം മാത്രമല്ല തന്ത്രപ്രധാനമായ എല്ലായിടങ്ങളിലും സായുധരായ സൈനികരെ വിന്യസിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കവെലെ ദുര്‍ഗ്ഗയുടെ രൂപകല്‍പ്പനയും നിര്‍മ്മിതിയും അക്ഷരാര്‍ത്ഥത്തില്‍ വിസ്മയാവഹമാണ്. യാത്രികന്റെ കണ്ണില്‍ കൗതുകമുണര്‍ത്തുന്ന കാഴ്ചകളാണ് ഓരോ തിരിവിലും. മൂന്നാം കോട്ടവാതില്‍ കടക്കുന്നതോടെ രാജവാഴ്ചയുടെ നഷ്ടപ്രൗഢി കണ്മുന്നില്‍ തെളിയുകയായി. നാലാം കവാടത്തിനപ്പുറം കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കാണാം. ക്ഷേത്രത്തിന്റെ കരിങ്കല്‍ച്ചുവരുകളില്‍ ആയുധമേന്തിയ ഭടന്മാര്‍, സൂര്യ ചന്ദ്രന്‍മാര്‍ മുതല്‍ സര്‍പ്പവും പക്ഷിയും ആനയും കുതിരയുമൊക്കെയുണ്ട്. ചെറുതും വലുതുമായ 15 ക്ഷേത്രങ്ങളാണത്രേ പ്രതാപകാലത്ത് ഈ കോട്ടയ്ക്കുള്ളിലുണ്ടായിരുന്നത്. ലക്ഷ്മി നാരായണ ക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, ശിഖരേശ്വര ക്ഷേത്രം എന്നിങ്ങനെ അതില്‍ മൂന്നെണ്ണം മാത്രം ഇപ്പോഴും വലിയ കേടുപാടുകളില്ലാതെ അവശേഷിക്കുന്നുണ്ട്. കോട്ട സമുച്ചയത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായാണ് ക്ഷേത്രങ്ങള്‍. പടിഞ്ഞാറേക്ക് ശിരസ്സുയര്‍ത്തി നില്‍ക്കുന്ന, മുഖമണ്ഡപവും നന്ദി മണ്ഡപവും ഗര്‍ഭ ഗൃഹവുമുള്ള ശിഖരേശ്വര ക്ഷേത്രമാണ് കൂടുതല്‍ ആകര്‍ഷണീയം.
ഏതു വേനലിലും ജലസമൃദ്ധി ഉറപ്പാക്കാന്‍ ചെറുതും വലുതുമായ ഏഴ് കുളങ്ങളാണ് കോട്ടയ്ക്കുള്ളിലുള്ളത്. മുകളിലെ മഴവെള്ള സംഭരണിയില്‍ നിന്ന് ഭൂഗര്‍ഭ കനാലുകളിലൂടെയായിരുന്നു ഈ കുളങ്ങളില്‍ വെള്ളമെത്തിയിരുന്നത്. ഈ കനാലുകള്‍ മിക്കതും ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. ഒന്നു ശ്രദ്ധിച്ചാല്‍ കാണാവുന്നതേയുള്ളു, മുകളിലേക്കുള്ള പാതയ്ക്കരികില്‍ത്തന്നെ കാടുവന്നുമൂടി മറഞ്ഞിരിപ്പുണ്ട്, കുളങ്ങളില്‍ ചിലത്.
