മലയാള സിനിമ പ്രേമികളുടെ പ്രിയ നടിയാണ് പ്രിയങ്ക. താരത്തിന് യാത്രകൾ അത്രമേൽ പ്രിയപെട്ടതുമാണ്. പ്രകൃതിയുമായൊരു അടുപ്പത്തിന്റെ കഥ പറഞ്ഞാണ് താരം തന്റെ യാത്ര വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളത്. കാട്ടിലേക്കുള്ള യാത്രകളാണ് പ്രിയങ്കയ്ക്ക് ഏറെ ഇഷ്ടം. കഴിഞ്ഞ വർഷം സ്വപ്‌ന യാത്രയായിരുന്ന അഗസ്ത്യാർകൂട ട്രെക്കിങ് പൂർത്തിയാക്കിയിരുന്നു.എന്നാൽ ഇപ്പോൾ അഗസ്ത്യകൂട മലനിരകള്‍ കീഴടക്കിയ വിശേഷങ്ങള്‍ മനോരമ ഓണ്‍ലൈനിന് പങ്കുവച്ചവയാണ് ഏറെ ശ്രദ്ധ നേടുന്നത്.
വരയാടുമൊട്ട കൊടുമുടിയിലേക്ക് നടത്തിയ യാത്രാവിശേഷങ്ങളാണ് ട്രെക്കിങ് പ്രേമിയായ പ്രിയങ്ക ഇപ്പോൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. കോടമഞ്ഞും മഴയും വകവയ്ക്കാതെ പന്ത്രണ്ടു മണിക്കൂര്‍ ട്രെക്കിങ് നടത്തിയെന്നും പങ്കുവച്ച ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്. മനോഹരമായ പുല്‍മേട്ടില്‍ ട്രെക്കിങ് വേഷത്തില്‍ നില്‍ക്കുന്ന പ്രിയങ്കയെ ചിത്രത്തില്‍ കാണാം.
പേര് സൂചിപ്പിക്കുന്നത് പോലെ, വരയാടുകളെ കാണാനാവുന്ന മലനിരകളാണ് ഇത്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കായി ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഗൈഡഡ് ട്രെക്കിങ് പ്രോഗ്രാമുണ്ട്. നിത്യഹരിത ഷോല വനങ്ങളിലൂടെയുള്ള കാൽനടയാത്ര ഒരേസമയം കൗതുകവും അല്‍പം ഭീതിയും മനസ്സില്‍ ഉണര്‍ത്തും.
18 കിലോമീറ്റർ ട്രെക്കിങ് ഒരു വശത്തേക്ക് ആണ് ഉള്ളത്. വിജയകരമായി തന്നെ വഴുവഴുപ്പുള്ള പാതകളും അപകടകരമായ അഗാധഗർത്തങ്ങളുമുള്ള കഠിനമായ ട്രെക്കിങ്ങിന് ശേഷം കൊടുമുടി കയറിക്കഴിഞ്ഞാൽ, ചുറ്റുമുള്ള മലകളുടെയും താഴ്‌വരകളുടെയും അതിശയകരമായ കാഴ്ചകൾ കാണാം. ചുറ്റും മഞ്ഞണിഞ്ഞ മലനിരകളുടെയും നിറഞ്ഞുനില്‍ക്കുന്ന പച്ചപ്പിന്റെയും കാഴ്ച ഹൃദയം കവരും. വരയാടുമൊട്ടയിലെ വരയാടുകൾ സഞ്ചാരികളുടെ മുന്നിൽ അപൂർവമായേ പ്രത്യക്ഷപ്പെടാറുള്ളൂ.
രണ്ട് റൂട്ടുകളിൽ ട്രെക്കിങ് പാക്കേജ് ലഭ്യമാണ് - ഒന്ന് ഗോൾഡൻ വാലിയിൽ നിന്നും മറ്റൊന്ന് പൊൻമുടിയിൽ നിന്നും. ഭക്ഷണം ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടില്ല, മഴക്കാലത്ത് ഈ ട്രെക്കിങ് പ്രോഗ്രാം ലഭ്യമല്ല. യാത്രക്ക് ഏറെ അനുയോജ്യം നവംബർ മുതല്‍ മെയ് വരെയാണ്. മുൻകൂർ ബുക്കിങ് ആവശ്യമാണ്.