പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ച പേയ്മെന്റ് സര്‍വ്വീസ് വാണിജ്യ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായി ആരംഭിക്കാന്‍ അനുമതി തേടി വാട്സാപ്പ് ആര്‍ബിഐയെ സമീപിച്ചു. വാട്സാപ്പ് സിഇഒ ക്രിസ് ഡാനിയല്‍ കത്തിലൂടെയാണ് ആര്‍ബിഐയോട് അനുമതി തേടിയത്.
വാട്സാപ്പിന്റെ മാതൃകമ്പനിയായ ഫേസ്ബുക്കിന്റെ മുഖ്യഎതിരാളിയായ ഗൂഗിള്‍ അവരുടെ പേയ്മെന്റ് സര്‍വീസായ തേസിനെ ഗൂഗിള്‍ പേ എന്ന പേരില്‍ പരിഷ്‌കരിച്ച് ഇറക്കിയിരുന്നു. ഗൂഗിള്‍ പേ പേയ്ടിഎമ്മിനും ഫോണ്‍പേയ്ക്കും കടത്തു വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് ഒരു വര്‍ഷത്തില്‍ അധികമായി പരീക്ഷണാടിസ്ഥാനത്തില്‍ തുടരുന്ന പേയ്മെന്റ് സര്‍വ്വീസ് രാജ്യവ്യാപകമായി ആരംഭിക്കാന്‍ വാട്സാപ്പ് തിരക്കിട്ട നീക്കങ്ങളാരംഭിച്ചത്.
നിലവില്‍ പത്ത് ലക്ഷത്തോളം വാട്സാപ്പ് ഉപഭോക്താകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വാട്സാപ്പ് പേയ്മെന്റ് സര്‍വ്വീസ് ഉപയോഗിക്കുന്നുണ്ടെന്നും വളരെ മികച്ച പ്രതികരണമാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നും വാട്സാപ്പ് സിഇഒ പറയുന്നു. ഇന്ത്യയില്‍ വാട്സാപ്പിന് ഇരുപത് കോടി ഉപഭോക്താകളാണ് ഉള്ളത് ഇവരിലേക്ക് എത്രയും വ്യാപിപ്പിക്കുകയാണ് വാട്സാപ്പ് ലക്ഷ്യമിടുന്നത്.കൂടാതെ ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് പേയ്മെന്റ് സര്‍വ്വീസിന്റെ വിവരങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്ന സെര്‍വറുകളില്‍ സൂക്ഷിക്കുമെന്ന് വാട്സാപ്പ് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ വാട്സാപ്പിലൂടെ വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ വാട്സാപ്പ് കൃത്യമായി പാലിക്കാത്തത് വാട്സാപ്പിന് തിരിച്ചടി ആയേക്കാം. വാടസാപ്പ് ഇന്ത്യയില്‍ സ്വന്തമായി സര്‍വ്വറുകള്‍ സ്ഥാപിക്കണമെന്നും വ്യാജസന്ദേശങ്ങള്‍ തടയാനും അതിന്റെ ഉറവിടങ്ങള്‍ കണ്ടെത്താനും ഫലപ്രദമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിരന്തം ആവശ്യപ്പെട്ട് വരികയാണ്.