കഴിഞ്ഞിട്ടില്ല, ശരിക്കുമുള്ള വിസ്മയത്തിലേക്ക് നമ്മള്‍ നടന്നടുക്കുന്നേയുള്ളു. ഗംഭീരവും വിശാലവുമായ ഒരു കൊട്ടാരത്തിന്റെ തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങളാണ് ഈ കോട്ടയ്ക്കുള്ളിലെ വലിയ ആകര്‍ഷണം. രാജധാനിയുടെ കവാടത്തിനു സമീപം വഴിയരികില്‍ വക്കു പൊട്ടിയ വലിയൊരു കല്‍ത്തൊട്ടി കാണാം. അതിവിശാലവും നിരന്നതുമായ അടിസ്ഥാനത്തിനു മുകളിലാണ് കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. നിറയെ കല്‍ത്തൂണുകളാണ്. കുറെയേറെ തൂണുകള്‍ കാലപ്രവാഹത്തില്‍ കടപുഴകി വീണുപോയിരിക്കുന്നു. അതിശയകരമാണ് കൊട്ടാരത്തിന്റെ വാസ്തുശില്‍പ്പനിര്‍മ്മിതി. രാജസദസ്സ് സമ്മേളിക്കുന്ന വിശാലമായ പ്രധാന തളത്തിനു ചുറ്റുമായി നിരവധി മുറികളുണ്ട്. പൂജാ മുറി, കല്ലടുപ്പും ആട്ടുകല്ലുമൊക്കെയുള്ള അടുക്കള, വെള്ളം ഒഴുകിയെത്തുന്ന കല്ലുപാകിയ കുളിമുറി, ശൗചാലയം. അടുക്കളയിലെ കല്ലടുപ്പില്‍ ഒരേസമയം അഞ്ച് പാത്രങ്ങള്‍ വയ്ക്കാനാകും.
തൊട്ടപ്പുറത്തായി വിസ്തൃതമായ അടഞ്ഞ ചത്വരത്തിനു നടുവില്‍ കല്‍പ്പടവുകളുള്ള മനോഹരമായ കുളം കാണാം.
സമീപകാലത്തെ പര്യവേഷണങ്ങള്‍ക്കൊടുവിലാണ്, ഒരു കാലത്ത് പ്രതാപത്തിന്റെ ഉച്ചകോടിയില്‍ വിരാജിച്ച രാജധാനിയുടെ അവശിഷ്ടങ്ങള്‍ കാലം തീര്‍ത്ത യവനിക നീക്കി പ്രത്യക്ഷമായത്. പുരാവസ്തു വകുപ്പ് ഈയിടെ കവലെ ദുര്‍ഗ്ഗയെ കയ്യൊഴിഞ്ഞ മട്ടാണ്. എങ്കിലും, വഴിതെറ്റുന്ന യാത്രികരെ വിസില്‍ മുഴക്കി നേര്‍വഴി കാട്ടാന്‍ അങ്ങിങ്ങായി ചില കാവല്‍ക്കാരെ നിയോഗിച്ചിട്ടുണ്ടെന്നത് പറയാതെ വയ്യ.
ഒന്ന് കാതോര്‍ത്താല്‍, എങ്ങോ മറഞ്ഞുപോയ ഒരു കാലത്തിന്റെ കുളമ്പടിയൊച്ചകള്‍ ഇന്നും ഈ കോട്ടയ്ക്കുള്ളില്‍ മുഴങ്ങുന്നുണ്ട്. നിങ്ങളില്‍ ഒരു ചരിത്രകുതുകി ഉണര്‍ന്നിരിപ്പുണ്ടെങ്കില്‍, മലയാള നാടിന്റെ അതിര്‍ത്തിക്ക് ഏറെയകലെയല്ലാതെ, പശ്ചിമ ഘട്ടത്തിന്റെ ഹരിതാഭയില്‍ മുങ്ങി, കഥകളുടെയും കാഴ്ചകളുടെയും ശിലാശില്‍പ്പ ചാരുതയുമായി കവലെദുര്‍ഗ്ഗ കാത്തിരിക്കുന്നു.
- വിപിന്‍ വില്‍ഫ്രഡ്
('മാതൃഭൂമി യാത്ര'യില്‍ പ്രസിദ്ധീകരിച്ചതിന്റെ പൂര്‍ണ്ണരൂപം)