ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ചൈനീസ് നിര്‍മിത ആപ്പായ ടിക്ക് ടോക്ക് ഫ്‌ലിപ് ചാറ്റ് എന്ന പേരില്‍ പുതിയ സോഷ്യല്‍ മീഡിയ ആപ്പ് അവതരിപ്പിച്ചു.ഇന്‍സ്റ്റന്റ് മെസേജിങ്ങും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങും ചേരുന്ന പുതിയൊരു പരീക്ഷണമാണ് ഫ്‌ലിപ്ചാറ്റില്‍ പരീക്ഷിക്കുന്നത്. വിഷയാധിഷ്ഠിത ചാറ്റ് ഗ്രൂപ്പുകളാണു ഫ്‌ലിപ്ചാറ്റിന്റെ പ്രത്യേകത. വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള നൂറുകണക്കിനു ചാറ്റ്ഗ്രൂപ്പുകളില്‍ നിന്നു നമ്മുടെ താല്‍പര്യത്തിനിണങ്ങുന്നവയില്‍ ചേരാം. ചാറ്റിങ്ങും സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങും ഒരേ സമയം നടക്കും. എന്നാല്‍ ഈ ആപ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടില്ല.
അതേസമയം വരുമാനത്തിനു പുതിയ വഴികള്‍ തേടുകയാണ് ടിക് ടോക്. ജനങ്ങളുടെ ഇഷ്ട ആപ്പായ ടിക് ടോക് അഡ്വര്‍ടൈസിംഗ് പ്ലാറ്റ്ഫോമായും മാറുകയാണ്. വിലക്കിനു ശേഷം തിരിച്ചുവന്ന ടിക് ടോകിന് ഇന്ത്യയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. തിരിച്ചെത്തിയ ആഴ്ചയില്‍ തന്നെ പ്ലേസ്റ്റോര്‍ ലിസ്റ്റില്‍ ആദ്യ അഞ്ചില്‍ ഇടം നേടി.
സാധാരണക്കാര്‍ പോലും ഉപയോഗിക്കുന്ന ആപ്പായതിനാല്‍ മുന്‍നിര ബ്രാന്‍ഡുകളെല്ലാം ടിക് ടോകില്‍ പരസ്യം നല്‍കാന്‍ രംഗത്തെത്തുന്നുണ്ട്. ഇന്ത്യയില്‍ 12 കോടി സ്ഥിരം ഉപയോക്താക്കളുള്ള ടിക് ടോക് കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് പരസ്യ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. ഓണ്‍ലൈന്‍ റീറ്റെയ്ല്‍ ബ്രാന്‍ഡ് വൂനിക് ആയിരുന്നു ആദ്യമായി പരസ്യം നല്‍കിയത്. ഇപ്പോള്‍ നിരവധി ലോകോത്തര ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ ടിക് ടോകിലുണ്ട്.