കേരളത്തിലെ പ്രമുഖനായ ഒരു യുവനേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി യുവനടി റിനി ആന്‍ ജോര്‍ജ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും താന്‍ അംഗമല്ലെങ്കിലും, രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലയളവിലാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് അവര്‍ വെളിപ്പെടുത്തി. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റിനി തന്റെ അനുഭവം തുറന്നുപറഞ്ഞത്.
പ്രമുഖനായ ഒരു യുവനേതാവില്‍ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹം എനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും മോശം രീതിയില്‍ സമീപിക്കുകയും ചെയ്തു,' റിനി പറഞ്ഞു. ഒരു പ്രത്യേക പാര്‍ട്ടിയെ തേജോവധം ചെയ്യാനല്ല താന്‍ ഇത് പറയുന്നതെന്നും, സമൂഹത്തില്‍ ഇത്തരത്തിലുള്ള പ്രവണത നിലവിലുണ്ടെന്നും അവര്‍ പറഞ്ഞു. ' ഈ ഒരു സംഭവം നമ്മള്‍ പരാതികളായി വിവിധ ഫോറങ്ങളില്‍ പറയുമ്പോള്‍, സ്ത്രീകള്‍ക്ക് വേണ്ടി നില്‍ക്കുന്നു എന്നുപറയുന്നവര്‍ പോലും സത്രീകളുടെ കാര്യത്തില്‍, ഹൂ കെയേഴ്സ്, ഹൂ കെയേഴ്സ് എന്നൊരു ആറ്റിറ്റിയൂഡാണ് സ്വകരിക്കുന്നതെന്നും' റിനി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് നല്ല സ്ഥാനം നല്‍കാന്‍ പലരും മടിക്കുന്നു. ഒരുപക്ഷെ സ്ത്രീകള്‍ അത്തരത്തിലുള്ള സ്ഥാനങ്ങളിലേക്ക് ഉയര്‍ന്നു വന്നാല്‍, പുരുഷനേതാക്കന്മാര്‍ക്ക് പറയുന്നതിനപ്പുറം ഒന്നും ചെയ്യാനോ പറയാനോ കഴിയില്ലെന്ന് അവര്‍ ഭയക്കുന്നുണ്ടാകാം. കഴിവുള്ള പല സ്ത്രീ നേതാക്കളും രാഷ്ട്രീയത്തില്‍ ഇപ്പോഴും പുറത്ത് നില്‍ക്കുകയാണെന്നും റിനി ചൂണ്ടിക്കാട്ടി. കേരള സമൂഹം സ്ത്രീവിരുദ്ധമല്ലെങ്കിലും, സ്വന്തം അഭിപ്രായങ്ങള്‍ ധൈര്യത്തോടെ തുറന്നുപറയുന്ന സ്ത്രീകളെ അംഗീകരിക്കാത്ത ചിലരുണ്ടെന്നും റിനി പറഞ്ഞു.
ബാലതാരം ദേവനന്ദയുടെ ഇപ്പോഴത്തെ അവസ്ഥ ഇതിന് ഉദാഹരണമാണെന്നും, അഭിപ്രായങ്ങള്‍ പറയുന്നതുകൊണ്ടാണ് ആ കുട്ടിക്കുനേരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്തിടെ പുറത്തിറങ്ങിയ '916 കുഞ്ഞൂട്ടന്‍' എന്ന ചിത്രത്തില്‍ ഗിന്നസ് പക്രുവിന്റെ നായികയായി അഭിനയിച്ചത് റിനി ആയിരുന്നു.